Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇരുമ്പാണി തട്ടി മുളയാണി വെച്ച് പൊൻകാരംകൊണ്ട് ചുരിക വിളക്കാൻ കൊല്ലന് പതിനാറു പണം കൊടുത്തവൻ ചന്തു; മാറ്റച്ചുരിക ചോദിച്ചപ്പോൾ മറന്നുപോയെന്നു കളവു പറഞ്ഞവൻ ചന്തു; അങ്കത്തളർച്ചയിൽ കിടന്ന വീരന്റെ നാഭിയിൽ കുത്തുവിളക്കിന്റെ തണ്ടു താഴ്‌ത്തി മാറ്റാൻ കൂട്ടത്തിലേക്ക് രക്ഷപ്പെട്ടവൻ ചന്തു; മലയാളി കണ്ടതും കേട്ടതുമായ ശരികൾക്കും തെറ്റുകൾക്കുമിന്ന് മുപ്പതു വയസ്സ്

ഇരുമ്പാണി തട്ടി മുളയാണി വെച്ച് പൊൻകാരംകൊണ്ട് ചുരിക വിളക്കാൻ കൊല്ലന് പതിനാറു പണം കൊടുത്തവൻ ചന്തു; മാറ്റച്ചുരിക ചോദിച്ചപ്പോൾ മറന്നുപോയെന്നു കളവു പറഞ്ഞവൻ ചന്തു; അങ്കത്തളർച്ചയിൽ കിടന്ന വീരന്റെ നാഭിയിൽ കുത്തുവിളക്കിന്റെ തണ്ടു താഴ്‌ത്തി മാറ്റാൻ കൂട്ടത്തിലേക്ക് രക്ഷപ്പെട്ടവൻ ചന്തു; മലയാളി കണ്ടതും കേട്ടതുമായ ശരികൾക്കും തെറ്റുകൾക്കുമിന്ന് മുപ്പതു വയസ്സ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പാടിപ്പഴകിയ കഥകളിൽ കേട്ടറിഞ്ഞ ചതിയൻ ചന്തുവിന്റെ കഥകൾക്ക് വേറിട്ട വീര പരിവേഷം ചമച്ചിട്ട് ഇന്നേക്ക് 30 വർഷം. കേട്ടുപഴകിയ ചന്തുവിന്റെയും ആരോമലിന്റെയും ഉണ്ണിയാർച്ചയുടെയും ജീവിതത്തിന്റെ മാറ്റിയെഴുത്ത് കൂടിയായിരുന്നു ഒരു വടക്കൻ വീരഗാഥ എന്ന സിനിമ. അതു വരെ ആരും പറയാനും പാടാനും ചിന്തിക്കാനും പോലും ശ്രമിക്കാതിരുന്ന കഥ പറഞ്ഞ എംടിയുടെ തന്നെ ശക്തമായ തിരക്കഥയും സംഭാഷണങ്ങളും കൂടി ചേർന്നപ്പോൾ മലയാളി ഒരിക്കലും മറക്കാത്ത മാസ്റ്റർ പീസ് ജന്മം കൊള്ളുകയായിരുന്നു. മമ്മൂട്ടിയും സുരേഷ്‌ഗോപിയും മാധവിയുമെല്ലാം കഥാപാത്രങ്ങളായി ജീവിച്ചു. ഇതെല്ലാം പാകത്തിന് ചേർത്തൊരുക്കാൻ ഹരിഹരൻ എന്ന പ്രതിഭയായ സംവിധായകനും.

1989 ഏപ്രിൽ 14നാണ് ൽ ആണ് എം ടിയും ഹരിഹരനും ചേർന്നൊരുക്കിയ ഒരു വടക്കൻ വീരഗാഥ പ്രദർശനത്തിനെത്തിയത്. അതിന് ഒരു പാടു വർഷം മുൻപേ എം ടിയുടെ മനസ്സിൽ നല്ലവനായ ചന്തു ജനിച്ചുകഴിഞ്ഞിരുന്നു. ഹരിഹരന്റെ മനസ്സിൽ വടക്കൻപാട്ട് എന്ന ആശയം ഇട്ടുകൊടുത്തത് ബോബൻ കുഞ്ചാക്കോയാണ്. ഉദയായുടെ പേരും പ്രശസ്തിയും വാനോളം ഉയർത്തിയതിൽ വടക്കൻപാട്ടുകൾക്ക് വലിയ പങ്കുണ്ട്. അതു കണ്ടു വളർന്ന ബോബന്റെ മനസ്സിൽ വടക്കൻപാട്ട് ചിത്രങ്ങളോട് എന്തെന്നില്ലാത്ത ഭ്രമമായിരുന്നു.

ബോബൻ ഹരിഹരനോടു മനസ്സ് തുറന്നു. വടക്കൻപാട്ടുചിത്രങ്ങൾ കണ്ടിട്ടുണ്ട് എന്നല്ലാതെ ഹരിഹരന്റെ മനസ്സിൽ അങ്ങനെയൊരു സിനിമ ഉണ്ടായിരുന്നില്ല. അത്തരം ചിത്രങ്ങൾ ചെയ്യാൻ താത്പര്യം കുറവാണെന്ന് ഹരിഹരൻ ബോബനോട് തുറന്നുപറഞ്ഞു. വേണമെങ്കിൽ വടക്കൻപാട്ടുകഥ പുതിയ രൂപത്തിലാക്കി ഒരുകൈ നോക്കാം. ആ അഭിപ്രായം ബോബനും ഇഷ്ടമായി.

എം ടിക്ക് ആദ്യം ചന്തുവിന്റെ ഈ കഥ നോവലായി എഴുതണോ സിനിമയായി എഴുതണോ എന്ന് സംശയമുണ്ടായിരുന്നു. അപ്പോഴാണ് ബോബൻ ഈ ആശയം പറഞ്ഞകാര്യം ഹരിഹരൻ എം ടിയെ അറിയിച്ചത്. അതോടെ എം. ടി. പിന്നെയും വടക്കൻപാട്ടുകഥകളെക്കുറിച്ച് ആലോചന തുടങ്ങി. ഉണ്ണിയാർച്ച എന്തുകൊണ്ട് ആരോമലിനോട് അനീതികാട്ടി എന്നതായിരുന്നു അതിൽ ഏറ്റവും പ്രധാന ചോദ്യം. മറ്റൊന്ന് ആരോമലിന് എന്തുകൊണ്ട് ചന്തുവിനോട് ഇത്ര കടുത്ത അമർഷം ഉണ്ടായി? ഈ ചോദ്യങ്ങൾ തന്നെയാണ് എം. ടി യെ ചന്തുവിലേക്കു കൊണ്ടുവന്നത്.

എം ടിയുടെ മിക്ക കഥകളിലും തിരസ്‌കരിക്കപ്പെട്ടവനെ നായകനാക്കാറുണ്ട്. ക്രിയാത്മകമായ ഒരു പ്രതികരണമാണിത്. ഈ നായകന്മാർക്കെല്ലാം എം ടിയോടുതന്നെ സാമ്യവുമുണ്ട്. പല പഠനങ്ങളിലും ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ചന്തുവിനെ വെച്ച് എം ടി. തിരക്കഥ എഴുതാൻ തുടങ്ങി. എന്നാൽ ഈ സമയം ബോബൻ കുഞ്ചാക്കോ ഈ പദ്ധതി ഉപേക്ഷിച്ചു. ഹരിഹരനും എം ടിയും അതു കാര്യമാക്കാതെ മുന്നോട്ടുപോയി.ഇതിനിടെ മറ്റൊരു പദ്ധതിയുമായി നിർമ്മാതാവ് പി.വി. ഗംഗാധരൻ ഹരിഹരനെയും എം ടിയെയും തേടിയെത്തി.

ഒരു ചരിത്രകഥയായിരുന്നു അദ്ദേഹത്തിനാവശ്യം. പെട്ടെന്ന് എം ടിയുടെ മനസ്സിൽ വന്നത് പഴശ്ശിരാജയാണ്. ചന്തുവിനെ മാറ്റിവെച്ചിട്ട് എം ടിയും ഹരിഹരനും പഴശ്ശിരാജയിലേക്കു കടന്നു. അതിനൊരു വൺലൈനും തയ്യാറാക്കി. ഈ സമയത്ത് 1921 എന്ന ചിത്രത്തിന്റെ കഥാംശങ്ങൾ പുറത്തുവന്നു. ചരിത്രപ്രാധാന്യമുള്ള കഥയായിരുന്നു അത്. സ്വാതന്ത്ര്യസമരവുമായി ബന്ധമുള്ളതുകൊണ്ട് ഏകദേശം പഴശ്ശിരാജയുടെ അതേ പശ്ചാത്തലവുമാണ്. ഇതുവേണോയെന്ന് എം ടിയും ഹരിഹരനും പി.വി.ജിയും ആലോചിച്ചു. ഒടുവിൽ ആ കഥ മാറ്റിവെക്കാൻ തീരുമാനിച്ചു. പകരം ചന്തുവിന്റെ കഥ എം ടിയും ഹരിഹരനും കൂടി പി.വി.ജിക്കു മുന്നിൽ അവതരിപ്പിച്ചു. പി.വി.ജി. പൂർണമായും ആ കഥ സ്വീകരിച്ചു. അങ്ങനെയാണ് നല്ലവനായ ചന്തു മലയാളിക്കു മുന്നിലെത്താൻ വഴിയൊരുങ്ങിയത്.

മിത്തുകളുടെ പൊളിച്ചെഴുത്തായിരുന്നു എം ടിയുടെ 'ഒരു വടക്കൻ വീരഗാഥ' എന്ന സിനിമ. മലയാള സിനിമയുടെ ചരിത്രത്തിൽ ഇന്നും വീറോടെ കേൾക്കുന്ന ചുരികയുടെ ശബ്ദമാണ് ഈ ക്ലാസിക്ക്. ഒരു പക്ഷേ ഇന്നത്തെ എതു ബ്രഹ്മാണ്ഡ സിനിമകളോടും കിടപിടിക്കുന്ന തരത്തിൽ എംടി-ഹരിഹരൻ-മമ്മൂട്ടി ത്രിമൂർത്തികൾ ചരിത്രമാക്കിയ സിനിമ.

മമ്മൂട്ടി എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും കരുത്തും കാമ്പുമുള്ള കഥാപാത്രങ്ങളുടെ പട്ടികയെടുത്താൽ അതിൽ ചന്തുവിന്റെ സ്ഥാനം വളരെ വലുതാണ്. ശബ്ദത്തിലും രൂപത്തിലും ഭാവത്തിലും മമ്മൂട്ടി അല്ലാതെ മറ്റൊരു നടനെയും ചന്തുവായി സങ്കൽപ്പിക്കാൻ മലയാളിക്ക് കഴിയാത്തതും അതുകൊണ്ട് തന്നെയാണ്. മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരമടക്കം മമ്മൂട്ടിയുടെ കയ്യിൽ ഈ സിനിമ ഭദ്രമാക്കി.

മുപ്പത് വർഷങ്ങൾക്കിപ്പുറവും ഈ സിനിമ ഇന്നും എല്ലാ തലമുറകൾക്കും പ്രിയപ്പെട്ടതാവുന്നതും ഈ ചേരുവകൾ കൊണ്ടാണ്. ചതിയനായും വഞ്ചകനായും ചരിത്രത്തിൽ തഴയപ്പെട്ട ചന്തു എന്ന കഥാപാത്രത്തിന്റെ പൊളിച്ചെഴുത്തായിരുന്നു എം ടിയുടെ ആദ്യ വെല്ലുവിളി. കൃത്യമായ പഠനത്തിന് ശേഷം വെള്ളിത്തിരയുടെ ഭാഷയിലേക്ക് അത് എഴുതിവച്ചു. പിന്നീട് ആരാകണം ഈ ചന്തു എന്ന ചോദ്യത്തിന് അധികം ചിന്തിക്കേണ്ടി വന്നില്ല. 'മമ്മൂട്ടി'. അയാൾക്ക് മാത്രമേ ഈ വേഷം ചെയ്യാൻ സാധിക്കൂവെന്ന് അത്ര ഉറപ്പായിരുന്നെന്ന് എംടി തന്നെ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്.

കാലാതിവർത്തിയായി നിലകൊള്ളുന്ന ഒട്ടേറെ സംഭാഷണങ്ങളും പാട്ടുകളും നിറഞ്ഞ ഒരു ചലച്ചിത്ര ചരിത്രഭാഷ്യം കൂടിയാണ് ഒരു വടക്കൻ വീരഗാഥ. ചതിയൻ എന്ന മുദ്രയിൽ നിന്നും ചന്തു പലയാനം ചെയ്യുന്നത് ചാട്ടുളി പോലെ കയ്യടക്കമുള്ള സംഭാഷണങ്ങളിൽ കൂടിയായിരുന്നു. മലയനോട് തൊടുത്തു മരിച്ച അച്ഛന്റെ മകനായും, പൊന്നിനും പണത്തിനുമൊപ്പം തൂക്കി നോക്കിയപ്പോൾ നിഷ്‌കരുണം ചതിക്കപ്പെട്ട കാമുകനായും, സ്‌നേഹം പങ്കുവച്ചപ്പോൾ കൈവിറച്ച ഗുരുവിന്റെ ശിഷ്യനായുമൊക്കെ ജീവിതം ചന്തു തന്നെ തുറന്നു പറയുന്നു.

'മാലോകരുടെ ചോദ്യത്തിനോ നിനക്കോ മറുപടി വേണ്ടത്. നീ അടക്കമുള്ള പെൺവർഗം മറ്റാരും കാണാത്തത് കാണും. നിങ്ങൾ ശപിച്ചുകൊണ്ട് കൊഞ്ചും. ചിരിച്ചു കൊണ്ട് കരയും. മോഹിച്ചുകൊണ്ട് വെറുക്കും.' പല വേദികളിലും ഇന്നും സജീവ ചർച്ചയാണ് ഈ വാചകം. എതിർത്തും അനുകൂലിച്ചും പുതിയ തലം തേടുന്ന തരത്തിൽ മൂന്നുപതിറ്റാണ്ട് കഴിഞ്ഞിട്ടും ഈ സംഭാഷണം നിലനിൽക്കുന്നു. അന്ന് തിയറ്ററിൽ ആവേശകയ്യടിയിൽ മുങ്ങിയ വാചകം ഇന്ന് വിമർശനത്തിന്റെ ചൂടേൽക്കുന്നതും സിനിമയുടെ വിജയം തന്നെയെന്ന് കുറിക്കാം.

വാൾ പയറ്റിലും കുതിരസവാരിയിലും കളരിമുറകളിലും എന്തിന് ഭാഷയുടെ ഉപയോഗത്തിലും മമ്മൂട്ടി എന്ന നടന്റെ സൂക്ഷ്മതയും സമർപ്പണവും ഈ സിനിമയിൽ കാണാം. സിനിമയുടെ അവസാനഭാഗത്ത് കണ്ണുനിറഞ്ഞ് പോരാളിയെ പോലെ 'ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ' എന്ന പറയുന്നതിലൂടെ ചേകവരുടെ വീര്യം വ്യക്തമാക്കുന്നു. അതിനൊപ്പം ശബ്ദം കൊണ്ട് ഭാവം പകർന്ന ഒട്ടേറെ ഡയലോഗുകൾ. ദൃശ്യങ്ങളില്ലാതെ കണ്ണടിച്ചിരുന്നു കേട്ടാൽ പോലും ആ മുഖം മനസിൽ തെളിയുന്ന തരത്തിൽ മമ്മൂട്ടി അത് അനായാസം ചെയ്തുവച്ചു.'എനിക്ക് പിറക്കാതെ പോയ മകനാണല്ലോ ഉണ്ണീ നീ' എന്ന വാചകം പ്രേക്ഷകനെ ഉൾക്കിടിലം കൊള്ളിക്കാതിരിക്കുന്നതെങ്ങനെ എന്ന് നിരൂപകരും പലകുറി ചോദിച്ചുപോയിട്ടുണ്ട്.

മനസ്സിനെ കുളിരണിയിക്കുന്ന ഗാനങ്ങളും ദൃശ്യഭംഗിയും ചേർന്ന് അനുപമമായ ചലച്ചിത്ര അനുഭവമാണ് വടക്കൻ വീരഗാഥ മലയാളിക്ക് നൽകിയത്. കളരി വിളക്ക് തെളിഞ്ഞതാണോ കുന്നത്തു സൂര്യൻ ഉദിച്ചതാണോ എന്നു തുടങ്ങുന്ന ഗാനം പുരുഷ സൗന്ദര്യത്തിന്റെ മറക്കാനാവാത്ത വർണ്ണനയാണ്. ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ എന്ന ഗാനം മുപ്പതു വർഷത്തിനിപ്പുറവും ഹൃദ്യമായ അനുഭൂതിയാണ് മലയാളിക്ക് സമ്മാനിക്കുന്നത്.

മിത്തുകളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ആൾക്കൂട്ടം എഴുത്തുകാരോടും കലാകാരന്മാരോടും പറയുന്ന പുത്തൻ കാലത്ത് ഒരു വടക്കൻ വീരഗാഥ എന്ന സിനിമയും മലയാളത്തിൽ ഇറങ്ങുകയും ഹിറ്റാകുകയും ചെയ്തു എന്നത് തന്നെ കേരളം എങ്ങോട്ടാണ് നടക്കുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP