മോഹൻലാൽ സംഘപരിവാർ സ്ഥാനാർത്ഥിയായാൽ മമ്മൂട്ടി പോപ്പുലർ ഫ്രണ്ട് സ്ഥാനാർത്ഥിയാവണം! പക്ഷേ മമ്മൂട്ടിയെ കുറിച്ച് ഇങ്ങനെ ചിന്തിക്കാൻപോലും നമുക്ക് ആവുന്നില്ല; എന്തുകൊണ്ട് മോഹൻലാലിന്റെ കാര്യത്തിൽ അത്തരത്തിലുള്ള ഒരു ഞെട്ടൽ വരുന്നില്ല? എന്തുകൊണ്ട് സംഘപരിവാറിനെ തള്ളിപ്പറയാൻ ലാലിന് ആവുന്നില്ല? ഒ അബ്ദുല്ലയുടെ വൈറലായ വീഡിയോ ഇങ്ങനെ
February 06, 2019 | 08:40 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മോഹൻലാൽ സംഘപരിവാർ സഥാനാർഥിയാവുകയാണെങ്കിൽ മമ്മൂട്ടി പോപ്പുലർഫ്രണ്ട് സ്ഥാനാർത്ഥിയാവണമെന്ന് എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഒ അബ്ദുല്ലയുടെ ട്രോൾ. തന്റെ ഫേസ്ബുക്ക് പേജിൽ പ്രസദ്ധീകരിച്ച വീഡിയോയിലാണ് ഒ അബ്ദുല്ല ഈ ആശയം പങ്കുവെക്കുന്നത്. മമ്മൂട്ടി പോപ്പുലർ ഫ്രണ്ടിന്റെ ബാനറിൽ പോയിട്ട് മുസ്ലീലീഗിന്റെ ബാനറിൽപോലും മൽസരിക്കില്ല. അത്തരം ഒരു വാർത്ത പോലും അദ്ദേഹത്തിന് താങ്ങാൻ കഴിയില്ല. പക്ഷേ മോഹൻലാലിന്റെ കാര്യത്തിൽ എന്തുകൊണ്ട് അങ്ങനെ ഉണ്ടാകുന്നില്ല. എന്തുകൊണ്ട് സംഘപരിവാറിനെ തള്ളിപ്പറയാൻ ലാലിന് ആവുന്നില്ലെന്നും ഒ അബ്ദുല്ല ചോദിക്കുന്നു.
ഒ അബ്ദുല്ലയുടെ വീഡിയോയുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്:
'മോഹൻലാൽ സംഘപരിവാർ സ്ഥാനാർത്ഥിയായി ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കയാണെങ്കിൽ മമ്മൂട്ടി പോപ്പുലർ ഫ്രണ്ട് സ്ഥാനാർത്ഥിയായി മൽസരിക്കണമെന്നാണ് എന്റെ അഭിപ്രായം. പെട്ടെന്ന് ആരും ഞെട്ടും. നടൻ മമ്മൂട്ടി എന്നാൽ ഹൈലി സെക്യുലർ ആണ്. അദ്ദേഹത്തെ സംബന്ധിച്ച് അത് ചിന്തിക്കാൻപോലും സാധ്യമല്ല. അദ്ദേഹം പോപ്പുലർ ഫ്രണ്ടിനെപ്പോലുള്ള അല്ലെങ്കിൽ സാമുദായിക മുദ്രയുള്ളതായ മുസ്ലീലീഗിനെപ്പോലൊരു പാർട്ടിയുടെ സ്ഥാനാർത്ഥിയായി മൽസരിക്കുമെന്ന് പറയാൻ സാധാരണ രീതിയിൽ ആർക്കും നാവ് പൊന്തുകയില്ല. കാരണം ഈ തരത്തിലുള്ള സമീപനങ്ങളിൽനിന്ന് അദ്ദേഹം അത്രയും അകലെയാണ്. പക്ഷേ എന്തുകൊണ്ട് മോഹൻലാലിന്റെ കാര്യത്തിൽ അത്തരത്തിലുള്ള ഒരു ഞെട്ടൽ വരുന്നില്ല. നമ്മുടെ നാട്ടിലെ മാധ്യമങ്ങൾ, വിശേഷിച്ചും ചാനലുകൾ വലിയൊരു അളവോളം സംഘപരിവാറിന് അടിപ്പെട്ടിരിക്കുന്നു. ബിജെപി നേതാവ് കെ സുരേന്ദ്രൻ പറഞ്ഞത് ബിജെപിയുടെ ഇത്തവണത്തെ സ്ഥാനാർത്ഥികളുടെ പേര് കാണുമ്പോൾ നിങ്ങൾക്ക് അത്ഭുതം വരുമെന്നാണ്. ഇപ്പോൾ ഇവർ മോഹൻലാലിന്റെ പിറകെ കൂടുന്നു. അദ്ദേഹം അതിൽ വിസമ്മതം പ്രകടിപ്പിക്കുന്നു. പക്ഷേ, അതൊരു വിസമമ്മതം മാത്രമാണ്.
അതായത് സംഘപരിവാറിന്റെ സ്ഥാനാർത്ഥിയായി എന്നെ പറഞ്ഞാൽ ഞാൻ അത് അനുവദിക്കില്ല കേസ് കൊടുക്കും, അത് എന്നെക്കുറിച്ചുള്ള പൊതുബോധ്യത്തിൽനിന്ന് വിരുദ്ധമാണ് എന്ന് പറയാൻ മോഹൻലാലിന് കഴിയുന്നില്ല. അഥവാ പറയുന്നില്ല. അദ്ദേഹം ചെല്ലുമ്പോൾ പ്രധാനമന്ത്രിയുടെ വാതിൽ പെട്ടെന്ന് തുറക്കുകയാണ്. മറ്റൊരു രാഷ്ട്രീയ നേതാവിന്റെ പിന്തുണയും റെക്കമെൻഡും ഒന്നും അദ്ദേഹത്തിന് വേണ്ടിവരുന്നില്ല. കാരണം അദ്ദേഹം അവരുടെ ഒരാളായി എന്ന തോന്നലാണ് പൊതുസമൂഹത്തിനുള്ളത്.
എന്നാൽ ഇപ്പോൾ പറഞ്ഞപോലെ മമ്മൂട്ടി പോപ്പുലർ ഫ്രണ്ടിന്റെ സ്ഥാനാർത്ഥിയായി മൽസരിക്കുമെന്ന് ഞാൻ പറഞ്ഞാൽ ,അദ്ദേഹത്തിന്റെ കൈയുടെ ദൂരപരിധിയിലാണ് ഞാൻ എങ്കിൽ തല്ലുകിട്ടുമെന്ന് ഉറപ്പാണ്. അദ്ദേഹത്തിന്റെ ഫാൻസിനുപോലും സഹിക്കാൻ കഴിയില്ല. കാരണം അത്രയും വലിയ സെക്കുലർ ആശയക്കാരനാണ് മമ്മൂട്ടി. കേരളീയ സമൂഹത്തിൽ ഇവർക്ക് രണ്ടുപേർക്കുമുള്ള സ്ഥാനം സമ്മുന്നതമാണ്. നമ്മുടെ സാംസ്കാരിക ഐക്കണുകളായ രണ്ടുപേരിൽ ഒരാളെ സംഘപരിവാർ ആക്കുന്നത് ഗൗരവകരമാണ്. സ്ഥാനാർത്ഥിയാകാനില്ല എന്ന് പറയുന്നുണ്ടെങ്കിലും അദ്ദേഹം ആ ആശയത്തെ തള്ളിപ്പറയുന്നില്ല. ഇനി മമ്മൂട്ടി അഥവാ മൽസരിക്കയാണെങ്കിൽ ഈ നാട്ടിലെ മതേതര പ്രസ്ഥാനമായ എൽഡിഎഫിന്റെയൊക്കെ സ്ഥാനാർത്ഥിയായോ, ഒരു പക്ഷേ കോൺഗ്രസ് ആയാൽപ്പോലും അദ്ദേഹത്തിന് പ്രശ്നം ഉണ്ടാകുമായിരുന്നില്ല. മമ്മൂട്ടിയെ മുസ്ലിംലീഗിന്റെ സ്ഥാനാർത്ഥിയായി കാസർകോട്ട് മൽസരിപ്പിച്ച് ജയിപ്പിക്കണം എന്ന് പറഞ്ഞാൽ അതുപോലും മമ്മൂട്ടി അംഗീകരിക്കയില്ല. പക്ഷേ മോഹൻലാലിന്റെ കാര്യം വരുമ്പോഴുള്ള ഈ ലളിത യുകതി സംഘപരിവാറിന്റെ രീതികളിലേക്ക് നമ്മുടെ സമൂഹം പാകപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ സൂചനകളാണെന്നും ഒ അബുദുല്ല ചൂണ്ടിക്കാട്ടി.
