Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോഹൻലാലിന്റെ ഒടിയൻ, ലൂസിഫർ; മമ്മൂട്ടിയുടെ ബിലാൽ, നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണി, ദിലീപിന്റെ കമ്മാരസംഭവം തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ; പൃഥ്വിരാജ് സംവിധായകനാകുന്നു, നസ്രിയ തിരിച്ചുവരുന്നു; മലയാള സിനിമ പ്രേമികൾക്ക് 2018 ഉം പ്രതീക്ഷയുടെ വർഷം; അണിയറയിൽ ഒരുങ്ങുന്നവയിൽ അധികവും ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ; അടുത്തവർഷം മലയാളിയുടെ വെള്ളിത്തിര തിളങ്ങുന്നത് ഇങ്ങനെ

മോഹൻലാലിന്റെ ഒടിയൻ, ലൂസിഫർ; മമ്മൂട്ടിയുടെ ബിലാൽ, നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണി, ദിലീപിന്റെ കമ്മാരസംഭവം തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ; പൃഥ്വിരാജ് സംവിധായകനാകുന്നു, നസ്രിയ തിരിച്ചുവരുന്നു; മലയാള സിനിമ പ്രേമികൾക്ക് 2018 ഉം പ്രതീക്ഷയുടെ വർഷം; അണിയറയിൽ ഒരുങ്ങുന്നവയിൽ അധികവും ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ; അടുത്തവർഷം മലയാളിയുടെ വെള്ളിത്തിര തിളങ്ങുന്നത് ഇങ്ങനെ

അഖിൽ രാജ്‌

കൊച്ചി: പുലിമുരുകനായിരുന്നു 2016ലെ വലിയ അത്ഭുതം. സകല റെക്കോഡുകളും കടപുഴക്കി പുലിമുരുകൻ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ വിസ്മയമായി മാറി. 2017 ൽ അങ്ങിനെ ഒരു അത്ഭുതം സമ്മാനിക്കാൻ മലയാള സിനിമക്കായില്ല. വലിയ വിപ്ലവങ്ങളൊന്നും സൃഷ്ടിക്കാതെ കുറേയധികം സിനിമകൾ ഈ വർഷം തീയറ്ററുകളിൽ വന്നുപോയി. ചരിത്രത്തിലിടം പിടിക്കുംവിധം ഒരു സിനിമയും ഈ വർഷം അടയാളപ്പെടുത്തിയില്ല. എന്നാൽ 2018ൽ പ്രേക്ഷകൻ കാത്തിരിക്കുന്നത് വലിയ സ്വപ്നങ്ങളുമായാണ്.കാരണം അടുത്ത വർഷം കാണികൾക്ക് മുന്നിലെത്താനിരിക്കുന്നത് അത്രക്ക് വമ്പൻ സിനിമകളാണ്. 2018ൽ മലയാളി സിനിമാ പ്രേക്ഷകർ ഏറ്റവും കാത്തിരിക്കുന്ന ചിത്രങ്ങൾ ഇവയാണ്.

ഒടിയൻ

പ്രഖ്യാപനം മുതൽ മോഹൻലാൽ ആരാധകർക്ക് പുറമേ സിനിമാ പ്രേമികളൊന്നടങ്കം ഒരു സിനിമക്കായി ഇത്രമേൽ കാത്തിരിന്നിട്ടുണ്ടാവില്ല. അത്രയ്ക്കുണ്ട് ഒടിയന്റെ പ്രീറിലീസ് ഹൈപ്പ്. ലാലിസത്തിന്റെ പരാജയത്തിന് ശേഷം മോഹൻലാലിന്റെ സമാനതകളില്ലാത്ത കുതിപ്പിനാണ് തെന്നിന്ത്യൻ സിനിമാ ലോകം സാക്ഷിയായത്. അതിന്റെ തുടർച്ച ഒടിയനിലെത്തി നിൽക്കുന്നു. ആയിരം കോടിയുടെ രണ്ടാമൂഴത്തിനു മുൻപുള്ള റിഹേഴ്സലായി കൂടി ഒടിയനെ കാണുന്നവരുണ്ട്. ശ്രീകുമാർ മോനോനും മോഹൻലാലും ഒടിയനിലൂടെ വിസ്മയം തീർക്കുമെന്ന് മലയാളി സ്വപ്നം കാണുന്നു. ചിത്രീകരണം പുരോഗമിക്കുന്ന ഒടിയനിലെ ഇതിനോടകം പുറത്തു വന്നിരിക്കുന്ന മോഹൻലാലിന്റെ വേഷപ്പകർച്ച വലിയ ഒളമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒടിയൻ ഈ പട്ടികയിൽ ഒന്നാമതാകാൻ അങ്ങിനെ കാരണങ്ങൾ പലതുണ്ട്.

ലൂസിഫർ

മോഹൻലാൽ സിനിമ എന്നതിനു പുറമെ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം എന്ന നിലയിൽ കൂടിയാണ് ലൂസിഫർ പ്രേക്ഷക മനസിൽ പ്രതീക്ഷകളുടെ മേലാപ്പ് കെട്ടുന്നത്. മുരളീ ഗോപിയുടെ തിരക്കഥയും ചിത്രത്തിനു മുകളിലുള്ള ആവേശം വർധിപ്പിക്കുന്നു. പ്രഖ്യാപന ദിവസം തന്നെ ഹിറ്റായ പ്രതീതിയാണ് ലൂസിഫർ ജനിപ്പിക്കുന്നത്. ഈ വർഷം പകുതുയോടെ ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുന്ന ലൂസിഫർ മലയാളത്തിലെ രണ്ടു കരുത്തരായ താരങ്ങളുടെ ആരാധക സംഗമത്തിന് കൂടിയാണ് വേദിയൊരുക്കുന്നത്. ലൂസിഫറിലേതെന്ന മട്ടിൽ പ്രചരിക്കുന്ന മോഹൻലാലിന്റെ ലുക്ക് ആരാധകർ ഇപ്പോൾ തന്നെ ഏറ്റെടുത്തു കഴിഞ്ഞു.

ബിലാൽ

മലയാള സിനിമയിലെ തലമുറമാറ്റത്തിന് കാരണമായ ബിഗ്‌ബിയുടെ തുടർച്ചയാണ് ബിലാൽ. അമൽ നീരദും സമീർ താഹിറും ആർ ഉണ്ണിയും ഗോപീ സുന്ദറുമടക്കം കരുത്തുറ്റ ഒരു പുതുതലമുറയെ മലയാളത്തിന് സമ്മാനിച്ച ബിഗ്‌ബി മമ്മൂട്ടിയെന്ന നടന്റെ ഇശ്ചാശക്തി കൊണ്ട് തീയറ്ററിലെത്തിയ സിനിമയാണ്. ബിഗ്‌ബിയിലെ ബിലാൽ വീണ്ടുമവതരിക്കുന്നുവെന്ന വാർത്ത സൃഷ്ടിച്ച ആരവം ഇനിയുമടങ്ങിയിട്ടില്ല. കുറുകിയ കരുത്തൻ ഡയലോഗുകളും അഡാറ് ലുക്കുമായി അപാര സ്‌ക്രീൻ പ്രസൻസിൽ ബിലാലിനായി കാത്തിരിക്കുന്നത് ലക്ഷങ്ങളാണ്. മമ്മൂട്ടിയെന്ന വമ്പൻ താരവും ബിലാലെന്ന കരുത്തൻ കഥാപാത്രവും കാണികളെ കാഴ്ചയുടെ വിരുന്നൂട്ടുമെന്ന് ഉറപ്പ്.

കായംകുളം കൊച്ചുണ്ണി

സിനിമ പോലെ അത്ഭുതമുളവാക്കുന്നതായിരുന്നു നിവിൻ പോളിയെന്ന താരത്തിന്റെ വളർച്ച. പക്ഷെ സമീപകാലത്തെ ഇടർച്ചകളിൽ പതറി നിൽക്കുന്നു മലയാളത്തിന്റെ യൂത്ത് സ്റ്റാർ. ഇൻഷ്യൽ കളക്ഷനിൽ പോലും തളർച്ച പ്രകടമാക്കുന്ന വിധത്തിൽ 2017ൽ പിന്നോട്ടടിക്കപ്പെട്ടു നിവിൻ പോളി. കായംകുളം കൊച്ചുണ്ണിയെന്ന സിനിമയിൽ ആരാധകർക്ക് ഒപ്പം നിവിൻ പോളിയും വലിയ പ്രതീക്ഷയാണ് അർപ്പിക്കുന്നത്. കാരണം ഒരു ചെറിയ വിജയം കൊണ്ട് സുരക്ഷിതമാകുന്ന നിലയല്ല നിവിന്റേത്. റോഷൻ ആൻഡ്രൂസ് എന്ന സംവിധായകനും സജ്ഞയ് ബോബി കൂട്ടുകെട്ടുമാണ് കായംകുളം കൊച്ചുണ്ണിയുടെ ഹൈലൈറ്റ്. ബഡ്ജറ്റ് കൺസേൺഡ് അല്ലാത്ത നിർമ്മാതാവായി ഗോകുലം ഗോപാലൻ ചിത്രത്തിനൊപ്പമുണ്ട്. ദീർഘകാലത്തെ തയ്യാറെടുപ്പുകൾക്ക് ശേഷമാണ് തിരക്കഥ പൂർത്തിയായതെന്ന് സജ്ഞയ് ബോബി പറയുന്നു. റോഷൻ ആൻഡ്രൂസുമായി ഒരുമിച്ചപ്പോഴൊക്കെ പ്രേക്ഷകന് തൃപ്തി നൽകാനായി എന്നുള്ളത് ചരിത്രം. 2018ലെ ഏറ്റവും വലിയ കാത്തിരിപ്പുകളിലൊന്നാണ് കായംകുളം കൊച്ചുണ്ണി.

കമ്മാരസംഭവം

വിവാദങ്ങളോടെ പലരും എഴുതിത്ത്ത്തള്ളിയ ദിലീപ് തന്റെ യഥാർത്ഥ കരുത്ത് കാട്ടിയ ചിത്രമായിരുന്നു രാമലീല. എന്നാൽ രാമലീലയുടെ അഭൂതപൂർവ്വമായ വിജയം സാഹചര്യങ്ങളുടെ പിൻതുണ കൊണ്ട് കൂടിയാണെന്ന് വാദിക്കുന്നവരുണ്ട്. അവിടെയാണ് കമ്മാരസംഭവമെന്ന ചിത്രത്തിന്റെ പ്രസക്തി. പ്രേക്ഷകർക്ക് അതിരുകളില്ലാതെ സ്വപ്നം കാണാനുള്ളതെല്ലാം കമ്മാരസംഭവത്തിലുണ്ട്. പരിചയസമ്പത്തുള്ള സംവിധായകൻ. മുരളീ ഗോപിയുടെ തിരക്കഥ.ഗോകുലം ഗോപാലൻ നിർമ്മാതാവ്. തമിഴിലെ ശ്രദ്ധേയ താരങ്ങളായ സിദ്ധാർത്ഥും ബോബി സിൻഹയും. ഇങ്ങനെ കമ്മാരസംഭവം ഒരു വലിയ സംഭവമായിരിക്കുമെന്ന് പ്രേക്ഷകർ കരുതുന്നു. രതീഷ് അമ്പാട്ടാണ് സംവിധായകൻ.

ട്രാൻസ്

അൻവർ റഷീദിനോളം ആഘോഷഅരങ്ങേറ്റം സാധ്യമാക്കിയ സംവിധായകർ മലയാളത്തിൽ ചുരുക്കമാണ്.രാജമാണിക്യവും ഛോട്ടാമുംബൈയും അണ്ണൻതമ്പിയും അൻവർ റഷീദെന്ന സംവിധായകന് നൽകിയത് സൂപ്പർ താര പരിവേഷമാണ്. എന്നാൽ ബ്രിഡ്ജും ഉസ്താദ് ഹോട്ടലും കൊണ്ട് തന്റെ ക്ലാസ് കാട്ടിത്തന്ന് മാറിനിൽക്കുകയാണ് അൻവർ റഷീദ് ചെയ്തത്. വലിയ ഇടവേളക്ക് ശേഷം അൻവർ റഷീദ് സിനിമയൊരുക്കുമ്പോൾ സ്വാഭാവികമായും പ്രതീക്ഷകൾ വാനംമുട്ടും. പോരാത്തതിന് നായകൻ ഫഹദ് ഫാസിലും. സൂക്ഷമാഭിനയം കൊണ്ട് അതിശയിപ്പിക്കുന്ന താരത്തിലും ഇന്ന് മലയാളി സിനിമാസ്വാദകർക്ക് വലിയ പ്രതീക്ഷകളാണുള്ളത്. ട്രാൻസ് എന്ന പേരൊഴികെ ആർക്കും ഒന്നുമറിയില്ല ഈ ചിത്രത്തെ കുറിച്ച്.

ഇന്ത്യയെ കണ്ടെത്തൽ

സുരാജ് വെഞ്ഞാറമ്മൂട് നായകൻ, തൊണ്ടിമുതലും ദൃക്സാക്ഷിയുമെഴുതിയ സജീവ് പാഴൂർ തിരക്കഥ. ബി ഉണ്ണിക്കൃഷ്ണൻ കളംമാറ്റി ചവുട്ടുന്ന സിനിമയാണ് ഇന്ത്യയെ കണ്ടെത്തൽ. വൻ പ്രചാരണ കോലഹലമുയർത്തിയെത്തിയ വില്ലന് ശേഷം ഉണ്ണിക്കൃഷ്ണൻ പതിവ് ആക്ഷൻ ത്രില്ലർ പരിപാടി മാറ്റിവയ്ക്കുകയാണ് ഈ സിനിമയിലൂടെ. വ്യത്യസ്തത മാനദണ്ഡമാക്കി ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തുന്ന സുരാജ് തന്നെയാണ് വലിയ പ്രതീക്ഷ. പിന്നെ സജീവിന്റെ പേനയും.

പൃഥ്വിരാജ്- അജ്ഞലി മേനോൻ- പാർവ്വതി- നസ്റിയ ചിത്രം

അജ്ഞലി മേനോൻ എന്നത് മലയാളി സിനിമാസ്വാദകരുടെ പ്രതീക്ഷാനിർഭരമായ കാത്തിരിപ്പാണ്. നായകൻ പൃഥ്വിരാജെന്ന് അറിയുമ്പോൾ രസമാപിനി മുകളിലേക്ക് തന്നെ. പോരാത്തതിന് വീണ്ടും പൃഥ്വിക്ക് നായികയായി പാർവ്വതിയെത്തുന്നു. ഇതിനൊക്കെയപ്പുറത്ത് നസ്റിയയുടെ തിരിച്ചുവരവ്. ഒരു സിനിമ ആഘോഷമാകാൻ ഇതിനേക്കാൾ വലിയ ചേരുവകളുണ്ടോ. സംവിധാനത്തിലെ പ്രതിഭാ സ്പർശം അജ്ഞലി മേനോനിലെ പ്രതീക്ഷകളെ വാനോളമുയർത്തുന്നു. 2018 പകുതിയോടെ ചിത്രം തീയറ്ററുകളിലെത്തും.

രാമലീല സംവിധായകൻ നായകനാകുന്ന ചിത്രം

2017ൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട സിനിമാ വാർത്തയായിരുന്നു രാമലീലയുടെ സംവിധായകൻ അരുൺ ഗോപി നായകനാകുന്നുവെന്നത്. രാമലീല എക്കാലത്തെയും വലിയ കളക്ഷൻ റെക്കോഡുകൾ സ്ഥാപിക്കുകയും തൊട്ടു പിന്നാലെ മോഹൻലാൽ ചിത്രം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു അരുൺ ഗോപി. എന്നാൽ തികച്ചും അപ്രതീക്ഷിതമായാണ് അരുൺ ഗോപി നായകനാകുന്ന സിനിമ പ്രഖ്യാപിച്ചത്. നവാഗത സംവിധായകനായ രതീഷ് രഘുനന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥയാണ് തന്നെ ഈ സിനിമയിൽ നായകനാക്കിയതെന്ന അരുൺ ഗോപിയുടെ വാക്കുകൾ ചിത്രത്തിനുമേൽ വലിയ പ്രതീക്ഷകളാണ് സൃഷ്ടിക്കുന്നത്. 2018ൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്ന് തീർച്ചയായും ഇത് തന്നെയാണ്.

ഇനിയുമുണ്ട് പട്ടികയിൽ ഇടംപിടിക്കാവുന്ന ചില സിനിമകൾ. ഷാജി പാപ്പൻ 2018ൽ വീണ്ടുമെത്തുമോയെന്ന ചോദ്യം ഇപ്പോഴേ ഉയർന്നു കഴിഞ്ഞു. ഞങ്ങൾ ശ്രമിക്കുമെന്ന നിർമ്മാതാവ് വിജയ് ബാബുവിന്റെ വാക്കുകൾ പാപ്പന്റെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP