Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മൂന്നാഴ്ച കൊണ്ട് നേടിയത് 28 കോടി: മലയാള സിനിമയിലെ കളക്ഷൻ റിക്കോർഡ് തകർത്ത് ലാലേട്ടന്റെ ഒപ്പം; തകർത്തത് പ്രേമത്തിന്റെ റിക്കോർഡ്; ദൃശ്യത്തിന് ശേഷം മോഹൻലാലിന്റെ ഏറ്റവും വലിയ ഹിറ്റ്

മൂന്നാഴ്ച കൊണ്ട് നേടിയത് 28 കോടി: മലയാള സിനിമയിലെ കളക്ഷൻ റിക്കോർഡ് തകർത്ത് ലാലേട്ടന്റെ ഒപ്പം; തകർത്തത് പ്രേമത്തിന്റെ റിക്കോർഡ്; ദൃശ്യത്തിന് ശേഷം മോഹൻലാലിന്റെ ഏറ്റവും വലിയ ഹിറ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജിത്തു ജോസഫിന്റെ ദൃശ്യം കളക്ഷൻ റിക്കോർഡ് ഭേദിച്ച മോഹൻലാൽ ചിത്രമായിരുന്നു. എന്നാൽ നിവിൻ പോളിയുടെ പ്രേമം അതിനെ കടത്തി വെട്ടി. മോഹൻലാലാകട്ടെ ഹിറ്റ് കണ്ടെത്താനാവാത്ത അവസ്ഥയിലും. ഇതോടെ ലാൽ അഭിനയ രംഗത്ത് നിന്ന് പിൻവാങ്ങണമെന്ന അഭിപ്രായം പോലും ചില കോണുകൾ സജീവമാക്കി. ഇതിനുള്ള ലാലിന്റെ മറുപടിയായിരുന്നു ഒപ്പം. പ്രിയ സുഹൃത്ത് പ്രിയദർശനുമായി ലാൽ വീണ്ടും മലയാള സിനിമയുടെ എക്കാലത്തേയും മികച്ച വിജയ നായകനായിരുന്നു. ഒപ്പത്തിന്റെ കളക്ഷൻ റിക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. വീണ്ടും വിജയനായകന്റെ പരിവേഷം ലാലിനെ തേടിയെത്തുന്നു.

തൊണ്ണൂറുകൾക്ക് ശേഷം മലയാളത്തിലെ വലിയ ഹിറ്റ് മേക്കറായി ലാൽ മാറുകയായിരുന്നു. പ്രിയദർശന്റെ ചിത്രം എന്ന സിനിമയിലൂടെയാണ് ബോക്‌സ് ഓഫീസിൽ റിക്കോർഡ് വിജയ ചരിത്രത്തിന് ലാൽ പുതിയ മാനം നൽകിയത്. അതിന് ശേഷം ദേവാസുരം, ആറാം തമ്പുരാൻ, കിലുക്കം, മണിച്ചിത്രത്താഴ്, ഉദയനാണ് താരം ഇങ്ങനെ നീളുന്നു ആ റിക്കോർഡ് പട്ടിക. 2014ൽ ദൃശ്യത്തിലൂടെ വീണ്ടും മുമ്പിലെത്തി മോഹൻലാൽ. അതിന് ശേഷം ലാലിന്റെ മോശം കാലമായിരുന്നു. 2015ൽ വമ്പൻ ഹിറ്റൊന്നും ലാലിന് സമ്മാനിക്കാനായില്ല. ഇതിന് മാറ്റമുണ്ടാക്കാൻ ഗീതാഞ്ജലിയെന്ന സിനിമയുമായി പ്രിയദർശൻ തന്നെ എത്തി. ഇത് വമ്പൻ പരാജയവുമായി. ജയസൂര്യയെ നായകനാക്കി പ്രിയൻ എടുത്ത ആമയും മയലും പൊളിഞ്ഞതോടെ പ്രിയന്റേയും കഥ തീർന്നെന്ന് വിമർശകവർ വിലയിരുത്തി. ഇവിടെയാണ് ഒപ്പത്തിന്റെ പ്രസക്തി.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യമാണ് കളക്ഷൻ റിക്കോർഡിൽ മുമ്പിലുള്ള മോഹൻലാൽ ചിത്രം. തിയേറ്ററുകളിൽ നിന്നും സാറ്റലൈറ്റ് തുകയും ആകെ മൊത്തം 60 കോടി രൂപ ചിത്രം നേടിക്കഴിഞ്ഞു. 20,000 ഷോകൾ കേരളത്തിലെ തിയേറ്ററുകളിൽ കളിച്ചു. കേരളത്തിലെ പല തിയേറ്ററുകളിലും നൂറിൽ കൂടുതൽ ദിവസം ഓടി. 4 കോടി രൂപയായിരുന്നു ചിത്രത്തിന്റെ നിർമ്മാണ ചെലവ്. ഈ റിക്കോർഡിനേയും പ്രേമത്തിന്റെ സർവ്വകാല റിക്കോർഡിനേയും ഒപ്പം മറികടക്കുമെന്നാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്ന സൂചന. 67 കോടിയാണ് പ്രേമം കളക്റ്റ് ചെയ്ത്. മൂന്നാഴ്ച കൊണ്ട് 28 കോടി കളക്റ്റ് ചെയ്ത ഒപ്പം കുറഞ്ഞ് 70 കോടിയെങ്കിലും കളക്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷ. തമിഴ്‌നാട്ടിലും കർണ്ണാടകയിലും ആന്ധ്രയിലും ഈ സിനിമയ്ക്ക് വലിയ സ്വീകാര്യത കിട്ടുന്നുണ്ട്. അതിനാൽ കളക്ഷൻ നൂറ് കോടി കടന്നാലും അൽഭുതമില്ലെന്നാണ് വിലയിരുത്തൽ.

ഫാമിലി ത്രില്ലറെന്ന പേരിൽ ഒപ്പവുമായി പ്രിയനും ലാലും എത്തുമ്പോൾ ചിത്രത്തെ കുറിച്ച് സംശയങ്ങളായിരുന്നു. വിപണി മൂല്യം ഇടിഞ്ഞ ലാലും പ്രിയനും ഒപ്പത്തിൽ രക്ഷകാണുമോ എന്നതായിരുന്നു ചർച്ച. എന്നാൽ ഒപ്പം തിയേറ്ററിലെത്തിയപ്പോൾ ആ സംശയം മാറി. ഓണചിത്രങ്ങളിൽ മുന്നിലെത്തിയ ഒപ്പം മലയാളത്തിലെ ഏക്കാലത്തേയും വലിയ ഹിറ്റിലേക്കുള്ള യാത്രയിലാണ്. ചിത്രവും കിലുക്കവും പോലെ ചരിത്ര വിജയത്തിലേക്ക്. കേരളത്തിൽ നിന്ന് മാത്രം 13 ദിവസം കൊണ്ട് 22 കോടി രൂപ കളക്ഷൻ നേടി 'ഒപ്പം' ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറി. നിവിൻ പോളി ചിത്രമായ 'ജേക്കബിന്റെ സ്വർഗരാജ്യം' നേടിയ മൊത്തം കളക്ഷനെയും മറികടന്നാണ് ഒപ്പം കുതിക്കുന്നത്. ചിത്രം 30 ദിവസം കൊണ്ട് 50 കോടി ക്ലബിൽ ഒപ്പമെത്തുമെന്നാണ് വലിയിരുത്തൽ. വെറും 6.8 കോടി രൂപ മാത്രമാണ് ഒപ്പത്തിന്റെ നിർമ്മാണച്ചെലവ്. അതുകൊണ്ട് തന്നെ ആശിർവാദ് സിനിമാസിന് ഒപ്പം വലിയ നേട്ടമാകും.

സെപ്റ്റംബർ എട്ടിന് റിലീസ് ചെയ്ത ചിത്രം തിയറ്ററുകളിൽ ഇപ്പോഴും ഹൗസ് ഫുള്ളാണ്. ആദ്യ ഏഴ് ദിവസത്തെ കേരള ഗ്രോസ് 12.6 കോടിയാണ്. 6 കോടി ഡിസ്ട്രിബ്യൂട്ടേർസ് ഷെയർ ആണ്. ഇതോടെ മലയാളത്തിൽ ഏറ്റവും വേഗത്തിൽ 10 കോടി കലക്ഷൻ നേടുന്ന ചിത്രമായി ഒപ്പം. അൽഫോൻസ് പുത്രൻ-നിവിൻ പോളി ചിത്രമായ പ്രേമത്തിന്റെ റെക്കോർഡാണ് ഒപ്പം തകർത്തത്. 104 കേന്ദ്രങ്ങളിലായിരുന്നു ഒപ്പം റിലീസിനെത്തിയത്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 1.56 കോടി ചിത്രം നേടിയിരുന്നു. കഴിഞ്ഞ വർഷം ജൂൺ 25 ന് തിയേറ്ററുകളിൽ എത്തിയ പ്രേമത്തിന്റെ ആദ്യ ഒരാഴ്ചയിലെ കളക്ഷൻ 10.40 കോടി രൂപയായിരുന്നു. പൃഥ്വിരാജ് ചിത്രം എന്ന് നിന്റെ മൊയ്തീനും ആദ്യത്തെ പത്തുദിവസം കൊണ്ട് 10 കോടി കളക്ഷൻ നേടിയിരുന്നു.

മൂന്നാം ആഴ്ച പിന്നിടുമ്പോളും ചിത്രം തിയറ്ററുകളിൽ തകർത്തോടിക്കൊണ്ടിരിക്കുകയാണ്. റിപ്പോർട്ട് പ്രകാരം 28 കോടി ചിത്രം ഇതിനകം നേടിക്കഴിഞ്ഞു. ഇവിടേയും തകർത്തത് നിവിൻ പോളി ചിത്രം പ്രേമത്തിന്റെ റെക്കോർഡാണ്. എന്തായാലും ഒപ്പം ഈ രീതിയിലാണ് മുമ്പോട്ട് പോകുന്നതെങ്കിൽ അത് മലയാളത്തിലെ സർവ്വകാല റെക്കോർഡായിരിക്കും. തിരുവോണ ദിവസം ജനത്തിരക്ക് പരിഗണിച്ച് പല സെന്ററുകളിലും സെക്കന്റ് ഷോയ്ക്ക് ശേഷവും അഡീഷണൽ ഷോകൾ നടത്തേണ്ടിവന്നു.

മികച്ച ഗാനങ്ങളും ഞെട്ടിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന ക്ലൈമാക്‌സും മോഹൻലാലിന്റെ അസാധാരണ പ്രകടനവുമെല്ലാമായി ഒപ്പം പ്രേക്ഷകർക്ക് എല്ലാം തികഞ്ഞ ഒരു കാഴ്ചയായി മാറിയിരിക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ അനുശ്രീയും വിമല രാമനുമാണ് നായികമാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP