Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൊഞ്ചത്തി ഹിറ്റാക്കിയ 'ഭാഷ'! 'ലാലേട്ടന്റെ ഒരു സീനിണ്ട്..ഒരുത്തനെ തച്ച് പൊടിയാക്കീട്ട്..ഓന്റെ കവുത്ത് പിടിച്ച് ഞെരിച്ചിട്ട് നടന്നു പോകുന്ന സീനിൽ ഒരു നോട്ടവുണ്ട്..യാ മോനെ ഞാൻ കൈയടിച്ചിട്ട് ചത്താടെ'; ദുബായിൽ 'മാപ്ല'യോടൊപ്പം ചായക്കടയിൽ 'ബേക്കാച്ചി' ഉണ്ടോ എന്ന് ചോദിച്ച് വലഞ്ഞ 'കാസർകോട് ഭാഷക്കാരി'യുടെ വീഡിയോ കണ്ടില്ലേ? ഉത്തര മലബാർ ഭാഷയിൽ യൂട്യൂബിൽ മിന്നുന്ന രശ്മിയെ അറിയാം

മൊഞ്ചത്തി ഹിറ്റാക്കിയ 'ഭാഷ'! 'ലാലേട്ടന്റെ ഒരു സീനിണ്ട്..ഒരുത്തനെ തച്ച് പൊടിയാക്കീട്ട്..ഓന്റെ കവുത്ത് പിടിച്ച് ഞെരിച്ചിട്ട് നടന്നു പോകുന്ന സീനിൽ ഒരു നോട്ടവുണ്ട്..യാ മോനെ ഞാൻ കൈയടിച്ചിട്ട് ചത്താടെ';  ദുബായിൽ 'മാപ്ല'യോടൊപ്പം ചായക്കടയിൽ 'ബേക്കാച്ചി' ഉണ്ടോ എന്ന് ചോദിച്ച് വലഞ്ഞ 'കാസർകോട് ഭാഷക്കാരി'യുടെ വീഡിയോ കണ്ടില്ലേ? ഉത്തര മലബാർ ഭാഷയിൽ യൂട്യൂബിൽ മിന്നുന്ന രശ്മിയെ അറിയാം

മറുനാടൻ ഡെസ്‌ക്‌

ദുബായ് : 'ഇൻസാ അള്ളാ...ലാലേട്ടന്റെ ആ നോട്ടം...ഓന്റെ കവുത്ത് പിടിച്ച് ഞെരിച്ചിട്ട് നടന്നു പോകുന്ന സീനിലുള്ള നോട്ടം..ഞാൻ കൈയടിച്ച് ചത്താടെ'.. കേൾക്കുന്നവർക്ക് കൗതുകം തോന്നും ശെടാ എന്താണ് ഈ പെൺകുട്ടി പറയുന്നതെന്ന്. എന്നാൽ സംഗതി സിമ്പിളാണ്. ഉത്തര മലബാറിൽപെട്ട കാസർകോട്ടെ സാധാരണക്കാരായ ആളുകളുടെ ഭാഷയാണ് രശ്മി കെ. നായരെന്ന ഈ കാസർകോട്ടുകാരി തന്റെ യൂട്യൂബ് വീഡിയോകളുടെ പ്രധാന ചേരുവായിരിക്കുന്നത്. എന്നാൽ ഭാഷയുടെ പ്രത്യേകത മാത്രമല്ല രസകരമായ സംഗതി. തട്ടമിട്ട് മൊഞ്ചത്തിയായി വരുന്ന രശ്മി പങ്കുവയ്ക്കുന്നത് കുക്കറിയും യാത്രാവിവരണവും മുതൽ സിനിമാ നിരൂപണം വരെയാണ്. 

ദുബായിലെ റേഡിയോ ചാനലിൽ അവതാരകയായ രശ്മി കെ.നായർ അടുത്തിടെ ഇറക്കിയ ലൂസിഫർ സിനിമയുടെ നീരൂപണം ഇപ്പോൾ സൂമഹ മാധ്യമത്തിൽ സൂപ്പർ ഹിറ്റായിട്ടാണ് ഓടിക്കൊണ്ടിരിക്കുന്നത്. ലൂസിഫർ മാത്രമല്ല കുമ്പളങ്ങി നൈറ്റ്‌സ് അടക്കമുള്ള ചിത്രങ്ങളുടെ നിരൂപണവും വൈറലാണ്. ലൂസിഫർ നിരൂപണത്തിന് ഒട്ടേറെ ട്രോളുകളുമുണ്ടായി. രശ്മി പറയുന്നത് കേട്ട് പല കാസർകോടൻ വാക്കുകളും ഇതര ജില്ലക്കാർക്കു പോലും മനസിലായി എന്നതാണ് മറ്റൊരു 'മജ'. പൊൽസ് (രസം), കുച്ചിൽ (അടുക്കള), മജ (ഹരം) തുടങ്ങിയ വാക്കുകൾ രശ്മിയുടെ മിക്ക വിഡിയോയിലുണ്ട്. മാശാ അള്ളാ, ഇൻശാ അള്ളാ തുടങ്ങിയ അറബ് പദങ്ങൾ പ്രയോഗിക്കുന്നതിനൊപ്പം തട്ടമിട്ട് വരുന്നതിനാൽ രശ്മി മുസ്ലീമാണെന്ന് പലരും തെറ്റിധരിച്ചിരിക്കുകയാണ്.

എല്ലാവർക്കും സുഖമാണോ എന്ന് രശ്മി പറയുന്നത് 'സുകന്യാ' എന്നാണ്. എന്നാൽ കേട്ടു കേട്ട് രശ്മിയുടെ ഭാഷ ഇഷ്ടപ്പെട്ടു എന്നതടക്കമുള്ള കമന്റുകളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ പറയുന്നത്. ഇതിനിടയിൽ ദുബായിൽ ഭർത്താവിനൊപ്പം റസ്റ്റോറന്റിൽ പോയ സംഭവം രശ്മി പറയുന്നതാണ് ഏറെ രസകരം. 'മാപ്ല'യോടൊപ്പം ചായ കഴിക്കാൻ ചെന്ന് 'ബേക്കാച്ചി' ഉണ്ടോ എന്ന് ചോദിച്ച് വലയുന്ന ഒരു വിഡിയോ യൂട്യൂബിൽ സൂപ്പർ ഹിറ്റായിരുന്നു. പഴം പൊരിക്ക് ബേക്കാച്ചി എന്നാണ് രശ്മി കടയിൽവെച്ച് പറഞ്ഞത്. എന്നാൽ അത് മനസിലാകാത്ത സപ്ലൈയർ അതില്ലെന്ന് പറഞ്ഞു. ഒടുവിൽ കണ്ണാടിക്കൂട്ടിൽ നോക്കുമ്പോൾ അതാ ഇരിക്കുന്നു ബേക്കാച്ചി. സംഗതി മറ്റൊന്നുമായിരുന്നില്ല നല്ല നാടൻ പഴം പൊരിയാണത്.

കാസർകോട് വിദ്യാനഗർ സ്വദേശിയാണ് രശ്മി. നായനാർമൂല ടിഐഎച്ച്എസ്എസ് സ്‌കൂളിൽ പഠിച്ചിരുന്ന കാലം മുതൽ കലയിൽ കഴിവ് തെളിയിച്ചയാളാണ് രശ്മി. സംഗീതസംവിധായകൻ കൂടിയായ പെരുമ്പാവൂർ ജി.രവീന്ദ്രനാഥ് എന്നിവരിൽ നിന്ന് സംഗീതം അഭ്യസിച്ചു. പ്രശസ്ത മോഹിനിയാട്ട നർത്തകി നീനാ പ്രസാദ് നൃത്തച്ചുവടുകളും പകർന്നുനൽകി. നാട്ടിൽ അറിയപ്പെടുന്ന ഗായികയയും യൂണിവേഴ്‌സിറ്റി തല മത്സരങ്ങളിൽ സമ്മാന ജേതാവുമാണ്. രണ്ടാം റാങ്കോടെ എംടെക് പാസ്സായ ശേഷം തിരുവനന്തപുരം ടെക്‌നോ പാർക്കിൽ ജോലി ചെയ്തു. അവിടെയും സ്വകാര്യ ചാനലിൽ അവതാരകയായി.

വിവാഹിതയായ ശേഷം രണ്ട് വർഷം മുൻപ് യുഎഇയിലെത്തി റേഡിയോ ജോക്കിയുടെ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. എൻജിനീയറിങ് ജോലിയേക്കാളും കലാരംഗത്ത് പ്രവർത്തിക്കാനാണ് രശ്മിക്ക് ഇഷ്ടം. അഭിനയത്തിൽ കൂടി താൽപര്യമുള്ള രശ്മി ഇതിനകം ഒട്ടേറെ ഹ്രസ്വചിത്രങ്ങളിൽ അഭിനയിച്ചു. അവസരം കിട്ടിയാൽ ബിഗ് സ്‌ക്രീനിൽ ഒരു കൈ നോക്കാനും ഉദ്ദേശ്യമുണ്ട്. കോടോത്ത് ചന്ദ്രശേഖരൻ നായർശോഭനാ കുമാരി ദമ്പതികളുടെ മകളാണ് രശ്മി. ദുബായിലെ സ്വകാര്യ കമ്പനിയിൽ ബിസിനസ് ലൈൻ മാനേജറായ ഭർത്താവ് അരുൺ നാരായണിനോടൊപ്പം ദുബായിലാണ് താമസം.

ഭാഷാ ശൈലിയുടെ പ്രത്യേകത കൊണ്ട് പലപ്പോഴും പരിഹസിക്കപ്പെടുന്നവരാണ് കാസർകോടുകാർ. ഇവർക്കായി വ്‌ളോഗ് ചെയ്യുന്ന രശ്മിക്ക് ലഭിക്കുന്നത് അഭിനന്ദന പ്രവാഹമാണ്. തന്റെ വീടിനടുത്ത് വിവിധ മതസ്ഥരായ ആളുകൾ ജീവിക്കുന്നുണ്ടെങ്കിലും മുസ്ലിം വിഭാഗത്തിൽപ്പെട്ട ആളുകളാണ് ഈ ഭാഷ കൂടുതലായും ഉപയോഗിക്കുന്നതെന്നും ഇവരിൽ നിന്നാണ് താനിത് പഠിച്ചെടുത്തതെന്നും രശ്മി പറയുന്നു. ഇതിനായി മറ്റ് പ്രത്യേക ശ്രമങ്ങളൊന്നും നടത്തേണ്ടി വന്നിട്ടില്ലെന്ന് രശ്മി പറയുമ്പോഴും ഈ 'കിടിലൻ' ഭാഷ ഞങ്ങൾ ഉടൻ തന്നെ പഠിച്ചെടുക്കുമെന്നാണ് പ്രേക്ഷകർ യൂട്യൂബിൽ കമന്റിടുന്നത്. ഓരോ ദിവസവും ആയിരക്കണക്കിന് പ്രേക്ഷർ രശ്മിയുടെ വീഡിയോ കാണുന്നതിനൊപ്പം അഭിനന്ദനം അറിയിക്കുകയും ചെയ്യുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP