Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ രാജ്യാന്തര വിഭാഗത്തിൽ 60 ചിത്രങ്ങൾ പ്രദർശിപ്പിക്കും; മേളയുടെ ആകർഷകം കിംകിഡുക്കിന്റെ 'വൺ ഓൺ വൺ'

അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ രാജ്യാന്തര വിഭാഗത്തിൽ 60 ചിത്രങ്ങൾ പ്രദർശിപ്പിക്കും; മേളയുടെ ആകർഷകം കിംകിഡുക്കിന്റെ 'വൺ ഓൺ വൺ'

തിരുവനന്തപുരം: കേരളാ അന്താരാഷ്ട്ര ചലച്ചിത്ര മേളയെ ആകർഷകമാക്കാൻ കിംകിഡുക്കിന്റെ ചിത്രങ്ങൾ ഇത്തവണ വീണ്ടുമെത്തും. കിംകിയുടെ 'വൺ ഓൺ വൺ' എന്ന ചിത്രമാണ് മേളയെ ഇത്തവണ ആർഷകമാക്കുക. ചലച്ചിത്രമേളയിലെ ലോകസിനിമാവിഭാഗത്തിൽ ഇന്ത്യ ഉൾപ്പെടെ 37 രാജ്യങ്ങളിൽ നിന്നായി 60 ചിത്രങ്ങളാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. തീവ്രചിന്തയിലൂടെയും ശക്തമായ ആഖ്യാനത്തിലൂടെയും മലയാളിക്ക് പ്രിയങ്കരനായ ദക്ഷിണകൊറിയൻ സംവിധായകനാണ് കിംകിഡുക്. പൈശ്ചാചികമായി കൊല്ലപ്പെടുന്ന പെൺകുട്ടിയിൽ നിന്നാരംഭിക്കുന്ന ചിത്രം വെനീസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള ഫെഡോറ പുരസ്‌കാരം നേടിയിട്ടുണ്ട്.

മൊഹ്‌സൻ മഖ്മൽബഫ് സംവിധാനം ചെയ്ത 'ദി പ്രസിഡന്റ്' വ്യത്യസ്ത സിനിമാ അനുഭവമാകും. ജനങ്ങളുടെ ദാരിദ്ര്യത്തിനുമേൽ ചവിട്ടിനിന്ന് ആഡംബര ജീവിതം നയിച്ചിരുന്ന ഭരണാധികാരിക്ക് അധികാരം നഷ്ടമാകുന്നു. രക്ഷപ്പെട്ട് പലായനം ചെയ്യാൻ ശ്രമിക്കുന്ന ഭരണാധികാരിക്ക് നേരിടേണ്ടിവരുന്നത് ജനങ്ങൾ അനുഭവിച്ചതിനേക്കാൾ കടുത്ത സാഹചര്യങ്ങളാണ്. ഐ.എഫ്.എഫ്.ഐ., വെനീസ്, ഷിക്കാഗോ തുടങ്ങി നിരവധി മേളകളിലും ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.

വെനീസ് ഫിലിം ഫെസ്റ്റിവലിൽ സിൽവർ ലയൺ പുരസ്‌കാരം നേടിയ 'പോസ്റ്റ്മാൻസ് വൈറ്റ് നൈറ്റ്‌സ്' പുറം ലോകവുമായി അധികം ബന്ധമില്ലാതെ ജീവിക്കുന്ന ഒരു റഷ്യൻ ഗ്രാമത്തിന്റെ കഥ പറയുന്നു. പ്രാദേശിക ഭരണകൂടത്തിന്റെ പ്രതിനിധിയായി വരുന്ന പോസ്റ്റ്മാനാണ് പുറംലോകവുമായി അവർക്കുള്ള ഏക ബന്ധം. അയാൾ ഗ്രാമത്തിലെ ഒരു യുവതിയുമായി പ്രണയത്തിലാകുന്നു. സംവിധാനം ആൻഡ്രെ കൊഞ്ചാലോവ്‌സ്‌ക്ക്.

ജോർജ് സിനോണിന്റെ നോവലിനെ ആസ്പദമാക്കി മാത്യു അമൽറിക് സംവിധാനം ചെയ്ത 'ബ്ലൂ റൂം' സങ്കീർണ അനുഭവങ്ങളിലൂടെ കൈപിടിച്ച് കൊണ്ടുപോകുന്ന ത്രില്ലറാണ്. ഇം ക്വോൺ ടീക്ക് സംവിധാനം ചെയ്ത 'റിവയർ' കാൻസറിനോട് പടവെട്ടുന്ന യുവതിയുടെയും താങ്ങും തണലുമായി നിൽക്കുന്ന ഭർത്താവിന്റെയും കഥ പറയുന്നു. ഭാര്യയുടെ മരണശേഷം മനഃസംഘർഷം നിറഞ്ഞ ജീവിതം നയിക്കുന്ന ഭർത്താവ്, കീഴുദ്യോഗസ്ഥയായ ചീ ഇഞ്ചുവുമായുണ്ടായിരുന്ന തന്റെ അടുപ്പത്തെക്കുറിച്ച് രോഗാവസ്ഥയിൽ ഭാര്യയ്ക്ക് അറിവുണ്ടായിരുന്നുവെന്നറിയുമ്പോൾ നടുങ്ങുന്നു.

ക്ലാസിക് കുറ്റാന്വേഷണ കഥകളുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ് 'ബാക്ക് കോൾ, തിൻ ഐസ്'ലൂടെ സംവിധായകൻ ഡയോ യിനാൻ. കൂട്ടക്കൊലപാതകവും സസ്‌പെൻസും പ്രണയവും നിറഞ്ഞ ചിത്രം ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നു. ബീജിങ് സ്റ്റുഡന്റ് ഫെസ്റ്റിവലിൽ മികച്ച നടനുള്ള ജൂറി അവാർഡും ബർലിൻ ചലച്ചിത്രമേളയിൽ ഗോൾഡൻ ബർലിൻ ബെയറും സിൽവർ ബെർലിൻ ബെയറും നേടിയിട്ടുണ്ട്.

ചൈതന്യ താംഹെൻ സംവിധാനം ചെയ്ത ഇന്ത്യൻ ചിത്രം 'കോർട്ട്' ഈ വിഭാഗത്തിലെ ശ്രദ്ധേയമായ ചിത്രമാണ്. ഓടയിൽ കാണപ്പെടുന്ന തൊഴിലാളിയുടെ ശവശരീരത്തിൽ നിന്നു തുടങ്ങുന്ന അന്വേഷണം വർഗരാഷ്ട്രീയവും പുരുഷമേധാവിത്വവും കൊടികുത്തിവാണിരുന്ന കാലത്തിന്റെ അടയാളപ്പെടുത്തലാണ്. വെനീസ് ചലച്ചിത്രോത്സവത്തിൽ ലയൺ ഓഫ് ദി ഫ്യൂച്ചർ പുരസ്‌കാരം ചിത്രം നേടിയിട്ടുണ്ട്.

യുവാൻ അഡ്‌ലറിന്റെ 'ബത്‌ലഹേം', ആദിത്യ വിക്രം സെൻഗുപ്തയുടെ 'ലേബർ ഓഫ് ലൗ', സെലന്റെ വിന്റർ സ്ലീപ്പ്, ഒളിവിയർ അസായസിന്റെ 'ക്ലൗഡ്‌സ് ഓഫ് സിൽസ് മരിയ', തകാഷി മൈക്കിന്റെ 'ഓവർ യുവർ ഡെഡ് ബോഡി', തറ്റ്ജന ബോസിക്കിന്റെ 'ഹാപ്പിലി എവർ ആഫ്റ്റർ', ഗോവൻ ഫിലിം ഫെസ്റ്റിവൽ ഗോൾഡൻ പീകോക്ക് പുരസ്‌കാരം നേടിയ ആൻഡ്രെ സ്യാഗിനറ്റ്‌സെയുടെ 'ലെവിയാതൻ' തുടങ്ങിയവയും ലോകസിനിമാവിഭാഗത്തിൽ ഉണ്ടാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP