Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദിലീപിന്റെ 'മര്യാദരാമന്' ഒന്നരക്കോടിയുടെ സെറ്റ്; മലയാള സിനിമാചരിത്രത്തിലെ ഏറ്റവും ചെലവേറിയ സെറ്റൊരുക്കിയത് വയൽ പാട്ടത്തിനെടുത്ത്

ദിലീപിന്റെ 'മര്യാദരാമന്' ഒന്നരക്കോടിയുടെ സെറ്റ്; മലയാള സിനിമാചരിത്രത്തിലെ ഏറ്റവും ചെലവേറിയ സെറ്റൊരുക്കിയത് വയൽ പാട്ടത്തിനെടുത്ത്

ലയാള സിനിമാരംഗത്തു പുതിയ ചരിത്രം കുറിക്കുകയാണ് മര്യാദരാമൻ എന്ന ദിലീപ് ചിത്രം. സിനിമയ്ക്കായി ഒരുക്കിയ സെറ്റാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്. ഒന്നരക്കോടി രൂപയാണ് സെറ്റിനായി ചെലവഴിച്ചത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ സെറ്റാണിത്.

കഥാഗതിയിൽ നിർണായകമായ തറവാടിന്റെ സെറ്റാണ് കോടികൾ ചെലവഴിച്ച് നിർമ്മിച്ചത്. പഴനിയിൽനിന്ന് 20 കിലോമീറ്റർ മാറി കണക്കംപട്ടിയിൽ വിശാലമായ വയലിലാണ് നടുമുറ്റവും നാലുകെട്ടുമൊക്കെയുള്ള തറവാട് പടുത്തുയർത്തിയത്. ആന്റോ ജോസഫ് നിർമ്മിച്ച് ഉദയകൃഷ്ണ-സിബി കെ തോമസ് രചിച്ച് സുരേഷ് ദിവാകർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മര്യാദരാമൻ.

ഒരു കൊല്ലത്തേക്ക് സ്ഥലം ലീസിനെടുത്താണ് സെറ്റ് ഒരുക്കിയതെന്ന് നിർമ്മാതാവ് ആന്റോ ജോസഫ് പറഞ്ഞു. ഇതിന്റെ വർക്ക് കഴിഞ്ഞ് മറ്റാർക്കെങ്കിലും ഷൂട്ടിങ്ങിന് ആവശ്യമുണ്ടെങ്കിൽ വാടകയ്ക്ക് കൊടുക്കാനും പദ്ധതിയുണ്ട്.

ഗിരീഷ് മേനോൻ എന്ന കലാസംവിധായകന്റെ നേതൃത്വത്തിൽ രണ്ടു മാസം കൊണ്ടാണ് സെറ്റിന്റെ പണി പൂർത്തിയാക്കിയത്. തരിശായി കിടന്നിരുന്ന വയലിൽ കൊട്ടാരം പോലൊരു കെട്ടിടമാണ് രണ്ടുമാസംകൊണ്ട് ഉയർന്നത്. 48 ആശാരിമാർ, 18 മോൾഡർമാർ, 16 വെൽഡർമാർ, 22 പെയിന്റർമാർ എന്നിങ്ങനെ 104 തൊഴിലാളികളാണ് 'കൊട്ടാര'ത്തിന്റെ നിർമ്മാതാക്കൾ. 16,000 ത്തിലധികം ഓടു മേഞ്ഞിട്ടുള്ള തറവാടിന് 24,000 സ്‌ക്വയർഫീറ്റാണ് മൊത്തം വലിപ്പം. കാറ്റാടിക്കഴയും പ്ലൈവുഡും ഇരുമ്പും മരവും പ്ലാസ്റ്റർ ഓഫ് പാരീസും ഉപയോഗിച്ചാണ് വീട് പണിതത്. വിശാലമായ വാതിലും വാതിൽപ്പടിയിലെ കൊത്തുപണികളും ചുമരിൽ തൂക്കിയ ഫോട്ടോകളുമെല്ലാം ഈ തറവാടിന് മോടി കൂട്ടുന്നു.

ചെട്ടിനാടൻ ശൈലിയിലാണ് നടുമുറ്റത്തിനു ചുറ്റുമുള്ള തൂണുകൾ നിർമ്മിച്ചിരിക്കുന്നത്. തറയിലും ചെട്ടിനാടൻ ടൈൽസിന്റെ ശൈലിയിലുള്ള ഫ്‌ളോർ പേപ്പറുകൾ ഉപയോഗിച്ചിരിക്കുന്നത്. വെട്ടുകല്ലിൽ തീർത്തതരത്തിലാണ് നാലുചുറ്റുമുള്ള മതിൽ തയ്യാറാക്കിയത്. സിനിമയ്ക്കു വേണ്ടി ഉദുമൽപേട്ടയ്ക്കടുത്തുള്ള ഗോഡൗണിൽ ഒരു തീവണ്ടിമുറിയുടെ സെറ്റും തീർത്തിരുന്നു. അവിടത്തെ ഷൂട്ടിങ് കഴിഞ്ഞതിനാൽ അത് മറ്റ് രണ്ട് സിനിമക്കാർ ബുക്ക് ചെയ്യുകയും ചെയ്തു.

ജൂനിയർ മാൻഡ്രേക്ക് എന്ന ജഗദീഷ്-ജഗതി ശ്രീകുമാർ ചിത്രത്തിൽ തുടങ്ങി അറുപതോളം ചിത്രങ്ങളിൽ കലാസംവിധായകനായിരുന്നു ഗിരീഷ് മേനോൻ. മമ്മൂട്ടിയുടെ രാജാധിരാജയ്ക്കുവേണ്ടി 45 ലക്ഷം ചെലവഴിച്ചൊരുക്കിയ സെറ്റും ശ്രദ്ധിക്കപ്പെട്ടിരുന്നു. സുരേഷ്‌ഗോപിയുടെ പുതിയചിത്രം 'രുദ്രസിംഹാസന'ത്തിനുവേണ്ടിയും ഗിരീഷ് സെറ്റൊരുക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP