Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അവശേഷിച്ച അൻപതോളം തിയേറ്റർ ഉടമകൾ യോഗത്തിനെത്തിയത് വിട പറയാൻ; ബഷീർ ഒഴിഞ്ഞത് പകരം പുതിയ ഭാരവാഹികളുമില്ല; തിയേറ്റർ ഉടമകളെല്ലാം ദിലീപിന്റെ സംഘടനയിലേക്ക്; ലിബർട്ടി ബഷീറിന് മാത്രം സിനിമയില്ലെന്ന് തീർത്ത് പറഞ്ഞ് ദിലീപും

അവശേഷിച്ച അൻപതോളം തിയേറ്റർ ഉടമകൾ യോഗത്തിനെത്തിയത് വിട പറയാൻ; ബഷീർ ഒഴിഞ്ഞത് പകരം പുതിയ ഭാരവാഹികളുമില്ല; തിയേറ്റർ ഉടമകളെല്ലാം ദിലീപിന്റെ സംഘടനയിലേക്ക്; ലിബർട്ടി ബഷീറിന് മാത്രം സിനിമയില്ലെന്ന് തീർത്ത് പറഞ്ഞ് ദിലീപും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പതിറ്റാണ്ടുകളായി മലയാള സിനിമയെ നിയന്ത്രിച്ചിരുന്ന ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ ഓർമ്മയിലേക്ക്. പ്രസിഡന്റ് ലിബർട്ടി ബഷീറിന്റെ നേതൃത്വത്തിലെ ഭരണ സമിതി രാജിവച്ചു. പകരം സംവിധാനം താൽകാലികമായി നിലവിലുണ്ടെങ്കിലും ഈ സംഘടന ഇനി മുന്നോട്ട് പോകില്ലെന്നാണഅ സൂചന. സിനിമാ സമരത്തിന് പിന്നാലെ ദിലീപിന്റെ നേതൃത്വത്തിൽ പുതിയ തിയറ്റർ സംഘടന വന്നതോടെ ലിബർട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘടന തകരുകയാണ്. ലിബർട്ടി ബഷീർ ഒഴികെ എല്ലാവരും ദിലീപിന്റെ സംഘടനയിൽ ചേർന്നു. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ അങ്ങനെ തിയേറ്ററുകളുടെ സംഘടനയാവുകയാണ്.

ദിലീപ് പ്രസിഡന്റും ആന്റണി പെരുമ്പാവൂർ വൈസ് പ്രസിഡന്റുമായി രൂപീകരിച്ചതാണ് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള എന്ന പുതിയ സംഘടന. കേരളത്തിലെ പ്രധാന തിയറ്ററുടമകളും, തിയറ്ററുടമകളായ നിർമ്മാതാക്കളും ഈ സംഘടനയുടെ ഭാഗമാണ്. സിനിമാ സമരത്തിന് മുമ്പ് 350ലേറെ തിയറ്ററുകളും 150നടുത്ത് അംഗങ്ങളും ഉണ്ടായിരുന്ന സംഘടനയാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ. ക്രിസ്മസ് റിലീസ് അനുവദിക്കാതെ തിയറ്റർ വിഹിതം 50-50 ആയി ഉയർത്തണമെന്ന ആവശ്യത്തിൽ സമരത്തിലെത്തിയതാണ് ഫെഡറേഷനെ പിളർത്തിയത്. നിലവിൽ 7 പേരുടെ സംഘടനയായി ഇത് മാറുകയാണ്. ദിലീപിന്റെ തന്ത്രങ്ങളാണ് ലിബർട്ടി ബഷീറിനെ നിരായുധനാക്കിയത്.

സിനിമാ സമരത്തിന് പിന്നാലെ ലിബർട്ടി ബഷീർ വിളിച്ചുചേർത്ത ജനറൽ ബോഡി യോഗത്തിൽ 102 തിയറ്ററുടമകളാണ് പങ്കെടുത്തതെങ്കിൽ കഴിഞ്ഞ ദിവസത്തെ യോഗത്തിനെത്തിയത് 50ൽ താഴെ പേർ. തുടർദിവസങ്ങളിൽ ഇവരിൽ മിക്കപേരും ദിലീപ് നേതൃത്വം നൽകുന്ന ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയിലേക്ക് അംഗത്വം എടുത്തിട്ടുണ്ട്. നിർമ്മാതാക്കളുടെ വിതരണക്കാരുടെയും പിന്തുണയിലുള്ള സംഘടനയാണ് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള. സംഘടനയുടെ ഭാഗമായാൽ മാത്രമേ പ്രധാന റിലീസുകൾ ലഭിക്കൂ എന്നതും, സർക്കാർ തലത്തിലുള്ള ചർച്ചകളിൽ ഉൾപ്പെടെ തിയറ്റർ മേഖലയിലെ പ്രബല സംഘടനയായി എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ പരിഗണിക്കപ്പെടും എന്നതും ലിബർട്ടി ബഷീറിന് തലവേദനയായി.

ഇതോടെ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ തകരുകയാണ്. ലിബർട്ടി ബഷീറിന്റെ നേതൃത്വമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നും സംഘടനയുടെ തലപ്പത്ത് നിന്ന് അദ്ദേഹം രാജിവയ്ക്കണമെന്നും കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. പ്രസിഡന്റ് ലിബർട്ടി ബഷീർ ഉൾപ്പെടെയുള്ളവർ രാജിവച്ച് നിലവിലുള്ള ഭരണ സമിതി യോഗത്തിൽ പിരിച്ചുവിടുകയും ചെയ്തു. ഉപദേശക സമിതിക്കാണ് ഭരണചുമതല. ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനം രാജി വച്ചിട്ടില്ലെന്നും 31ന് ഭരണസമിതിയുടെ കാലാവധി പൂർത്തിയാകുന്നതിനാൽ ഉപദേശക സമിതി ഭരണചുമതല ഏറ്റെടുത്തതാണെന്നുമാണ് ലിബർട്ടി ബഷീറിന്റെ വിശദീകരണം.

എന്നാൽ സംഘടനയുടെ പ്രധാന ഭാരവാഹികൾ ഉൾപ്പെടെ പകുതിയിലേറെ പേർ ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘടനയുടെ ഭാഗമായി. അതുകൊണ്ട് സംഘടനയുടെ തന്നെ ആവശ്യമില്ലെന്നാണ് ഭൂരിഭാഗത്തിന്റേയും നിലപാട്. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ ട്രഷറർ സാജു ജോണി നേരത്തെ തന്നെ രാജിവച്ച് എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷനിൽ ചേർന്നിരുന്നു. ഇതും ഫെഡറേഷന് തിരിച്ചടിയായി. ഫെഡറേഷൻ ജനറൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിരുന്ന എം സി ബോബിയും പുതിയ സംഘടനയ്ക്കൊപ്പമാണ്. പുതിയ സംഘടനയിലേക്ക് ലിബർട്ടി ബഷീറിനും കടന്നുവരാമെന്ന് ദിലീപ് പറഞ്ഞിരുന്നു. എന്നാൽ ലിബർട്ടി ബഷീർ ഉൾപ്പെടെ ഏഴ് പേരുമായി സഹകരിക്കേണ്ടതില്ലെന്നാണ് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനം. ഇതോടെ ഇവർക്ക് സിനിമ കിട്ടില്ലെന്നും വിലിയരുത്തലുകളെത്തുന്നു.

ക്രിസ്മസ് റിലീസ് വൈകിപ്പിച്ചതിലും, ന്യായമല്ലാത്ത ആവശ്യം ഉന്നയിച്ച് ചലച്ചിത്ര വ്യവസായത്തിന് കനത്ത നഷ്ടമുണ്ടാക്കിയതിനാലും ലിബർട്ടി ബഷീർ ഉൾപ്പെടെ ഏഴ് ഫെഡറേഷൻ ഭാരവാഹികളുടെ 25 തിയറ്ററുകൾക്ക് സിനിമ നൽകേണ്ടെന്ന് നിർമ്മാതാക്കളും വിതരണക്കാരും തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് ലിബർട്ടി ബഷീർ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ദിലീപും വിതരണക്കാരുടേയും നിർമ്മാതാക്കളുടേയും നിലപാടിനെ പിന്തുണയ്ക്കുകയാണ്. തലശ്ശേരി കൂടാതെ മാവേലിക്കര, കഴക്കൂട്ടം, ഇടപ്പള്ളി, തൃപ്പൂണിത്തുറ, മഞ്ചേരി, ചാലക്കുടി, കാഞ്ഞാണി എന്നീ ഏഴ് സ്റ്റേഷനുകളിലെ തീയേറ്ററുകൾക്കാണ് പുതിയ സിനിമകൾ കിട്ടാത്ത അവസ്ഥയുണ്ടാകുന്നത്. ഇതിൽ 3 തിയറ്ററുകൾ ദിലീപിന്റെ സംഘടനയിലേക്ക മാറിയതോടെ ഇവർക്കും റിലീസ് ലഭിച്ചിരുന്നു. ഇടപ്പള്ളി വനിത, മാവേലിക്കര സന്തോഷ്, തൃപ്പുണിത്തുറ സെൻട്രൽ എന്നിവർക്കാണ് വിലക്ക് നീക്കി റിലീസ് അനുവദിച്ചത്.

ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനിൽ തുടർന്നാൽ തിയറ്ററുടമ എന്ന നിലയിൽ ഇനി പ്രയോജനമില്ലെന്നും ദിലീപ് നേതൃത്വം നൽകുന്ന സംഘടനയുടെ ഭാഗമാവുകയാണെന്നും ഫെഡറേഷൻ ഭാരവാഹികൾ ഓരോരുത്തരായി ലിബർട്ടി ബഷീറിനെ അറിയിക്കുന്നുണ്ട്. 25ന് മന്ത്രി എ കെ ബാലന്റെ നേതൃത്വത്തിൽ ചേർന്ന ചലച്ചിത്ര സംഘടനകളുടെ യോഗത്തിൽ ഫിലിം റെഗുലേറ്ററി അഥോറിറ്റി രൂപീകരിക്കാൻ തീരുമാനിച്ചിരുന്നു. സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച അടൂർ ഗോപാലകൃഷ്ണൻ സമിതി റിപ്പോർട്ട് പ്രകാരമായിരുന്നു തീരുമാനം.

സംഘടനകൾ തമ്മിലുള്ള പോരിനും, തർക്കങ്ങൾക്കും അടിക്കടിയുണ്ടാകുന്ന സമരങ്ങൾക്കും സർക്കാർ നേതൃത്വത്തിലുള്ള റെഗുലേറ്ററി അഥോറിറ്റി പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP