5000ൽ അധികം ജൂനിയർ ആർട്ടിസ്റ്റുകളുമായി ലൂസിഫറിന്റെ ബ്രഹ്മാണ്ഡ സീൻ! തിരുവനന്തപുരത്ത് ചിത്രീകരിച്ച മെഗാ മാസ് സീനിനായി മുടക്കിയത് രണ്ടര കോടി രൂപയെന്ന് സൂചന; മോഹൻലാൽ നായകനാകുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം 'ലൂസിഫർ' അടുത്ത വർഷം വിഷുവിന് തിയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവർത്തകർ
September 21, 2018 | 08:24 AM IST | Permalink

മറുനാടൻ ഡെസ്ക്
മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ലൂസിഫറിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സിനിമാ ലോകം ചർച്ച ചെയ്യുന്നത്. എന്നാൽ സിനിമയെ പറ്റി ഏറ്റവും പുതിയതായി വന്നിരിക്കുന്ന വാർത്ത ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒരു സീനിനായി മാത്രം മുടക്കിയത് രണ്ടരക്കോടി രൂപയാണ്. 5000 ജൂനിയർ ആർട്ടിസ്റ്റുകൾ പങ്കെടുക്കുന്ന ബ്രഹ്മാണ്ഡ സീനിന് വേണ്ടി കഴിഞ്ഞ 15 ദിവസമായി തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുകയാണ്. നൂറു കണക്കിന് കാറുകളും ആയിരക്കണക്കിന് ജൂനിയർ ആർട്ടിസ്റ്റുകളുമാണ് ഈ രംഗത്തിൽ അണി നിരക്കുന്നത്.
സംവിധായകൻ പൃഥ്വിരാജ് തന്നെയാണ് ഈ രംഗവും മുന്നിൽ നിന്ന് പകർത്തുന്നത്. 15 ദിവസമായി ചിത്രീകരണം തുടരുന്ന ഈ രംഗം സിനിമയിലെ ഏറ്റവും വഴിത്തിരിവാകുന്ന സീനുകളിൽ ഒന്നാണ്.പൃഥ്വി എന്ന സംവിധായകനെക്കുറിച്ച് പറയാൻ വാക്കുകളില്ലെന്നാണ് ചിത്രത്തിലഭിനയിക്കുന്ന നടൻ നന്ദു ഒരു അഭിമുഖത്തിൽ പറഞ്ഞത്. ആദ്യ ദിവസം ഷൂട്ട് നടക്കുമ്പോൾ ലാലേട്ടൻ എന്റെ തോളിൽ കൈവച്ച് പറഞ്ഞു, 'വിശ്വസിക്കാൻ പറ്റുന്നില്ല, എന്തൊരു സംവിധായകനാണ് പൃഥ്വി.'
'സംശയങ്ങളേ ഇല്ല, സാധാരണ സംവിധായകർ ഷോട്ട് എടുത്തു കഴിഞ്ഞ് മോണിട്ടറിൽ നോക്കി എന്തെങ്കിലും അപാകതളെക്കുറിച്ച് പറയും. ഒരുതവണ കൂടി കാണും. ഇത് അതൊന്നുമില്ല കണ്ട് കഴിഞ്ഞാൽ കട്ട്, അടുത്തതിലേക്ക് പോകുകയാണ്. എല്ലാ ഷോട്ട്സും അദ്ദേഹം ഓർത്തിരിക്കും, നാൽപത് അൻപത് ഷോട്ടുകളുള്ള സീനുകളാണ് പലതും. അതിൽ വലിയ താരങ്ങളും അനേകം ജൂനിയർ ആർടിസ്റ്റുകളും ഉണ്ടാകും. ഒരു സീൻ കഴിഞ്ഞാൽ രാജു തന്നെ പറയും അടുത്ത സീൻ എടുക്കാമെന്ന്. അപ്പോൾ അസോഷ്യേറ്റ് വാവ പറയും, നമുക്ക് ഒന്നുകൂടി നോക്കണമെന്ന്. നോക്കണമെങ്കിൽ നോക്കിക്കോ, പക്ഷേ സീൻ തീർന്നു, ഷോട്ട് ഒക്കെ എടുത്തുവെന്ന് രാജു പറയും. അതാണ് രാജുവിന്റെ ആത്മവിശ്വാസം.'
'ഇതൊരു വലിയ സിനിമയാണ്. ഇതിൽ അഭിനയിച്ചിരിക്കുന്ന ജൂനിയർ ആർടിസ്റ്റുകളുടെ മാത്രം പ്രതിഫലം ഏകദേശം രണ്ട്, രണ്ടര കോടി വരും. എല്ലാ ഫ്രെയിമുകളിലും അഞ്ഞൂറും ആയിരവും ജൂനിയർ ആർടിസ്റ്റുകളുണ്ട്. എറണാകുളത്ത് ഷൂട്ട് ചെയ്തപ്പോൾ രണ്ടായിരം പേരുണ്ടായിരുന്നു. ചില സീനിൽ മൂവായിരം നാലായിരം ആളുകൾ. ' നന്ദു പറഞ്ഞു.പൊളിറ്റിക്കൽ ത്രില്ലറായി ഒരുങ്ങുന്ന ലൂസിഫർ നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. തിരവന്തപുരത്ത് ഷൂട്ടിങ്ങ് പുരോഗമിക്കുന്ന ചിത്രം അടുത്ത വർഷം വിഷുവിനാകും തിയറ്ററുകളിലെത്തുക.
