Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലക്ഷങ്ങൾ സമ്പാദിക്കാവുന്ന സ്വകാര്യ ആശുപത്രികളിലെ ജോലികൾ വേണ്ടെന്ന് വെച്ച് സർക്കാർ ജോലിയിൽ പ്രവേശിച്ചു; കോടികളോട് താൽപ്പര്യമില്ലാതെ തുച്ഛമായ സർക്കാർ ശമ്പളത്തിൽ പാലിയേറ്റിവ് കെയറിൽ സ്തുത്യർഹമായ പ്രവർത്തനം; ന്യൂസ് 18 സ്ത്രീരത്‌നം പുരസ്‌കാരത്തിൽ ഇടംപിടിച്ച് പാലോട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ദിവ്യയും

ലക്ഷങ്ങൾ സമ്പാദിക്കാവുന്ന സ്വകാര്യ ആശുപത്രികളിലെ ജോലികൾ വേണ്ടെന്ന് വെച്ച് സർക്കാർ ജോലിയിൽ പ്രവേശിച്ചു; കോടികളോട് താൽപ്പര്യമില്ലാതെ തുച്ഛമായ സർക്കാർ ശമ്പളത്തിൽ പാലിയേറ്റിവ് കെയറിൽ സ്തുത്യർഹമായ പ്രവർത്തനം; ന്യൂസ് 18 സ്ത്രീരത്‌നം പുരസ്‌കാരത്തിൽ ഇടംപിടിച്ച് പാലോട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ദിവ്യയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ജോലി ചെയ്യുന്ന അനേകം ഡോക്ടർമാരിൽ ഒരാളാണ് ദിവ്യയും. പക്ഷേ ചെറിയൊരു വ്യത്യാസം ദിവ്യക്കുണ്ട്. എംബിബിഎസ് എന്ന പ്രലോഭനത്തിലൂടെ പാവങ്ങളെ ചികിത്സിച്ചു പിഴിഞ്ഞു ഉണ്ടാക്കുന്ന കോടികളോടു ഒരു താൽപ്പര്യവും ഈ ഡോക്ടർക്കില്ല. ദിവ്യയെ പോലെ ലാഭേച്ഛ കൂടാതെ സർക്കാർ ശമ്പളം മാത്രം വാങ്ങി സ്വന്തം കടമ പത്തിരട്ടി ആത്മാർത്ഥതയോടെ ചെയ്യുന്ന അനേകം ഡോക്ടർമാർ കേരളത്തിലുണ്ട്.

തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് ഗ്രാമം എന്ന പഞ്ചായത്തിന് കീഴിലുള്ള പാലോട് സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറാണ് ദിവ്യ. സർക്കാർ നൽകുന്ന ശമ്പളം കൊണ്ടു ജോലി ചെയ്തു ജീവിച്ചു കൊണ്ടിരുന്ന ദിവ്യ ഒരു പുലിവാലു പിടിച്ചു. എല്ലാ പഞ്ചായത്തുകളും നിർബന്ധമായും നടത്തുന്ന പാലിയേറ്റീവ് കെയർ പ്രോജക്ടിലേക്ക് ആത്മാർത്ഥമായി ഒന്നിറങ്ങി പോയതാണ് ദിവ്യയുടെ ജീവിതം മാറ്റി മറിച്ചത്. ഒരു പാലിയേറ്റീവ് കെയർ നേഴ്‌സിനെ നിയമിച്ചു പഞ്ചായത്തിലെ കിടപ്പു രോഗികളെ പറ്റുന്ന പോലെ ഒക്കെ ശുശ്രൂഷിക്കേണ്ട ചുമതലയെ ദിവ്യക്കുണ്ടായിരുന്നുള്ളൂ.

പാലിയേറ്റീവ് കെയർ നഴ്‌സിന്റെ പുറത്ത് എല്ലാം കെട്ടി വച്ച് രക്ഷപ്പെടാതെ ദിവസവും ഈ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരും ഇടയ്ക്കിടെ രോഗികളെ തേടിപ്പോയി. ആശാവർക്കർമാർ കണ്ടെത്തുന്ന രോഗികൾ ശരിക്കും രോഗികളാണോ എന്നൊന്നു പരിശോധിക്കുക എന്ന ഉദ്ദേശം കൂടി ഉണ്ടായിരുന്നു ദിവ്യയ്ക്കും സംഘത്തിനും. സർക്കാറിന്റെ പദ്ധതിയാണല്ലോ, അനർഹർ കൈപ്പറ്റിയാലോ എന്നതായിരുന്നു ആശങ്ക. ആ പരിശോധനയിൽ എല്ലാം നല്ലതായി നടക്കുന്നുവെന്ന് കണ്ടെത്തിയ സംഘം 225 രോഗികളെയാണ് ഇപ്പോൾ ശുശ്രൂഷിക്കുന്നത്. കാൻസർ വന്നു കിടന്നു പോയവർ, ആരുമില്ലാതെ കിടപ്പിലായവർ, മറ്റു രോഗങ്ങൾ മൂലം വലയുന്ന ആശ്രയിക്കാൻ ആരുമില്ലാത്തവർ തുടങ്ങിയവരാണ് ഈ പഞ്ചായത്തിൽ ഉള്ളത്.

ഇവരെ സഹായിക്കാൻ സർക്കാർ നൽകിയ പണം കൃത്യമായി വിതരണം ചെയ്തു പാലോട് ആശുപത്രിയിലെ സംഘം പാലിയേറ്റീവ് കെയർ പ്രോജക്ട് ഭംഗിയായി നടത്തി വരുന്നു. ഇവരുടെ വീടുകൾ സന്ദർശിച്ച് ഫിസിയോതെറാപ്പി, ഡോക്ടറുടെ സേവനം എന്നിവ നൽകി വരുന്നു. രോഗ ചികിത്സക്കാവശ്യമായ മരുന്നുകൾ സാമഗ്രികൾ എന്നിവ സർക്കാർ പ്രോജക്ടിലുൾപ്പെടുത്തി നൽകാൻ ഒരു തടസ്സവുമില്ല. സർക്കാർ പഞ്ചായത്ത് വഴി അത്യാവശ്യം ഫണ്ട് നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിനു വേണ്ടി ആരുടെയും പണം വാങ്ങേണ്ട കാര്യവുമില്ല. എന്നു മാത്രമല്ല ഈ സാന്ത്വനം ചികിത്സ പദ്ധതി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നടക്കുന്നുമുണ്ട്.

ആദിവാസികളും തോട്ടം തൊഴിലാളികളും ശ്രീലങ്കൻ അഭയാർത്ഥികളുടെ തലമുറകളും ഒക്കെ അടങ്ങിയ പാവപ്പെട്ടവർക്ക് ചികിത്സയുമായി നടന്നപ്പോൾ ഡോ. ദിവ്യയ്ക്കും സംഘത്തിനും ഒന്നു മനസ്സിലായില്ല. ഇവരിൽ പലരുടെയും പ്രശ്‌നം മരുന്നും ചികിത്സയുമല്ല. ഒരു നേരമെങ്കിലും വിശപ്പകറ്റുന്ന ഭക്ഷണമാണ്. അതു കൊടുക്കാൻ സർക്കാറിന് വകുപ്പില്ല. സാന്ത്വാനാ ചികിത്സാ ഫണ്ട് മരുന്നിനും ചികിത്സയ്ക്കും മാത്രമെ ഉപയോഗിക്കാനാവൂ. ഭക്ഷണത്തിന് കൊടുത്താൽ കേസുമാവും, അഴിമതിക്കാരിയുമാവും.

അങ്ങനെയാണ് ദിവ്യയും സംഘവും നാട്ടുകാരുടെ സഹായം തേടാൻ പോയത്. നാട്ടുകൂട്ടങ്ങളിലും സംഘടനകളേയും മറ്റും ഭക്ഷണത്തിനു വേണ്ടി സമീപിച്ചു. അവർ നൽകുന്ന പണം ഉപയോഗിച്ച് അനേകം വീടുകളിൽ ഭക്ഷണം കൊണ്ടുകൊടുത്തു. 'നമുക്ക് വിശ്വസിക്കാൻ കഴിയുകയില്ല. ഭക്ഷണം ഇല്ലാത്തതുകൊണ്ട് മാത്രം പട്ടിണി കിടക്കുന്ന അനേകം പേരെ ഞങ്ങൾ കണ്ടു മുട്ടി. അവർക്കു മരുന്ന് ലഭിക്കുന്നതിനേക്കാൾ ആവേശം ഭക്ഷണം കിട്ടുന്നതിനാണ്. വിശപ്പ് മാറുമ്പോൾ ആണ് അവർ സന്തോഷിക്കുന്നത്'. ദിവ്യയും സംഘവും ഇങ്ങനെയാണ് ഇതിനെ കുറിച്ച് പറയുന്നത്.

പിജിയും സ്പെഷ്യലൈസേഷനും കഴിഞ്ഞ ഒരു ഡോക്ടർക്ക് ലോകത്തിന്റെ ഏതു കോണിൽ ചെന്നാലും ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റുന്ന ജോലി കിട്ടും. സർക്കാർ മെഡിക്കൽ കോളേജിൽ പഠിച്ചവരാണെങ്കിൽ പറയുകയേ വേണ്ട. അമേരിക്കയും ബ്രിട്ടനും അടക്കമുള്ള ആശുപത്രികൾ കാത്തിരിക്കുകയാണ് ഇത്തരക്കാരെ. കേരളത്തിലെ തന്നെ വൻകിട ആശുപത്രികളിൽ ചെന്നാലും മികച്ച ശമ്പളമാണ് അവർക്ക് ലഭിക്കുക. എന്നിട്ടും സർക്കാർ നൽകുന്ന തുശ്ചമായ ശമ്പളവും സർക്കാർ ജോലിയുടെ നൂലാമാലകളും ആസ്വദിച്ചു കഴിയണമെങ്കിൽ അതിനു ഒരു സാമൂഹ്യ ബോധം വേണം.

അത്തരം കുറച്ചു പേരെ നമുക്ക് ഇപ്പോഴും കേളത്തിൽ കാണാം. അവർ പഠിച്ചത് പാവങ്ങൾക്ക് പ്രയോജനപ്പെടാൻ വേണ്ടി പ്രതിനിധികളായവരാണ്. അതിൽ ഒരാൾ ആണ് തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് ഗ്രാമ പഞ്ചായത്തിലെ പാലോട് ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ദിവ്യ. ആശുപത്രിയുടെ സർക്കാർ പരിപാടിയായ പാലിയേറ്റീവ് കെയറിന്റെ ഭാഗമായി പാവങ്ങളെ ശുശ്രൂഷിക്കാൻ ദിവ്യയും സംഘവും ഇറങ്ങി നടന്നപ്പോൾ കണ്ടെത്തിയ ഒരു യാഥാർത്ഥ്യം അവർ സമൂഹത്തിനു ഗുണകരമാക്കി മാറ്റുക ആയിരുന്നു.

മരുന്നും ചികിത്സയും സ്വാന്തനവും ഒക്കെ സർക്കാർ ചെലവിൽ കൊടുത്താലും ഭക്ഷണം കൊടുക്കാൻ വകുപ്പില്ലാത്തതു കൊണ്ടു അതിനു മാർഗ്ഗം തേടിയവരെ തുണച്ചത് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആയിരുന്നു. ഡോക്ടർ ദിവ്യയുടെ അസാധാരണമായ സാമൂഹിക ബോധത്തിന് നന്ദി പറഞ്ഞു കൊണ്ട് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ജനറൽ ഫണ്ടിൽ നിന്നും 1250 പൗണ്ട് കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. ആ ഫണ്ട് കൈമാറും മുൻപ് വായനക്കാരെ അറിയിക്കാൻ വേണ്ടി നൽകിയ വാർത്തയെ തുടർന്ന ലഭിച്ച പണം കൂടി സമാഹരിച്ചപ്പോൾ 3200 പൗണ്ടായി മാറി.

ആ പണം ഇന്നലെ പാലോട് താലൂക്ക് ആശുപത്രിയിൽ നടന്ന ലളിതമായ ചടങ്ങിൽ വച്ചു കൈമാറിയപ്പോൾ എങ്ങും ആഹ്ലാദം മാത്രമായിരുന്നു. അംഗൻവാടി ടീച്ചർമാരും സംഘാടകരും സാധാരണക്കാരുമായ അനേകം പേർ യുകെയിലെ മലയാളികളുടെ സ്നേഹാദരവ് ഏറ്റു വാങ്ങാൻ കൂടിയിരുന്നു. വായനക്കാർ നൽകിയ ഏതാണ്ട് രണ്ടേമുക്കാൽ ലക്ഷത്തോളം വരുന്ന രൂപ പഞ്ചായത്തിലെ ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്ത പാവങ്ങൾക്ക് വിതരണം ചെയ്യാനുള്ള വാഗ്ദാനം ആണ് ഡോക്ടർ ദിവ്യ പ്രഖ്യാപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP