Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുലിമുരുകൻ തെലുങ്കുനാട്ടിൽ 'മന്യം പുലി'യായി ചീറിപ്പാഞ്ഞു തുടങ്ങി; കേരളത്തിനു പുറത്തും ചരിത്രം സൃഷ്ടിക്കാൻ ആന്ധ്രയിലേയും തെലങ്കാനയിലേയും 350 തിയേറ്ററുകളിൽ റിലീസ്; മലയാളത്തിനു പുറത്തും ഹിറ്റ് മെയ്‌ക്കർ പരിവേഷവുമായി 'കംപ്ലീറ്റ് ആക്റ്റർ'  

പുലിമുരുകൻ തെലുങ്കുനാട്ടിൽ 'മന്യം പുലി'യായി ചീറിപ്പാഞ്ഞു തുടങ്ങി; കേരളത്തിനു പുറത്തും ചരിത്രം സൃഷ്ടിക്കാൻ ആന്ധ്രയിലേയും തെലങ്കാനയിലേയും 350 തിയേറ്ററുകളിൽ റിലീസ്; മലയാളത്തിനു പുറത്തും ഹിറ്റ് മെയ്‌ക്കർ പരിവേഷവുമായി 'കംപ്ലീറ്റ് ആക്റ്റർ'  

മറുനാടൻ ഡെസ്‌ക്‌


ഹൈദരാബാദ്: 'മന്യം പുലി' ആയി എത്തിയ ലാലിന്റെ പുലിമുരുകന് തെലുങ്കുനാട്ടിലും ആവേശം നിറഞ്ഞ സ്വീകരണം. ജനതാഗാരേജിലൂടെയും മന്ദാമന്ദയിലൂടെയും ഇതിനകംതന്നെ തെലുങ്കുനാട്ടിൽ ജനപ്രിയ താരമായി മാറിയ ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായാണ് മന്യം പുലി ഇന്ന് ആന്ധ്രയിലും തെലങ്കാനയിലും റിലീസ് ചെയ്തത്.

കേരളത്തിലേതിനു സമാനമായ രീതിയിൽ വൻ ആഘോഷങ്ങളോടെയായിരുന്നു തെലുങ്കിൽ ഡബ്ബുചെയ്ത് ചിത്രത്തിന്റെ റിലീസ്.

കേരളത്തിൽ നൂറുകോടി കഌബിലെത്തിയ ആദ്യ മലയാള ചിത്രമെന്ന ഖ്യാതിനേടുകയും 125 കോടി പിന്നിട്ട് അടുത്ത നാഴികക്കല്ലിലേക്ക് കുതിക്കുകയും ചെയ്യുകയാണ് പുലിമുരുകൻ. ഇതിനിടയിലാണ് മന്യം പുലി തെലങ്കാനയിലേയും ആന്ധ്രയിലേയും 350ഓളം തിയേറ്ററുകളിൽ ഇന്ന് റിലീസ് ചെയ്തത്.

നിറഞ്ഞുകവിഞ്ഞ സദസ്സിൽ കേരളത്തിലേതിന് സമാനമായിരുന്നു ആന്ധ്രയിലും ലാലിന്റെ പുലിമുരുകന് ആദ്യഷോയ്ക്ക് ലഭിച്ച വരവേൽപ്പെന്നാണ് ടോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ. ഇതോടെ ആന്ധ്രയിൽ വൻ വിജയയമായ ജനതാഗാരേജിന് സമാനമായ രീതിയിൽ മന്യം പുലിയും വൻ വിജയമാകുമെന്ന സൂചനകളാണ് ലഭിക്കുന്നത്.

വിവിധ തെലുങ്ക് സിനിമാ പോർട്ടലുകളിൽ മികച്ച റിവ്യൂകളാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. 125 കോടി പിന്നിട്ട് വൻവിജയമായ ജനതാ ഗാരേജിന് ശേഷം തെലുങ്ക് പ്രേക്ഷകർക്ക് മുന്നിലെത്തിയ മോഹൻലാൽ ചിത്രമെന്ന നിലയിലും വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. ആക്ഷൻ രംഗങ്ങളുടെ മികവിനെക്കുറിച്ചും മോഹൻലാലിന്റെ സാഹസിക പ്രകടനത്തെക്കുറിച്ചും വാചാലമാകുന്ന ട്വീറ്റുകളാണ് സിനിമയുടെ ആദ്യ പ്രദർശനത്തിന് പിന്നാലെ വരുന്നത്.

ജനതാ ഗാരേജിന്റെ വിജയത്തോടെ ലാൽ മലയാള സിനിമയ്ക്ക് പുറത്തേക്ക് വലിയ തോതിൽ സ്വീകാര്യനായി മാറിയിരിക്കുകയാണ്. തെന്നിന്ത്യൻ ബോക്‌സ് ഓഫീസിൽ ഹിറ്റ് മെയ്‌ക്കറായി തന്നെ വിലയിരുത്തപ്പെട്ടു കഴിഞ്ഞതോടെ പുതിയ ചിത്രവും ഈ നിലയിലാണ് വരവേൽപ്പ് ഏറ്റുവാങ്ങുന്നത്. മനമന്ദ, ജനതാ ഗാരേജ് എന്നീ ചിത്രങ്ങളുടെ വിജയത്തിന് പിന്നാലെയെത്തുന്ന മോഹൻലാൽ ചിത്രം കൂടിയാണ് മന്യം പുലി.

 

മോഹൻലാലിന്റെയും തെലുങ്ക് മുൻനിരതാരമായ ജഗപതി ബാബുവിന്റെയും പോസ്റ്ററുകളുമായി പ്രധാന ദിനപത്രങ്ങളിൽ അരപ്പേജ് പരസ്യമാണ് നൽകിയിരിക്കുന്നത്. വിജയ് ആന്റണിയുടെ സെയ്ത്താൻ തെലുങ്ക് പതിപ്പായ ബെത്തലുഡുവാണ് മന്യംപുലിയുടെ തിയറ്ററുകളിലെ എതിരാളി.

തെലുങ്കിലെത്തുമ്പോൾ പുലിമുരുകൻ എന്ന പേര് മാറിയതിനൊപ്പം നായകന്റെ പേരിനും മാറ്റമുണ്ട്. മുരുകന് പകരം കുമാർ എന്നാണ് മോഹൻലാൽ കഥാപാത്രത്തിന്റെ പേര്. തെലുങ്കിന് സ്വീകാര്യമായ പേര് എന്ന നിലയിലാണ് പേരുമാറ്റം. മന്യം പുലിയിൽ മോഹൻലാൽ തന്നെയാണ് നായകനുവേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത്.

തെലുങ്കിൽ മോഹൻലാൽ ആദ്യമായി നായകനായ മനമന്ദയിൽ ഡബ്ബ് ചെയ്തിരുന്നുവെങ്കിലും ജനതാ ഗാരേജിൽ മറ്റൊരാളാണ് ശബ്ദം നൽകിയിരുന്നത്. തെലുങ്കിൽ നിന്നും തമിഴ് ഡബ്ബിംഗിലൂടെയുമുള്ള നേട്ടം കൂടി പരിഗണിച്ചാൽ പുലിമുരുകൻ കളക്ഷനിൽ വൻ റെക്കോഡ് തന്നെ സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP