ഈ തേനീച്ചകളുടെ സ്നേഹം എങ്കിലും നമുക്ക് സഹജീവികളോടുണ്ടോ? തേൻകുടത്തിൽ വീണ് പോയ തേനീച്ചയെ രക്ഷിച്ചെടുത്ത് കൂട്ടുകാർ നക്കിത്തുടയ്ക്കുന്ന വീഡിയോ വൈറലാകുമ്പോൾ
September 02, 2018 | 09:14 AM IST | Permalink

സ്വന്തം ലേഖകൻ
യുഎസ്എയിലെ മിച്ചിഗനിലെ കവേർട്ട് ടൗൺഷിപ്പിൽ നിന്നും പകർത്തപ്പെട്ട തേനീച്ചകളുടെ ഫൂട്ടേജ് വൈറലാകുന്നു. തേൻ കുടത്തിൽ വീണ് പോയ ഒരു തേനീച്ചയെ മറ്റ് തേനീച്ചകൾ കൂട്ടം ചേർന്ന് കരകയറ്റുന്ന വീഡിയോ പകർത്തിയിരിക്കുന്നത് തേനീച്ച പരിപാലകനായ പീറ്റർ വാൽകോസാണ്. രക്ഷിച്ചതിന് പുറമെ ഈ തേനീച്ചയെ സഹജീവികൾ നക്കിത്തുടച്ച് ചൂട് പകരുന്നുമുണ്ട്. ഈ തേനീച്ചകളുടെ സ്നേഹമെങ്കിലും നമുക്ക് സഹജീവികളോടുണ്ടോ...? എന്ന ചോദ്യവും ഇതിനെ തുടർന്ന് ഉയരുന്നുണ്ട്.
തേനീച്ച ഹണി എക്സ്ട്രാക്ടറിൽ പെട്ട് പോയത് കണ്ട് വാൽകോസ് അതിനെയും കൂടെയുള്ള തേനീച്ചകളുടെ പ്രവൃത്തിയും സൂക്ഷ്മമായി നിരീക്ഷിച്ച് ക്യാമറയിൽ പകർത്തുകയായിരുന്നു. സൗത്ത് വെസ്റ്റ് മിച്ചിഗനിലെ ഈ ചെറിയ ടൗണിൽ തങ്ങൾ കുറച്ച് തേനീച്ച കർഷകർ കഴിയുന്നുണ്ടെന്നും തങ്ങളുടെ ചെറിയ ഫാം ബ്ലൂബെറി തോട്ടത്തിനകത്താണ് നിലകൊള്ളുന്നതെന്നും വാൽകോസ് വെളിപ്പെടുത്തുന്നു. ബ്ലൂബെറി പൂക്കളിൽ നിന്നും തേനീച്ചകൾ ഇവിടെ ധാരാളം തേൻ ഉൽപാദിപ്പിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
തേനീച്ചകൾ 30 മിനുറ്റോളം സഹജീവിയെ നക്കിത്തുടച്ചിരുന്നുവെന്നും വാൽകോസ് വെളിപ്പെടുത്തുന്നു. ലോകമാകമാനം തേനീച്ചകളുടെ കോളനികൾ നശിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് ഗ്രീൻപീസ് വെളിപ്പെടുത്തുന്നത്. കീടനാശിനികൾ,ആവാസവ്യവസ്ഥയുടെ നാശം, വരൾച്ച, പോഷകക്കുറവ്, ആഗോള താപനം, വായുമലിനീകരണം, തുടങ്ങിയവയാണ് തേനീച്ചകളുടെ വംശനാശത്തിന് കാരണമായി വർത്തിക്കുന്നത്.
