Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുരുകാ.... മുരുകാ... പുലിമുരുകാ.....; 75 കോടി കടന്ന പുലിമുരുകൻ ലക്ഷ്യമിടുന്നത് 150 കോടിയുടെ ക്ലബ്ബ്; ജനതാ ഗാരേജ് 200 കോടി നേടും; ഒപ്പം ദൃശ്യത്തിന്റെ റെക്കോർഡ് തകർക്കും; ആറുമാസം കൊണ്ട് 400 കോടിയുടെ കളക്ഷൻ റിക്കോർഡിലേക്ക് മോഹൻലാൽ

മുരുകാ.... മുരുകാ... പുലിമുരുകാ.....; 75 കോടി കടന്ന പുലിമുരുകൻ ലക്ഷ്യമിടുന്നത് 150 കോടിയുടെ ക്ലബ്ബ്; ജനതാ ഗാരേജ് 200 കോടി നേടും; ഒപ്പം ദൃശ്യത്തിന്റെ റെക്കോർഡ് തകർക്കും; ആറുമാസം കൊണ്ട് 400 കോടിയുടെ കളക്ഷൻ റിക്കോർഡിലേക്ക് മോഹൻലാൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുരുകാ.... മുരുകാ... പുലിമുരുകാ..... വയരൻ പുലിയും മുരുകനും കേരളക്കരിയിലെത്തുമ്പോൾ ലക്ഷ്യമിട്ടത് മുടുക്കു മുതൽ തിരിച്ചു പിടിക്കുകയായിരുന്നു. ആദ്യ ദിവസത്തെ പ്രകടനം കഴിഞ്ഞപ്പോൾ ലക്ഷ്യം നൂറൂ കോടിയായി. അത് ഇരുപത്തിയഞ്ച് ദിവസത്തോട് അടുക്കുമ്പോൾ 150 കോടി രൂപയായി മാറുന്നു. 25 ദിവസം കൊണ്ട് 75 കോടി നേടിയ മോഹൻലാൽ ചിത്രം 150 കോടി കടക്കുമെന്നാണ് സിനിമാ ലോകത്തിന്റെ വിലിയിരുത്തൽ. ഇതോടെ ആറു മാസം കൊണ്ട് 400 കോടി നേടുന്ന നടനായി മോഹൻലാൽ മാറുമെന്നാണ് സൂചന.

മലയാളസിനിമാചരിത്രത്തിൽ എക്കാലത്തെയും വലിയ ബോക്‌സ്ഓഫീസ് ഹിറ്റായി മോഹൻലാൽ ചിത്രം പുലിമുരുകൻ മാറിക്കഴിഞ്ഞു. ഒക്ടോബർ ഏഴിന് തീയേറ്ററുകളിലെത്തിയ ചിത്രം 25ാം ദിവസത്തിലേക്ക് അടുക്കുമ്പോൾ 75 കോടിയോട് അടുക്കുകയാണ് ആകെ കളക്ഷൻ. ആദ്യ രണ്ടാഴ്ചകൊണ്ടുതന്നെ ചിത്രം 60 കോടി പിന്നിട്ടിരുന്നു. ഇത്രകാലവും കളക്ഷനിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മോഹൻലാലിന്റെ തന്നെ ജീത്തു ജോസഫ് ചിത്രം 'ദൃശ്യ'ത്തെയാണ് പുലിമുരുകൻ മറികടന്നത്. ദൃശ്യത്തിന്റെ ആജീവനാന്ത തീയേറ്റർ കളക്ഷൻ 68.15 കോടിയാണെങ്കിൽ പുലിമുരുകൻ 23 ദിവസം കൊണ്ടാണ് അതിനെ മറികടന്ന് 75 കോടിയിലേക്ക് എത്തുന്നത്. ഇരുപതിയഞ്ചാം ദിനത്തിലും കേരളത്തിലങ്ങോളം ഇങ്ങളോം ചിത്രം ഹൗസ് ഫുള്ളാണ്.

വിദേശത്തും കഴിഞ്ഞയാഴ്ച ചിത്രമെത്തി. ബ്രിട്ടൺ അടക്കമുള്ള തിയേറ്ററുകളിൽ വൻപ്രതികരണമാണ് കിട്ടുന്നത്. ഗൾഫിലും പുലിമുരുകൻ കോടികൾ നേടുമെന്നാണ് പ്രതീക്ഷ. അതുകൊണ്ട് തന്നെ 150 കോടിയും കടന്ന് 200 കോടിയിലെത്താനുള്ള കരുത്ത് പുലിമുരുകനുണ്ടെന്നാണ് വിലിയിരുത്തൽ. നൂറു ദിവസം കേരളത്തിൽ സിനിമ ഓടും. ആദ്യ 25 ദിവസം കൊണ്ട് 75 കോടി നേടാമെങ്കിൽ ഇനിയുള്ള 75 ദിവസം കൊണ്ട് 75 കോടി ചിത്രത്തിന് കളക്റ്റ് ചെയ്യാൻ കഴിയും. വിദേശത്തെ കളക്ഷൻ കൂടിയാകുമ്പോൾ 150 കോടി രൂപ മറികടക്കും. സാറ്റലൈറ്റ് റൈറ്റും ഓഡിയോ റിലീസും എല്ലാം കൂടി വമ്പൻ നേട്ടം പുലിമുരുകന് സ്വന്തമാക്കും. 25 കോടി മതുൽമുടക്കിൽ നിർമ്മിച്ച പുലിമുരുകൻ ഏഴിരട്ടി ലാഭമാണ് നേടുന്നത്. മലയാള സിനിമാ ഇൻഡസ്ട്രിക്ക് തന്നെ പുതു മാതൃകയാണ് ഇത്.

വലിയ മുതൽമുടക്കില്ലാതെ നിർമ്മിച്ച ദൃശ്യവും പ്രേമവുമായിരുന്നു ഹിറ്റ് ചാർട്ടിൽ ഒന്നാമത്. ചെറിയ ചിത്രങ്ങളോട് കൂടുതൽ താൽപ്പര്യം മലയാളിക്ക് ഉണ്ടെന്ന വിലയിരുത്തലാണ് ഇത് നൽകിയത്. ഗ്രാഫിക്കൽ മികവുമായി എത്തുന്ന സിനിമകളോട് മലയാളി എന്നും മുഖം തിരിച്ചു. ഇതാണ് പുലി മുരുകൻ പഴങ്കഥയാക്കുന്നത്. ഈ വിജയം മോഹൻലാലിന്റേത് കൂടിയാണ്. അദ്ദേഹത്തിന്റെ മികവാണ് സിനിമയെ ഈ തലത്തിലെത്തിച്ചത്. ജനതാ ഗാരേജിലുടെ തിരിച്ചു പിടിച്ച വിജയനായക പരിവേഷം ഒപ്പത്തിലൂടെ പുലിമുരുകനിലും ലാൽ നിലനിർത്തി. അടുപ്പിച്ച് അടുപ്പിച്ചായിരുന്നു ഈ മൂന്ന് സിനിമകളും റിലീസ് ചെയ്തത്. ദിവസങ്ങളുടെ ഇടവേളയിലാണ് ഈ സിനിമകൾ റിലീസ് ചെയ്തത്. ജനതാഗാരേജ് റിലീസ് ചെയ്തത് മൂന്ന് മാസം മുമ്പ് മാത്രം.

തെലുങ്കിൽ സൂപ്പർഹിറ്റായ ജനതാ ഗാരേജ് ഇതിനോടകം 150 കോടി രൂപയിലേറെ കളക്റ്റ് ചെയ്ത് കഴിഞ്ഞു. ഇപ്പോഴും ജൂനിയർ എൻടിആറുമൊത്തുള്ള ലാൽ ചിത്രം നിറഞ്ഞ സദസ്സിലാണ് ഓടുന്നത്. 200 കോടി തിയേറ്ററിൽ നിന്ന് കളക്റ്റ് ചെയ്യുമെന്ന് തന്നെയാണ് പ്രതീക്ഷ. ഇതിന് പിന്നാലെ ഓണം റിലീസായി പ്രിയദർശൻ ചിത്രമായ ഒപ്പമെത്തി. ദൃശ്യത്തിന്റേയും പ്രേമത്തിന്റെ കളക്ഷൻ റിക്കോർഡ് ഒപ്പം മറികടക്കുമെന്നായിരുന്നു പ്രതീക്ഷ. ഒപ്പം ഇതിനോടകം അമ്പത് കോടി കളക്റ്റ് ചെയ്തു കഴിഞ്ഞു. പുലിമുരുകന്റെ മുന്നേറ്റത്തിലും ഒപ്പം ചലനമുണ്ടാക്കുന്നുണ്ട്. 75 കോടി നേടുമെന്നാണ് വിലയിരുത്തൽ. അതായത് 2016 അവസാനിക്കുമുമ്പ് തന്നെ 400ലേറെ കോടി രൂപ മോഹൻലാലിന്റെ മൂന്ന് ചിത്രങ്ങളും ചേർന്ന് നേടുമെന്നാണ് വിലയിരുത്തൽ. തെന്നിന്ത്യൻ ചരിത്രത്തിൽ ഒരു നടനും ഈ നേട്ടം കൈവരിക്കാനായിട്ടില്ല.

ഇതിൽ പുലിമുരുകന്റെ വിജയമാണ് ഏവരെയും ഞെട്ടിപ്പിക്കുന്നത്. മോഹൻലാലെന്ന ആക്ഷൻ ഹീറോയ്ക്ക ഇനിയും സാധ്യതയുണ്ടെന്ന് വ്യക്തമാക്കുകയാണ് പുലിമുരുകൻ. പൂജാ റിലീസായി എത്തിയ ചിത്രത്തിന് ദീപാവലി സീസണിലും കേരളത്തിൽ അങ്ങോളമിങ്ങോളം പ്രമുഖ കേന്ദ്രങ്ങളിൽ ഹൗസ്ഫുൾ ഷോകളുണ്ട്. റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിവസങ്ങളിലും ചിത്രം 4 കോടിക്ക് മുകളിൽ കളക്റ്റ് ചെയ്തിരുന്നു. ആദ്യദിവസം 4.06 കോടി, രണ്ടാം ദിനം 4.03 കോടി, മൂന്നാം ദിനം 4.83 കോടി എന്നിങ്ങനെ. അതായത് മൂന്ന് ദിവസം കൊണ്ട് മാത്രം 12.91 കോടി രൂപ. ആദ്യ മൂന്ന് ദിവസത്തെ കളക്ഷനിലൂടെ മാത്രം അതിവേഗം 10 കോടി പിന്നിടുന്ന മലയാളചിത്രം എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു 'പുലിമുരുകൻ'.

ഏറ്റവും വേഗത്തിൽ 25 കോടിയും 50 കോടിയും പിന്നിട്ട ചിത്രവുമായി പിന്നീടുള്ള ആഴ്ചകളിൽ പുലിമുരുകൻ. ഒരാഴ്ച കണ്ടാണ് ചിത്രം 25 കോടി പിന്നിട്ടത്. കേരളത്തിനകത്തും പുറത്തുമുള്ള 325 റിലീസ് കേന്ദ്രങ്ങളിൽ നിന്നായി ഏഴ് ദിവസം കൊണ്ട് 25.43 കോടിയാണ് നേടിയത്. അൻപത് കോടി ക്ലബ്ബിൽ എത്തിയത് പതിനാല് ദിവസം കൊണ്ടും. കേരളത്തിൽ ചിത്രത്തിന് ലഭിച്ച വമ്പൻ സ്വീകാര്യത വിദേശമലയാളികൾക്കിടയിലും ചർച്ചയായിരുന്നു. ബ്രിട്ടണിലും 11 യൂറോപ്യൻ രാജ്യങ്ങളിലും ചിത്രം പ്രദർശനത്തിനെത്തും. ഗൾഫിൽ ഈ ആഴ്ചയും. യുഎഇയിലും ജിസിസിയിലുമായി 56 തീയേറ്ററുകളിലാണ് പുലിമുരുകൻ എത്തുക. നവംബർ മൂന്നിനാണ് ഗൾഫ് റിലീസ്. ജർമ്മനി, സ്വിറ്റ്‌സർലൻഡ്, ഇറ്റലി, ഹോളണ്ട്, ബെൽജിയം, മാൾട്ട, പോളണ്ട്, ഓസ്ട്രിയ, സ്വീഡൻ, ഡെന്മാർക്ക്, നോർവേ എന്നിവിടങ്ങളിൽ നവംബർ നാലിനാണ് റിലീസ്. നൂറ്റൻപതോളം സ്‌ക്രീനുകളിലാണ് യൂറോപ്പ് റിലീസ്. ഒരു മലയാളചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ യൂറോപ്പ് റിലീസാണ് ഇത്.

തൊണ്ണൂറുകളിൽ റിലീസ് ദിവസം ലാലിന്റെ രണ്ട് സിനിമകൾ ഇറങ്ങുമായിരുന്നു. എന്നാൽ പിന്നീട് ഈ പതിവ് മാറി. ഒരു തവണ ഒരു ചിത്രം മാത്രം തിയേറ്ററിലെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചു. പരമാവധി കളക്ഷൻ ഒറ്റ സിനിമയ്ക്ക് കിട്ടാനും ഫാൻസുകാരിൽ നിന്ന് കൂടുതൽ പിന്തുണ ഒരു സിനിമയ്ക്ക് കിട്ടാനുമായിരുന്നു ഇത്. ചിലപ്പോഴെക്കെ മറ്റ് വമ്പൻ ഹിറ്റുകളുമായി മത്സരം ഒഴിവാക്കുന്ന സമയത്ത് പോലും ലാൽ ചിത്രങ്ങൾ എത്തി. ഈ പതിവ് തെറ്റിയത് ഈയിടെയാണ്. ലാലിന്റെ ജനതാ ഗാരേജ് തെലുങ്ക് ചിത്രമായിരുന്നു. ഈ സിനിമയുടെ മലയാളം പതിപ്പ് കേരളത്തിലെത്തി. ഇതിന് വേണ്ടത്ര വിജയവും നേടാനായി. ഓണത്തിന് ഒപ്പമിറക്കി. ഈ പ്രിയദർശൻ സിനിമ തിയേറ്ററുകളിൽ ചരിത്രമെഴുതുമ്പോൾ പുലിമുരുകനും. പുലി മുരകൻ ഹിറ്റായതോടെ ഒപ്പത്തിന്റെ കളക്ഷൻ കുറയുമെന്ന വിലയിരുത്തലെത്തി. എന്നാൽ അതുണ്ടായില്ല. പുലിമുരുകൻ സൂപ്പർ ആക്ഷനുമായി തകർക്കുമ്പോൾ ഫാമിലി ആക്ഷൻ ത്രില്ലറായ പ്രിയന്റെ ഒപ്പത്തിനും നല്ല തിരക്കാണ്. അവധി ദിനങ്ങളിൽ ഈ ചിത്രം ഇപ്പോഴും ഹൗസ് ഫുള്ളാണ്.

പുലി മുരുകൻ നാല് ഭാഷകളിൽ മൊഴി മാറ്റുന്നുമുണ്ട്. ചൈനീസ്, വിയ്റ്റാമീസ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായാണ് മൊഴി മാറ്റുന്നത്. ഇത് വരെ മലയാള സിനിമ പരിചയിച്ചിട്ടില്ലാത്ത കഥാപശ്ചാത്തലവുമായി വൈശാഖ് സംവിധാനം ചെയ്ത 'പുലിമുരുകൻ' മനുഷ്യനും പുലിയും തമ്മിലുള്ള ജീവിതത്തിന്റെയും പോരാട്ടത്തിന്റെയും കഥപറയുന്നു. കൊച്ചിയിലും, കല്ലാർകുട്ടി, പൂയംകുട്ടി തുടങ്ങിയ വനപ്രദേശങ്ങളിലും വിയറ്റ്‌നാം, തായ് ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലുമായാണ് പുലിമുരുകൻ ചിത്രീകരിച്ചത്. 25 കോടി മുതൽ മുടക്കിലാണ് ചിത്രം നിർമ്മിച്ചത്. പീറ്റർ ഹെയ്ൻ ഒരുക്കിയ ആക്ഷൻ രംഗങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP