Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രൂപേഷിന്റെ അഭിമുഖം മിഡിയാ വണ്ണിൽ; അട്ടപ്പാടിയിൽ യുവാവിനെ കൊന്നത് പൊലീസ്; ഗീതാനന്ദനും വിമർശനം; വനംകൊള്ളയുടെ ആണിക്കല്ല് വനംവകുപ്പെന്നും മാവോയിസ്റ്റ് നേതാവ്

രൂപേഷിന്റെ അഭിമുഖം മിഡിയാ വണ്ണിൽ; അട്ടപ്പാടിയിൽ യുവാവിനെ കൊന്നത് പൊലീസ്; ഗീതാനന്ദനും വിമർശനം; വനംകൊള്ളയുടെ ആണിക്കല്ല് വനംവകുപ്പെന്നും മാവോയിസ്റ്റ് നേതാവ്

കോഴിക്കോട്: പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ യുവാവിനെ പൊലീസ് വെടിവച്ച് കൊന്ന് മാവോയിസ്റ്റുകളുടെ മേൽ കുറ്റം ചാരുകയാണെന്ന് കേരളത്തിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന രൂപേഷിന്റെ വെളിപ്പെടുത്തൽ. മിഡായ വൺ ചാനൽ പുറത്തുവിട്ട രൂപേഷിന്റേതെന്ന് പറയുന്ന അഭിമുഖത്തിലാണ് ഈ ആരോപണമുള്ളത്.

ആദിവാസി മേഖലകളിലെ പൊലീസ് നടപടി മുതൽ ചുംബന സമരം വരെയുള്ള വിഷയങ്ങളെക്കുറിച്ച് അഭിമുഖത്തിൽ രൂപേഷ് സംസാരിക്കുന്നുണ്ട്. നേരത്തെ കേരളത്തിൽ സായുധ പോരാട്ടത്തിന് ആഹ്വാനം ചെയ്യുന്ന രൂപേഷിന്റെ വിഡിയോ ചാനലുകളുടെ ഓഫീസിൽ കിട്ടിയിരുന്നു. ഈ വിഡിയോയുടെ ഉറവിടം സംബന്ധിച്ച പൊലീസ് അന്വേഷണത്തിൽ ഒരു തുമ്പുമുണ്ടായില്ല. ഇതിനിടെയാണ് പുതിയ വീഡിയോ പ്രചരിക്കുന്നത്.

പാലക്കാട് ജില്ലയിലെ അട്ടപ്പാടി ചിണ്ടക്കിയിൽ വച്ച് ഫോട്ടോഗ്രാഫറായ ബെന്നിയെ മാവോയിസ്റ്റുകൾ വെടിവച്ചുകൊന്നുവെന്നത് പൊലീസിന്റെ പ്രചരണമായിരുന്നുവെന്ന് വിഡിയോവിൽ രൂപേഷ് പറയുന്നു. തണ്ടർബോൾട്ടും കമാൻഡോ വിഭാഗവും പിന്തുടരുന്ന സൈനികവൽക്കരണത്തിന്റെയും അപ്രഖ്യാപിത നിശാനിയമത്തിന്റെയും ഇരയാണ് യഥാർഥത്തിൽ ബെന്നി. കമാൻഡോ വിഭാഗങ്ങളാണ് ബെന്നിയെ കൊന്നത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് അതിന് ഉത്തരവാദി. അതുകൊണ്ടാണ് അവർ പെട്ടെന്ന് 5 ലക്ഷം രൂപ ബെന്നിയുടെ കുടുംബത്തിന് നൽകാൻ തീരുമാനിച്ചത്.

വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് വനം കൊള്ളക്കാരെ സഹായിക്കാനാണെന്ന ഗോത്ര മഹാസഭ നേതാവ് ഗീതാനന്ദന്റെ ആരോപണം അദേഹത്തിന്റെ വിശ്വാസ്യതയെ തകർക്കും. വനയോര മേഖലയിലുള്ളവരെയും ആദിവാസി വിഭാഗങ്ങളെയും ചൂഷണം ചെയ്യുന്നവരും വനം കൊള്ളയടക്കാൻ വൻകിടക്കാർക്ക് ഒത്താശ ചെയ്തു കൊടുക്കുന്നവരുമാണ് വനം വകുപ്പ്. അവർ നടത്തികൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെല്ലാം സാധാരണ ജനങ്ങൾക്കെതിരാണ്. വനം കൊള്ളയുടെ ആണിക്കല്ല് വനം വകുപ്പാണ്.

മാവോയിസ്റ്റ് എന്ന് ആരോപിച്ച് പത്ത് വയസ്സുള്ള കുട്ടിയെപോലും അറസ്റ്റ് ചെയ്യുന്ന അവസ്ഥയാണ് കേരളത്തിൽ. മാവോയിസ്റ്റ് ഛായയുണ്ടെന്ന് ആരോപിച്ചാണ് ജെയിസൺ കൂപ്പറിനെ അറസ്റ്റ് ചെയ്തത്. ചുംബന സമരം ഇന്ന് നിലനിൽക്കുന്ന പിന്തിരിപ്പൻ സാമൂഹ്യവ്യവസ്ഥയ്‌ക്കെതിരെയുള്ള സമരമാണ്. അതുകൊണ്ടാണ് മാവോയിസ്റ്റുകൾ അതിന് പൂർണ പിന്തുണ നൽകിയത്. എന്നാൽ മാവോയിസ്റ്റുകൾ സമരത്തിൽ പങ്കെടുത്തതുകൊണ്ട് അത് ജനാധിപത്യപരമല്ലെന്ന് പറയുന്നത് ജനകീയസമരങ്ങളെ ഒറ്റപ്പെടുത്താനുള്ള ഭരണകൂടത്തിന്റെ തന്ത്രം മാത്രമാണെന്നും രൂപേഷ് പറയുന്നു.

രൂപേഷുൾപ്പെടെ മാവോയിസ്റ്റ് പ്രവർത്തകരെ പിടികൂടാൻ കേരള പൊലീസിലെ തണ്ടർ ബോൾട്ട് സംഘം ശ്രമങ്ങൾ തുടരുന്നതിനിടെയാണ് സിഡി പുറത്തുവന്നിരിക്കുന്നത്. രൂപേഷിന്റെ പിൻഭാഗത്ത് നിന്നാണ് ചിത്രീകരണം. അതുകൊണ്ട് തന്നെ മുഖം വ്യക്തവുമല്ല. സൈനിക വേഷത്തിന് സമാനമായ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്.

ദുഃഖ വെള്ളിയാഴ്ച പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP