Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യ സിനിമയിൽ ദിലീപിന്റെ തല്ലുകൊള്ളാൻ എത്തിയത് നിയോഗം പോലെ; കാലങ്ങൾക്കപ്പുറം ആദ്യ ചിത്രത്തിൽ നായകനായത് ഒരക്ഷരം പോലും സംസാരിക്കാതെ; പിന്നീട് സംസാരിച്ചും ചിരിപ്പിച്ചും കരയിപ്പിച്ചും ഞെട്ടിപ്പിച്ചും ഓടി കയറിയത് ജനമനസുകളിലേക്ക്; അപ്പോത്തിക്കരിയിലെ സുബിയും കുമ്പസാരത്തിലെ ആൽബിയും അയാളിലെ നടനെ അടയാളപ്പെടുത്തി; അങ്കൂർ റാവുത്തറും മേരിക്കുട്ടിയും സുധിയും ജയസൂര്യയ്ക്ക് സമ്മാനിച്ചത് നിരവധി പുരസ്‌കാരങ്ങൾ

ആദ്യ സിനിമയിൽ ദിലീപിന്റെ തല്ലുകൊള്ളാൻ എത്തിയത് നിയോഗം പോലെ; കാലങ്ങൾക്കപ്പുറം ആദ്യ ചിത്രത്തിൽ നായകനായത് ഒരക്ഷരം പോലും സംസാരിക്കാതെ; പിന്നീട് സംസാരിച്ചും ചിരിപ്പിച്ചും കരയിപ്പിച്ചും ഞെട്ടിപ്പിച്ചും ഓടി കയറിയത് ജനമനസുകളിലേക്ക്; അപ്പോത്തിക്കരിയിലെ സുബിയും കുമ്പസാരത്തിലെ ആൽബിയും അയാളിലെ നടനെ അടയാളപ്പെടുത്തി; അങ്കൂർ റാവുത്തറും മേരിക്കുട്ടിയും സുധിയും ജയസൂര്യയ്ക്ക്  സമ്മാനിച്ചത് നിരവധി പുരസ്‌കാരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ദോസ്തിൽ ദിലീപിന്റെ തല്ലുകൊള്ളാനെത്തിയ ആ യുവ സുന്ദരനെ ആരും മറക്കാനിടയില്ല. കുഞ്ചാക്കോബോബനും ദിലീപും നായകന്മാരായ 'ദോസ്ത്' സിനിമയുടെ ഷൂട്ടിംഗിലേക്ക് ജയസൂര്യയെത്തിയത് ഒരു നിയോഗമായിരുന്നു. കോളേജിന്റെ വരാന്തയിലൂടെ ഒരാളെ ഓടിച്ചിട്ടു തല്ലുന്നതാണ് സിനിമയിൽ ദിലീപിനെ അവതരിപ്പിക്കുന്ന സീൻ. ദിലീപ് റെഡിയായെങ്കിലുംഅവസാന നിമിഷം തല്ലുകൊള്ളാൻ ആളെ കിട്ടിയില്ല. ഏറ്റിരുന്ന ആൾ എത്തിയില്ല പകരം ആളെ വേണം. അന്വേഷിച്ചപ്പോൾ സെറ്റിൽ ഉണ്ടായിരുന്ന ജഗതി ഒരു ആളെ കൊണ്ടുത്തരാം എന്ന് സംവിധായകൻ തുളസീദാസിന് വാക്കു നൽകി തന്റെ ഹോട്ടൽ മുറിയിലുണ്ടായിരുന്ന പയ്യനെ അദ്ദേഹം ആളെ വിട്ടു വിളിച്ചുവരുത്തി. ദോസ്തിൽ ആ പയ്യൻ ദിലീപിന്റെ ചവിട്ടും കുത്തും കൊണ്ട് അഭിനയിച്ചു.

അന്ന് ദിലീപിന്റെ മർദ്ദനത്തിൽ നിന്നും രക്ഷപെടാൻ ആ ക്യാമ്പസിലെമ്പാടും ഓടി നടന്ന പയ്യൻ ആ ഓട്ടം നേരെ ഓടിക്കേറിയത് മലയാള സിനിമയിലേക്കായിരുന്നു. പിന്നീട് കാലങ്ങൾക്ക് ശേഷം മലയാളത്തിന് ഒട്ടേറെ പുതുമുഖങ്ങളെ സംഭാവ ചെയ്ത സംവിധായകൻ വിനയൻ ഒരക്ഷരം പോലും സംസാരിപ്പിക്കാതെ ആദ്യ ചിത്രത്തിൽ അയാളെ നായകനാക്കി. പിന്നീട് ചതിക്കാത്ത ചന്തുവായി മലയാള സിനിമയുടെ തെളിഞ്ഞ മാനത്ത് ഇന്ന് 'വിജയസൂര്യ'നായി ജ്വലിച്ചു.

അപ്പോത്തിക്കരിയിലെ സുബിയും കുമ്പസാരത്തിലെ ആൽബിയും അയാളിലെ നടനെ അടയാളപ്പെടുത്തി.ക്ളാസ്സ് മേറ്റിലെ ചതിയനായ സതീശൻ കഞ്ഞികുഴിയായും ഇയോബിന്റെ പുസ്തകത്തിലെ ചെകുത്താനായ റാവുത്തറായും വിക്ക് മൂലം ആത്മവിശ്വാസം കെട്ടു പോകാത്ത സുധി വാത്മീകമായും ഭിന്നലിംഗക്കാരിയായ ചന്തമുള്ള മേരിക്കുട്ടിയായും ഒരിക്കലും തോൽക്കാൻ കൂട്ടാക്കാത്ത ഇന്ത്യൻ ഫുട്ബോളിന്റെ ചങ്കുറപ്പുള്ള നായകൻ ക്യാപ്റ്റൻ സത്യനായും മുതിർന്നവരുടേയും കുട്ടികളുടെയുമൊക്കെ പ്രിയങ്കരനായ ഷാജി പാപ്പനായുമെല്ലാം ചങ്കിടിപ്പായി മാറിയത് ജയസൂര്യയെന്ന നടന്റെ വിജയം. പിന്നീട് തന്റെ അഭിനയ മികവിൽ പുരസ്‌കാരങ്ങൾ അർഹിച്ചിട്ടും കിട്ടാതെ പോയപ്പോൾ ഒരു ജനത തന്നെ അയാൾക്കൊപ്പം നിന്നു. അദ്ദേഹത്തിനായി മുറവിളികൂട്ടി. ഒരു താരത്തിൽ നിന്ന് ഒരു നല്ല മനുഷ്യനായും ജയസൂര്യയെ പലവട്ടം തെളിഞ്ഞു കണ്ടു.

മേക്ക് ഓവറിൽ അതിശയിപ്പിക്കുന്ന ബയോപിക്കുകളിൽ അങ്ങേയറ്റം മികവ് പുലർത്തുന്ന ജയസൂര്യയയെ ഏറ്റവുമൊടുവിലായി കഴിഞ്ഞ തലമുറയിലെ മലയാളത്തിലെ അതുല്യ നടൻ സത്യന്റെ പരകായ പ്രവേശത്തിലേക്ക് നാം കാത്തിരിക്കുകയാണ്.മിമിക്രി, സ്റ്റേജ് - ടെലിവിഷൻ ആങ്കർ, ജൂനിയർ ആർട്ടിസ്റ്റ് തുടങ്ങിയ നിലകളിൽ നിന്നും ഏതു കഥാപാത്രവും അതിന്റെ പൂർണ്ണതയിലെത്തിക്കാൻ വേണ്ടി എന്ത് ഹാർഡ് വർക്കും ചെയ്യുന്ന മലയാള സിനിമയിലെ ചുരുക്കം ചില നടന്മാരിലൊരാളായി. ഗോഡ്ഫാദർമാർ ഇല്ലാതെ ഒരു നടനെ സ്വയം ട്രെയിൻ ചെയ്തെടുത്ത അപൂർവ്വം നടന്മാരിൽ ഒരാൾ. തോൽവികളിൽ ആത്മവിശ്വാസം പോകാതെയുംവിജയങ്ങളിൽ അമിതവിശ്വാസം കാട്ടാതെയും ഒപ്പം ഓടിയ പലരും പാതി വഴിയിൽ തോറ്റു പോയിട്ടും പതറാതെ ജയസൂര്യ മുമ്പോട്ട് പോയി. അഭിയനത്തിനുള്ള സംസ്ഥാന പുരസ്‌ക്കാരം ഉൾപ്പെടെ അദ്ദേഹം നേടിയെടുത്ത സ്ഥാനം അദ്ദേഹത്തിലെ കഠിനപ്രയത്നത്തെ സാക്ഷ്യപ്പെടുത്തുന്നു.

യുവനടന്മാരുടെ കൂട്ടായ്മയിൽ കോമഡി പറയാൻ സഹനടനായി എത്തിയിരുന്ന നിലയിൽ ജയസൂര്യയെ നല്ല നടനിലേക്ക് സന്നിവേശിപ്പിച്ചത് കോക് ടെയിലിലെ വെങ്കിടേഷ് എന്ന കഥാപാത്രമായിരുന്നു. ജനപ്രിയനിലെ പ്രിയദർശൻ, ബ്യൂട്ടിഫുളിലെ സ്റ്റീവൻ ലൂയിസ്, ട്രിവാൻഡ്രം ലോഡ്ജിലെ ഡേവിഡ്, മുംബൈ പൊലീസിലെ ആര്യൻ ജോൺ, പിഗ്മാനിലെ ശ്രീകുമാർ, ഡി കമ്പനിയിലെ വരാൽ ജെയിംസ് തുടങ്ങിയ സിനിമകളിലെ അനായാസ അഭിനയ രീതി മികച്ച നടനിലേക്ക് ഉയർത്തി.

ഒരു താരത്തിലേക്ക് പരിവർത്തനം ചെയ്തു കൊണ്ടിരിക്കുന്ന കാലത്ത് ആരും പരീക്ഷിക്കാൻ കൂട്ടാക്കാത്ത കഥാപാത്രങ്ങൾ. കങ്കാരുവിലെയും ലോലിപോപ്പിലെയും ഇയോബിന്റെ പുസ്തകത്തിലെയും വേറിട്ടു നിൽക്കുന്ന വില്ലൻ വേഷങ്ങൾ കൂടുതൽ മൈലേജ് നൽകി. പത്താം നിലയിലെ തീവണ്ടിയിലെ രാമുവും സു..സു..സുധി വാത്മീകത്തിലെ വിക്കൻ സുധീന്ദ്രനും, പ്രേതത്തിലെ ഡോൺബോസ്‌കോയും മേരിക്കുട്ടിയും ജയസൂര്യയുടെ പരീക്ഷണങ്ങൾ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള കഴിവിനെ ജ്വലിപ്പിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP