Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

' കൊച്ചു കുട്ടികളെ കാറിന്റെ മുൻസീറ്റിൽ ഇരുത്തുന്നത് ഏറെ അപകടം' ; യുവസംഗീതജ്ഞൻ ബാലഭാസ്‌കറിനും കുടുംബത്തിനും അപകടമുണ്ടായതിന് പിന്നാലെ കാർ യാത്രയിൽ വേണ്ട മുൻകരുതലുകൾ ഓർമ്മിപ്പിച്ച് ഓട്ടോമോട്ടീവ് ജേർണലിസ്റ്റ്; എയർ ബാഗുകളെ പറ്റി അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ പങ്കുവെച്ച് ബൈജു എൻ നായർ

' കൊച്ചു കുട്ടികളെ കാറിന്റെ മുൻസീറ്റിൽ ഇരുത്തുന്നത് ഏറെ അപകടം' ; യുവസംഗീതജ്ഞൻ ബാലഭാസ്‌കറിനും കുടുംബത്തിനും അപകടമുണ്ടായതിന് പിന്നാലെ കാർ യാത്രയിൽ വേണ്ട മുൻകരുതലുകൾ ഓർമ്മിപ്പിച്ച് ഓട്ടോമോട്ടീവ് ജേർണലിസ്റ്റ്; എയർ ബാഗുകളെ പറ്റി അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ പങ്കുവെച്ച് ബൈജു എൻ നായർ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സംഗീതജ്ഞൻ ബാലഭാസ്‌ക്കറിനും കുടുംബത്തിനും ഉണ്ടായ അപകടത്തിൽ ഞെട്ടിയിരിക്കുകയാണ് കേരളം. ബാലഭാസ്‌ക്കറിന്റെ മകൾ തേജസ്വിനി ബാലയെ മരണം കവർന്നെടുത്തുവെന്ന വാർത്ത ഏറെ വേദനയോടെയാണ് നാം ഏവരും കേട്ടത്. ഈ അവസരത്തിലാണ് കുട്ടികളെ മുന്നിലിരുത്തി യാത്ര ചെയ്യുന്നതിന്റെ അപകടവും എയർ ബാഗുകളുടെ ഉപയോഗം എങ്ങനെയെന്ന് വിവരിച്ച് ഓട്ടോമോട്ടീവ് ജേർണലിസ്റ്റും സ്മാർട്ട് ഡ്രൈവ് മാസികയുടെ ചീഫ് എഡിറ്ററുമായ ബൈജു.എൻ.നായർ രംഗത്തെത്തിയത്.

' ബാല ഭാസ്‌ക്കറിനും കുടുംബത്തിനും ഉണ്ടായ അപകടമെന്നത് ഏറെ വിഷമകരമായ ഒന്നാണ്. കാറിന്റെ എയർബാഗ് തുറന്ന് വന്നതാകാം കുഞ്ഞിന് അപകടമുണ്ടായതിന് പിന്നിൽ. കാറിന്റെ എയർ ബാഗുകൾ ഏറെ ശക്തിയേറിയതാണ്. മണിക്കൂറിൽ 370 കിലോമീറ്റർ വേഗതയിലാണ് എയർ ബാഗുകൾ തുറക്കുന്നത്. പല വികസിത രാജ്യങ്ങളിലും വാഹനത്തിന്റെ മുൻവശത്ത് കുഞ്ഞുങ്ങളെ ഇരുത്തി യാത്ര ചെയ്യരുതെന്നാണ് നിയമം.

കൊച്ചു കുട്ടികളുടെ മുഖത്ത് എയർബാഗ് വന്നിടിക്കുമ്പോഴുള്ള ആഘാതം സഹിക്കാനാവില്ല. ഇത്തരത്തിലുള്ള അപകടങ്ങളിൽ എയർബാഗ് മുഖത്ത് വന്നിടിച്ച് ലോകമെമ്പാടും ഒട്ടേറെ കുട്ടികൾ മരിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നതെന്നും'ബൈജു പറയുന്നു. തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലാണ് ബൈജു ഇക്കാര്യത്തെ പറ്റി പങ്കുവയ്ച്ചത്. എയർബാഗുകളുടെ ഉപയോഗം എപ്രകാരമായിരിക്കണമെന്നും ബൈജു വിവരിച്ചിരുന്നു.

ബാലഭാസ്‌ക്കറിന് തലയ്ക്കും നട്ടെല്ലിനും ഗുരുതര പരുക്ക്

വാഹനാപകടത്തിന്റെ ആഘാതത്തിൽ ബാലഭാസ്‌കറിന്റെ തലയിൽ മൾട്ടിപ്പിൾ ഫ്രാക്ടച്ചർ സംഭവിച്ചതായി എംആർഐ സ്‌കാനിങ്ങിൽ കണ്ടെത്തിയിരുന്നു. നട്ടെല്ലിനും ഗുരുതര പരിക്കാണേറ്റിരിക്കുന്നത്. ബാല ഭാസ്‌ക്കറിന് അടിയന്തര ശസ്ത്രക്രിയ നടത്തും. ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് ബാലഭാസ്‌കറിന്റെ മകൾ തേജസ്വിനി ബാല (2) മരിച്ചിരുന്നു. മൂക്കിനേറ്റ ഇടിയാണ് തേജസ്വനിയുടെ മരണകാരണമായത്. ഭാര്യ ലക്ഷ്മിക്കും കാർ ഡ്രൈവർ അർജുനനും ഗുരുതരമായി പരിക്കേറ്റു. ലക്ഷ്മിയും അർജുനനും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ലക്ഷ്മിക്കും അർജുനും അപകടാവസ്ഥ തരണം ചെയ്തതായാണ് സൂചന.

തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് പുലർച്ചെ 4.30 ഓടെയായിരുന്നു അപകടം. തൃശ്ശൂരിൽനിന്ന് ക്ഷേത്രദർശനത്തിനു ശേഷം മടങ്ങിവരുന്നതിനിടെയാണ് അപകടം. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. നിയന്ത്രണം വിട്ട കാർ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ബാലഭാസ്‌ക്കറും മകളും മുൻഭാഗത്തെ സീറ്റിലാണിരുന്നിരുന്നത്. ഈ ഭാഗത്തേക്കാണ് വാഹനം ഇടിച്ചു നിന്നത്.

ഇതാണ് ബാലഭാസ്‌കറിന് ഗുരുതര പരിക്കിനും മകളുടെ മരണത്തിനും കാരണമായത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതിരാവിലെ പൊലീസെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർ അപകടം ഉണ്ടായപ്പോൾ തന്നെ കുട്ടി ബോധരഹിതയായിരുന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.

ഇതിന് ശേഷമാണ് അപകടത്തിൽപെട്ടത് ബാലഭാസ്‌കറും കുടുംബവുമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഇവരേയും പിന്നീട് അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി. മരത്തിലിടിച്ച് മുൻഭാഗം പൂർണ്ണമായും തകർന്ന ഇന്നോവ കാർ വെട്ടിപ്പൊളിച്ചായിരുന്നു പരിക്കേറ്റ മൂന്ന് പേരെയും പുറത്തെടുത്തത്. തൃശൂർ വടക്കും നാഥ ക്ഷേത്രത്തിൽ നിന്നും മടങ്ങുമ്പോഴാണ് അപകടം. അപകടം നടന്നയുടൻ പൊലീസിന് വിവരം ലഭിച്ചിരുന്നു. പിന്നാലെ ഫയർഫോഴ്‌സും ആംബുലൻസും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP