Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഞങ്ങൾ ആരുടെ പ്രോജക്ടും ഹൈജാക് ചെയ്തിട്ടില്ല; പദ്ധതിയുമായി മുന്നോട്ട് പോയത് പ്രോപ്പർ ചാനലിൽ; നായകനായി ജയസൂര്യയെ തീരുമാനിച്ചതും താൻ തന്നെ; ക്ളാസിക് സിനിമയാകും സത്യന്റെ ജീവിതകഥയെന്ന് മറുനാടനോട് നിർമ്മാതാവ് വിജയ് ബാബു; അച്ഛന്റെ ജീവിതം സിനിമയാക്കാനുള്ള അവകാശം വിജയ് ബാബുവിന് നൽകിയതായി സമ്മതിച്ച് അനശ്വര നടന്റെ മകൻ സതീഷും; മലയാളത്തിലെ അഭിനയ ചക്രവർത്തിയുടെ കഥ സിനിമയാകുമ്പോൾ

ഞങ്ങൾ ആരുടെ പ്രോജക്ടും ഹൈജാക് ചെയ്തിട്ടില്ല; പദ്ധതിയുമായി മുന്നോട്ട് പോയത് പ്രോപ്പർ ചാനലിൽ; നായകനായി ജയസൂര്യയെ തീരുമാനിച്ചതും താൻ തന്നെ; ക്ളാസിക് സിനിമയാകും സത്യന്റെ ജീവിതകഥയെന്ന് മറുനാടനോട് നിർമ്മാതാവ് വിജയ് ബാബു; അച്ഛന്റെ ജീവിതം സിനിമയാക്കാനുള്ള അവകാശം വിജയ് ബാബുവിന് നൽകിയതായി സമ്മതിച്ച് അനശ്വര നടന്റെ മകൻ സതീഷും; മലയാളത്തിലെ അഭിനയ ചക്രവർത്തിയുടെ കഥ സിനിമയാകുമ്പോൾ

എം മനോജ് കുമാർ

കൊച്ചി: മലയാളത്തിന്റെ അനശ്വര നടൻ സത്യന്റെ ജീവിതവുമായി ബന്ധപ്പെട്ടുള്ള സിനിമാ വിവാദത്തിനു അവസാനമാകുന്നു. സത്യന്റെ ജീവിതകഥ സിനിമയാക്കുന്നത് നിർമ്മാതാവ് വിജയ്ബാബുവിന്റെ നേതൃത്വത്തിലുള്ള ഫ്രൈഡേ ബാനർ തന്നെയാകും എന്നുറപ്പായി. സത്യന്റെ ജീവിതകഥ സിനിമയാക്കാനുള്ള അവകാശം വിജയ് ബാബുവിന് നൽകിയതായി സത്യന്റെ മകൻ സതീഷ് സത്യൻ മറുനാടൻ മലയാളിയോട് പറഞ്ഞു. സത്യന്റെ സിനിമയുമായി ബന്ധപ്പെട്ടുള്ള എല്ലാ അവകാശവും വിജയ് ബാബുവിന് നൽകിയതായും സതീഷ് സത്യൻ അറിയിച്ചു. സത്യന്റെ സിനിമയുടെ നിർമ്മാണം തന്റെ നേതൃത്വത്തിലുള്ള ഫ്രൈഡേ മൂവീസിനു തന്നെയാണെന്ന് നിർമ്മാതാവ് വിജയ് ബാബുവും മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

സത്യന്റെ ജീവിതകഥ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ടുള്ള സംരംഭത്തിനു താൻ മാത്രമേ രംഗത്തുണ്ടായിരുന്നുള്ളൂ. മറ്റുള്ളതെല്ലാം വെറും അവകാശവാദം മാത്രം. ഇത് സംബന്ധമായി തനിക്ക് ഒന്നും അറിയില്ലെന്നും വിജയ് ബാബു പറഞ്ഞു. അടുത്തയാഴ്ച തിരുവനന്തപുരത്ത് മാധ്യമ സമ്മേളനം വിളിച്ചു കൂട്ടി ഇതുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും അവസാനിപ്പിക്കും എന്നും വിജയ് ബാബു പറഞ്ഞു. ശ്യാമപ്രസാദും-വിനു വി ഏബ്രഹാമുമായി ബന്ധപ്പെട്ടുയർന്നത് ഒരു വിവാദമല്ല. ഞങ്ങൾ സത്യൻ സിനിമയുമായി അദ്ദേഹത്തിന്റെ ജീവിത കഥ സിനിമയാക്കാനുള്ള സംരംഭവുമായി മുന്നോട്ടു പോവുകയാണ്. ശ്യാമപ്രസാദ് ടീമിന്റെ സിനിമാ സംരംഭവുമായി ഞങ്ങൾക്ക് ബന്ധമില്ല.

ഞങ്ങൾ ഞങ്ങളുടെ സത്യൻ പ്രോജക്റ്റ് ആണ് പറയുന്നത്. അത് സത്യന്റെ ജീവിത കഥ സിനിമയാക്കാനുള്ള സംരംഭമാണ്. വിവാദം ഞാൻ അറിഞ്ഞതേയില്ല. ഞങ്ങളുടെ സിനിമ മൂന്ന് വർഷമായി എഴുതിക്കൊണ്ടിരിക്കുകയാണ്. അത് പ്രോജക്ട് ആയി നടന്നുവരുന്നുണ്ട്. ഒരു വർഷമായി ഞങ്ങൾ ഈ കാര്യത്തിൽ നിരന്തര ചർച്ചകൾ നടത്തുന്നുണ്ട്. ഞങ്ങൾ ആരുടെ പ്രോജക്ടും ഹൈജാക്ക് ചെയ്തിട്ടില്ല. ഞങ്ങൾ ഈ കാര്യത്തിൽ മൂവ് ചെയ്തത് പ്രോപ്പർ ചാനലിലാണ്. സത്യന്റെ കുടുംബവുമായി ആലോചിച്ചാണ് ഞങ്ങൾ മുന്നോട്ടു പോയത്. ഞാൻ ഒരു കോർപറേറ്റ് ആയതിനാൽ നിയമപരമായി പേപ്പർ വർക്ക് എല്ലാം തീർത്താണ് മുന്നോട്ടു നീക്കിയത്. സിനിമയിൽ നായകനാക്കി ഞാനാണ് ജയസൂര്യയെ തീരുമാനിച്ചത്. ജയസൂര്യയെ വേറെ ആരും സമീപിച്ചിട്ടുമില്ല. പ്രോജക്ട് തീരുമാനിച്ചതും പ്രഖ്യാപിച്ചതും ജയസൂര്യയെ നായകസ്ഥാനത്തുകൊണ്ട് വന്നതും ഞാൻ മാത്രമാണ്. പിന്നെ വേറെ ആളുടെ സിനിമയിൽ എങ്ങിനെയാണ് ജയസൂര്യ അഭിനയിക്കുന്നത്-വിജയ് ബാബു ചോദിച്ചു. എന്തായാലും മലയാളത്തിലെ ഒരു ക്ളാസിക് സിനിമയാകും സത്യന്റെ ജീവിതകഥയായി ഇറങ്ങുന്ന ഈ സിനിമ-വിജയ് ബാബു പറയുന്നു.

തനതായ അഭിനയ ശൈലി കൊണ്ടും ഒട്ടനവധി കഥാപത്രങ്ങൾ കൊണ്ടും മലയാളിയുടെ മനസ്സിൽ കുടിയേറിയ അനശ്വര നടനായ സത്യനു 1970 ഫെബ്രുവരിയിലാണ് രക്താർബുദം സ്ഥിരീകരിക്കുന്നത്. പനിയും വിളർച്ചയും അനുഭവപ്പെട്ടതിനെത്തുടർന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഡോക്ടർ വിശ്രമം നിർദ്ദേശിച്ചെങ്കിലും അതൊന്നും കാര്യമാക്കാതെ സത്യൻ അഭിനയം തുടർന്നു. 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ രക്തം ചർദ്ദിച്ച് കുഴഞ്ഞുവീണപ്പോൾ മാത്രമാണ് അദ്ദേഹത്തിന്റെ രോഗത്തിന്റെ ഗുരുതരാവസ്ഥ പലർക്കും മനസ്സിലായത്. പിന്നെ സത്യൻ വിടവാങ്ങി. ഏറെ നാടകിയമാണ് സത്യന്റെ ജീവിതം. പൊലീസ് ഓഫീസർ മലയാള സിനിമയിലെ മികച്ച അഭിനേതാവായത് വെല്ലുവിളികളെ സധൈര്യം നേരിട്ടാണ്. ഈ സത്യന്റെ കഥയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. പക്ഷെ സിനിമയെ വെല്ലുന്ന അണിയറ നീക്കങ്ങളാണ് സത്യൻ സിനിമയുടെ പേരിൽ നടന്നത്.

ശ്യാമപ്രസാദും മാധ്യമ പ്രവർത്തകനായ വിനു എബ്രഹാമും ചേർന്ന് മാസങ്ങൾ നീണ്ട കൂടിയാലോചനകളിലൂടെയാണ് സത്യന്റെ കഥ സിനിമയാക്കാൻ നീക്കം നടത്തിയത്. പക്ഷെ ഇതിനു കുടുംബത്തിന്റെ അനുമതി അനിവാര്യമായിരുന്നു. ഇതിനുള്ള റൈറ്റ് നേടിയെടുക്കാൻ നീക്കം നടക്കുമ്പോഴാണ് അപ്രതീക്ഷിതമായി കളികൾ നടന്നത്. തുകയെല്ലാം പറഞ്ഞുറപ്പിച്ചപ്പോൾ അതിന് മുകളിൽ പണം നൽകി റൈറ്റ് മറ്റൊരു സംവിധായകൻ സ്വന്തമാക്കി. ഫ്രൈഡേ ബാനറിൽ വിജയ് ബാബുവാണ് സത്യന്റെ കഥ സിനിമയാക്കാനുള്ള അവകാശം നേടുന്നത്. ഇതോടെ ശ്യാമപ്രസാദും വിനു എബ്രഹാമും നിരാശരുമായി. ഇതുമായി ബന്ധപ്പെട്ട് വിനു എബ്രഹാം ഫെയ്സ് ബുക്ക് പോസ്റ്റും ഇട്ടു. പ്രിയപ്പെട്ട കൂട്ടുകാരേ, ഇവിടെ പലപ്പോഴും എന്റെ കലാജീവിതത്തിലെ നേട്ടങ്ങളും സന്തോഷങ്ങളും ആണ് ഞാൻ പങ്കു വയ്ക്കാറുള്ളത്.എന്നാൽ ഇത് ആദ്യമായി എന്റെ കലാജീവിതത്തിലെ ഒരു ചരിത്ര നഷ്ടത്തിന്റെ കഥ ഇവിടെ പങ്കു വയ്ക്കുന്നു-എന്ന് വ്യക്തമാക്കിയായിരുന്നു പോസ്റ്റ്. ഇതോടെയാണ് സത്യൻ സിനിമയിലെ ചിത്രീകരണത്തിന് മുമ്പുള്ള ക്ലൈമാക്സ് പുറത്തായത്. ഇതോടെ പുതിയ സിനിമാ വിവാദത്തിനു തുടക്കമാവുകയും ചെയ്തു.

വിജയ് ബാബുവിന്റെ മനസിലെ നായകൻ ജയസൂര്യയാണ്. ശ്യാമ പ്രസാദും വിനു എബ്രഹാമും മനസ്സിൽ കണ്ടതും ജയസൂര്യയെയാണ്. ഫുട്ബോളർ സത്യന്റെ ജീവിതം ക്യാപ്ടനിലൂടെ അനശ്വരമാക്കിയ ജയസൂര്യയ്ക്ക് കഴിഞ്ഞ വർഷത്തെ മികച്ച നടനുള്ള അവാർഡ് കിട്ടിയിരുന്നു. വിജയ് ബാബുവിന്റെ ചിത്രത്തിൽ ജയസൂര്യ നായകനാകുമെന്ന് ഉറപ്പായിട്ടുണ്ട്. പുതുമുഖ സംവിധായകനാകും ചിത്രം സംവിധാനം ചെയ്യുകയെന്നാണ് സൂചന. പുതിയ സംവിധായകരെ വച്ച് സിനിമ ചെയ്ത് വിജയിപ്പിക്കുന്ന നിർമ്മാതാവാണ് വിജയ് ബാബു. മിക്ക സിനിമകളും സൂപ്പർ ഹിറ്റ്. ജൂൺ എന്ന കൊച്ച് സിനിമയുടെ വലിയ വിജയത്തിന്റെ കരുത്തിലാണ് വിജയ് ബാബു നടൻ സത്യന്റെ കഥ സിനിമയാക്കാൻ ഒരുങ്ങുന്നത്. ശ്യാമപ്രസാദും വിനു എബ്ര ഹാമും പറഞ്ഞതിൽ കൂടുതൽ തുക സത്യന്റെ മക്കൾക്ക് നൽകിയാണ് റൈറ്റ് വിജയ് ബാബു നേടുന്നത്. ഏറെ കാലം തിരക്കഥാ രചനയ്ക്കും മറ്റും മാറ്റി വച്ച ശേഷമായിരുന്നു ശ്യാമപ്രസാദ് റൈറ്റിനുള്ള ശ്രമം നടത്തിയത്. വിജയ് ബാബു റൈറ്റ് നേടിയത് ഇരുവർക്കും വലിയ നിരാശയാണ് നൽകിയത്. ഇവർ 19 ലക്ഷം രൂപയ്ക്ക് ഉറപ്പിച്ച റൈറ്റാണ് വിജയ് ബാബു കൂടുതൽ തുകയ്ക്ക് സ്വന്തമാക്കുന്നത്.

ദശാബ്ദങ്ങൾ കടന്നുപോയിട്ടും മലയാളചലച്ചിത്ര രംഗത്ത് ഒരു പാഠപുസ്തകമായി സത്യൻ ഇന്നും ജീവിക്കുന്നു. ജെസ്സിയായിരുന്നു സത്യന്റെ ഭാര്യ. 1946 മെയ് 3നായിരുന്നു വിവാഹം. മൂന്ന് ആണ്മക്കൾ അവർക്കുണ്ടായി - പ്രകാശ്, സതീഷ്, ജീവൻ. സത്യന്റെ മൂന്ന് മക്കളും അന്ധരായിരുന്നു. അതിൽ മൂത്തവനായ പ്രകാശ് മരിച്ചു. സതീഷ് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സതീഷും ജീവനുമായാണ് ചിത്രത്തിന്റെ റൈറ്റുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നത്. നേരത്തെ തോപ്പിൽ ഭാസി സത്യന്റെ ജീവിതത്തെ ആധാരമാക്കി നാടകം എടുത്തിരുന്നു. ഇത് നിരവധി നിയമപ്രശ്നങ്ങളിലേക്ക് കാര്യങ്ങളെത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സത്യന്റെ മക്കളുടെ അനുവാദത്തോടെ സിനിമയെടുക്കാൻ ശ്യാമപ്രസാദും വിനു എബ്രഹാമും ശ്രമം നടത്തിയത്. ഈ ശ്രമമാണ് വിജയ് ബാബുവിന്റെ നീക്കത്തോടെ ഇല്ലാതായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP