Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൈരളിയിൽ തുടങ്ങി മനോരമയിലൂടെ വന്ന് ഇന്ത്യാവിഷന്റെ മുഖമായി; മലയാളം വാർത്താ ചാനലുകളിലെ ആദ്യ വനിതാ എക്‌സിക്യൂട്ടീവ് എഡിറ്റർ സ്ഥാനം സ്വന്തമാക്കി; ടിവി ന്യൂവിലെ വാർത്താ മേധാവിയായുള്ള വീണാ ജോർജിന്റെ നിയമനം ഒരു മാറ്റത്തിന്റെ തുടക്കം

കൈരളിയിൽ തുടങ്ങി മനോരമയിലൂടെ വന്ന് ഇന്ത്യാവിഷന്റെ മുഖമായി; മലയാളം വാർത്താ ചാനലുകളിലെ ആദ്യ വനിതാ എക്‌സിക്യൂട്ടീവ് എഡിറ്റർ സ്ഥാനം സ്വന്തമാക്കി; ടിവി ന്യൂവിലെ വാർത്താ മേധാവിയായുള്ള വീണാ ജോർജിന്റെ നിയമനം ഒരു മാറ്റത്തിന്റെ തുടക്കം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വാർത്താ ചാനലുകളിലെ ഒരു മാറ്റത്തിന്റെ തുടക്കമാകുകയാണ് ടിവി ന്യൂ ചാനൽ. പുതിയ മുഖവുമായി ടിവി ന്യൂ വീണ്ടും പ്രയാണം ആരംഭിക്കാൻ ഒരുങ്ങുമ്പോൾ വാർത്താവിഭാഗത്തിന്റെ തലപ്പത്ത് പ്രതിഷ്ഠിച്ചത് ഒരു വനിതാ മാദ്ധ്യമപ്രവർത്തകയെയാണ്. കൈരളിയിൽ തുടങ്ങി മനോരമയും കടന്ന്‌ ഇന്ത്യാവിഷന്റെ മുഖമായി മാറിയ വീണ ജോർജ് എന്ന കഴിവുറ്റ മാദ്ധ്യമപ്രവർത്തകയെ എക്‌സിക്യൂട്ടീവ് എഡിറ്ററായാണ് ചാനൽ നിയമിച്ചത്. ഇതോടെ മലയാളം വാർത്താചാനലുകളിൽ ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയെന്ന നേട്ടവും വീണയ്ക്കു സ്വന്തമായി.

തനിക്കു കീഴിൽ പണിയെടുക്കുന്ന തൊഴിലാളികളെ വിശ്വാസത്തിലെടുക്കാത്ത പല മേധാവികളും വിവിധ മാദ്ധ്യമസ്ഥാപനങ്ങളിലുണ്ട്. അവരിൽ നിന്നൊക്കെ വ്യത്യസ്തയാണ് തന്റെ സഹപ്രവർത്തകരെയും കീഴ്ജീവനക്കാരെയുമൊക്കെ പൂർണമായും വിശ്വസിച്ച് പ്രവർത്തിക്കുന്ന വീണ ജോർജെന്ന് ഒപ്പം പ്രവർത്തിച്ചവരിൽ പലരും സാക്ഷ്യപ്പെടുത്തുന്നു. റിപ്പോർട്ട് ചെയ്യുന്നയാളെ പൂർണ വിശ്വാസത്തിലെടുത്തു വാർത്ത നൽകുന്ന എഡിറ്ററുടെ മനോഭാവം ആണ് വാർത്തയെ വിജയിപ്പിക്കുന്നത്. ഇക്കാര്യത്തിൽ വീണ ജോർജ് എന്ന മാദ്ധ്യമപ്രവർത്തക പൂർണ വിജയമാണെന്നാണ് സഹപ്രവർത്തകർ പറയുന്നത്.

ഏവരെയും ഒപ്പം നിർത്തി ഒത്തൊരുമയോടെയുള്ള പ്രവർത്തനം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷ തന്നെയാകും പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞിരുന്ന ടിവി ന്യൂ ചാനൽ ഉടമകൾക്ക് വീണയെ ഉയർന്ന തസ്തികയിൽ നിയമക്കാനുള്ള ധൈര്യം നൽകിയത്.  സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുകയും വാർത്തകളുടെ അവതരണത്തിൽ തന്റെ വ്യക്തിത്വം കാത്തുസൂക്ഷിക്കുകയും ചെയ്ത മാദ്ധ്യമപ്രവർത്തകയാണ് വീണ ജോർജ്. സ്ത്രീകളെ അംഗീകരിക്കാത്തവർ ഇപ്പോഴും മാദ്ധ്യമരംഗത്തുണ്ടെന്ന് മറുനാടൻ മലയാളിക്ക് മുമ്പ് അനുവദിച്ച അഭിമുഖത്തിൽ വീണ തുറന്നടിച്ചിരുന്നു. കേരളത്തിൽ ദൃശ്യമാദ്ധ്യമങ്ങൾക്കു വേരുറച്ച കാലം മുതൽ തന്നെ ഈ രംഗത്തുണ്ടായിരുന്ന ആളാണ് വീണ എന്നതും പുതിയ ഉത്തരവാദിത്വം വീണയെ ഏൽപ്പിക്കുന്നതിൽ ടിവി ന്യൂ ചാനൽ മേധാവികൾക്കു കരുത്തായി.

അപ്രതീക്ഷിതമായാണ് മാദ്ധ്യമരംഗത്തേക്കു കടന്നുവന്നതെന്ന് വ്യക്തമാക്കുന്ന വീണ മുമ്പ് അദ്ധ്യാപികയായിരുന്നു. കൈരളി ചാനലിലൂടെയാണ് മാദ്ധ്യമരംഗത്തെത്തുന്നത്. അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച് കൈരളിയിലെത്തിയ വീണ താൻ മാദ്ധ്യമലോകത്തിന് മുതൽക്കൂട്ടാണെന്നു തെളിയിച്ചശേഷമാണ് അവിടം വിടുന്നത്. പിന്നീട് മനോരമ ചാനലിലേക്കു പോയി. തന്റേതായി എന്തെങ്കിലും ചെയ്യണമെന്ന ലക്ഷ്യത്തോടെയാണ് സ്വതന്ത്ര വാർത്താചാനൽ എന്ന ലേബലിൽ വന്ന ഇന്ത്യാവിഷനിലേക്കു പോയത്. വളരെ സ്വാതന്ത്ര്യം നിറഞ്ഞ ഒരു സ്‌പേസ് തനിക്ക് അവിടെ ലഭിച്ചിരുന്നുവെന്നും വീണ ജോർജ് പറഞ്ഞിരുന്നു.

വിമർശനങ്ങളുടെ കൂരമ്പുകൾ നേരിടേണ്ടി വരുമ്പോൾ ശക്തിയോടെ എതിരിട്ട് വിജയം വരിക്കണമെന്ന അഭിപ്രായമാണ് തനിക്കെന്ന് വീണ തുറന്നടിച്ചിട്ടുണ്ട്. ഗോഡ്ഫാദർ ഇല്ലാതെ ഒരു പെണ്ണിന് നിലനിൽപ്പില്ലെന്ന അഭിപ്രായത്തോടും വിയോജിപ്പാണ് വീണയ്ക്ക്. ഗോഡ്ഫാദർ എന്നത് ഒരു ബാധ്യതയാണെന്നു വിശ്വസിക്കുന്ന വ്യക്തിയാണ് വീണ. സ്വന്തം കഴിവിൽ വിശ്വാസമുണ്ടെങ്കിൽ നമുക്ക് എവിടെയും ആരെയും ആശ്രയിക്കേണ്ടി വരില്ലെന്നും വീണ വ്യക്തമാക്കുന്നു.

നിലപാടുകളിൽ ഉറച്ചുനിൽക്കാനുള്ള വീണയുടെ തന്റേടം ചാനലിനു മുതൽക്കൂട്ടാകും എന്ന വിശ്വാസത്തിൽ തന്നെയാണ് ടിവി ന്യൂ മാനേജ്‌മെന്റ്. ഒപ്പം സഹപ്രവർത്തകർക്ക് പൂർണ പിന്തുണയേകുന്ന, അവരെ വിശ്വാസത്തിലെടുക്കുന്ന മുതിർന്ന മാദ്ധ്യമപ്രവർത്തക ജീവനക്കാരുടെ പിന്തുണയും ആർജിക്കുമെന്നും മാനേജ്‌മെന്റിന് പ്രതീക്ഷയുണ്ട്.

ജീവനക്കാരുടെ പ്രശ്‌നങ്ങളിൽപ്പെട്ട് കടുത്ത പ്രതിസന്ധിയിലായിരുന്ന ചാനൽ അടച്ചുപൂട്ടൽ ഭീഷണി വരെ നേരിട്ടിരുന്നതാണ്. കേരളാ ചേമ്പർ ഓഫ് കൊമേഴ്‌സിന്റെ ഉടമസ്ഥതയിൽ ആരംഭിച്ച ഈ വാർത്താ ചാനലിൽ ജീവനക്കാർ ഏറെ നാളായി സമരത്തിലായിരുന്നു.

ടിവി ന്യൂ ജീവിത സമരം എന്ന പേരിൽ ഫേസ്‌ബുക്ക് പേജും ആരംഭിച്ച് സോഷ്യൽ മീഡിയയിലൂടെയും ജീവനക്കാർ സമരത്തിന് ഏറെ പ്രചാരണം കൊടുത്തിരുന്നു. കേരള ചേമ്പർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് ഓഫീസ് ഉപരോധംവരെ ഈ സമരം എത്തിച്ചേർന്നിരുന്നു. ശമ്പളക്കുടിശിക നൽകാമെന്ന ഉറപ്പ് മാനേജ്‌മെന്റ് തുടർച്ചയായി ലംഘിച്ച പശ്ചാത്തലത്തിലാണ് ടിവി ന്യൂ ചാനലിലെ ജീവനക്കാർ സമരരംഗത്തെത്തിയത്. ജീവനക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നടപടികളൊന്നും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടാകാത്തതിനാലാണ് ജീവനക്കാർ സമരം കൂടുതൽ ശക്തമാക്കിയത്.

അതിനിടെ, മാനേജ്‌മെന്റിനുള്ളിൽ അസ്വാരസ്യങ്ങൾ പുകഞ്ഞിരുന്നു. എന്നാൽ പിന്നീട് പ്രശ്‌നങ്ങളൊക്കെ ഒത്തുതീർപ്പാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോയത്. ശമ്പളക്കുടിശിക കൊടുക്കാമെന്നും മൂന്നുമാസത്തിനകം ചാനൽ വീണ്ടും പ്രവർത്തനം ആരംഭിക്കാനും മാനേജ്‌മെന്റ് സമ്മതിച്ചു. ചാനൽ പ്രവർത്തനം ആരംഭിക്കും വരെ ജീവനക്കാർ വിനോദ പരിപാടികളും ന്യൂസ് അധിഷ്ഠിത പരിപാടികളും ഷൂട്ട് ചെയ്യണം എന്നും ധാരണയായിരുന്നു. തുടർന്നു നടത്തിയ അഴിച്ചുപണിയിലാണ് വാർത്താവിഭാഗത്തിന്റെ തലപ്പത്തേക്ക് ഇന്ത്യാവിഷൻ വിട്ടെത്തിയ വീണ ജോർജിനെ നിയമിച്ചത്.

പുതിയ ലോഗോയും ടാഗ് ലൈനുമൊക്കെയായി പുതിയ രൂപത്തിലാണ് ടിവി ന്യൂ ചാനൽ പ്രേക്ഷകരുടെ മുന്നിലെത്തിയത്. നേരത്തെ ലഭ്യമായിരുന്ന കേബിൾ ടിവി സ്‌ലോട്ടുകളിൽ പുതിയ ലോഗോയുമായി ചാനൽ സംപ്രേഷണം ആരംഭിച്ചിട്ടുണ്ട്. ബിസിനസ് ചാനലായി വീണ്ടും പ്രവർത്തനം ആരംഭിക്കുമെന്ന പ്രചാരണമുണ്ടായിരുന്നെങ്കിലും വാർത്തയ്ക്ക് അനുമതി ലഭിച്ച ചാനൽ ആ മേഖലയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന സൂചനയാണുള്ളത്. ബിസിനസ് വാർത്തകൾക്കു പ്രാധാന്യം നൽകാനും ആലോചനയുണ്ടെന്നാണു റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP