ഒരു സിനിമയ്ക്ക് രണ്ടും മൂന്നും കോടി രൂപ ശമ്പളം വാങ്ങിക്കുന്ന പല നടന്മാരെയും ഇപ്പോൾ കാണാനില്ല; അഞ്ചുദിവസം കൊണ്ട് 35 ലക്ഷം ശമ്പളം വാങ്ങുന്ന ഹാസ്യനടന്മാർ അഞ്ചുപൈസ കൊടുത്തിട്ടില്ല; ഒരു കട ഉദ്ഘാടനത്തിന് 30 ലക്ഷം രൂപ വാങ്ങുന്നവർ പോലും ദുരിതാശ്വാസത്തിന് ഒന്നും കൊടുത്തിട്ടില്ല; ഫേസ്‌ബുക്കിൽ വലിയ കാര്യങ്ങൾ എഴുതുന്നവർ ഇപ്പോൾ എവിടെ? പ്രളയ ദുരിതാശ്വാസത്തോട് മുഖം തിരിഞ്ഞ് നിൽക്കുന്ന യുവനടന്മാരെ രൂക്ഷമായി വിമർശിച്ച് ഗണേശ്‌കുമാർ
August 27, 2018 | 08:47 PM IST | Permalink

മറുനാടൻ ഡെസ്‌ക്
കൊച്ചി: പ്രളയ ദുരിതാശ്വാസത്തോട് പുറം തിരിഞ്ഞു നിൽക്കുന്ന മലയാള സിനിമയിലെ യുവ നടന്മാരെ രൂക്ഷമായി വിമർശിക്കുന്ന നടനും എംഎൽഎയുമായ ഗണേശ്‌കുമാറിന്റെ വീഡിയോ വൈറലാവുന്നു. ഫേസ്‌ബുക്കിൽ വലിയ അഭിപ്രായം പറയുന്ന നമ്മുടെ യുവ നടന്മാർ ഇപ്പോൾ എവിടെപ്പോയെന്ന് അദ്ദേഹം ചോദിക്കുന്നു. ഒരു സിനിമയ്ക്ക് രണ്ടും മൂന്നും കോടി രൂപ ശമ്പളം വാങ്ങിക്കുന്ന പല നടന്മാരെയും ഇപ്പോൾ കാണാനില്ല. അഞ്ചുദിവസം കൊണ്ട് 35 ലക്ഷം ശമ്പളം വാങ്ങുന്ന ഹാസ്യനടന്മാർ മുഖ്യമന്ത്രിയൂടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുപൈസ കൊടുത്തിട്ടില്ല. ഒരു കട ഉദ്ഘാടനത്തിന് 30ലക്ഷം രൂപ വാങ്ങുന്നവർപോലും ഒന്നും കൊടുത്തിട്ടില്ല. ഇത്രയും വലിയ ദുരന്തം ഉണ്ടായിട്ടും ഈ താരങ്ങൾ എന്തുചെയ്തുവെന്ന് അറിയാൻ ആകാംക്ഷയുണ്ടെന്ന് ഗണേശ് കുമാർ ചോദിക്കുന്നു. പത്തനാപുരം കേബിൾ വിഷനാണ് വീഡിയോ പുറത്തുവിട്ടത്.
ഗണേശ് കുമാറിന്റെ വീഡിയോയുടെ പൂർണ രൂപം ഇങ്ങനെയാണ്:
'നല്ല മനസ്സുള്ള നിശബ്ദമായി സഹായിക്കാൻ കഴിയുന്ന ഒരുപാട് പേരുണ്ട്. നമ്മൾ അത് തിരിച്ചറിയുന്നില്ല. കുഴപ്പക്കാരെ മാത്രമാണ് നാം കാണുന്നത്. സിനിമാക്കാരെ തന്നെ എടുക്കുക.കോടിക്കണക്കിന് രൂപ ശമ്പളം വാങ്ങിക്കുന്ന പലവന്മാരെയും ഇപ്പോൾ കാണാനില്ല. മുഖ്യമന്ത്രിക്ക് അഞ്ചുപൈസയും കൊടുത്തിട്ടില്ല. ഒരു സിനിമയ്ക്ക് രണ്ടും മൂന്നും കോടിരൂപ ശമ്പളം പറ്റുന്ന മലയാളത്തിലെ ചില യുവ നടന്മാരെ കാണാനേയില്ല. അഞ്ചുദിവസം കൊണ്ട് 35 ലക്ഷം ശമ്പളം വാങ്ങുന്ന ഹാസ്യനടന്മാർ ഒന്നും കൊടുത്തിട്ടില്ല. അഞ്ചുപൈസ കൊടുത്തിട്ടില്ല. സുരാജ് വെഞ്ഞാറമൂടിനെ പോലുള്ളവരാണ് സഹായിച്ചത്. അവർ അത്രയ്ക്ക് ശമ്പളം പറ്റുന്നവരല്ല.
ഒരു കട ഉദ്ഘാടനത്തിന് 30ലക്ഷം രൂപ വാങ്ങുന്നവർ ഉണ്ട്്. അവർ ആ പൈസപോലും കൊടുത്തിട്ടില്ല. കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങുന്ന പലരും പ്രസ്താവന നടത്താനും ഫേസ്‌ബുക്കിൽ എഴുതാനും തയാറാവുമ്പോൾ എനിക്ക് പ്രതിഷേധമുണ്ട്. ഞാൻ ഒരു കലാകാരനാണ്. ആകാശത്തുനിന്നുകൊണ്ട്് ഇന്റനെറ്റുവഴി അഭിപ്രായം പറയുന്ന ചില ആളുകളുടെ നിലപാടെന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്.
ക്ലബിലെ കുട്ടികൾ പോലും പിരിച്ച 1000, 2000 രുപ മുഖ്യമന്ത്രിക്ക് കൊടുത്തു. പത്തനാപുരം ബാങ്ക് ഒരു ലക്ഷം കൊടുത്തു. ഞാനാണ് കൈമാറിയത്. സിങ്കപ്പുരിൽനിന്ന് വന്ന ഒരു ടെക്സ്സ്റ്റെൽ കമ്പനിക്കാർ ഒരു കോടി രൂപ കാടുത്തു. അവർക്ക് കേരളവുമായി ബന്ധമില്ല. തമിഴ്‌നാട്ടുകാരനാണ്. പക്ഷേ മലയാളത്തിന്റെ സ്നേഹത്തിന്റെ പങ്കുപറ്റുന്ന പല നടന്മാരും ഒന്നും കൊടുത്തില്ല. ഫേസ്‌ബുക്കിലുടെ എല്ലാ വിശേഷവും കാച്ചുന്നവർ അഞ്ച്പൈസ കൊടുത്തില്ല.അവർ കൊടുത്തതിന്റെ ലിസ്റ്റ് എടുത്ത് അവരോടുതന്നെ ചോദിക്കണം. ഇത്രയും വലിയ ദുരന്തം ഉണ്ടായിട്ടും എന്തുചെയ്തുവെന്ന്. ഒരു കലാകാരൻ എന്ന നിലയ്ക്കും പൊതുപ്രവർത്തകൻ എന്ന നിലയ്ക്കും, നിങ്ങൾ എന്ത് ചെയ്തൂവെന്ന് അറിയാൻ എനിക്ക് ആകാക്ഷയുണ്ട്. മറ്റുള്ളവർക്കും അതു കാണുമെന്നാണ് വിശ്വസിക്കുന്നത്.
നന്മ നശിച്ചിട്ടില്ലാത്ത മനുഷ്യന്റെ വലിയ മനസ്സാണ് നമ്മൾ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. നിങ്ങൾ എല്ലാവരും സഹായിക്കണം .പരസ്പരം സഹായിക്കുക. ജാതിമതവു രാഷ്ട്രീയവും ഒന്നുമല്ല വലുത്.'- ഗണേശ് കുമാർ ചൂണ്ടിക്കാട്ടി.
നടൻ പൃഥ്വീരാജ് അടക്കമുള്ള യുവ നടൻാരും ഒരു കൂട്ടം ന്യൂജൻ താരങ്ങളും പ്രളയദുരിതാശ്വാസത്തോട് പുറം തിരഞ്ഞു നിൽക്കുകയാണെന്ന് സോഷ്യൽ മീഡിയിയിലടക്കം നേരത്തെ തന്നെ ആരോപണം ഉയർന്നതാണ്. യുവനടന്മാരിൽ പലരും തുച്ഛമായ തുക നൽകി കടമ തീർക്കുകയാണ് ചെയ്തതെന്ന ആരോപണം ശക്തിപ്പെടുത്തുന്ന വിധമാണ് ഗണേശിന്റെ വാക്കുകൾ. നേരത്തെ ഗായകൻ യേശുദാസ് എവിടെയാണെന്ന ചോദ്യവും സോഷ്യൽ മീഡിയ ഉയർത്തിയിരുന്നു. സമാനതകളില്ലാത്ത ദുരിതത്തിൽ കേരളം കൈകാലിട്ടടിക്കുമ്പോൾ ഒരു ആശ്വാസവാക്കുപോലും, മലയാളി ഗാനഗന്ധർവനെന്നും ഗന്ധർവ ഗായകനെന്നും മലയാളികൾ പുകഴ്‌ത്തുന്ന യേശുദാസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നാണ് വിമർശനം ഉയരുന്നത്.
വീഡിയോ: കടപ്പാട്: പിസിവി ന്യൂസ്.കോം
