'പാട്ടെഴുതാത്ത സിനിമയിൽ പേര് വച്ചിരിക്കുന്നു!'; പിഎം നരേന്ദ്ര മോദി'യുടെ പോസ്റ്റർ കണ്ട് ഞെട്ടിയെന്ന് ജാവേദ് അക്തർ; തട്ടിപ്പ് പലതവണ ദേശീയ പുരസ്കാരം ലഭിച്ച ജാവേദിനെ അപമാനിക്കാൻ വേണ്ടിയെന്ന് സോഷ്യൽമീഡിയ
March 23, 2019 | 11:53 AM IST | Permalink

മറുനാടൻ ഡെസ്ക്
എഴുതാത്ത വരികൾക്ക് സിനിമയുടെ പോസ്റ്ററിൽ തന്റെ പേരുപയോഗിച്ചെന്ന് പ്രശസ്ത ഹിന്ദി ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ. പ്രധാനമന്ത്രി നരേന്ദമോദിയുടെ ജീവിതം പറയുന്ന 'പിഎം നരേന്ദ്ര മോദി' എന്ന ചിത്രത്തിന്റെ പോസ്റ്ററിലാണ് താനറിയാതെ തന്റെ പേരുൾപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി ജാവേദ് അക്തർ രംഗത്തെത്തിയിരിക്കുന്നത്. സംഭവം വിവാദമായതോടെ ചിത്രത്തിന്റെ സംവിധായകനും അണിയറ പ്രവർത്തകർക്കും എതിരെ വലിയ തോതിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്.
മികച്ച ഗാനരചനയ്ക്ക് പലതവണ ദേശീയ പുരസ്കാരം ലഭിച്ചയാളാണ് ബോളിവുഡിൽ ഏറെ ബഹുമാനിക്കപ്പെടുന്ന ജാവേദ് അക്തർ. ഈ സംഭ വത്തിൽ മനഃപൂർവ്വം ഇദ്ദേഹത്തിനെ അപമാനിക്കുന്നതിന് വേണ്ടിയാണ് ഇദ്ദേഹത്തിന്റെ പേര് വലിച്ചിഴയ്ക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം.
അദ്ദേഹത്തിന്റെ പേരുൾപ്പെട്ട പോസ്റ്ററടക്കം ഷെയർ ചെയ്താണ് അക്തർ ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.'ഈ ചിത്രത്തിന്റെ പോസ്റ്ററിൽ എന്റെ പേര് കണ്ട് ഞാൻ ഞെട്ടി. ഈ സിനിമയ്ക്കുവേണ്ടി പാട്ടുകളൊന്നും ഞാൻ എഴുതിയിട്ടില്ല', ജാവേദ് അക്തർ ട്വീറ്റ് ചെയ്തു. പ്രസൂൺ ജോഷി, സമീർ, അഭേന്ദ്രകുമാർ ഉപാധ്യായ്, സർദരാ, പരി ജി, ലവ്രാജ് എന്നിവരുടെ പേരുകൾക്കൊപ്പമാണ് 'വരികൾ' എന്ന ഗണത്തിൽ ജാവേദ് അക്തറിന്റെ പേരും ഉൾപ്പെടുത്തിയിരിക്കുന്നത്.
അതേസമയം ഒമംഗ് കുമാർ സംവിധാനം ചെയ്യുന്ന 'പിഎം നരേന്ദ്ര മോദി'യിൽ ടൈറ്റിൽ റോളിലെത്തുന്നത് വിവേക് ഒബ്റോയ് ആണ്. അമിത് ഷായുടെ റോളിലെത്തുന്നത് മനോജ് ജോഷിയും. ദർശൻ കുമാർ, ബൊമാൻ ഇറാനി, പ്രശാന്ത് നാരായണൻ, സെറീന വഹാബ്, ബർഖ ബിഷ്ത് സെൻഗുപ്ത, അൻജൻ ശ്രീവാസ്തവ് തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രം രാജ്യമൊട്ടാകെ ഏപ്രിൽ 12ന് തീയേറ്ററുകളിലെത്തും.
Am shocked to find my name on the poster of this film. Have not written any songs for it ! pic.twitter.com/tIeg2vMpVG
— Javed Akhtar (@Javedakhtarjadu) March 22, 2019
