Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്നെ കണ്ടാൽ തല്ലണം എന്ന് തോന്നുകയാണെങ്കിൽ അതാണ് ഏറ്റവും മികച്ച അവാർഡ്; അധികാരത്തിൽ എത്തിയാൽ സിപിഎമ്മുകാർക്കും തല്ലാൻ തോന്നണേ എന്നാണ് പ്രാർത്ഥന: ചെന്നിത്തലയെ വേദിയിലിരുത്തി നികേഷ് കുമാർ വിമർശിച്ച വീഡിയോ

എന്നെ കണ്ടാൽ തല്ലണം എന്ന് തോന്നുകയാണെങ്കിൽ അതാണ് ഏറ്റവും മികച്ച അവാർഡ്; അധികാരത്തിൽ എത്തിയാൽ സിപിഎമ്മുകാർക്കും തല്ലാൻ തോന്നണേ എന്നാണ് പ്രാർത്ഥന: ചെന്നിത്തലയെ വേദിയിലിരുത്തി നികേഷ് കുമാർ വിമർശിച്ച വീഡിയോ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം വിജയാഹ്ലാദത്തിൽ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ റിപ്പോർട്ടർ ചാനൽ എംഡിയും ചീഫ് എഡിറ്ററുമായ എം വി നികേഷ് കുമാറിനെ മർദ്ദിച്ച സംഭവം മാദ്ധ്യമലോകത്ത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്ന വേളയിൽ സോളാർ-ബാർകോഴ കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ റിപ്പോർട്ടർ ചാനൽ പുറത്തുവിട്ടിരുന്നു. ഇത് കോൺഗ്രസിനെ പ്രതിരോധത്തിൽ ആക്കുകയും ചെയ്തു. എന്നാൽ, ഫലം വന്നതോടെ ശബരിനാഥ് വിജയിച്ചു. ഇതോടെയാണ് കോൺഗ്രസ് പ്രവർത്തകർ നികേഷ് കുമാറിനെ മർദ്ദിച്ചത്.

ഈ വിഷയത്തിൽ മൗനം തുടർന്നിരുന്ന നികേഷ് കുമാർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വേദിയിൽ ഇരുത്തി മറുപടി പറഞ്ഞു. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. മീഡിയ ട്രസ്റ്റിന്റെ തെങ്ങമം ബാലകൃഷ്ണൻ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് നികേഷ് കുമാർ തന്റെ നിലപാട് വ്യക്തമാക്കിയത്. വോട്ടണ്ണൽ ദിവസം തനിക്ക് കിട്ടിയ അവാർഡാണ് ഏറെ ഇഷ്ടപ്പെട്ടതെന്ന് നികേഷ് വ്യക്തമാക്കി. തന്റെ നിലപാട് വ്യക്തമാക്കി നികേഷ് കുമാർ പറഞ്ഞത് ഇങ്ങനെയാണ്:

മാദ്ധ്യമപ്രവർത്തനം എന്താണെന്ന് എല്ലാക്കാലവും ചർച്ച ചെയ്യുന്ന വിഷയമാണ്. ഓരോരുത്തർക്കും ഇതിനെ കുറിച്ച് ഓരോ നിർവചനമുണ്ട്. വ്യക്തികൾക്ക് അനുസരിച്ച് ഈ നിർവചനവും വ്യത്യസ്തമാകും. എന്നെ സംബന്ധിച്ചിടത്തോളം മാദ്ധ്യമപ്രവർത്തനം എന്നത് ശരിയെന്ന് തോന്നുന്നത് ചെയ്യലാണ്. ഈ അവാർഡിനേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ജൂൺ 30ന് കിട്ടിയ അവാർഡാണ്. എന്നെ കണ്ടാൽ സർക്കാറിനെ അനുകൂലിക്കുന്നവർക്ക് ഒന്ന് തല്ലണം എന്ന് തോന്നുന്നതാണെങ്കിൽ അതാണ് തനിക്കു കിട്ടിയ മികച്ച അവാർഡ്- നികേഷ് കുമാർ പറഞ്ഞു.

വേദിയിൽ ഉണ്ടായിരുന്ന എം എ ബേബിയുടെ കാര്യം പരാമർശിച്ചു നികേഷ് കുമാർ തന്റെ നിലപാട് വ്യക്തമാക്കി. 'എം എ ബേബി അധികാരത്തിൽ വരികയാണെങ്കിൽ ബേബിയുടെ സർക്കാറിനെ അനുകൂലിക്കുന്നവർക്കും എന്നെ തല്ലണം എന്ന് തോന്നണേ എന്നാണ് എന്റെ പ്രാർത്ഥന. ഒരു സാധാരണ പൗരനേ സംബന്ധിച്ചത്തോളമുള്ള അവകാശമേ മാദ്ധ്യമപ്രവർത്തകന് ഉള്ളൂ. മാദ്ധ്യമപ്രവർത്തകന് മാത്രം പ്രത്യേക അവകാശങ്ങളില്ല. മാദ്ധ്യമപ്രവർത്തകനെന്ന നിലയിൽ എന്നെ ഏത് നിമിഷവും വിചാരണ ചെയ്യാൻ ഭരണകൂടത്തിന് സാധിക്കും. ഈ വിഷയം ഉയർന്നു വന്നപ്പോൾ മാദ്ധ്യമപ്രവർത്തകൻ എന്ന നിലയിൽ വസ്തുതാപരമായ പിഴവ് വന്നിട്ടുണ്ടെങ്കിൽ ഞങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണം എന്നതാണ് അഭിപ്രായം. അങ്ങനെ നിയമ നടപടി സ്വീകരിക്കുകയാണെങ്കിൽ സാധാരണ പൗരനെന്ന നിലയിൽ ആ വിചാരണ നേരിടാൻ തയ്യാറാണ്. മറിച്ച് പുകമറ സൃഷ്ടിച്ചുകൊണ്ട് വാർത്തകളെ നിസ്സാരവൽക്കരിക്കരുതെന്നും നികേഷ് കുമാർ വ്യക്തമാക്കി.

രണ്ട് ദിവസം മുമ്പ് നടന്ന ചടങ്ങിൽ നികേഷ് കുമാർ സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോഴാണ് വ്യാപിക്കുന്നത്. ഫേസ്‌ബുക്കിൽ എത്തിയിരിക്കുന്ന വീഡിയോയിൽ നികേഷിന്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP