Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭീമനായി മോഹൻലാൽ എത്തുമ്പോൾ പാഞ്ചാലിയാകുന്നത് ഐശ്വര്യാ റായി; മഞ്ജു വാര്യരും അമിതാഭ് ബച്ചനും അടക്കം ഇന്ത്യയിലെ താരനിര മൊത്തം അണിനിരക്കും; പിന്നണിയിൽ ഇരുന്ന് കല്ല്യാൺ ഉടമ പണം മുടക്കുമ്പോൾ നിർമ്മാതാവാകുന്നത് ഗോകുലം ഗോപാലൻ; 12 ഭാഷകളിൽ ഒരേ സമയം പുറത്തിറങ്ങുന്ന രണ്ടാമൂഴം ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ സിനിമ തന്നെ

ഭീമനായി മോഹൻലാൽ എത്തുമ്പോൾ പാഞ്ചാലിയാകുന്നത് ഐശ്വര്യാ റായി; മഞ്ജു വാര്യരും അമിതാഭ് ബച്ചനും അടക്കം ഇന്ത്യയിലെ താരനിര മൊത്തം അണിനിരക്കും; പിന്നണിയിൽ ഇരുന്ന് കല്ല്യാൺ ഉടമ പണം മുടക്കുമ്പോൾ നിർമ്മാതാവാകുന്നത് ഗോകുലം ഗോപാലൻ; 12 ഭാഷകളിൽ ഒരേ സമയം പുറത്തിറങ്ങുന്ന രണ്ടാമൂഴം ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ സിനിമ തന്നെ

ആവണി ഗോപാൽ

കൊച്ചി: എം ടി. വാസുദേവൻ നായർ രചിച്ച മലയാളത്തിലെ ഇതിഹാസ നോവലാണ് രണ്ടാമൂഴം. മഹാഭാരത കഥ ആസ്പദമാക്കി രചിച്ച ഈ നോവലിൽ ഭീമനാണ് കേന്ദ്രകഥാപാത്രം. അഞ്ചു മക്കളിൽ രണ്ടാമനായ ഭീമന് എല്ലായ്‌പ്പോഴും അർജ്ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമേ ലഭിക്കുന്നുള്ളൂ. പാഞ്ചാലിയുടെ കാര്യത്തിലും ഇത് തുടരുന്നു. മഹാഭാരത്തെ ഭീമന്റെ കാഴ്ചയിലൂടെ പറയുകയാണ് രണ്ടാമൂഴത്തിൽ. എംടിയെ ജനപ്രിയ എഴുത്തുകാരനാക്കിയ നോവൽ. ഈ നോവലിനാണ് എംടി തന്നെ ചലച്ചിത്ര രൂപം എഴുതിയിരിക്കുന്നത്. പരസ്യ ചിത്രങ്ങളിലൂടെ മലയാളിയുടെ പ്രിയങ്കരനായ ശ്രീകുമാർ സംവിധായക കുപ്പായത്തിലെത്തുമെന്ന് കരുതുന്ന സിനിമയിൽ മോഹൻലാലാകും ഭീമൻ. പാഞ്ചാലിയായി ഐശ്വര്യാ റായിയും. അമിതാഭ് ബച്ചനും മഞ്ജു വാര്യരും ചിത്രത്തിലുണ്ടാകുമെന്ന് ഉറപ്പ്. ബാക്കി നടീ നടന്മാരും ഇന്ത്യൻ സിനിമയിലെ താരരാജാക്കന്മാർ തന്നെയാകും. ഭീഷ്മരായാകും ബച്ചൻ അഭിനയിക്കുക.

ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമാകും രണ്ടാമൂഴം. ശ്രീകുമാർ തന്നെയാകും സംവിധായകൻ എന്നാണ് മറുനാടന് ലഭിക്കുന്ന സൂചന. കല്ല്യാൺ ജൂലേഴ്‌സിന്റെ സഹായവും ശ്രീകുമാറിന് ലഭിക്കും. എന്നാൽ നിർമ്മാതാവെന്ന നിലയിൽ പരസ്യമായി കല്ല്യാൺ മുതലാളി നിർമ്മാണ പങ്കാളിയാവില്ല. ഗോകുലം ഗോപാലനും നിർമ്മാണത്തിൽ മുന്നിലുണ്ടാകും. എംടിയുടെ ചരിത്ര സിനിമയായ പഴശിരാജ നിർമ്മിച്ചതും ഗോകുലം ഗോപാലനാകും. ഫ്‌ളവേഴ്‌സ് ടിവിയുടെ ചെയർമാൻ കൂടിയായ ഗോകുലം ഗോപാലൻ ടിവി റൈറ്റ് കൂടി ലക്ഷ്യമിട്ടാണ് രണ്ടാമൂഴത്തിന്റെ നിർമ്മാണ പങ്കാളിയാകുന്നത്. ഹോളിവുഡിലെ സാങ്കേതിക വിദഗ്ധരേയും സിനിമയുടെ അണിയറയിൽ സജീവമാക്കും. 12 ഭാഷകളിൽ ഒരേ സമയം ചിത്രീകരിക്കുന്ന രണ്ടാമൂഴത്തിന് അറുന്നൂറ് കോടി രൂപയാണ് ബജറ്റ് പ്രതീക്ഷിക്കുന്നത്. മഹാഭാരതത്തിന്റെ പ്രസക്തിയിലൂടെ ഈ തുക നേടിയെടുക്കാമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. മലയാളത്തിൽ എംടിയെഴുതിയ തിരക്കഥ മറ്റ് ഭാഷകളിലേക്ക് അതേ പടി മൊഴിമാറ്റും.

എംടിയുടെ രണ്ടാമൂഴം ഹരിഹരൻ സംവിധാനം ചെയ്യുമെന്നായിരുന്നു സൂചന. എന്നാൽ 600 കോടിയുടെ മുതൽമുടക്കിൽ ചിത്രമെടുക്കാനുള്ള താൽപ്പര്യക്കുറവ് ഹരിഹരൻ പ്രകടിപ്പിക്കുകയായിരുന്നു. ഇതോടെയാണ് പരസ്യ സംവിധാനത്തിൽ കഴിവു തെളിയിച്ചിട്ടുള്ള വിഎ ശ്രീകുമാർ മേനോൻ സംവിധായക ചുമതല സ്വയം ഏറ്റെടുത്തത്. പുഷ് ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷന്റെ മാനേജിങ് ഡയറക്ടറും സിഇഓ യുമാണിദ്ദേഹം. കേരളീയർ പാടി നടക്കുന്ന, 'വിശ്വാസം അതല്ലേ എല്ലാം', 'വളരണം ഈ നാട് തുടരണം ഈ ഭരണം' പോലുള്ള പരസ്യ ചിത്രങ്ങളുടെ സൃഷ്ടാവാണ് അദ്ദേഹം. മണപ്പുറം ഫിനാൻസിന് വേണ്ടി പരസ്യ ചിത്രം ഒരുക്കിയത് ശ്രീകുമാറാണ്. 12 ഭാഷകളിലായി ഒരുക്കിയ പരസ്യത്തിൽ എട്ട് ബ്രാന്റ് അംബാസിഡർ മാരാണ് ഉള്ളത്- മോഹൻലാൽ, അക്ഷയ് കുമാർ, വിക്രം, വെങ്കിടേഷ്, പുനീത് രാജ്കുമാർ, ഉത്തം മൊഹൻണ്ടി, മിഥുൻ ചക്രബോർട്ടി, സച്ചിൻ കാദേകർ എന്നിവരായിരുന്നു അത്. ഇതേ മാതൃകയിൽ രണ്ടാമൂഴവും 12 ഭാഷകളിലെത്തുന്നു. ബോളിവുഡിലും കോളിവുഡിലും ടോളിവുഡിലും സാന്റവുഡിലും മലയാളത്തിലുമുള്ള ഒട്ടുമിക്ക എല്ലാ സൂപ്പർതാരങ്ങൾക്കൊപ്പവും ശ്രീകുമാർ പ്രവൃത്തിച്ചിട്ടുണ്ട്. അമിതാഭ് ബച്ചൻ, മമ്മൂട്ടി, മോഹൻലാൽ, ഐശ്വര്യ റായ്, സുസ്മിത സെൻ, അക്ഷയ് കുമാർ, നാഗാർജ്ജുൻ, പ്രഭു, ദിലീപ്, ശിവരാജ് കുമാർ തുടങ്ങിയ നടന്മാരുടെയെല്ലാം പരസ്യങ്ങൾ ശ്രീകുമാർ ചെയ്തിട്ടുണ്ട്. ഈ ബന്ധമാണ് രണ്ടാമൂഴത്തിലെ സ്റ്റാർ കാസ്റ്റിലും തുണയാക്കാൻ ശ്രീകുമാർ ശ്രമിക്കുന്നത്. ചിത്രത്തിൽ എ ആർ റഹ്മാനാകും സംഗീത സംവിധാനം നിർവഹിക്കുക.

കല്ല്യാൺ ജൂലേഴ്‌സ് എന്ന ബ്രാൻഡ് ബിൽഡിങ്ങിൽ ശ്രീകുമാറിന്റെ പങ്ക് വലുതാണ്. കല്ല്യാൺ ജൂലേഴ്‌സ് ഉടമയുമായി അടുത്ത ബന്ധം പുലർത്തുന്നു. ഇത് തന്നെയാണ് രണ്ടാമൂഴ്‌ത്തിന്റെ സാമ്പത്തികമൊരുക്കുന്നതിലും നിർണ്ണായകമാകുന്നത്. പുഷ് ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷന്റെ നിയന്ത്രണത്തിലാകും രണ്ടാമൂഴത്തിന്റെ നിർമ്മാണം. ഇതിൽ ഗോകുലം ഗോപാലൻ അടക്കമുള്ളവർ സഹായവുമായെത്തും. അത്യാധുനിക സാങ്കേതികതയാകും ഉപയോഗിക്കുക. ഗ്രാഫിന്റെ പിൻബലത്തിൽ ബാഹുബലിയെ തള്ളുന്ന സിനിമാ നിർമ്മാണമാകും ഇത്. കുരുക്ഷേത്ര യുദ്ധം തന്നെയാകും ഇതിൽ ഹൈലൈറ്റ്. നടീനടന്മാരെ നിശ്ചയിച്ച് എത്രയും വേഗം സിനിമാ നിർമ്മാണമാണ് ലക്ഷ്യമിടുന്നത്. ഇന്ത്യൻ ചിരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രം ബോളിവുഡ് മാർക്കറ്റിനെയാകും പ്രധാനമായും ലക്ഷ്യമിടുന്നത്. അതുകൊണ്ട് കൂടിയാണ് ബച്ചനേയും ഐശ്വര്യയേയും തന്ത്രപ്രധാന വേഷങ്ങളിൽ അണിനിരത്തുന്നതിന് കാരണം. അതിനിടെ ശ്രീകുമാറിന് പകരം മറ്റൊരു പ്രധാനി സിനിമ സംവിധാനം ചെയ്യുമെന്നും അഭ്യൂഹമുണ്ട്. രാജമൗലി, ശങ്കർ തുടങ്ങിയ വമ്പൻ സംവിധായകരുടെ പേരും ചർച്ചകളിലുണ്ട്. പ്രിയദർശനും എംടിയുടെ തിരക്കഥ സംവിധാനം ചെയ്യാൻ മോഹമുള്ള വ്യക്തിയാണ്.

അറുന്നൂറ് കോടിയാണ് ബജറ്റ് പ്രതീക്ഷിക്കുന്നത്. ഇത് 750 കോടി വരെ ഉയരാനുള്ള സാധ്യതയും കാണുന്നു. 500 കോടി കടന്നാൽ തന്നെ ഇന്ത്യൻ സിനിമാ ചിരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി രണ്ടാമൂഴം മാറും. 200 കോടി രൂപ ചെലവിട്ട ബാഹുബലിയാണ് ഇന്ത്യയിൽ പുറത്തിറങ്ങിയതിൽ ഏറ്റവും ചെലവേറിയ സിനിമ. രജനികാന്തിന്റെ പുതിയ ശങ്കർ സിനിമയായ 2.0 എന്ന ചിത്രത്തിന് 35 കോടി വരെ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ശങ്കറിന്റെ വിക്രം സിനിമയായ ഐയ്ക്ക് 180 കോടി ചെലവിട്ടു. ദൂം 3യും 175 കോടി ചെലവിട്ടാണ് എടുത്തത്. ഇതിനെയെല്ലാം ഏറെ പിന്നിലാക്കുന്ന ബജറ്റാണ് രണ്ടാമൂഴത്തിലേത്. വമ്പൻ സെറ്റുകളും കുരുക്ഷേത്ര യുദ്ധവും തന്നെയാകും രണ്ടാമൂഴത്തിന്റെ ചെലവ് ഉയർത്തുന്നത്. സ്വാഭാവികത നിലനിർത്തുന്ന യുദ്ധരംഗങ്ങൾ ഒരുക്കാൻ നിരവധി അഭിനേതാക്കളും വേണ്ടി വരും. യുദ്ധം ചിത്രീകരിക്കാനുള്ള ലൊക്കേഷനും മറ്റും കരുതലോടെയാകും തീരുമാനിക്കുക.

പുലിമുരുകൻ എന്ന സിനിമയിലൂടെ മോഹൻലാൽ 150 കോടി കളക്റ്റ് ചെയ്യുന്ന നായകനായി മാറിയിരുന്നു. ജനതാഗാരേജ്, വിസ്മയം തുടങ്ങിയ സിനിമകൾ ലാലിനെ തെന്നിന്ത്യയിലെ നമ്പർ വൺ നടനാക്കി ഉയർത്തിയിട്ടുണ്ട്. പോയ വർഷം ലാൽ ചിത്രങ്ങൾ എല്ലാം കൂടി 400 കോടി കളക്റ്റ് ചെയ്തു. ഇന്ത്യയിലെ സൂപ്പർ നായകരിൽ നാലാം സ്ഥാനവും നേടി. രജനികാന്തിന് പോലും ഈ പട്ടികയിൽ അഞ്ചാം സ്ഥാനമായിരുന്നു. ഷാരൂഖ് ഖാന് ഈ പട്ടികയിൽ എത്താനുമായില്ല. ഇത് ആദ്യമായായിരുന്നു ഒരു മലയാള നടൻ ഈ പട്ടികയിലെത്തിയത്. അങ്ങനെ ഇന്ത്യ അറിയുന്ന താരമായ ലാൽ മാറിക്കഴിഞ്ഞു. രണ്ടാമൂഴത്തിലെ ലാലിന്റെ നായക കഥാപാത്രവും അതുകൊണ്ട് തന്നെ ഇന്ത്യ മുഴുവൻ ഏറ്റെടുക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. മോഹൻലാലിനൊപ്പം ഐശ്വര്യാ റായി ഇതിനു മുമ്പും അഭിനയിച്ചിട്ടുണ്ട്. മണിരത്‌നത്തിന്റെ ഇരുവരിൽ മോഹൻലാലിന്റെ നായികയായാണ് ഐശ്വര്യാ റായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചതും. എംജിആറിന്റെ കഥ പറഞ്ഞ ഇരുവരിൽ ജയലളിതയോട് സാമ്യമുള്ള കഥാപാത്രത്തെയാണ് ഐശ്വര്യാ റായി അവതരിപ്പിച്ചത്.

മോഹൻലാൽ തന്നെയാണ് രണ്ടാമൂഴം സിനിമയാകുന്നു എന്ന വാർത്ത സ്ഥിരീകരിച്ചത്. എം ടി തിരക്കഥ പൂർത്തിയാക്കി നൽകിയെന്നും അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുമെന്നും മോഹൻലാൽ അറിയിച്ചു. ഇതിഹാസമായ മഹാഭാരതത്തിന് ഒരു പുതിയ ഭാഷ്യം ചമയ്ക്കുകയായിരുന്നു എംടി രണ്ടാമൂഴത്തിലൂടെ. ആരാലും തിരിച്ചറിയപ്പെടാതെ പോയ ഭീമന്റെ വ്യഥകളിലൂടെ, കാഴ്ചപ്പാടിലൂടെ, ഒറ്റപ്പെടലിലൂടെയൊക്കെയാണ് നോവൽ പുരോഗമിക്കുന്നത്. മഹാഭാരതത്തിന് നിരവധി പൊളിച്ചെഴുത്തുകൾ ഉണ്ടായിട്ടുണ്ട്. ദുര്യോധനന്റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് സുയോധനപർവ്വം എന്ന നോവൽ, കർണന്റെ കാഴ്ചപ്പാടിൽ കർണ്ണഭാരം, ഭീമന്റെ കാഴ്ചപ്പാടിൽ രണ്ടാമൂഴം തുടങ്ങിയവ ഉദാഹരണങ്ങൾ. കർണന്റെ മാനസിക വ്യഥകൾ കേന്ദ്രീകൃതമായ ഭാസന്റെ 'കർണ്ണഭാരം' എന്ന നാടകം കാവാലം നാരായണപ്പണിക്കരുടെ മേൽനോട്ടത്തിൽ മോഹൻലാൽ തന്നെ അരങ്ങിലെത്തിച്ചു ഇതിൽ നിന്നെല്ലാം ആവേശം ഉൾക്കൊണ്ടാണ് ലാൽ ഭീമനാകാൻ ഒരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP