Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംഘാടകത്വത്തിൽ എങ്ങും പിഴവ്; തീയറ്ററിന് മുമ്പിൽ അടിപിടി പതിവ്; ഇടിച്ചുകേറുന്നവരെ കൊണ്ട് മടുത്തു; നല്ല സിനിമകൾ സംഘാടക പിഴവുകൊണ്ട് മുങ്ങിപോകുന്നത് ഇങ്ങനെ

സംഘാടകത്വത്തിൽ എങ്ങും പിഴവ്; തീയറ്ററിന് മുമ്പിൽ അടിപിടി പതിവ്; ഇടിച്ചുകേറുന്നവരെ കൊണ്ട് മടുത്തു; നല്ല സിനിമകൾ സംഘാടക പിഴവുകൊണ്ട് മുങ്ങിപോകുന്നത് ഇങ്ങനെ

19താമത് ചലച്ചിത്രമേളയിൽ രണ്ടാം ദിവസങ്ങളും പരാതികൾക്ക് പഞ്ഞമില്ല. സംഘാടകരുടെ പിഴവും ഓൺലൈൻ റിസർവ്വേഷനെയുംചൊല്ലി ഇന്നലെയും വാക്കുതർക്കം നടന്നു. ചിത്രങ്ങൾ കാണാൻ ഇടിച്ചിട്ടു പ്രതിനിധികൾ കയറിയതും സംഘാടകർ അവരെ കൈകാര്യം ചെയ്തതും കാര്യങ്ങൾ രൂക്ഷമാക്കി. സീറ്റുകൾ റിസർവ് ചെയ്യുന്ന പ്രതിനിധികളെ ടിക്കറ്റ് വഴി തിയേറ്ററിനകത്ത് പ്രവേശിപ്പിക്കാനുള്ള പരീക്ഷണം സാങ്കേതികതകരാർ മൂലം പാളിയതാണ് തിരിച്ചടിയായത്. റിസർവ് ചെയ്യാൻ സാധിക്കാതെ വലഞ്ഞ പ്രതിനിധികൾ പ്രതിഷേധമുയർത്തി. ആർക്കും റിസർവ് ചെയ്യാനാവാത്ത സ്ഥിതി വന്നതോടെ റിസർവേഷൻ ഉപേക്ഷിക്കാൻ ഇന്നലെ രാവിലെയോടെ തീരുമാനിച്ചു. കാനഡയിൽ നിന്നെത്തിയ കമ്പനിയാണ് സോഫ്ട് വെയർ വികസിപ്പിച്ചത്. വെള്ളിയാഴ്ച രാത്രിയിൽ തന്നെ സോഫ്ട് വെയർ തകരാറിലായെങ്കിലും പരിഹരിക്കാനായില്ല.

ചിത്രം പ്രദർശിപ്പിക്കുന്നതിന് അരമണിക്കൂർമുമ്പ് മാത്രം തീയറ്ററിൽ പ്രവേശിക്കണമെന്നാണ് നിയമം എങ്കിലും പലരും മണിക്കൂറുകൾക്ക് മുമ്പേ സ്ഥാനം പിടിച്ചതും തർക്കത്തിന് ഇടയാക്കി. ക്യു നിന്നു കയറിയവർ സീറ്റില്ലാതെ പരക്കം പായുന്ന കാഴ്ചയായിരുന്നു മിക്ക തീയറ്ററുകളിലും. ചിത്രം കഴിഞ്ഞിട്ടും അടുത്ത ചിത്രത്തിന് മുമ്പ് മാത്രം പ്രവേശിക്കാതെ സീറ്റിൽതന്നെ ഇരുന്നവരവരും സംഘാടകരും തമ്മിലും വഴക്കിടുന്ന കാഴ്ച ശ്രീയിലും കൈരളിയിലും കാണാമായിരുന്നു. അതേ സമയം ഇന്നലെ പ്രദർശിപ്പിച്ച 49 സിനിമകൾക്കും പ്രതിനിധികളുടെ കുത്തൊഴുക്കായിരുന്നു. സാധാരണ ചില ചിത്രങ്ങൾക്കെങ്കിലും കാഴ്ചക്കാരില്ലാത്ത അവസ്ഥ വരുന്നത് പതിവാണെങ്കിലും ഇക്കുറി അതുണ്ടായില്ലെന്നത് ശ്രദ്ധേയമായിരുന്നു. തീയറ്ററിനുള്ളിൽ നിലത്തിരിക്കാൻ പോലുമാകാതെ നിന്നു കണ്ടവരും അനവധിയാണ്.

മത്സരവിഭാഗത്തിൽ ഇന്നലെ ഏറ്റവും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയതുകൊറിയൻ ചിത്രമായ എ ഗേൾ അറ്റ് മൈ ഡോറാണ്. ഇന്ത്യയിലെ തന്നെ ആദ്യ പ്രദർശനമാണ് ഇന്നലെ കൈരളിയിൽ നടന്നത്. പൊലീസ് അക്കാഡമിയിൽ ഉദ്യോഗസ്ഥയായ യങ്‌നാമും പിതാവിന്റെ ക്രൂരതകളിൽ നിന്ന് അഭയം തേടി യങ്‌നാമിനടുത്ത് വന്നുചേർന്ന ദോഹി എന്ന പെൺകുട്ടിയുടെയും സ്‌നേഹബന്ധം വികാരതീവ്രമായി സിനിമ വരച്ചുകാട്ടുന്നു, തിരക്കഥയും സംവിധാനവും നിർവഹിച്ചത് ജൂലി യംഗാണ്. ഇറാനിയൻ ചിത്രമായ ദ ബ്രൈറ്റ്‌ഡേ, അറേബ്യൻ ചിത്രമായ ദേ ആർ ദ ഡോഗ്‌സ് എന്നിവയും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. ഈ സിനിമകളുടെയും ഇന്ത്യയിലെ ആദ്യ പ്രദർശനമായിരുന്നു. 30 വർഷം ജയിലിൽ കഴിഞ്ഞശേഷം കുടുംബത്തെ തേടിയെത്തുന്ന മനുഷ്യന് നേരിടേണ്ടിവരുന്ന അനുഭവങ്ങളാണ് ദേ ആർ ദ ഡോഗ്‌സ് വരച്ചുകാട്ടിയത്.

ഗോവന്മേളയിൽ മികച്ച അഭിപ്രായം നേടിയ മൊഹ്‌സിൻ മക്മൽബഫിന്റെ ദി പ്രസിഡന്റ് ലോകസിനിമാ വിഭാഗത്തിൽ ഇന്നലെ നിശാഗന്ധിയിൽ പ്രദർശിപ്പിച്ചപ്പോൾ വൻതിരക്കായിരുന്നു. താൻ അടക്കി ഭരിച്ചിരുന്ന ജനങ്ങളെ മുഖാമുഖം നേരിടേണ്ടിവരുന്ന ഏകാധിപതിയുടെ കഥയാണ് ദി പ്രസിഡന്റ്. ജീവിതത്തിൽ അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്ന രണ്ട് അപരിചിതരുടെ സങ്കീർണമായ ജീവിതസമസ്യകൾ വരച്ചുകാട്ടിയ ഫ്രഞ്ച് ചലച്ചിത്രം ബേർഡ് പീപ്പിൾ ആണ് ഇന്നലെ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയ മറ്റൊരു സിനിമ. കാനിൽ ഹിറ്റായിരുന്നു ഈ ചിത്രം. നെനേറ്റ എന്ന യുവതിയുടെ അതിജീവനം വിവരിക്കുന്ന എയ്‌സസ്, മാത്തിയോ എന്ന പതിനാറുകാരന്റെ ജീവിതസംഘർഷം പറയുന്ന കൊളംബിയൻ ചിത്രം മാത്തിയോ, സ്ലോവേനിയൻ ചിത്രം ദ ട്രീ, ചിലിയൻ ചിത്രം സൺ ഒഫ് ട്രാകോ, ഫ്രഞ്ച് ചലച്ചിത്രം ഹോപ് എന്നിവയും ഇന്നലെ പ്രതിനിധികൾ ചർച്ച ചെയ്ത സിനിമകളായി. മലയാള സിനിമ ഇന്നിൽ സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ഒരാൾപൊക്കം പ്രദർശിപ്പിച്ചു. ടിംബുക്ടു എന്ന ചിത്രവും ഇന്നലെ പ്രേക്ഷകശ്രദ്ധ ഏറ്റുവാങ്ങി. മതഭീകരവാദം കൊടികുത്തി വാഴുന്ന ടിംബുക്ടു എന്ന ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP