ഈ വർഷത്തെ ഏറ്റവും വലിയ ദുരന്തമായി തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ'; മുതൽമുടക്കിന്റെ 40ശതമാനം പോലും തിരിച്ചുപിടിക്കാനാകാതെ ചിത്രം തീയേറ്ററുകളിൽ കൂപ്പുകുത്തി; നഷ്ടം നികത്താൻ നിർമ്മാതാക്കളും നടന്മാരും സഹായിക്കണമെന്ന് തീയേറ്റർ ഉടമകൾ; ആമിർഖാൻ ചിത്രത്തിന് തലവച്ചത് എങ്ങനെയെന്ന് ആരാധകർ
November 20, 2018 | 09:27 PM IST | Permalink

മറുനാടൻ ഡെസ്ക്
മുംബൈ: ഈ വർഷത്തെയും ഇന്ത്യൻ സിനിമ ചരിത്രത്തിലെയും ആമിർഖാന്റെ കരിയിറിലെയും മഹാദുരന്തങ്ങളിൽ ഒന്നായി മാറുകയാണ് 'തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ' 300 കോടിയോളം ചിലവഴിച്ച് ആമിർഖാനും അമിതാഭ് ബച്ചനും കത്രീനാ കൈഫുമെല്ലാം അഭിനയിച്ച ചിത്രത്തിന് മുടക്കുമുതലിന്റെ 40 ശതമാനം പോലും ഇതുവരെ തിരിച്ച് കിട്ടിയില്ലെന്നാണ് ബോളിവുഡ് വൃത്തങ്ങൾ പറയുന്നത്. ഏറെ കൊട്ടിഘോഷിക്കപ്പെട്ടായിരുന്നു ചിത്രം തീയേറ്ററുകളിലെത്തിയത്. എന്നാൽ ശരാശരിയും താഴെയായിരുന്നു ചിത്രത്തിന്റെ നിലവാരം. എന്നാൽ ചിത്രത്തിന് ആമീർഖാൻ എങ്ങനെ തലവച്ചുവെന്നാണ് ആരാധകർ ചോദിക്കുന്നത്.
ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയതുമുതൽ വിമർശനങ്ങളാണ് ഉയർന്നിരുന്നത്. കോപ്പിയടിയായിരുന്നു പ്രധാന പ്രശ്നം. യാഷ് രാജ് ഫിലിംസ് നിർമ്മിച്ച ചിത്രത്തിന് ആദ്യദിനം 52.25 കോടിയാണ് നേടാൻ സാധിച്ചത്. പിന്നീട് സിനിമയ്ക്ക് മോശം അഭിപ്രായം ലഭിച്ചതോടെ ഒരാഴ്ച കഴിഞ്ഞപ്പോൾ സിനിമ തറപ്പറ്റുകയായിരുന്നു. രണ്ടാമത്തെ ആഴ്ച സിനിമ പിടിച്ചു നിൽക്കാൻ പാടുപെടുന്നതോടെ വൻ നഷ്ടത്തിലേക്ക് കൂപ്പു കുത്തുകയാണ്.
300 കോടി ബഡ്ജറ്റ് മുടക്കി ചെയ്ത സിനിമയ്ക്ക് ഇതുവരെ നേടാൻ കഴിഞ്ഞത് 145.96 കോടി രൂപ മാത്രമാണ്. സിനിമ ഈ വർഷത്തെ ഏറ്റവും വലിയ ദുരന്തമായി മാറുകയാണ് ഈ മൾട്ടിസ്റ്റാർ ചിത്രം. സിനിമ ആദ്യ ദിവസം ഇന്ത്യയിൽ ഉടനീളം റിലീസ് ചെയ്തത് 5000 സ്ക്രീനുകളിലായിരുന്നു. അതിപ്പോൾ 1800 സ്ക്രീനുകളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്.
ആദ്യ ആഴ്ച 134.95 കോടി കളക്റ്റ് ചെയ്ത സിനിമ രണ്ടാമത്തെ ആഴ്ച നേടിയത് വെറും 5.40 കോടിയാണ്. ഇതോടെ വൻ നഷ്ടം നേരിടുന്ന തീയറ്ററുകൾ അമീർഖാനെ സമീപിക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. വൻ നഷ്ടം നേരിട്ടതോടെ തങ്ങളുടെ 50 ശതമാനം നഷ്ടം നിർമ്മാതാക്കൾ നൽകണമെന്നാണ് തീയറ്റർ ഉടമകളുടെ ആവശ്യം.ഈ സാഹചര്യത്തിൽ യാഷ്രാജ് ഫിലിംസ്, ആമിർഖാൻ, അമിതാഭ് ബച്ചൻ എന്നിവർ സഹായിക്കുമെന്നാണ് കരുതുന്നതെന്നും അല്ലെങ്കിൽ ഏതാനും തീയറ്ററുകൾ അടച്ചിടേണ്ടി വരുമെന്നുമാണ് തീയേറ്റർ ഉടമകൾ പറയുന്നത്.
