Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിനിമ കാണണമെങ്കിൽ ചോദ്യോത്തര പംക്തിയിൽ വിജയിക്കണം; ഡെലിഗേറ്റ് ഫീസ് കുത്തനെ ഉയർത്തി; ലോകത്തെ ഏറ്റവും നല്ല ചലച്ചിത്രോൽസവം ഇല്ലാതാക്കുന്നത് ഇങ്ങനെ

സിനിമ കാണണമെങ്കിൽ ചോദ്യോത്തര പംക്തിയിൽ വിജയിക്കണം; ഡെലിഗേറ്റ് ഫീസ് കുത്തനെ ഉയർത്തി; ലോകത്തെ ഏറ്റവും നല്ല ചലച്ചിത്രോൽസവം ഇല്ലാതാക്കുന്നത് ഇങ്ങനെ

തിരുവനന്തപുരം: ലോകപ്രശസ്തമാണ് തിരുവനന്തപുരത്തെ അന്താരാഷ്ട്ര ചലച്ചിത്രമേള. നിലവാരം കൊണ്ടും സിനിമകാണാനെത്തുന്ന പ്രേക്ഷകരെ കൊണ്ടും നിലവാരത്തിൽ മുന്നിലെത്തിയ മേള. ഡിസംബറിലെ മേളയ്ക്ക് തിരുവനന്തപുരത്ത് എത്തുക പതിനായിരത്തോളം പേരാണ്. ഇവരിൽ പലരും ഡെലിഗേറ്റ് പാസ് കിട്ടാതെ മടങ്ങുന്നതും സാധാരണമാണ്. അതുകൊണ്ട് തന്നെ ഓരോ വർഷവും ഡെലിഗേറ്റുകൾക്ക് കൂടുതൽ അവസരം ഒരുക്കി ചലച്ചിത്രമേളയെ സംഘാടകർ ഉയരങ്ങളിലെത്തിച്ചു.

സിനിമ കാണാൻ ആഗ്രഹിക്കുന്നവർക്കെല്ലാം അത് പ്രാപ്യമാക്കുകയാണ് ലോകത്തെ ഏത് ചലച്ചിത്ര സംഘാടകരും ചെയ്യുക. എന്നാൽ ഇത്തവണ സംസ്ഥാന ചലച്ചിത്ര അക്കാഡമിയിൽ അടിമുടി മാറ്റം വന്നു.പതിനെട്ട് വർഷം മേള നടത്തിയവരെ പടിയിറക്കി. പുതിയ സാരഥികളും വന്നു. എന്നാൽ ഇതൊന്നും ചലച്ചിത്ര പ്രേമികൾ ഗുണകരമാകുന്ന തരത്തിലല്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നു. കേട്ടുകേൾവിയില്ലാത്ത തരത്തിലെ പരിഷ്‌കാരങ്ങളാണ് ചലച്ചിത്ര മേളയ്ക്കായി ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നത്.

കേരളത്തിന്റെ പത്തൊൻപതാമത് ചലച്ചിത്രമേള ഡിസംബർ 12നാണ് തുടങ്ങുന്നത്. പരമാവധി സിനിമാസ്വാദകർക്ക് കാഴ്ചകൾക്കുള്ള അവസരമില്ല. ഡെലിഗേറ്റുകളായി 5000 പേരെമാത്രം അനുവദിച്ചാൽ മതിയെന്നാണ് തീരുമാനം. ഡെലിഗേറ്റ് പാസിനുള്ള ഫീസ് 400 രൂപയിൽ നിന്ന് 525 ആയി ഉയർത്തി. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ഇളവുകളും നൽകില്ലെന്നാണ് സൂചന. ഇതിനെല്ലാം ഒപ്പമാണ് ഡെലിഗേറ്റുകൾക്കായുള്ള ചോദ്യോത്തര പംക്തി. ചോദ്യാവലി പരിശോധിച്ച് അർഹരായ 5000 പേർക്ക് പാസ് നൽകാനാണ് തീരുമാനം.

രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസിനായി പൂരിപ്പിക്കേണ്ട ചോദ്യാവലികൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നിങ്ങൾക്കിഷ്ടപ്പെട്ട മൂന്ന് സിനിമകളുടെ പേരെഴുതുക. ഏതെങ്കിലും സിനിമാ സംഘടനയിൽ അംഗമായിട്ടുണ്ടോ. ഇങ്ങനെയൊക്കെയാണ് ചോദ്യങ്ങൾ. സിനിമാ സംഘടനയിൽ അംഗമാകൽ ചലച്ചിത്രമേളയിൽ സിനിമ കാണുന്നതിനുള്ള മാനദണ്ഡമാകുന്നത് എത്ര വിചിത്രമാണെന്നാണ് സിനിമാ പ്രവർത്തകരുടെ തന്നെ അഭിപ്രായം. സിനിമ കാണേണ്ടത് ആരൊക്കെയെന്ന് നിങ്ങളുടെ ബയോഡാറ്റ നോക്കി ഉദ്യോഗസ്ഥരോ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയോ തീരുമാനിക്കുന്നതിനെതിരെയാണ് പ്രതിഷേധം.

കച്ചവടസിനിമാരംഗം പൂർണമായും അടക്കിഭരിച്ചിരിക്കുന്ന സിനിമാ സംഘടനകൾക്ക് ചലച്ചിത്രമേളയിൽക്കൂടി പിടിമുറക്കാനുള്ള അവസരമാണ് സർക്കാർ സൃഷ്ടിക്കുന്നതെന്ന് സംവിധായകനായ ഡോക്ടർ ബിജു പറയുന്നു. നല്ല സിനിമ കാണാൻ ഇഷ്ടപ്പെടുന്നവർക്കാണ് ഡെലഗേറ്റ് പാസ് നൽകേണ്ടത്. അല്ലാതെ സംഘടനാ അംഗത്വം ഉണ്ടോ ഇല്ലയോ എന്ന് നോക്കിയല്ല. ചലച്ചിത്രമേളയിൽ ട്രേഡ് ബോഡികൾക്ക് ഒരു കാര്യവുമില്ലെന്നും ഡോ. ബിജു പറയുന്നു. സിനിമ കാണാൻ ക്ഷമാപൂർവ്വമായ രീതികളുണ്ടെന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. അല്ലാതെ കാണികൾ കൂടുന്നുവെന്ന് പറഞ്ഞ് സ്‌ക്രൂട്ടണിങ് കമ്മിറ്റിയെവച്ച് സിനിമ കാണുന്നവരെ തിരഞ്ഞെടുക്കുന്ന ബ്യൂറോക്രാറ്റിക് രീതിയല്ല വേണ്ടതെന്നും അദ്ദേഹം ദേശാഭിമാനി പത്രത്തിലെ ലേഖനത്തിൽ അഭിപ്രായപ്പെട്ടു.

ലോകത്തിൽ ഒരു ചലച്ചിത്രമേളയിലും ഇത്തരത്തിൽ ഒരു മാനദണ്ഡവും ചോദ്യാവലിയും ഡെലിഗേറ്റ് പാസ് നൽകുന്നതിനായി മുന്നോട്ടുവെയ്ക്കാറില്ല. ഓൺലൈൻ അപേക്ഷ ക്ലോസ് ചെയ്യുന്നതിനായി ഒരു ഡേറ്റ് നേരത്തെതന്നെ നിശ്ചയിക്കുകയും അതിനോടകം ആദ്യം രജിസ്റ്റർ ചെയ്യുന്ന ആളുകൾക്ക് ഫസ്റ്റ് കം ഫസ്റ്റ് എന്നതരത്തിൽ ഡെലിഗേറ്റ് പാസ് നൽകുകയുമാണ് സാധാരണയായി ചെയ്യാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാർത്ഥികൾക്ക് 200 രൂപയായിരുന്നു ഇതുവരെയുള്ള ഫീസ്. ഇത്തവണ ഇവരും 525 രൂപ നൽകണം. രാജീവ് നാഥിന്റെ നേതൃത്വത്തിലെ ചലച്ചിത്ര അക്കാഡമിയിലെ പുതിയ ഭരണ സമിതിയാണ് പരിഷ്‌കാരങ്ങൾക്ക് പിന്നിൽ. സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ റിപ്പോർട്ട് പരിഗണിച്ചാണ് തലതിരിഞ്ഞ മാറ്റങ്ങളെന്നാണ് അക്കാഡമിയുടെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP