Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് മുന്നോട്ട് പോകാൻ സിനിമാ നിർമ്മാതാവിനെ സഹായിക്കുന്നത് പ്രൊഡക്ഷൻ കൺട്രോളറായിരിക്കും'; 72 സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളറായി ജോലി ചെയ്ത് 22 വർഷത്തെ അനുഭവവുമായി ഷാജി പട്ടിക്കര; സാഹസം പിടിച്ച ജോലിയാണ് പ്രൊഡക്ഷൻ കൺട്രോളറുടേതെന്നും കലാമൂല്യമുള്ള സിനിമ സംവിധാനം ചെയ്യണമെന്നാണ് ആഗ്രഹമെന്നും ഷാജി

'എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് മുന്നോട്ട് പോകാൻ സിനിമാ നിർമ്മാതാവിനെ സഹായിക്കുന്നത് പ്രൊഡക്ഷൻ കൺട്രോളറായിരിക്കും'; 72 സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളറായി ജോലി ചെയ്ത് 22 വർഷത്തെ അനുഭവവുമായി ഷാജി പട്ടിക്കര; സാഹസം പിടിച്ച ജോലിയാണ് പ്രൊഡക്ഷൻ കൺട്രോളറുടേതെന്നും കലാമൂല്യമുള്ള സിനിമ സംവിധാനം ചെയ്യണമെന്നാണ് ആഗ്രഹമെന്നും ഷാജി

ധനലക്ഷ്മി

നിർമ്മാതാവിനെ എല്ലാ പ്രതിസന്ധികളിലും ഊർജം പകർന്ന് മുന്നോട്ട് കൊണ്ടുപോകുന്നത് ഒരു പ്രൊഡക്ഷൻ കൺട്രോളറായിരിക്കും. ചലച്ചിത്ര നിർമ്മാണത്തിന്റെ വിവിധഘട്ടങ്ങളിൽ നിർമ്മാതാവിന് പിന്തുണ നൽകി പോന്നിരുന്ന പ്രൊഡക്ഷൻ കൺട്രോളറാണ് ഷാജി പട്ടിക്കര. പി.ടി. കുഞ്ഞുമുഹമ്മദിന്റെ ഗർഷോം, ജയരാജിന്റെ ശാന്തം ഉൾപ്പെടെ ഏഴോളം സിനിമകളിൽ പ്രൊഡക്ഷൻ മാനേജരായും  പ്രവർത്തിച്ചു.

വടക്കുംനാഥൻ, പുലിജന്മം, വാസ്തവം, ഒരിടം തുടങ്ങിയ 13 ഓളം സിനിമകളിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും ടിവി ചന്ദ്രന്റെ പാഠം ഒന്ന് ഒരു വിലാപം, വിലാപങ്ങൾക്കപ്പുറം, ഭൂമിമലയാളം, ശങ്കരനും മോഹനനും, ഭൂമിയുടെ അവകാശികൾ, മോഹവലയം, പെങ്ങളില, എംജി ശശിയുടെ അടയാളങ്ങൾ, പ്രിയനന്ദനന്റെ പാതിരാകാലം തുടങ്ങി 72 ഓളം സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളറായി സിനിമാ മേഖലയിൽ പ്രശസ്തി നേടി.

ടി.വി ചന്ദ്രന്റെ പെങ്ങളില, പ്രിയനന്ദനന്റെ സൈലൻസർ, പ്രദീപ് നാരായണന്റെ കൽക്കണ്ടം, പി.കെ ബാബുരാജിന്റെ കളിക്കൂട്ടുകാർ എന്നീ സിനിമകളുടെ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ചു വരുന്ന ഷാജി പട്ടിക്കര തന്റെ 22 വർഷത്തെ സിനിമ അനുഭവങ്ങൾ മറുനാടൻ മലയാളിയോട് പങ്കുവയ്ക്കുന്നു.

സിനിമയിലേക്കുള്ള വരവ്

പി.ടി. കുഞ്ഞുമുഹമ്മദിന്റെ ഗർഷോം എന്ന സിനിമയിലാണ് ആദ്യമായി ആരിഫ് പൊന്നാനിയുടെ കൂടെ പ്രൊഡക്ഷൻ മനേജരായി പ്രവർത്തിക്കുന്നത്. അതിനു മുൻപ് കുറേ ചെറു സിനിമകളിലും സീരിയലുകളിലും പ്രവർത്തിച്ചതിന്റെ അനുഭവമുണ്ടായിരുന്നു. ഒരു ഒഴിവുണ്ടെന്ന് അറിഞ്ഞ് ഖാദർ കൊച്ചന്നൂർ എന്ന സ്റ്റിൽ ഫോട്ടോഗ്രാഫറുടെ കൂടെയാണ് ഞാൻ പോയത്. തൃത്താല ഗസ്റ്റ് ഹൗസിൽ ചെന്നു. ആരിഫ് പൊന്നാനിയുമായി സംസാരിച്ചു. അതിൽ ഒരു പ്രൊഡക്ഷൻ മനേജരായി എനിക്ക് നല്ല രീതിയിൽ പ്രവർത്തിക്കാനായി. ആ സിനിമയിൽ എന്റെ കഴിവ് തെളിയിക്കാനായി.

അതിനു ശേഷം നീലാകാശം നിറയെ എന്ന ഒരു സിനിമയുടെ ലൊക്കേഷൻ കാണാൻ ആന്റോ ജോസഫിന്റെ കൂടെ ഞാനാണ് പോയത്. അങ്ങനെ ശാന്തം, ബീഭത്സം തുടങ്ങീ 11 ഓളം ചിത്രങ്ങളിൽ ആന്റോ ജോസഫിന്റെ കൂടെ പ്രവർത്തിച്ചു. പിന്നീട് ആന്റോ ജോസഫ് നിർമ്മാതാവായി. ആന്റോ ജോസഫിന്റെ കൂടെ പ്രവർത്തിക്കാൻ നല്ല സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്നെ അഴിച്ചുവിടുകയായിരുന്നു. നല്ലൊരു അനുഭവമായിരുന്നു. പിന്നീട് പീറ്റർ ഞാറയ്ക്കൽ, സഞ്ചു വൈക്കം, റോഷൻ ചിറ്റൂർ, ഷിബു ജി സുശീലൻ ഇവരുടെ കൂടെയെല്ലാം ഞാൻ പ്രവർത്തിച്ചു.

ഇതിനിടയിൽ ആരിഫ് പൊന്നാനി ചെയ്യേണ്ട സിനിമയായിരുന്നു ടി.വി ചന്ദ്രന്റെ പാഠം ഒന്ന് ഒരു വിലാപം. ഈ സിനിമയിലേക്കു ഗർഷോമിന്റെ അനുഭവം വച്ച് പ്രൊഡക്ഷൻ മനേജരായി എന്നെ വിളിച്ചതായിരുന്നു. ചില കാരണംകൊണ്ട് ആരിഫ് പൊന്നാനി ആ ചിത്രത്തിൽനിന്ന് പിന്മാറി. ആ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറായി വർക്കുചെയ്യാനാകുമോയെന്ന് ടി.വി ചന്ദ്രൻ സാർ എന്നോട് ചോദിച്ചു. അങ്ങനെയാണ് ആരിഫ് പൊന്നാനിയുടെ അനുവാദത്തോടെ പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറായി വർക്കുചെയ്യുന്നത്. അതിനു ശേഷം ഇന്നുവരെ ഒരു ഇടവേള എനിക്ക് ഉണ്ടായിട്ടില്ല.

കലാമൂല്യമുള്ള സിനിമ

കലാമൂല്യമുള്ള സിനിമകൾ ചെയ്യുന്നത് പണം മോഹിച്ചിട്ടല്ല. ഈ യാത്ര സുഖമായി തോന്നി. വല്ല്യ തലവേദനയില്ല. പിന്നെ ഇത്തരം സിനിമകളോടുള്ള ഇഷ്ടം. പാഠം ഒന്ന് ഒരു വിലാപം, വിലാപങ്ങൾക്കപ്പുറം, ഭൂമിമലയാളം, ശങ്കരനും മോഹനനും, ഭൂമിയുടെ അവകാശികൾ, മോഹവലയം, പെങ്ങളില ഇങ്ങനെ ടിവി ചന്ദ്രന്റെ ഏഴോളം സിനിമകളുടെ പ്രൊഡക്ഷൻ കൺട്രോളറായി. ഇപ്പോൾ പ്രിയനന്ദനന്റെ സൈലൻസർ ചെയ്യുന്നു. മുൻപ് പുലിജന്മവും പാതിരാകാലവും ചെയ്തു. ഒരു വർഷം എഴും എട്ടും ചിത്രങ്ങൾ ചെയ്യുന്നു. ആറിൽ കുറവ് ചിത്രങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. വാണിജ്യ സ്വഭാവമുള്ള സിനിമകളും ധാരാളം ചെയ്തിട്ടുണ്ട്.

കൺട്രോളറുടെ റോൾ

ഒരു പ്രൊഡക്ഷൻ കൺട്രോളറുടെ റോൾ സാഹസം പിടിച്ച ജോലിയാണ്. ഒരു പ്രൊഡക്ഷൻ കൺട്രോളർ ഒരു തുഴച്ചിൽക്കാരനാണ്. ഒപ്പം കുറേ യാത്രക്കാരുണ്ട്. അവരെ കൊണ്ടുപോകണം. നിർമ്മാതാവ് ശരിക്കും പറഞ്ഞാൽ വഞ്ചിയാണ്. ആ വഞ്ചി മുങ്ങാതെ നോക്കുന്നത് ഒരു പ്രൊഡക്ഷൻ കൺട്രോളറാണ്. എന്റെ കാഴ്ചപ്പാടിൽ നിർമ്മാതാവാണ് താരം. നിർമ്മാതാവ് ഉണ്ടങ്കിൽ മാത്രമേ സിനിമയെ ലക്ഷ്യപ്രാപ്തിയിലേക്കു എത്തിക്കാനാകൂ. ഇവിടെ നിർമ്മാതാവിന്റെ സേവനം അത്യാവശ്യമാണ്. നിർമ്മാതാവിനെ സഹായിക്കുക, നിർമ്മാതാവിന്റെ കൂടെ സിനിമ ലക്ഷ്യപ്രാപ്തിയിലേക്കു എത്തിക്കാനുള്ള ഊർജം പകരുക.

പല സിനിമകളും പല പ്രശ്നങ്ങൾകൊണ്ട് പകുതിവച്ച് നിർത്താം. ചിലപ്പോൾ വഞ്ചി തന്ന് ഇട്ട് പോകും. അതുകൊണ്ട് നിർമ്മാതാവിന്റെ മഹാസേവനമാണ് സിനിമയെ പ്രേക്ഷകരിലേക്കു എത്തിക്കുന്നത്. പിന്നെ കലാമൂല്യമുള്ള സിനിമകൾക്ക് ഒരു നിർമ്മാതാവിനെ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. പണം മോഹിക്കാതെ അത്തരം സിനിമകൾ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് നിർമ്മാതാക്കൾ വരുന്നത്. പെങ്ങളില, സൈലൻസർ എന്നീ സിനിമകൾ നിർമ്മിച്ചിരിക്കുന്നത് ബേനസീർ (അക്‌ബർ ട്രാവൽസ്) എന്ന നിർമ്മാതാവാണ്. അവർ കലയെ ഇഷ്ടപ്പെടുന്നു. നല്ല സിനിമകൾ ഉണ്ടാകാൻ ആഗ്രഹിക്കുന്നു. അത്തരം സിനിമകളെ ഞാനും ഇഷ്ടപ്പെടുന്നു.

കൺട്രോളറുടെ സാന്നിധ്യം

ഒരു സിനിമയുടെ വലിയ ഘടകം തന്നെയാണ് പ്രൊഡക്ഷൻ കൺട്രോളർ. മുൻപ് കൺട്രോളർമാർക്ക് പ്രാധാന്യം കിട്ടിയിരുന്നില്ല. പക്ഷേ കൺട്രോളർമാർക്ക് ഇപ്പോൾ ഭയങ്കര വിലയായി. ആദ്യം അതുണ്ടായില്ല. സംഘടനകൾ വന്നപ്പോൾ കൺട്രോളർമാർക്ക് പണം കിട്ടിതുടങ്ങി. അവർ അറിയപ്പെടാനും തുടങ്ങി. ഇപ്പോൾ പോസ്റ്ററിൽ പ്രൊഡക്ഷൻ കൺട്രോളറുടെ പേര് വരുന്നു. ടൈറ്റലിലും പ്രൊഡക്ഷൻ കൺട്രോളറുടെ പേര് വളരെ പ്രാധാന്യത്തോടെ കാണിക്കുന്നു.

അന്ന് പത്തു സിനിമകൾ വരെ സംവിധാനം ചെയ്താലേ ഒരു സംവിധായകന് പണം കിട്ടുകയുള്ളൂ. അവർ അറിയപ്പെടുകയുള്ളൂ. ഇപ്പോൾ പലരുടെയും മക്കൾ വരെ സിനിമ സംവിധാന രംഗത്തുണ്ട്. അവർ ആദ്യചിത്രത്തിൽ തന്നെ വൻപ്രതിഫലം വാങ്ങുന്നു. കലാസംവിധാനം, ക്യാമറമാൻ, മെയ്‌ക്കപ്പ് ഇങ്ങനെ പല മേഖലകളിലും അങ്ങനെതന്നെയാണ്. ആർട്ടിസ്റ്റുകളുടെ അവസ്ഥയും ഇതുതന്നെയാണ്. പണ്ട് പ്രേംനസീർ സാർ ഒരു ലക്ഷം ആണ് അവസാനം വാങ്ങിയത്.

ഇന്ന് ഒരു പടം ഹിറ്റ് ആയാൽ രണ്ടാമത്തെ പടത്തിന് ആ താരം വാങ്ങുന്നത് ഇരുപത്തഞ്ച് ലക്ഷമാണ്. ഒരു സിനിമയുടെ 100 ഓളം വരുന്ന ക്രൂവിനെ നിയന്ത്രിക്കണം. ഇവരുടെ എല്ലാവരുടെയും ഇഷ്ടങ്ങളും അനിഷ്ടങ്ങളും അനുസരിച്ചാകണം നീങ്ങേണ്ടത്. അവരെ ജോലിചെയ്യിപ്പിക്കുക. അവരെ യഥാർഥ സ്ഥലത്ത് എത്തിക്കുക. അവരുടെ പ്രതിഫലം കൊടുക്കുക. ആർട്ടിസ്റ്റുകൾക്കുള്ള പണം കൊടുക്കുക, മറ്റു ചെലവുകൾ നോക്കുക ഇങ്ങനെയുള്ള കാര്യങ്ങൾ, ആർട്ടിസ്റ്റുകളുടെ ഡേറ്റ് വാങ്ങുക, അവർക്ക് പണം കൊടുക്കുക ഇങ്ങനെ ആ സിനിമയുടെ മൊത്തം നിർമ്മാണം നിയന്ത്രിക്കുന്നത് പ്രൊഡക്ഷൻ കൺട്രോളറാണ്. ഒരു സിനിമയുടെ ഫസ്റ്റ് പ്രിന്റ് ആകുന്നതുവരെ, ഇനി ആ ചിത്രം തിയറ്ററിൽ എത്തികഴിഞ്ഞാൽ, ആ ചിത്രം നൂറു ദിവസം കളിച്ചാൽ അതിന്റെ ആഘോഷച്ചടങ്ങിൽ വരെ പ്രൊഡക്ഷൻ കൺട്രോളറുടെ സാന്നിധ്യമുണ്ടാകും.

നിർമ്മാണ പ്രതിസന്ധി

നിർമ്മാതാക്കളെ കഥ കേൾപ്പിച്ച് പ്രത്യേകിച്ചും ഗർഫിലുള്ള നിർമ്മാതാക്കളെ, കഥയും മറ്റും മനസിലക്കി കൊടുക്കേണ്ടിവരും. പല സിനിമകൾ പല കാരണങ്ങൾകൊണ്ട് പകുതിവച്ച് നിലച്ചിട്ടുണ്ട്. ഞാൻ ഇടപ്പെട്ടിട്ടുണ്ട്. പിന്നീട് ആ സിനിമ പുറത്തിറക്കാൻ പല സുഹൃത്തുക്കളും പണംതന്ന് സഹായിച്ചിട്ടുണ്ട്. ചില താരങ്ങൾവരെ പണം തന്നിട്ടുണ്ട്. ഒരു സിനിമയും ഇതുവരെ പൂർത്തിയാകാതെ ഇരുന്നിട്ടില്ല.

ഞാൻ സിനിമയിലും ജീവിതത്തിലും സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണ്. സിനിമ ഒരു കാപ്ലിങ് വർക്കാണ് ആണ്. അത് ചിലപ്പോൾ പരാജയപ്പെടും പക്ഷേ ചില സിനിമകൾ എന്നും ഓർക്കാൻ പറ്റിയ സിനിമകളായിരിക്കും. സംസ്ഥാന തലത്തിലും ദേശീയതലത്തിലും പുരസ്‌കാരങ്ങൾ നേടിയ കലാമൂല്യമുള്ള സിനിമകളായിരിക്കും.

സുരേഷ് ഉണ്ണിത്താന്റെ ഒരിടത്തൊരിടത്ത്, ഷാനു സമദിന്റെ മുഹബത്തിൻ കുഞ്ഞബ്ദുള്ള, വിജിത്ത് നമ്പ്യാരുടെ ബ്രൈഡ് ആൻഡ് ബിഎഫ് , കിരണിന്റെ ഹൈദരാലിയെക്കുറിച്ചുള്ള സിനിമ, മുഹമ്മദ് റാഫിയുടെ പായ്ക്കപ്പൽ എന്നിവയാണ് ഇനി ചെയ്യാനിരിക്കുന്ന സിനിമകൾ.

സംവിധാന ആഗ്രഹം

സംവിധായകനാകാൻ ആഗ്രഹമുണ്ട്. കുറേ സംവിധായകരുടെ കൂടെ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ചതിന്റെ പരിചയമുണ്ട്. സംവിധാനംചെയ്യുന്ന സിനിമ ഒരു കലാമൂല്യമുള്ള സിനിമയായിരിക്കും. അതിനുള്ള സമയം ഒത്തുവന്നാൽ തീർച്ചയായും സംവിധാനം ചെയ്യും. എന്തായാലും പക്ക ഒരു കൊമേഷ്യൽ സിനിമയായിരിക്കില്ല. എല്ലാവർക്കും നോട്ടം സംവിധാനത്തിലാണ്. നടനായാലും ക്യാമറമാനായാലും എഡിറ്ററായാലും സംവിധാനത്തിൽ താത്പര്യമുള്ളവരാണ്. പ്രതാപ് പോത്തൻ നായകനായി അഭിനയിച്ച പച്ചമാങ്ങ എന്ന സിനിമയ്ക്ക് ഈയിടെ കഥ എഴുതിയിട്ടുണ്ട്.

ചിത്രം ജനുവരി ആദ്യം റിലീസാകും. ഇതുവതെ 30 ഓളം കഥകൾ വിവിധ പ്രസിദ്ധീകരണങ്ങളിൽ എഴുതിയിട്ടുണ്ട്. 1991 ൽ എക്സ്പ്രസ് വാരികയിൽ പറപ്പൂക്കാവ് പുരം എന്ന കഥ അച്ചടിച്ചുവന്നിട്ടുണ്ട്. ഒടുവിൽ മംഗളം വാരികയിൽ ജനശതാബ്ദി എന്ന കഥയും അച്ചടിച്ചുവന്നു. 37 ഓളം നവാഗത സംവിധായകരുടെ പ്രൊഡക്ഷൻ കൺട്രോളറായി ഞാൻ വർക്കുചെയ്തിട്ടുണ്ട്. സ്വഭാവികമായും കഥ പറച്ചിൽമുതൽ ഞാൻ കൂടെ നിൽക്കേണ്ടിവരും. താരങ്ങളെ അവർക്കു പരിചയക്കുറവ് ഉണ്ടാകാാം. മിക്ക നവാഗത സംവിധായകർക്കും ഞാൻ നിർമ്മാതാവിനെ ഏൽപ്പിച്ചുകൊടുത്തിട്ടുണ്ട്. അത് വല്ലാത്ത ഒരു അനുഭവമാണ്.

പുരസ്‌കാരങ്ങൾ

1 ) 2007, 2011 എന്നീ വർഷങ്ങളിൽ ഏറ്റവും നല്ല സിനിമാ നിർമ്മാണ കാര്യദർശിക്കുള്ള ജെ.സി. ഫൗണ്ടേഷൻ പുരസ്‌കാരം
2) 2010, 2011, 2013 എന്നീ വർഷങ്ങളിൽ ഏറ്റവും നല്ല നിർമ്മാണ കാര്യദർശിക്കുള്ള ഇൻസ്പെയർ ഫിലിം അവാർഡ്.
3) 2010 ലെ സുരാസു കൾച്ചറൽ അവാർഡ്
4) 2011 ലെ എ.ടി. അബു പുരസ്‌കാരം
5) 2013 ലെ ശാന്താദേവി പുരസ്‌കാരം
6) 2013 പ്രേംനസീർ പുരസ്‌കാരം
7) 2013 ലെ മഹാത്മാ കലാസംസ്‌കൃതി പുരസ്‌കാരം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP