Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഷ്ട്രീയമില്ലാതെ എല്ലാത്തിനേയും ഒരു പോലെ കാണുന്ന ഒരു ജീവിയേ ഉള്ളൂ; മരണം വരെ അവർക്കായി ജീവിക്കും;ദേശാഭിമാനിയുടെ തെറ്റ് പീപ്പിളിലൂടെ തിരുത്തി; സമൂഹം ഒന്നടങ്കം മാപ്പും പറഞ്ഞു; സേവന വഴിയിൽ തുടരാമെന്ന് സമ്മതവും; പാമ്പുകളുടെ തോഴനായി വാവ സുരേഷ് ജീവിതാവസാനം വരെ ഉണ്ടാകും

രാഷ്ട്രീയമില്ലാതെ എല്ലാത്തിനേയും ഒരു പോലെ കാണുന്ന ഒരു ജീവിയേ ഉള്ളൂ; മരണം വരെ അവർക്കായി ജീവിക്കും;ദേശാഭിമാനിയുടെ തെറ്റ് പീപ്പിളിലൂടെ തിരുത്തി; സമൂഹം ഒന്നടങ്കം മാപ്പും പറഞ്ഞു; സേവന വഴിയിൽ തുടരാമെന്ന് സമ്മതവും; പാമ്പുകളുടെ തോഴനായി വാവ സുരേഷ് ജീവിതാവസാനം വരെ ഉണ്ടാകും

മറുനാടൻ മലയാളി ബ്യുറോ

തിരുവനന്തപുരം: പീപ്പിൾ ടിവിക്ക് നന്ദി. ദേശാഭിമാനിയും ചന്ദ്രികയുമാണ് വാവ സുരേഷിനോട് വലിയ തെറ്റ് ചെയ്തത്. സമൂഹ സേവനം മാത്രം ലക്ഷ്യമിട്ട് പാമ്പുകൾക്കായി ഉഴിഞ്ഞുവച്ചതാണ് സുരേഷിന്റെ ജീവിതം. ഇന്നും ചെറ്റക്കുടിലിൽ താമസം. എന്നിട്ടും വ്യക്തി താൽപ്പര്യത്തോടെ ചിലർ പ്രവർത്തിച്ചപ്പോൾ ദേശാഭിമാനിയിൽ സുരേഷ് കള്ളനായി. പാമ്പിൻവിഷം മോഷ്ടിക്കുന്ന കള്ളൻ. ഈ വാർത്ത സുരേഷിന് നൽകിയത് വേദനയാണ്. അങ്ങനെ ഇനി പാമ്പുപിടിത്തത്തിനില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ വാവ സുരേഷിന്റെ ഫോണിലേക്ക് കോളുകളെത്തി. രണ്ട് പത്രങ്ങളുടെ പ്രാദേശിക ലേഖകന്മാർ ചെയ്ത തെറ്റിന് സേവന വഴി ഉപേക്ഷിക്കരുതെന്ന് ആവശ്യപ്പെട്ടു. പതിനായിരിങ്ങൾ തന്നെ സാന്ത്വനവുമായി വാവ സുരേഷിനെ വിളിച്ചു. ഒടുവിൽ സുരേഷ് ചെറിയൊരു മാറ്റത്തിന് തയ്യാറായി. വാർത്ത നൽകിയ പത്രവും ലേഖകരും തെറ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ടു.

മറുനാടൻ മലയാളി വിശദമായി തന്നെ വാർത്ത ജനങ്ങളിലെത്തിച്ചു. വാവ സുരേഷിന്റെ വേദന നിറഞ്ഞ പ്രതികരണവും ആദ്യമായി നൽകി. ദേശാഭിമാനിയും ചന്ദ്രകിയും മാപ്പുപറഞ്ഞാൽ തീരുമാനം തിരുത്താമെന്നും അറിയിച്ചു. അതിന്റെ ചുവടു പടിച്ചെന്നോണം പീപ്പിൾ രംഗത്ത് എത്തി. കെരളിയുടെ എംഡി ജോൺ ബ്രിട്ടാസിന്റെ പ്രത്യേക ഇടപെടലുകൾ അത് സാധ്യമാക്കി. രാഷ്ട്രീയ ചർച്ചകൾക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്നു ഇന്നലെ പീപ്പിളിന്റെ ഫ്‌ളോറിൽ വാവ സുരേഷിനെ തൽസമയം എത്തിച്ചു. ദേശാഭിമാനി ചെയ്ത തെറ്റിനോട് കൈരളിയ്‌ക്കോ പീപ്പിളിനോ യോജിക്കാനാകില്ലെന്ന് വ്യക്തമാക്കി. സിപിഐ(എം) നിയന്ത്രണത്തിലുള്ള ചാനൽ തന്നെ പ്രശ്‌നമേറ്റെടുത്തപ്പോൾ ദേശാഭിമാനിയും തെറ്റ് സമ്മതിക്കുന്നത് പോലെയായി. പിന്നെ ഒരു മണിക്കൂർ. മലയാളികൾ പീപ്പിളിലൂടെ വാവ സുരേഷുമായി സംസാരിച്ചു. സമൂഹത്തിന്റെ എല്ലാ കോണിലുള്ളവരുമെത്തി. പാമ്പുകളുടെ കളിത്തോഴനായി വാവ സുരേഷ് ഉണ്ടാകണമെന്ന് ചിലർ അഭ്യർത്ഥിച്ചു. ചിലർ നിർബന്ധവും പിടിച്ചു.

ഒരു രാഷ്ട്രീയവുമില്ലാത്ത ഒരു കൂട്ടർ മാത്രമേ ഉള്ളൂ. അവർ പാമ്പുകളാണ്. എല്ലാം നിഴലുകളാണ് അവർക്ക്. വാവ സുരേഷായാലും നിങ്ങളായാലും ആരായാലും വെറും നിഴലുകൾ. സൂഹത്തെ ഒന്നായി മാത്രം കാണുന്നവരാണ് പാമ്പുകൾ. വിഷം ചീറ്റുന്നവയായി അവയെ എല്ലാവരും വിളിക്കുന്നു. എന്നാൽ വിഷവുമായി നടക്കുന്നത് മനുഷ്യരാണ്. അവരോളം അപകടകാരികളല്ല പാമ്പുകൾ. അത് തിരിച്ചറിഞ്ഞാണ് അവയ്ക്ക് വേണ്ടി ജീവിതം മാറ്റി വച്ചത്. പാമ്പുകളെ പിടിക്കാനായി പോകുമ്പോൾ പലർക്കും കോമാളിയാണ്. അതിനൊപ്പം പാമ്പിൻവിഷ കള്ളനെന്ന ലേബൽ കൂടിയാകുമ്പോൾ ചെയ്യുന്നതിന് അർത്ഥമില്ലാതാകും. അതുകൊണ്ട് തന്നെ ഏപ്രിലിന് ശേഷം പ്ാമ്പ് പിടിക്കാൻ ഞാനില്ല-സുരേഷ് വിശദീകരിച്ചു.

വീട്ടിലുള്ള പാമ്പുകളെ എല്ലാം കാട്ടിൽ വിട്ടു. ഒരു ചേരയും നീർക്കോലിയും പിന്നെ മൂർഖനും മാത്രമേ ഇപ്പോൾ കൂട്ടുകാരായുള്ളൂ. അവയേയും ഉടൻ കാട്ടിൽ വിടും. വീട്ടിൽ മൂർഖന്റെ കുറച്ച് മുട്ടകളുണ്ട്. അത് വിരിയിക്കാനായി വച്ചിരിക്കുന്നതാണ്. നൂറോളം എണ്ണം വരും-സുരേഷ് വിശദീകരിച്ചു. ദേശാഭിമാനിയിലും ചന്ദ്രികയിലും വന്ന വാർത്ത വേദനിപ്പിച്ചു. ആരോടും അത് ഇനി ആരും ആവർത്തിക്കരുത്. തന്റെ വേദനയുള്ളിലൊതുക്കി തൽസമയ ചർച്ചയിൽ സുരേഷ് നിറകണ്ണുകളോടെ പറഞ്ഞു. എങ്ങനേയും സുരേഷിന്റെ തീരുമാനം മാറ്റുമെന്ന തരത്തിൽ തന്നെയായിരുന്നു പീപ്പിളിന്റെ ചർച്ച. ഫലം കാണുകയും ചെയ്തു. ഒടുവിൽ സമൂഹത്തിന്റെ വികാരം ഏറ്റെടുത്ത് പാമ്പുകളുടെ തോഴൻ തന്റെ തീരുമാനം മാറ്റി. പാമ്പുകളെ പിടിക്കാനും രക്ഷിക്കാനും താനുണ്ടാകുമെന്ന് പ്രഖ്യാപിച്ചു.

പാമ്പുകളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന തരത്തിലായിരുന്നു ചർച്ച. നീർക്കോലിയും ചേരയും വാവ സുരേഷിന്റെ കൈകളിലൂടെ മലയാളി വീണ്ടും കണ്ടു അറിഞ്ഞു. ഒടുവിൽ കഥയിലെ വില്ലനായ മൂർഖനുമെത്തി. തിരുവനന്തപുരത്ത് ബാലരാമപുരത്ത് ഈ മൂർഖനെ പിടിക്കുന്നതിനിടെയാണ് വിവാദമെത്തിയത്. കുളത്തൂപ്പുഴയിലെ രാജവെമ്പാലയെ പിടിക്കാനായി മൂർഖനെ നാട്ടുകാർക്ക് മുന്നിൽ കളിപ്പിക്കാതെ പോയ വാവ സുരേഷ് കള്ളനായി. പാമ്പിൻ വിഷ മോഷ്ടാവായി. എന്തുകൊണ്ടാണ് താൻ ബാലരാമപുരത്ത് നിന്ന് വേഗത്തിൽ മടങ്ങിയതെന്ന് കൈരളിയിലൂടെ സുരേഷ് വിശദീകരിച്ചു. കുളത്തുപ്പുഴയിലെ രാജവെമ്പാലയുടെ കാര്യവും പറഞ്ഞു. ഒപ്പം അന്ന് കാണിക്കാത്ത മൂർഖനെ പീപ്പിളിലൂടെ വിശദമായി കാണിക്കുകയും ചെയ്തു. അതിന്റെ വെനമം ആരും എടുത്തിട്ടില്ല. പാമ്പിന് വിഷമില്ല. വെനമാണുള്ളത്. ഔഷധമാണ് അത്. വിവരമില്ലാതെ വിഷമെന്ന് വിളിക്കരുതെന്നും വാവ സുരേഷ് പറഞ്ഞു.

ഇതിനിടെയിൽ വാവ സുരേഷിന്റെ തീരുമാനത്തെ സ്വാധീനിക്കാൻ പലതും പീപ്പിൾ ചെയ്തു. പക്ഷേ ഇനി പാമ്പുപിടിക്കാൻ ഇല്ലെന്ന് സുരേഷ് ആവർത്തിച്ചു. അപ്പോൾ സ്‌നേഹത്തോടെ വാവ സുരേഷിനെ ഉപദേശിക്കാൻ നടൻ മുകേഷ് എത്തി. രണ്ട് പേർക്കായി അവസാനിപ്പിക്കാനുള്ളതല്ല സാമൂഹിക പ്രവർത്തനം. അതുകൊണ്ട് ഇനിയും പാമ്പുകളെ സമൂഹത്തിന് പരിചയപ്പെടുത്താൻ ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചു. തീരുമാനം മാറ്റിയേ പറ്റൂ എന്ന് വാശി പിടിച്ചു. രണ്ട് പേരുടെ വൃത്തികേടിന് വഴങ്ങാനുള്ളതല്ല നമ്മുടെ ജീവിതമെന്ന് മുകേഷ് ഓർമ്മപ്പെടുത്തി. പിന്നെ എൻസിപിയുടെ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയനെത്തി. തനത് ശൈലിയിൽ ഉഴവൂർ വിജയനും വാവ സുരേഷിനെ സമ്മർദ്ദത്തിലാക്കി.

വാർത്ത വന്നത് ദേശാഭിമാനിയിലാണ്. പിന്നെ ചന്ദ്രികയിലും. അവർ രണ്ട് പത്രവും വാർത്ത പിൻവലിക്കുമെന്ന് പീപ്പിൾ ഉറപ്പു കൊടുത്തു. പാമ്പുകൾക്കായി ജീവിക്കാൻ വാവ സുരേഷ് ഉണ്ടാകണമെന്ന് നിർബന്ധം പിടിച്ചു. ഒടുവിൽ സമ്മർദ്ദങ്ങൾക്ക് വാവ സുരേഷ് വഴങ്ങി. വാർത്ത കൊടുത്ത രണ്ട് പേർക്ക് മുന്നിൽ താൻ തലകുനിക്കുന്നുവെന്ന് വാവ സുരേഷ് പറഞ്ഞു. തന്റെ മരണം വരെ പാമ്പുകൾക്കായി താനുണ്ടാകുമെന്നും വിശദീകരിച്ചു. അങ്ങനെ ചിരിച്ച മുഖത്തിൽ വീണ്ടും വാവ സുരേഷ് എത്തി. പീപ്പിളിനോട് നന്ദി പറഞ്ഞ് വാവ സുരേഷിനെ സ്‌നേഹിക്കുന്ന മലയാളിയും സുരേഷിന്റെ തീരുമാനത്തെ നെഞ്ചിലേറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP