Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വെള്ളക്കാരുടെ നാട്ടിലും കരുത്തനായി പുലിമുരുകൻ; ഇഷ്ടതാരത്തിന്റെ അസാമാന്യ പ്രകടനം കാണാൻ കുട്ടികൾ വീണ്ടും വീണ്ടും എത്തിയതോടെ തിയറ്ററുകൾ നിറഞ്ഞു കവിഞ്ഞു; യുകെയിലും കൂടുതൽ തിയറ്ററുകളിൽ എത്തിക്കാൻ വിതരണക്കാർ; ശതകോടി നേട്ടത്തിലേക്ക് അടുത്തു മോഹൻലാൽ ചിത്രം

വെള്ളക്കാരുടെ നാട്ടിലും കരുത്തനായി പുലിമുരുകൻ; ഇഷ്ടതാരത്തിന്റെ അസാമാന്യ പ്രകടനം കാണാൻ കുട്ടികൾ വീണ്ടും വീണ്ടും എത്തിയതോടെ തിയറ്ററുകൾ നിറഞ്ഞു കവിഞ്ഞു; യുകെയിലും കൂടുതൽ തിയറ്ററുകളിൽ എത്തിക്കാൻ വിതരണക്കാർ; ശതകോടി നേട്ടത്തിലേക്ക് അടുത്തു മോഹൻലാൽ ചിത്രം

കെ ആർ ഷൈജുമോൻ

ലണ്ടൻ: പുലിമുരുകനെ സംബന്ധിച്ച പ്രതീക്ഷകൾ തെറ്റിയില്ല. കേട്ടാൽ ഞെട്ടുന്ന തുകയ്ക്ക് വിതരണം ഏറ്റെടുത്തു ചങ്കുറപ്പ് കാട്ടിയ യുകെയിലെ വിതരണക്കാർക്ക് ആശ്വാസം നൽകി തീയ്യറ്ററുകളിൽ നിന്നും ആവേശം ജനിപ്പിക്കുന്ന റിപ്പോർട്ടുകൾ എത്തി തുടങ്ങി.

രണ്ടു ദിവസം മുൻപ് ഒഫിഷ്യൽ റിലീസ് തുടങ്ങിയ ശേഷം മിക്ക സ്ഥലത്തും ഹൗസ് ഫുൾ ആയി ചിത്രം പ്രദർശനം തുടരുകയാണ്. മലയാളി സമൂഹത്തിനു മുൻതൂക്കമുള്ള സ്ഥലങ്ങളിൽ ദിവസവും ചിത്രം പ്രദർശിപ്പിക്കുന്നതിനു ഒപ്പമാണ് യുകെയുടെ ഓരോ മുക്കും മൂലയും അരിച്ചു പെറുക്കി 141 ഇടങ്ങളിൽ പുലി എത്തിയിരിക്കുന്നത്.

ഓൺലൈൻ ബുക്കിങ് മിക്ക തിയറ്ററിലും പൂർത്തിയായതോടെ ടിക്കറ്റ് ലഭ്യമാണോ എന്ന് തീയേറ്ററിൽ വിളിച്ച ശേഷം സിനിമ കാണാൻ എത്തണമെന്ന് വിതരണക്കാരായ പിജെ എന്റർടൈന്മെന്റ് അറിയിച്ചു. എല്ലായിടത്തും ടിക്കറ്റുകൾ മുഴുവനായും വിറ്റുപോയിട്ടുണ്ട്.

ഇത്തരം ഒരു സ്വീകരണം യുകെയിൽ ആദ്യമായി ലഭിക്കുന്ന മലയാള ചിത്രമാണ് പുലിമുരുകൻ. സാധാരണ ഫാൻസുകാരും ആരാധകരും മാത്രം പല പടങ്ങളും രണ്ടാമത് കാണാൻ ആഗ്രഹിക്കുമ്പോൾ പുലിമുരുകൻ സാധാരണക്കാരായ പ്രേക്ഷകരും വീണ്ടും കാണാൻ ആഗ്രഹം പ്രകടിപ്പിക്കുന്നു എന്നതും പ്രത്യേകതയാണ്. യുകെയിൽ അഡ്വാൻസ് സ്‌ക്രീനിങ് നടത്തി 4 കെ പ്രൊജക്ടർ ദൃശ്യാനുഭവം സമ്മാനിച്ച ചിത്രം വീണ്ടും കാണിക്കണം എന്ന പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു അടുത്ത ആഴ്ച ചിത്രം കവൻട്രി പോലുള്ള ഇടത്തരം പട്ടണങ്ങളിൽ വീണ്ടും എത്തുകയാണ്. ഇത്തരത്തിൽ സമാനതകൾ ഇല്ലാത്ത വിധം ചിത്രം സകല പ്രതീക്ഷകളെയും തകർത്തെറിഞ്ഞു കേരളത്തിലെ പോലെ തന്നെ യുകെയിലും മുന്നേറുകയാണ്.

പുലിമുരുകന് പ്രേക്ഷകർ നൽകിയ സ്‌നേഹവും വിശ്വാസവും അതേവിധം ഏറ്റെടുത്തു വിതരണക്കാരും മാർക്കറ്റിങ്ങിൽ സജീവം ആയതാണ് മറ്റൊരു പ്രത്യേകത. ഇതിനായി ചിത്രം കണ്ട കൊച്ചു കുട്ടികളെ അവതരിപ്പിച്ചു ഏറെ വ്യത്യസ്തമായ ട്രെയിലറുകൾ പുലിമുരുകൻ പ്രചരണാർത്ഥം സോഷ്യൽ മീഡിയ വഴി പിജെ എന്റർടൈന്മെന്റ് എത്തിച്ചു തുടങ്ങി. ലെസ്റ്റർ, ബിർമിങ്ങാം എന്നിവിടങ്ങളിലെ കുട്ടികൾ പുലി മുരുകൻ കണ്ട അനുഭവമാണ് പ്രേക്ഷകരോട് പങ്കു വയ്ക്കുന്നത്. പുലിമുരുകനെ കാണാൻ തനിക്കു വീണ്ടും ആഗ്രഹം തോന്നി തുടങ്ങിയിരിക്കുകയാണെന്നു കുട്ടികൾ പറയുമ്പോൾ അതിൽ കള്ളത്തരം ഒട്ടും പ്രതിഫലിക്കുന്നില്ല.

കാരണം അത്രയ്ക്ക് ആവേശത്തോടെയാണ് കുട്ടികൾ ഈ മലയാള സിനിമയെ സമീപിക്കുന്നത്. സാധാരണ തിയറ്ററിൽ എത്തിയാൽ ഭാഷ മനസിലാകാതെ തല കുനിച്ചിരിക്കുന്ന കുട്ടികൾ പുലിമുരുകനിലെ ഓരോ സീനും കയ്യടിയോടെ ഏറ്റെടുക്കുമ്പോൾ അത് മോഹൻലാലിനൊപ്പം സംവിധായകൻ വൈശാഖിനു കൂടി ലഭിക്കുന്ന കയ്യടിയാണ്. മലയാളം പറയാൻ അറിയാത്ത കുട്ടികൾ പോലും ചിത്രം കണ്ട ശേഷം ടൈറ്റിൽ സോങ് മൂളുന്നു എന്നതും യുകെയിൽ ചിത്രം കുട്ടികളിൽ സൃഷ്ടിച്ച സ്വാധീനത്തിനു തെളിവായി മാറുന്നു.

വെള്ളിയാഴ്ച പ്രദർശനം സമാപിച്ചതോടെ യുകെ യും അയർലണ്ടും കളക്ഷൻ റെക്കോർഡിൽ ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. ഇന്നലെ നടന്ന പ്രദർശനങ്ങളും ആദ്യ ദിവസത്തേതിന് ഏറെക്കുറെ സമാനമാണ്. ഇതോടെ രണ്ടാം ആഴ്ചയിൽ കൂടുതൽ സ്ഥലങ്ങളിൽ ചിത്രം എത്തിക്കാൻ തയ്യാറെടുക്കുകയാണ് പിജെ എന്റർടൈന്മെന്റ്. ഇതുവരെ മലയാള സിനിമകൾ എത്താതെ ബ്രിട്ടീഷ് ടൗണുകളിലും പുലിമുരുകൻ എത്തിക്കാൻ ഉള്ള ശ്രമാണ് അണിയറയിൽ ഒരുങ്ങുന്നത്.

രണ്ടാഴ്ചത്തെ പ്രദർശനം വഴി റെക്കോർഡ് തുകയ്ക്ക് ബ്രിട്ടനിൽ എത്തിച്ച പുലിമുരുകൻ ലാഭത്തിലാക്കാം എന്ന പ്രതീക്ഷയാണ് വിതരണക്കാർ പങ്കിടുന്നത്. ലാഭ നഷ്ട കണക്കുകളേക്കാൾ മലയാളികൾ കാണാൻ ആഗ്രഹിച്ച ചിത്രം സമയം കളയാതെ യുകെ യിലും എത്തിക്കുക എന്ന ആഗ്രഹമാണ് ഇപ്പോൾ നിറവേറിയിരിക്കുന്നതെന്നു മികച്ച സിനിമകൾ യുകെ മലയാളികൾക്ക് വേണ്ടി റിലീസ് ചെയ്യുന്ന പിജെ യുടെ പ്രജീഷ് കുമാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP