മുസ്ലിം അവതാരകനെ കണ്ട് കണ്ണ് പൊത്തിയത് ഹം ഹിന്ദു നേതാവ്; ന്യൂസ് 24 ൽ ചർച്ചയ്ക്ക് വിളിച്ചത് സൊമാറ്റോ വിഷയം സംസാരിക്കാൻ; അവതാരകൻ മുസ്ലീമെന്ന് അറിഞ്ഞതോടെ ഇരു കൈയും ചേർത്ത് കണ്ണ് പൊത്തി ഇരുന്നു; ഇയാളെ പോലുള്ളവരെ ചർച്ചയ്ക്ക് വിളിച്ചതെന്തിനെന്ന് ചോദിച്ച് കമന്റുകൾ; ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ
August 02, 2019 | 02:45 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഡെലിവറി ബോയ് അഹിന്ദുവായതിനാൽ തനിക്ക് ഭക്ഷണം വേണ്ടെന്നും ഓർഡർ കാൻസൽ ചെയ്യണമെന്നും ആവശ്യപ്പെട്ട സംഭവം ഇന്ത്യയിൽ നിരവധി ചർച്ചകൾക്കാണ് വഴി വെച്ചത്. രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും എതിർപ്പുകൾ പ്രകടിപ്പിച്ച് കൊണ്ട് നിരവധി പേർ രംഗത്ത് വന്നു. ഇപ്പോഴിതാ ഈ പ്രശ്നം ചർച്ച ചെയ്യാനായി ന്യൂസ് 24 ചാനൽ സംഘടിപ്പിച്ച ചർച്ചയ്ക്കിടെ മുസ്ലിമായ വാർത്താ അവതാരകനെ കാണാതിരിക്കാൻ കണ്ണുപൊത്തിയിരിക്കുകയാണ് സംഘപരിവാർ സംഘടനയായ 'ഹം ഹിന്ദു' വിന്റെ നേതാവ് അജയ് ഗൗതം. മാധ്യമപ്രവർത്തകനായ സന്ദീപ് ചൗധരി നയിച്ച ചർച്ച മറ്റൊരവതാരകനായ സൗദ് മുഹമ്മദ് ഖാലിദിന് കൈമാറുമ്പോഴാണ് അജയ് ഗൗതം കണ്ണുപൊത്തിയത്.
ഓഗസ്റ്റ് ഒന്നിന് ഈ ചർച്ചയുടെ വീഡിയോ ചാനൽ പുറത്ത് വിട്ടിരുന്നു എന്നാൽ അജയ് ഗൗതം കണ്ണ് പൊത്തുന്ന ദൃശ്യങ്ങൾ അതിൽ ഉണ്ടായിരുന്നില്ല. പിന്നീട് ട്വിറ്ററിലൂടെയാണ് സ്റ്റുഡിയോയിൽ നടന്ന സംഭവങ്ങൾ പുറത്തു വന്നത്. ഗൗതമിനെ ഇനി സ്റ്റുഡിയോയിലേക്ക് മറ്റു ചർച്ചകൾക്കായി വിളിക്കേണ്ടതില്ലെന്ന് ചാനൽ അധികൃതർ തീരുമാനമെടുത്തിട്ടുണ്ട്. ട്വീറ്റിന് പിന്നാലെ എന്തിനാണ് ഇയാളെ പോലെ ഉള്ളവരെ ചർച്ചയ്ക്ക് വിളിച്ചതെന്ന് ചോദിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. ഹം ഹിന്ദു സ്ഥാപിച്ചത് അജയ് ഗൗതമാണ്. പൂർണ ഹിന്ദു രാഷ്ട്രത്തിനായി നിലകൊള്ളുന്ന ഈ സംഘടന മുസ്ലീങ്ങൾക്കെതിരെയാണ് പ്രവർത്തിക്കുന്നത്.
News24 के एंकर Saud Md. Khalid को देखकर अजय गौतम ने अपना मूंह छुपाया...
— News24 India (@news24tvchannel) August 1, 2019
(link: https://t.co/r2V0Gs7PcS )
@sandeep_news24 @maulanadehlavi @ashutosh83B @saud_smk @manakgupta @sakshijoshii pic.twitter.com/lb7VfUxHyJ
