ചടുലതാളം കൊണ്ടും മനോഹരസംഗീതം കൊണ്ടും സദസ്സിനെ ആവേശത്തിലാഴ്ത്തും; ലോക യുവജന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവരെ ഞെട്ടിച്ച് 11 കന്യാസ്ത്രീകൾ; 'ദി സിസ്റ്റേഴ്സ് ഓഫ് സിയർവാസ്' വൈറലാകുന്നു
January 27, 2019 | 09:00 PM IST | Permalink

മറുനാടൻ ഡെസ്ക്
പാനമ സിറ്റി: പാനമയിൽ നടക്കുന്ന ലോകയുവജനസമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയവരെ അമ്പരപ്പിച്ച് ഒരു സംഘം കന്യാസ്ത്രീകൾ. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ യുവജനങ്ങളെ ആവേശത്തിലാഴ്ത്തിയത് ചടുലതാളം കൊണ്ടും മനോഹരസംഗീതം കൊണ്ടും ആണ്. ഫ്രാൻസിസ് മാർപാപ്പയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ യുവജനസമ്മേളനത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു പെറുവിൽ നിന്നുള്ള 'ദി സിസ്റ്റേഴ്സ് ഓഫ് സിയർവാസ്' എന്ന 11 അംഗ കന്യാസ്ത്രീ ബാൻഡ്. 'സിയർവാസ്' എന്ന സ്പാനിഷ് വാക്കിന്റെ അർഥം 'സെർവന്റസ്' എന്നാണ്. 'ഈശോയ്ക്കു വേണ്ടി ജോലി ചെയ്യുന്നവർ' എന്ന ആശയം ഉൾക്കൊണ്ടാണ് തങ്ങളുടെ ബാൻഡിന് ഇവർ ഇത്തരമൊരു പേരിട്ടത്.
2014ൽ രൂപീകരിച്ച ഈ ബാൻഡിലുള്ള 11 കന്യാസ്ത്രീമാരും 20നും 40നും വയസിനിടയിലുള്ളവരാണ്. ചിലി, ജപ്പാൻ, ഇക്വഡോർ, ചൈന, കോസ്റ്ററിക്ക എന്നിവിടങ്ങളിൽ നിന്നുള്ള കന്യാസ്ത്രീകളും ബാൻഡിലുണ്ട്. സ്പാനിഷ് സംഗീതമാണ് പ്രധാനമായും ഇവർ കൈകാര്യം ചെയ്യുന്നത്. നേരത്തെ, ഫ്രാൻസിസ് മാർപാപ്പയുടെ മെക്സിക്കോ, പെറു സന്ദർശനവേളയിലും സിസ്റ്റേഴ്സ് ഓഫ് സിയർവാസ് സംഗീതപരിപാടി നടത്തി ശ്രദ്ധനേടിയിരുന്നു. ഇവരുടെ സംഗീതപരിപാടികളുടെ വീഡിയോകൾക്ക് സോഷ്യൽമീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ലോകയുവജനദിനത്തിന്റെ ഭാഗമായി പാനമയിലെത്തിയ സംഘം അവിടുത്തെ വനിതാ ജയിലിലും സംഗീതപരിപാടി അവതരിപ്പിച്ചിരുന്നു. കൂടാതെ കുട്ടികളുടെ കാൻസർ ആശുപത്രിയിലും സ്കൂളുകളിലും സന്ദർശനം നടത്തുകയും ചെയ്തു.
