Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രകാശ് റോയിയെന്ന മധ്യവയസ്‌കനായ കാമുകൻ; രാജൻ സക്കറിയയെന്ന പൊലീസ്; പ്രണയം താന്തോന്നിയാക്കിയ തോപ്പിൽ ജോപ്പനും; വീണ്ടും അച്ചായൻസ് മുഖവുമായി മമ്മൂട്ടി; കുഞ്ഞച്ചനേയും ചാണ്ടിച്ചായനേയും കുട്ടപ്പായിയേയും ഏറ്റെടുത്ത ഫാൻസും പ്രതീക്ഷയിൽ

പ്രകാശ് റോയിയെന്ന മധ്യവയസ്‌കനായ കാമുകൻ; രാജൻ സക്കറിയയെന്ന പൊലീസ്; പ്രണയം താന്തോന്നിയാക്കിയ തോപ്പിൽ ജോപ്പനും; വീണ്ടും അച്ചായൻസ് മുഖവുമായി മമ്മൂട്ടി; കുഞ്ഞച്ചനേയും ചാണ്ടിച്ചായനേയും കുട്ടപ്പായിയേയും ഏറ്റെടുത്ത ഫാൻസും പ്രതീക്ഷയിൽ

മറുനാടൻ മലയാളി ബ്യൂറോ

ലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ അച്ചായൻ വേഷങ്ങൾ. കോട്ടയം കുഞ്ഞച്ചനും മറവത്തൂരിലെ ചാണ്ടിച്ചായനും സംഘത്തിലെ കുട്ടപ്പായി..... എല്ലാം ആരാധകർ രണ്ട് കൈയും നീട്ടി ഏറ്റെടുത്തു. വേറിട്ട ശൈലിയിൽ ഈ കഥാപാത്രങ്ങളെ മമ്മൂട്ടി അനശ്വരമാക്കി. പക്ഷേ അധികം അച്ചായൻസ് ടച്ചുള്ള സിനിമകൾ പിന്നീട് മമ്മൂട്ടി ചെയ്തിരുന്നില്ല. എന്നാൽ ചിത്രം മാറുകയാണ്.

അടുത്ത മൂന്ന് സിനിമകളിലും അച്ചയാനായി കസറാനെത്തുകയാണ് മെഗാ താരം. ഉദയൻ അനന്തൻ സംവിധാനം ചെയ്യുന്ന വൈറ്റിൽ പ്രകാശ് റോയിയായി മമ്മൂട്ടി മാറും. നിഥിൻ രഞ്ജി പണിക്കരുടെ കസബയിൽ പൊലീസ് ഓഫീസറായ രാജൻ സക്കറിയ. പിന്നിൽ തോപ്പിൽ ജോപ്പനും. മലയാളത്തിലെ മെഗാ താരം അച്ചായൻ വേഷങ്ങളിലൂടെ വീണ്ടും സൂപ്പർ ഹിറ്റുകളൊരുക്കാമെന്ന പ്രതീക്ഷയിലാണ്. വ്യത്യസ്ത സംഭാഷണ ശൈലിയുമായി പുതിയ ചിത്രത്തിലും താരം തകർക്കുമെന്നാണ് പ്രേക്ഷക പ്രതീക്ഷയും.

മമ്മൂട്ടിയുടെ സമീപകാല ചിത്രങ്ങളൊന്നും ബോക്‌സ് ഓഫീസിൽ വിജയമായിരുന്നില്ല. എന്നാൽ പുതിയ നിയമം പോലുള്ള സിനിമകൾ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഭാസ്‌കർ ദി റാസ്‌കറിന് ശേഷം ഹിറ്റ് സിനിമകളിലേക്കുള്ള യാത്രയാണ് മമ്മൂട്ടി ലക്ഷ്യമിടുന്നത്. അച്ചായനിലേക്കുള്ള മാറ്റം വിജയമെത്തിക്കുമെന്ന് മമ്മൂട്ടിയുടെ ആരാധകരും കരുതുന്നു. അച്ചായൻ വേഷമാണെങ്കിലും മൂന്നും മൂന്ന് തരത്തിലാണ്. പ്രകാശ് റോയി മധ്യവയസ്‌കനായ കാമുകൻ. രാജൻ സക്കറിയ ഉശിരുള്ള പൊലീസ് ഓഫീസറും. പിന്നെ പ്രണയ പരാജയം താന്തോന്നിയാക്കിയ തോപ്പിൽ ജോപ്പനും.

മമ്മൂട്ടിയെ നായകനാക്കി ഉദയ് അനന്തൻ സംവിധാനം ചെയ്യുന്ന വൈറ്റ് ചിത്രീകരണം പൂർത്തിയായി കഴിഞ്ഞു. മധ്യവയസ്‌കനായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. 25 കാരിയായ സ്ത്രീയുമായി പ്രണയത്തിലാകുന്ന മധ്യവയസ്‌കന്റെ കഥയാണ് ഈ ചിത്രം. ഒരു ഓവർസീസ് അസൈന്മെന്റിന്റെ ഭാഗമായി ലണ്ടനിലെത്തുന്ന റാഷ്ണി മേനോൻ എന്ന സോഫ്റ്റ്‌വെയർ എൻജിനിയറുടെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നു വരുന്ന പ്രകാശ് റോയ് എന്ന കോടീശ്വരനെയാണ് മമ്മൂട്ടി ഇതിൽ അവതരിപ്പിച്ചിട്ടുള്ളത്. പ്രകാശ് റോയുടെയും റോഷ്ണിയുടെയും വളരെ വ്യത്യസ്തവും എന്നാൽ രസകരവുമായ ബന്ധത്തിലൂടെയാണ് വൈറ്റിന്റെകഥ പുരോഗമിക്കുന്നത്.

ലണ്ടൻ, മുംബൈ, കൊച്ചി എന്നിവിടങ്ങളിലാണ് വൈറ്റിന്റെ ചിത്രീകരണം നടന്നത്. ബോളിവുഡ് താരസുന്ദരി ഹുമ ഖുറേഷി ആദ്യമായി അഭിനയിക്കുന്ന തെന്നിന്ത്യൻ ചിത്രം എന്ന പ്രത്യേകതയും വൈറ്റിനുണ്ട്. ഇറോസ് ഇന്റർനാഷണൽ ആണ് നിർമ്മാണം. മമ്മൂട്ടി, ഹുമ ഖുറേഷി എന്നിവർക്ക് പുറമെ ശങ്കർ രാമകൃഷ്ണൻ, സിദ്ദിഖ്, സുനിൽ സുഖദ, അഹമ്മദ് സിദ്ദിഖ്, മഞ്ജുലിക, സോന നായർ. കെ പി എ സി ലളിത എന്നിങ്ങനെ ഒരു വലിയ താരനിരയും ചിത്രത്തിലുണ്ട്. പ്രവീൺ ബാലകൃഷ്ണൻ, നന്ദിനി വൽസൻ, ഉദയ് അനന്തൻ എന്നിവർ ചേർന്നെഴുതിയ വൈറ്റിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഇംഗ്ലീഷ് ഛായാഗ്രാഹകനായ അമർജിത്ത്‌സിങ്ങ് ആണ്. ഇതും സിനിമയുടെ ഹൈലറ്റാകുമെന്നാണ് പ്രതീക്ഷ.

കഥാകൃത്തും സംവിധായകനും നടനുമായ രഞ്ജിപണിക്കരുടെ മകൻ നിഥിൻ രഞ്ജിപണിക്കർ ആദ്യമായി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന സിനിമയിൽ മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ഉണ്ട്. രാജൻ സക്കറിയ എന്ന ശക്തനായ പൊലിസ് ഒഫീസറുടെ വേഷത്തിലാണ് കസബ എന്ന ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. പ്രശസ്ത നടൻ ശരത്കുമാറിന്റെ മകൾ വരലക്ഷ്മിയാണ് നായിക. ഗുഡ് വിൽ എന്റർടെയിന്മെന്റിന്റെ ബാനറിൽ ആലീസ് ജോർജാണ്‌ നിർമ്മാണം. രാഹുൽ രാജ് സംഗീതവും സമീർ ഹഖ് ഛായാഗ്രഹണവും നിർമ്മാണ നിർവ്വഹണം അലക്‌സ് ഇ കുരിയനും നിർവ്വഹിക്കുന്നു.

മമ്മൂട്ടി-ജോണി ആന്റണി ടീമിന്റെ പുതിയ ചിത്രം തോപ്പിൽ ജോപ്പനിൽ മമ്മൂട്ടി ആദ്യ പ്രേമം പൊളിഞ്ഞ അവിവാഹിതനായി എത്തുന്നു. കബഡി കളിയും മദ്യപാനവും പ്രധാന ഹോബിയാക്കി നടക്കുന്ന തന്തോന്നിയായ തികഞ്ഞ മദ്യപാനിയായ ജോപ്പന്റെ ജീവിതതിൽ ഉണ്ടാകുന്ന ചില സംഭവങ്ങൾ ആണ് ഈ സിനിമയുടെ ഇതിവൃത്തം. മലയോരഗ്രാമത്തിലെ ഒരു പ്ലാന്ററാണ് തോപ്പിൽ ജോപ്പൻ. പ്രണയപരാജയമാണ് ഒരു താന്തോന്നിയാക്കി ജോപ്പനെ മാറ്റിയത്. ഇനി വിവാഹം വേണ്ട എന്ന തീരുമാനത്തിൽ എത്തിനിൽക്കുന്ന ജോപ്പന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവമാണ് കോമഡിട്രാക്കിൽ വരുന്ന സിനിമയുടെ ഇതിവൃത്തം. മമ്മൂട്ടിയുടെ മുൻ കാല ചിത്രമായ കോട്ടയം കുഞ്ഞച്ചനെ സിനിമ ഓർമ്മിപ്പിക്കും.

കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ചാണ് ഷൂട്ടിങ് പുരോഗമിക്കുന്നത്. കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയുടെ മുറ്റത്ത് മമ്മൂട്ടിയും മംമ്തയും ചേർന്നുള്ള രംഗം ഷൂട്ട് ചെയ്തു. രൺജി പണിക്കർ, പാഷാണം ഷാജി, ശ്രീജിത്ത് രവി, സുരേഷ്‌കൃഷ്ണ, ഹരിശ്രീ അശോകൻ, തെസ്‌നി ഖാൻ, സലിംകുമാർ, കവിയൂർ പൊന്നമ്മ, രശ്മി ബോബൻ, ശാന്തകുമാരി, ചാലി പാലാ മുതലായവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP