Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുപ്പത്തിയൊന്നാം വിവാഹവാർഷിക നിറവിലും ഉറവ വറ്റാത്ത പ്രണയുവുമായി മോഹൻലാലും സുചിത്രയും; 'അങ്ങേയറ്റം കരുതലും സ്‌നേഹവും അതാണ് ചേട്ടന്റെ ഏറ്റവും വലിയ ഗുണമെന്ന് സുചിത്ര; ആ വിവാഹ വീഡിയോ ഇന്നും യൂട്യൂബിൽ വൈറൽ

മുപ്പത്തിയൊന്നാം വിവാഹവാർഷിക നിറവിലും ഉറവ വറ്റാത്ത പ്രണയുവുമായി മോഹൻലാലും സുചിത്രയും; 'അങ്ങേയറ്റം കരുതലും സ്‌നേഹവും അതാണ് ചേട്ടന്റെ ഏറ്റവും വലിയ ഗുണമെന്ന് സുചിത്ര; ആ വിവാഹ വീഡിയോ ഇന്നും യൂട്യൂബിൽ വൈറൽ

മറുനാടൻ ഡെസ്‌ക്‌

മലയാളിയുടെ കാമുകഭാവത്തിന് കുറുമ്പും നായകസങ്കല്പത്തിന് പൗരുഷവും നൽകിയ മഹാനടൻ നടനവിസ്മയം മോഹൻലാലിന്റെ ദാമ്പത്യത്തിന് ഏപ്രിൽ 28ന് 31 വയസ്സ്. പ്രശസ്ത തമിഴ് നടനും നിർമ്മാതാവുമായ കെ. ബാലാജിയുടെ മകൾ സുചിത്രയെ 1988ലാണ് ഏപ്രിൽ 28-നാണ് മോഹൻലാൽ വിവാഹം കഴിച്ചത്.ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലായിരുന്നു വിവാഹം. വഴുതക്കാട് സുബ്രഹ്മണ്യം ഹാളിൽ നിറപറയെയും നിലവിളക്കിനെയും സാക്ഷിനിർത്തി ലാൽ സുചിത്രയ്ക്ക് പുടവനൽകി.

നടന്മാരായ പ്രേംനസീർ, കെ.പി. ഉമ്മർ, തിക്കുറിശ്ശി, സുകുമാരൻ, മമ്മൂട്ടി, ജഗതി ശ്രീകുമാർ, ബാലചന്ദ്രമേനോൻ, ശ്രീനിവാസൻ, സംവിധായകരായ സത്യൻ അന്തിക്കാട്, പ്രിയദർശൻ, വേണുനാഗവള്ളി, ഫാസിൽ, രാഷ്ട്രീയനേതാക്കളായ കരുണാകരൻ ഉമ്മൻ ചാണ്ടി, ടി.കെ. രാമകൃഷ്ണൻ, ആർ ബാലകൃഷ്ണപിള്ള, അന്ന് ഫിലിം ചേംബർ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന പി.വി. ഗംഗാധരൻ തുടങ്ങിയ നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ആ വിവാഹ വീഡിയോ ഇന്നും യൂട്യൂബിൽ വൈറലാണ്.

വീട്ടുകാർ അറിഞ്ഞുറപ്പിച്ച വിവാഹമായിരുന്നു എങ്കിലും മോഹൻലാൽ-സുചിത്ര വിവാഹത്തിന്റെ അടിയൊഴുക്കിൽ പ്രണയമുണ്ട്. ''ചെന്നൈയിൽ ഒരു വിവാഹ വേളയിലാണ് ഞാൻ ചേട്ടനെ ആദ്യമായി കാണുന്നത്. അതിനുമുൻപ് അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിരുന്നു. എനിക്ക് നല്ല ഇഷ്ടമായിരുന്നു അവയെല്ലാം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വീട്ടിലെത്തി ഞാൻ പറഞ്ഞു: എനിക്ക് മോഹൻലാലിനെ കല്യാണം കഴിക്കണം. സുകുമാരിച്ചേച്ചി വഴിയാണ് എല്ലാ കാര്യങ്ങളും അന്വേഷിച്ച് പറഞ്ഞുറപ്പിച്ചത്'' - സുചിത്ര ഓർക്കുന്നു. ജാതകം ചേരില്ലെന്ന കാരണത്താൽ ആദ്യം വേണ്ടെന്നു വച്ച കല്യാണാലോചന രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും നിയോഗം പോലെ വീട്ടുകാർ നടത്തികൊടുക്കുകയായിരുന്നു.

കാൽനൂറ്റാണ്ടിന്റെ ദാമ്പത്യത്തിനിടെ മോഹൻലാൽ നായകനിൽനിന്ന് സൂപ്പർ താരത്തിലേക്കും ഇന്ത്യകണ്ട എക്കാലത്തെയും വലിയനടനിലേക്കും വളർന്നു. അംഗീകാരങ്ങൾ വന്നുനിറഞ്ഞു. ഈ തിരക്കുകൾക്കും വളർച്ചകൾക്കുമിടയിലും മനംനിറയെ സ്‌നേഹവും കരുതലുമുള്ള ഭർത്താവായി ലാൽ തന്നോടൊപ്പമുണ്ടായിരുന്നു എന്ന് സുചിത്ര പറയുന്നു: ''അങ്ങേയറ്റം കരുതലും സ്‌നേഹവും അതാണ് ചേട്ടന്റെ ഏറ്റവും വലിയ ഗുണം. ഞങ്ങളൊന്നിച്ച് പൊതുചടങ്ങുകളിൽ ഒന്നും അങ്ങനെ പങ്കെടുക്കാറില്ല. കൊച്ചു ലോകത്തിൽ ഒതുങ്ങിക്കൂടാനുള്ള എന്റെ ഇഷ്ടംകൊണ്ടാണത് '' - സുചിത്ര പറഞ്ഞു

വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നെങ്കിലും വിവാഹത്തിനു മുൻപെ സുചിത്ര മോഹൻലാലിന്റെ ആരാധികയായിരുന്നു എന്ന കാര്യം ഒരിക്കൽ സുചിത്രയുടെ സഹോദരൻ സുരേഷ് ബാലാജി തന്നെ വെളിപ്പെടുത്തിയിരുന്നു. ''സുചിക്ക് മോഹൻലാൽ എന്നാൽ ഭ്രാന്തായിരുന്നു. അദ്ദേഹത്തിന്റെ സിനിമകൾ കണ്ട് ആരാധനയായിരുന്നു. ഇരുവരും പരസ്പരം കത്തുകളെഴുതിയിരുന്നു. എന്നാൽ ഇതൊന്നും ആരു അറിഞ്ഞിരുന്നില്ല. സുചി ഇതൊക്കെ ഭയങ്കര സീക്രട്ടായി കൊണ്ട് നടന്നു. പിന്നെ അവളുടെ ഇഷ്ടം മനസിലായപ്പോൾ എന്റയൊരു അമ്മായിയാണ് ലാലിന്റെ കുടുംബത്തിൽ പോയി സംസാരിച്ച് കല്യാണത്തിലേക്കെത്തിച്ചത്. വിവാഹം അറേഞ്ച്ഡ് ആയിരുന്നു,'' മോഹൻലാൽ- സുചിത്ര വിവാഹത്തെ കുറിച്ച് നിർമ്മാതാവ് കൂടിയായ സുരേഷ് ബാലാജി ഗൃഹലക്ഷ്മിക്ക് കൊടുത്ത അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.

നിർത്തിവച്ച സിനിമാ ജീവിതം വീണ്ടും ആരംഭിച്ചതിന് കാരണക്കാരൻ മോഹൻലാലാണെന്നും സുരേഷ് ബാലാജി വെളിപ്പെടുത്തി. സിനിമയുടെ റൈറ്റിനെക്കുറിച്ച് തന്റെ പിതാവ് ബാലാജിയും ഒരു നടനുമായി തർക്കം നടക്കുകയും അത് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കുകയും പിന്നീട് നിർമ്മാണ രംഗത്തുനിന്നും പിന്മാറുകയുമായിരുന്നുവെന്നും സുരേഷ് ബാലാജി അഭിമുഖത്തിൽ പറയുന്നു.

എന്നാൽ സുചിത്രയെ വിവാഹം ചെയ്ത് ലാൽ കുടുംബത്തിലേക്ക് വന്നതോടെ വീണ്ടും നിർമ്മാണം ആരംഭിച്ചു. മോഹൻലാൽ, ശോഭന, അമല എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ 'ഉള്ളടക്കം' എന്ന ചിത്രത്തിലൂടെയാണ് സിതാര കമ്പയിൻസ് എന്ന പേരിൽ സുരേഷ് ബാലാജി വീണ്ടും നിർമ്മാണ രംഗത്തേക്ക് കടന്നുവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP