Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വ്യത്യസ്തമായ സംഭാഷണ ശൈലിയും ആകാംക്ഷയും നിറച്ച് ആട് ഒരു ഭീകരജീവിയുടെ ട്രെയിലർ; ബ്രാന്റിങിന് ഹൈഡ്രജൻ ബലൂണും, ഓഡിയോ ലോഞ്ചിന് വടംവലിയും സംഘടിപ്പിച്ച് അണിയറപ്രവർത്തകർ

വ്യത്യസ്തമായ സംഭാഷണ ശൈലിയും ആകാംക്ഷയും നിറച്ച് ആട് ഒരു ഭീകരജീവിയുടെ ട്രെയിലർ; ബ്രാന്റിങിന് ഹൈഡ്രജൻ ബലൂണും, ഓഡിയോ ലോഞ്ചിന് വടംവലിയും സംഘടിപ്പിച്ച് അണിയറപ്രവർത്തകർ

ചിത്രത്തിന്റെ പേരും കഥയിലെ പ്രധാന കഥാപാത്രമായ ആടും ഒക്കെ കൊണ്ട് തന്നെ തുടക്കം മുതലേ വ്യത്യസ്ത പുലർത്തുന്ന ചിത്രമാണ് ആട് ഒരു ഭീകരജീവി. ഇപ്പോഴിതാ ചിത്രത്തിന്റെ പുറത്തിറങ്ങിയ ട്രെയിലറും, ഓഡിയോ ലോഞ്ചും ബ്രാന്റിങ് രീതിയും എല്ലാം വീണ്ടും വാർത്തയിൽ ഇടം പിടിക്കുകയാണ്.

ആട് ഒരു പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ജയസൂര്യയാണ് നായകവേഷത്തിലെത്തുന്നത്. അപ്പോത്തിക്കരിയിലൂടെയും ഇയ്യോബിന്റെ പുസ്തകത്തിലൂടെയും പോയവർഷം തീർത്തും വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഞെട്ടിച്ച ജയസൂര്യ ഈ ചിത്രത്തിലും വ്യത്യസ്ത ലുക്കിലാണ് എത്തുന്നത്.

പ്രേക്ഷകരിൽ ആകാംക്ഷയും കൗതുകമുണർത്തുന്ന രസകരമായ ട്രെയിലറാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. കഥാപാത്രങ്ങളിലെ വ്യത്യസ്തതയും സംഭാഷണ ശൈലിയും തന്നെയാണ് ട്രെയിലറിലെ മുഖ്യ ആകർഷണം.ഇന്ദ്രൻസ് എന്ന നടന്റെ ഒരു ഗംഭീര തിരിച്ച് വരവിന്റെ സൂചന ട്രെയിലർ നൽകുന്നുണ്ട്.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും അല്പം വ്യത്യസ്ത പുലർത്തി തന്നെയാണ് അണിയറപ്രവർത്തകർ സംഘടിപ്പിച്ചിരുന്നത്. ഒരുവശത്ത് വടവുമായി ഷാജി പപ്പനും കിങ്കരന്മാരും. മറുവശത്തെ എതിർ ടീമിൽ രഞ്ജി പണിക്കറും സാന്ദ്ര തോമസും. ഓഡിയോ ലോഞ്ച് എന്നതിനുപരി വീറും വാശിയും നിറഞ്ഞ വടം വലി മത്സരകാഴ്ചകളായിരുന്നു ഇവർ ഒരുക്കിയത്. ജയസൂര്യയുടെയും രഞ്ജി പണിക്കറുടെയും സാന്ദ്രയുടെയും നേതൃത്വത്തിലുള്ള മൂന്ന് വടംവലി ടീമുകളാണ് മത്സരത്തിൽ പോരാടിയത്. സാന്ദ്രയുടെ നേതൃത്വത്തിലുള്ള ടീമാണ് അവസാനം വിജയികളായത്. മെഗാ സ്റ്റാർ മമ്മൂട്ടി ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നിർവഹിച്ചു. വളരെ പുതുമയുള്ളൊരു പ്രമേയമാണ് സിനിമയുടേതെന്നും ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും വിജയാശംസകൾ നേരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു

കൂടാതെ ഹൈഡ്രജൻ ബലൂൺ ബ്രാൻഡിങിലൂടെ ചലച്ചിത്ര വിപണനരംഗത്ത് പുതിയ ചരിത്രം കുറിക്കുകയാണ് ഈ ചിത്രം. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായിട്ടാണ് ബലൂൺ ബ്രാൻഡിങിന്റെ സാധ്യതകൾ പരീക്ഷിക്കുന്നത്. എൽഇഡി ലൈറ്റുകളുടെ അകമ്പടിയോടെയാണ് ഹൈഡ്രജൻ ബലൂൺ ക്രമീകരിച്ചിരിക്കുന്നത്. പകൽ സമയത്ത് ആകാശത്ത് തത്തി കളിക്കുന്ന ബലൂൺ രാത്രിയിൽ പ്രകാശിക്കും. പെരുച്ചാഴിയിലൂടെ ട്രെയിൻ പരസ്യമാർക്കറ്റിങ്ങിലെ സാധ്യതകൾ മലയാളത്തിൽ ആദ്യമായി പരീക്ഷിച്ച ഫ്രൈഡേ ഫിലിംസ് ബലൂൺ ബ്രാൻഡിങിലൂടെ പരസ്യരംഗത്ത് പുതിയൊരു പുതിയൊരു വിപ്ലവത്തിനു ചുക്കാൻ പിടിക്കുകയാണ്. ബലൂൺ കൂടാതെ ചിത്രത്തിനായി രണ്ടു പടുകൂറ്റൻ ഹോർഡിങ്‌സും പ്രചാരണത്തിനായി ഇവർ ഒരുക്കിയിട്ടുണ്ട്.

ഓം ശാന്തി ഓശാന എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ മിഥുൻ മാനുവൽ തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആട് ഒരു ഭീകരജീവി. ഷാജി പാപ്പൻ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുക. പൊലീസ് ഇൻസ്‌പെക്ടറായി ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാളായ വിജയ് ബാബുവും എത്തും. രൺജി പണിക്കർ, വിജയ് ബാബു, ഭഗത് മാനുവൽ, ഇന്ദ്രൻസ്, വിനായകൻ, സാന്ദ്ര തോമസ്, ഉണ്ണി, ശ്രാവൺ, വിനീത്, സജാത് ബ്രൈറ്റ്, ധർമജൻ എന്നിവരും പ്രധാന താരങ്ങളാണ്.

നർമത്തിന് പ്രാധാന്യം നൽകി അണിയിച്ചൊരുക്കുന്ന ചിത്രം ഒരു ഗ്രാമത്തിലെ വടം വലി ടീമുകളുടെ കഥയാണ് പറയുന്നത്. ഇതിൽ ഒരു ടീമിന്റെ ക്യാപ്റ്റനായാണ് ജയസൂര്യ എത്തുന്നത്. സ്രിന്റയാണ് നായിക. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവും സാന്ദ്ര തോമസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മനു മഞ്ജിത്തിന്റെ ഗാനങ്ങൾക്ക് ഷാൻ റഹ്മാൻ ഈണം പകരുന്നു. ചിത്രം ഫെബ്രുവരി ആറിന് തിയറ്ററുകളിലെത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP