സ്‌കൂൾ യൂണിഫോമിൽ ക്യാമറയ്ക്ക് മുന്നിലെത്തിയ മാത്യു തോമസ് കുമ്പളങ്ങിയിലെ ഫ്രാങ്കിയായതെങ്ങനെയെന്ന് തുറന്ന് കാട്ടി അണിയറപ്രവർത്തകർ; കുമ്പളങ്ങി നൈറ്റ്സിലെ ഗ്രൂമിങ് വീഡിയോ കാണാം
March 11, 2019 | 08:13 AM IST | Permalink

കുമ്പളങ്ങിയിലെ നെപ്പോളിയന്റെ മക്കളുടെ ജീവിതത്തിലൂടെ കഥ പറഞ്ഞ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് വിജയകരമായി തിയറ്ററുകൾ കീഴടക്കി മുന്നേറുന്നതിനിടെ ചിത്രത്തിന്റെ ഗ്രൂമിങ് വിഡീയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.ചിത്രത്തിൽ ഫ്രാങ്കി എന്ന കൊച്ചനിയനായി എത്തിയ മാത്യൂസ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരെല്ലാം തന്നെ അനിയനായി മാറിയതെങ്ങനെയെന്നാണ് പുറത്ത് വിട്ട വീഡിയോയിൽ പറയുന്നത്.
ഒരു ഗൃഹനാഥയുടെ ഉത്തരാദിത്വത്തോടെ വീടു നോക്കുന്ന, ചേട്ടന്മാരുടെ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്ന അനിയൻ, കുമ്പളങ്ങിക്കാർ ചാക്കിൽ കെട്ടി ഉപേക്ഷിക്കുന്ന പൂച്ചക്കുഞ്ഞുങ്ങളെ പോലും ലാളിക്കുന്ന ഫ്രാങ്കി വളരെ പെട്ടെന്നാണ് പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയത്. സ്‌കൂൾ കുട്ടിയായി എത്തുന്ന മാത്യു തോമസിന്റെ ഫ്രാങ്കിയിലേക്കുള്ള പരിണാമമാണ് വീഡിയോയുടെ ഉള്ളടക്കം.
ദിലീഷ് പോത്തനാണ് കഥാപാത്രമാവാനുള്ള നിർദ്ദേശങ്ങൾ മാത്യുവിന് നൽകുന്നത്. മീൻ പിടിക്കാനും തോണി തുഴയാനും നീന്താനുമൊക്കെ മാത്യുവിനെ പരിശീലിപ്പിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
കേരളത്തിൽ നിന്ന് മാത്രമായി ഈ വർഷം ഏറ്റവുമധികം കളക്ഷൻ നേടിയ സിനിമയെന്ന സവിശേഷതയും 'കുമ്പളങ്ങി നൈറ്റ്‌സ്' സ്വന്തമാക്കുകയാണ്. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിങ് ക്ലാസ് ഹീറോ എന്നിവയുടെ ബാനറിൽ നസ്രിയയും ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്‌കറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌കറിന്റെയും സിനിമാ നിർമ്മാണകമ്പനിയായ 'വർക്കിങ്ങ് ക്ലാസ് ഹീറോ'യുടെ ആദ്യനിർമ്മാണസംരംഭം കൂടിയാണ് 'കുമ്പളങ്ങി നൈറ്റ്സ്'.റിലീസ് ചെയ്ത് നാലാഴ്ച കൊണ്ട് തന്നെ 28 കോടി രൂപയോളം ചിത്രം കളക്റ്റ് ചെയ്തിരുന്നു. നാലാഴ്ച കൊണ്ട് 14 കോടിരൂപയാണ് കേരളത്തിൽ നിന്നു മാത്രം നേടിയത്.