Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലണ്ടനിലെ ഇലക്ട്രിക് എൻജിനീയർ കാസർഗോട്ടെത്തിയപ്പോൾ മലയാള സിനിമയ്ക്ക് ലഭിച്ചത് 'സ്വപ്നരാജ്യം'; സുനിൽ സുഖദയും ജഗദീഷും മാലാ പാർവ്വതിയും മാമുക്കോയയും മുഖ്യ വേഷത്തിൽ എത്തിയ സിനിമ രണ്ടാം വാരത്തിലേക്ക്; രഞ്ജി വിജയന്റെ സ്വപ്നം പൂവിട്ട കൊച്ചു സിനിമ വലിയ വിജയത്തിലേക്ക്

ലണ്ടനിലെ ഇലക്ട്രിക് എൻജിനീയർ കാസർഗോട്ടെത്തിയപ്പോൾ മലയാള സിനിമയ്ക്ക് ലഭിച്ചത് 'സ്വപ്നരാജ്യം'; സുനിൽ സുഖദയും ജഗദീഷും മാലാ പാർവ്വതിയും മാമുക്കോയയും മുഖ്യ വേഷത്തിൽ എത്തിയ സിനിമ രണ്ടാം വാരത്തിലേക്ക്; രഞ്ജി വിജയന്റെ സ്വപ്നം പൂവിട്ട കൊച്ചു സിനിമ വലിയ വിജയത്തിലേക്ക്

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: അഞ്ചു വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 2014 ഡിസംബർ നാലിന് ബ്രിട്ടീഷ് മലയാളി പരിചയപ്പെടുത്തിയ രഞ്ജി വിജയൻ എന്ന സിനിമ മോഹിയായ യുവാവിന്റെ സ്വപ്നങ്ങൾ ഒടുവിൽ കഴിഞ്ഞ വെള്ളിയാഴ്ച സാക്ഷാൽക്കരിക്കപ്പെട്ടിരിക്കുന്നു. സ്വപ്ന രാജ്യം എന്ന കൊച്ചു സിനിമ നിറഞ്ഞ സദസിൽ രണ്ടാം വാരത്തിലേക്കു കടക്കുമ്പോൾ പുലിമുരുകനും ലൂസിഫറും മാത്രമല്ല മലയാള സിനിമ എന്ന് കൂടി തെളിയിക്കുകയാണ് ഈ യുകെ മലയാളി. ലണ്ടൻ ഇലക്ട്രിസിറ്റി വിഭാഗത്തിൽ ടെക്നിക്കൽ എൻജിനിയറായ രഞ്ജി കഴിഞ്ഞ അഞ്ചു വർഷമായി ഈ സിനിമയുടെ പിന്നാലെ ആയിരുന്നു എന്നതാണ് സത്യം.

തുടക്കത്തിൽ അക്കരപ്പച്ച എന്ന് പേരിട്ടു യുകെ മലയാളികളെ അഭിനേതാക്കളാക്കി ചെറിയ നിലയിൽ തുടങ്ങാൻ ആയിരുന്നു പ്ലാൻ എങ്കിലും ഷൂട്ടിങ് കുറെയധികം മുന്നോട്ടു പോയപ്പോൾ തനിക്കു ചെയ്യാനുള്ളത് ഇതല്ലെന്നു രഞ്ജി തിരിച്ചറിയുക ആയിരുന്നു. ഇതോടെയാണ് കഥയിൽ അൽപ സ്വൽപം വ്യത്യാസം വരുത്തി സുനിൽ സുഖദയും ജഗദീഷും മാലപർവതിയും മാമുക്കോയയും ഷെമിൻ സണ്ണിയും അടക്കമുള്ള താരനിരയെ കൂട്ടി സ്വപ്ന രാജ്യം പൂർത്തിയാക്കാൻ കഴിഞ്ഞത്.

എല്ലാം നല്ലതിന് എന്ന് പറയും പോലെയാണ് ഇപ്പോൾ രഞ്ജിയുടെ സിനിമയും. അഞ്ചു വർഷം മുൻപത്തെ അക്കരപ്പച്ച പുറത്തു വന്നിരുന്നെങ്കിൽ സാധാരണ യുകെ മലയാളികളുടെ സിനിമാക്കഥകൾ ഒന്നുപോലെയായി അതും മറവിയുടെ ലോകത്തേക്ക് അതിവേഗം മറഞ്ഞേനേ. എന്നാൽ സ്വപ്നരാജ്യത്തിലൂടെ മലയാള സിനിമയുടെ ഇടനാഴിയിൽ ഒരു നിഴലായി എങ്കിലും ഇനിയെന്നും രഞ്ജിയുടെ പേരുണ്ടാകും. അതുമാത്രമല്ല മെഗാ സ്റ്റാർ മോഹൻ ലാൽ വന്നിട്ട് പോലും രക്ഷപെടാത്ത മലയാള സിനിമയുടെ ലണ്ടൻ രാശി മാറ്റി എഴുതാൻ ഉള്ള നിയോഗം ഉണ്ടായതും കാസർഗോട്ടെ ഈ നീലേശ്വരം സ്വദേശിക്കാണ്. ഇംഗ്ലീഷ്, ലണ്ടൻ ബ്രിഡ്ജ്, ആദം ജോൺ, ഒടുവിൽ ഡ്രാമ തുടങ്ങിയ ചിത്രങ്ങൾക്ക് കഴിയാതെ പോയ വിജയം സ്വപ്ന രാജ്യം നേടിയാലും അത്ഭുതമില്ല.

പത്തു വർഷം മുൻപ് നടന്ന ഒരു കഥയാണ് ഇപ്പോൾ രഞ്ജിയുടെ സിനിമയായി പുറത്തു വന്നിരിക്കുന്നത്. ഒരു പ്രണയത്തകർച്ച കാമുകനെ തകർത്തു എറിയുന്നതാണ് സ്വപ്നരാജ്യത്തിന്റെ ഇതിവൃത്തം. തന്റെ നിരാശ നിറഞ്ഞ ജീവിതത്തിൽ നിന്നും രക്ഷപെടാൻ കഥാനായകൻ പഠന ആവശ്യത്തിനായി ലണ്ടനിൽ എത്തുകയാണ്. വീട് പണയം വച്ച് ലണ്ടനിൽ എത്തിയ കൃഷ്ണൻകുട്ടി എന്ന നായകൻ നേരിടുന്ന അന്ത സംഘർഷങ്ങൾ സിനിമയിൽ വേണ്ടുവോളമുണ്ട്.

തുടർന്ന് കഥാനായകൻ വർഷ എന്ന പെൺകുട്ടിയെ കണ്ടു മുട്ടുന്നതോടെ കഥയിൽ വഴി പിരിച്ചൽ സംഭവിക്കുകയാണ്. ലണ്ടനിലെ സാധാരണ മലയാളികൾ നേരിടുന്ന അനുഭവ കഥകൾ യുകെയിൽ ജീവിക്കുന്ന രഞ്ജിക്ക് ഒട്ടും അതിഭാവുകത്വം ഇല്ലാതെ സിനിമയിൽ വരച്ചിടാൻ കഴിഞ്ഞിട്ടുണ്ട്. കൃഷ്ണൻകുട്ടിയായി ചിത്രത്തിൽ എത്തുന്നതും രഞ്ജി തന്നെ ആണെന്നതും ഈ കൊച്ചു സിനിമയെ വിജയത്തിൽ എത്തിക്കാൻ പ്രധാന കാരണമായിരിക്കുകയാണ്.

ഈ സിനിമയുടെ കുറെ ഭാഗങ്ങൾ രഞ്ജി യുകെയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഹോളിവുഡ് നിർമ്മാണ രംഗത്ത് പരിചയമുള്ള ഡ്ര്യൂവ് സെവെൽ പശ്ചാത്തല സംഗീതം നിർവഹിക്കാൻ എത്തിയതും ദൃശ്യത്തിന്റെ അണിയറ പ്രവർത്തകർ കൈ തരാൻ തയാറായപ്പോഴും സ്വപ്നരാജ്യം രാജ്യാതിർത്തികൾ കടന്ന കൂട്ടായ്മയിൽ പിറന്ന ചിത്രം എന്ന ഖ്യാതി കൂടി നേടാൻ ഇടയാക്കിയിരിക്കുകയാണ്. ലോക പ്രശസ്ത സംഗീതകാരൻ ഹരിഹരൻ പാടിയ പാട്ടു കൂടിയാകുമ്പോൾ സ്വപ്നരാജ്യം ഒരു നവാഗത സംവിധായക സിനിമ എന്ന തലത്തിനും അപ്പുറത്തേക്ക് വളരുകയാണ്.

യെന്തിരൻ, ഇംഗ്ലീഷ് എന്നി സിനിമകൾക്ക് വേണ്ടി ശബ്ദം ചെയ്ത അരുൺ രാമവർമ്മയാണ് സ്വപ്നരാജ്യത്തിന്റെ ശബ്ദ നിയന്ത്രണം നിർവഹിച്ചത്. സൗണ്ട് മിക്സിങ് കൈകാര്യം ചെയ്തത് ദൃശ്യം ചെയ്ത അനൂപ് തിലക് ആണ്. പ്ലസ്ടു ക്ലാസിൽ നാടകത്തിനു മുഖവുര എഴുതി കലാലോകത്തേക്കു വന്ന രഞ്ജി ഒടുവിൽ എറണാകുളം കടായിരുപ്പ് കോലഞ്ചേരി കോളേജിലെ എൻജിനിയറിങ് പഠന ശേഷം കെഎസസ്ഇബിയിൽ കരാർ ജോലിയും ഒടുവിൽ ദുബൈയിൽ ഇലക്ട്രിക് എൻജിനിയറിങ് രംഗത്ത് ജോലി ചെയ്യുമ്പോഴും മനസ് നിറയെ സിനിമ എന്ന സ്വപ്നം മാത്രമായിരുന്നു. ഒടുവിൽ എംബിഎ പഠനം ലക്ഷ്യമിട്ടു 2009 ൽ ലണ്ടനിൽ എത്തിയ രഞ്ജി ചെറിയ സിനിമകൾ ചെയ്താണ് തന്റെ മോഹങ്ങൾക്ക് നിറം നൽകിക്കൊണ്ടിരുന്നത്.

തുടർന്ന് പവർ സിസ്റ്റം എനർജി മാനേജ്‌മെന്റിൽ ലണ്ടൻ സിറ്റി യൂണിവേഴ്‌സിയിൽ മാസ്റ്റേഴ്സ് ചെയ്ത ശേഷമാണു ഇലകിട്രിക് എൻജിനീയറായി ജോലി കണ്ടെത്തിയത്. ഇതോടെയാണ് സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കാം എന്ന നില ഉണ്ടായതോടെ കയ്യിൽ കിട്ടിയ പണം മുഴുവൻ സ്വന്തം സിനിമക്കായി മാറ്റി വച്ച് തുടങ്ങിയത്. എന്നിട്ടും ആദ്യ ഹ്രസ്വ ചിത്രം ഇപ്പോഴും രെഞ്ജിക്കു പുറത്തിറക്കാനായിട്ടില്ല. എന്നാൽ രണ്ടാമത്തെ പടം പുറത്തു വന്നെങ്കിലും ആർട്ട് മോഡൽ ചിത്രം ആയതിനാൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. തുടർന്നാണ് അക്കരപ്പച്ചയുടെ ത്രെഡ് കിട്ടുന്നത്. കുറെയേറെ ഭാഗങ്ങൾ സുനിൽ സുഖദയെ ലണ്ടനിൽ എത്തിച്ചു ചിത്രീകരിക്കുകയും ചെയ്തു. അന്നും രഞ്ജി ഒരിക്കൽ തന്റെ പടം തിയറ്ററിൽ എത്തും എന്ന് പറഞ്ഞപ്പോഴും ആരും കാര്യമാക്കിയിരുന്നില്ല.

ഇതിനിടയിൽ 8119 എന്ന സഞ്ചാര സിനിമയിലും ലീഡ് റോളിൽ അഭിനയിക്കാൻ രഞ്ജിക്കു അവസരം ലഭിച്ചിരുന്നു. ഒരു ഡസനിലേറെ രാജ്യങ്ങൾ സന്ദർശിച്ചു പൂർത്തീകരിച്ച സിനിമയാണിത്. ചില ഘട്ടങ്ങളിൽ മൈനസ് 36 ഡിഗ്രിയിൽ വരെ അഭിനയിക്കേണ്ടി വന്നതും രാഞ്ജിയുടെ ഓർമ്മയിൽ ഉണ്ട്. മോഹൻലാൽ യുകെയിൽ പൂർത്തിയാക്കിയ ഡ്രാമ എന്ന ചിത്രത്തിൽ സൗണ്ട് റെക്കോർഡിസ്റ് ആയി പ്രവർത്തിക്കാനും രഞ്ജിക്കു കഴിഞ്ഞിരുന്നു. തുടർന്ന് ബോളിവുഡ് പ്രൊഡക്ഷന്റെ ഫെസ്റ്റിവൽ ടൈപ് ചിത്രമായ എ ബില്യൺ കളർ സ്റ്റോറിയിലും രഞ്ജി പ്രവർത്തിച്ചിരുന്നു. ബ്രിട്ടീഷ് ഫിലിം അക്കാദമി അവാർഡ് ലഭിച്ച സംവിധായകനാണ് ഈ ചിത്രം ചെയ്തത്.

ശ്രീലങ്കൻ തമിഴരുടെ വംശീയ കഥ പറഞ്ഞ ആ ചിത്രത്തിൽ ശ്രീലങ്കൻ തമിഴ പഠിച്ചു ശരവണൻ എന്ന കഥാപാത്രത്തിന് ജീവൻ നൽകിയത് രാഞ്ജിയാണ്. ഇത്തരത്തിൽ ഉള്ള സിനിമ പ്രവർത്തങ്ങൾ എല്ലാം ചേർത്ത് നൽകിയ അനുഭവ സമ്പത്തുമായാണ് ഈ യുകെ മലയാളി സ്വപ്നരാജ്യത്തിനായി ഇറങ്ങി തിരിച്ചതും ഇപ്പോൾ അഭിമാനത്തോടെ തല ഉയർത്തുന്നതും. ഈ ചിത്രം രഞ്ജിയുടെ മാത്രമല്ല, മുഴുവൻ യുകെ മലയാളികളുടെയും വിജയം കൂടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP