Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

താരജോഡികൾ ജീവിതം തുടങ്ങിയത് കാണാത്തവർക്കായി വീഡിയോ ഇറങ്ങി; ഫഹദ് - നസ്രിയ വിവാഹത്തിന്റെ ട്രെയിലർ പുറത്ത്

മലയാളസിനിമയുടെ യുവനായികാനായകന്മാരായ ഫഹദ് ഫാസിലിന്റെയും നസ്രിയ നസീമിന്റെയും വിവാഹ വീഡിയോയുടെ ട്രെയിലർ പുറത്തിറങ്ങി. മാരിറ്റസ് വെഡ്ഡിങ് സ്റ്റുഡിയോ ആണ് വീഡിയോ പ്രസന്റ് ചെയ്തിരിക്കുന്നത്. യൂട്യൂബിലൂടെ ഇതിനോടകം അരലക്ഷത്തിനടുത്ത് ആരാധകരാണ് വീഡിയോ കണ്ടുകഴിഞ്ഞത്. വിവാഹച്ചടങ്ങുകളുടേയും അതിഥികൾ വിവാഹത്തിനെത്തുന്നതിന്റെയുമടക്കമുള്ള ദൃശ്യങ്ങളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സിനിമയിൽ നായകനേയും നായികയേയും അവതരിപ്പിക്കുന്നതുപോലെ തന്നെയാണ് ട്രെയിലറിൽ ഫഹദിനെയും നസ്രിയയേയും അവതരിപ്പിക്കുന്നത്. ആദ്യ രംഗത്തിൽ ആർത്തിരമ്പുന്ന ആരാധകവൃന്ദം. അവരെ കൈവീശി അഭിവാദ്യം ചെയ്യുന്ന നായകന്റെ പിന്നിൽ നിന്നുള്ള ഹൈ ആംഗിൾ ഷോട്ട്. സ്കീനോളം വലിപ്പത്തിൽ ഫഹദ്. ഉറുമ്പുകളെപ്പോലെ ചെറുതാകുന്ന വിരുന്നുകാർ. അടുത്ത രംഗത്തിൽ നസ്രിയയെ അവതരിപ്പിക്കുന്നത് യാതൊരു ഡിസ്ട്രാക്ഷനുമില്ലാതെയാണ്. ഒഴിഞ്ഞ ചുവരിന്റെ ബാക് ഡ്രോപ്പിൽ ഏകസൗന്ദര്യമായി നായിക. ഫോക്കസ് അപ്പാടെ മുഖഭാവത്തിൽ. പിന്നാലെ നായകനും നായികയും അവരുടെ പ്രണയവും കൊഞ്ചിക്കുഴയലും. ഫഹദ് ഇരിപ്പിടത്തിന്റെ ആംറസ്റ്റിലേക്കു ചാഞ്ഞുവീഴുകയാണ്. നസ്രിയ അലിഞ്ഞു ചിരിക്കുകയാണ്. പിന്നാലെ വരനും വധൂപിതാവും ഔന്നത്യത്തോടെ ആലിംഗനം ചെയ്യുന്നു. തുടർന്ന് ശിരസ്സിൽ വെള്ളക്കൈലേസ് ധരിച്ച് നിക്കാഹിനായി ഒരുക്കിയിരിക്കുന്ന കസേരയിൽ ഫഹദ്. എതിർവശത്ത് നസ്രിയയുടെ പിതാവ്. മദ്ധ്യേയിരിക്കുന്ന പുരോഹിതൻ കൈപിടിച്ചു കൊടുക്കുന്ന രംഗം കഴിഞ്ഞാൽ വധൂവരന്മാർ പരസ്പരം അരളിപ്പൂമാല ചാർത്തുകയാണ്. അടുത്ത രംഗത്തിൽ ഭർതൃമാതാവിന്റെ ആലിംഗനത്തിൽ മുഴുകുന്ന നവവധു. ബഞ്ചിലാലും ജസ്റ്റിൻ ജോസും ഒരുക്കിയ മംഗൽയാൻ എന്ന വിവാഹ ആൽബത്തിന്റെ തുടക്കമാണിത്.

കാറിൽ നിന്നിറങ്ങി നസ്രിയയുടെ കൈപിടിച്ച് വധൂഗൃഹത്തിലേക്ക്ചുവടുവയ്ക്കുന്ന ഫഹദാണ് അടുത്ത രംഗത്തിൽ. തുടർന്ന് ഫ്ളാഷ് ബായ്ക്കാണ്. വ്രീളാവിവശയായ നസ്രിയയെ മഞ്ഞൾ പൂശുന്ന ചടങ്ങിലേക്ക്‌ ക്യാമറ കട്ട് ചെയ്തിട്ടിരിക്കുന്നു. ഉത്തരേന്ത്യൻ വിവാഹങ്ങളുടെ കെട്ടുംമട്ടും. കൂട്ടുകാരോടും കസിൻസിനോടുമൊപ്പം സെൽഫിയെടുക്കുന്ന നസ്രിയ. സെൽഫിയില്ലാതെ നമുക്കെന്താഘോഷം? നസ്രിയയെ ചുംബിക്കുന്ന സഹോദരൻ. പച്ചക്കിളിക്കൊരു കൂട് എന്നു തുടങ്ങുന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ നസ്രിയയ്ക്ക് മധുരം നൽകുന്ന ദുൽഖർ സൽമാൻ. കൈയിൽ മൈലാഞ്ചിയണിയിക്കുന്ന കാവ്യാ മാധവൻ. പൂർണ്ണിമ ഇന്ദ്രജിത്തുമൊത്തുള്ള കിന്നാരം. തുടർന്ന് വിവിധ നൃത്തനൃത്യങ്ങളാണ്. തുടക്കം മാംഗല്യം എന്ന വരികളിലേക്ക് ബാംഗ്ലൂർ ഡെയ്സിലെ പാട്ടു മുറുകുമ്പോൾ വേദിയിൽ ദുൽഖറിനൊപ്പം നൃത്തമാടുകയാണ് നസ്രിയ. നൃത്തങ്ങൾ മാറിമാറി വരുന്നു. സിനിമാ രംഗത്തെ അടുത്ത സുഹൃത്തുക്കൾ ഓരോരുത്തരായി വരുന്നു. സൽക്കാരപ്പന്തലിന്റെ പശ്ചാത്തലത്തിൽ പാച്ചിക്ക എന്ന ഫാസിൽ. നെടുമുടി വേണു, സംവിധായകൻ സിദ്ദിഖ്, പി കെ ശ്രീമതി ടീച്ചർ തുടങ്ങിയവരുടെ സന്ദർശനം. ഉമ്മൻ ചാണ്ടിയോടു വർത്തമാനം പറഞ്ഞു ചിരിക്കുന്ന ഫാസിൽ. സുരേഷ് ഗോപിയും മേനകയും അടക്കമുള്ള മറ്റു പ്രമുഖർ. ഷാജി എൻ കരുണും കുടുംബവും, കോടിയേരി ബാലകൃഷ്ണൻ, പ്രിയദർശൻ, അങ്ങനെ കടന്നുവരുന്ന അതിഥികളുടെ എണ്ണമേറെ. പുതുപ്പെണ്ണിന്റെ കൈപിടിച്ചു മണിയറയിലേക്ക് കയറുന്ന പുതുമാരന്റെ ടെൻഷൻ. മഞ്ഞളണിഞ്ഞ മുഖവും കാട്ടി ഇടംകണ്ണടച്ച് നാക്കുനീട്ടുന്ന നസ്രിയയുടെ കുസൃതിരംഗത്തോടെ ട്രെയിലർ അവസാനിക്കുകയാണ്.

തിരുവനന്തപുരം കഴക്കൂട്ടത്ത് അൽ സാജ് കൺവൻഷൻ സെന്ററിൽ നാലായിരത്തോളം അതിഥികളെ സാക്ഷി നിർത്തി കഴിഞ്ഞ 21നായിരുന്നു ഫഹദിന്റേയും നസ്രിയയുടേയും വിവാഹം. 11.30 നും 12നും ഇടയിലുള്ള മുഹൂർത്തത്തിലാണ് നസ്റിയ ഫഹദിന്റെ ജീവിതസഖിയായി മാറിയത്. കഴിഞ്ഞദിവസം വിവാഹത്തിന് ശേഷമുള്ള സ്നേഹ വിരുന്ന് ആലപ്പുഴയിൽ നടന്നു. സിനിമ രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP