Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയസൂര്യയും സൗബിനും മികച്ച നടന്മാരാവാനുള്ള സർവ യോഗ്യതയും ഉള്ളവർ തന്നെ; ആർക്കും സംശയം ഉണ്ടാവില്ല; ചോദ്യം ഇതാണ്-എങ്ങനെയാണ് ജോജു സഹനടനായത്? ജോസഫിലെ മിന്നും പ്രകടനം സ്വഭാവനടനുള്ള പുരസ്‌കാരത്തിൽ ഒതുക്കിയത് സിനിമ പ്രേമികൾക്ക് നിരാശ; വിശദീകരിച്ച് മടുത്ത് ജൂറി

ജയസൂര്യയും സൗബിനും മികച്ച നടന്മാരാവാനുള്ള സർവ യോഗ്യതയും ഉള്ളവർ തന്നെ; ആർക്കും സംശയം ഉണ്ടാവില്ല; ചോദ്യം ഇതാണ്-എങ്ങനെയാണ് ജോജു സഹനടനായത്? ജോസഫിലെ മിന്നും പ്രകടനം സ്വഭാവനടനുള്ള പുരസ്‌കാരത്തിൽ ഒതുക്കിയത് സിനിമ പ്രേമികൾക്ക് നിരാശ; വിശദീകരിച്ച് മടുത്ത് ജൂറി

മറുനാടൻ ഡെസ്‌ക്‌

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ച് മണിക്കൂറുകൾ പിന്നിടുന്നതിനുള്ളിൽ ഉടലെടുത്ത ചോദ്യമാണ് നടൻ ജോജു ജോർജ് 'ജോസഫ്' എന്ന ചിത്രത്തിൽ മിന്നും പ്രകടനം നടത്തിയിട്ടും സ്വഭാവ നടനുള്ള പുരസ്‌കാരത്തിൽ അദ്ദേഹത്തെ എന്തെ ഒതുക്കി കളഞ്ഞു എന്ന്. എന്നാൽ ഇതിനു പിന്നാലെ ജയസൂര്യയ്ക്കും സൗബിനും മികച്ച നടന്മാർക്കുള്ള പുരസ്‌കാരം നൽകിയതിനെ കുറിച്ച് ഇപ്പോൾ ജൂറി തുറന്ന് പറയുകയാണ്. സൗബിന്റെ പ്രകടനത്തെ സ്വാഭാവികതയുടെ നൈസർഗിക സൗന്ദര്യമെന്നാണ് ജൂറി വിശേഷിപ്പിച്ചത്.

ഫുട്ബോളിൽ ജീവിതം ദർശിക്കുന്ന ഒരു സാധാരണക്കാരൻ അപ്രതീക്ഷിതമായി ചെന്നു പെടുന്ന പ്രതിസന്ധികൾ തികച്ചും അനായസമായി പ്രതിഫലിപ്പിക്കുന്ന അഭിനയമികവിന് പുരസ്‌കാരം എന്നാണ് ജൂറി സൗബിനെ പറ്റി പറഞ്ഞത്. ക്യാപ്റ്റൻ എന്ന ചിത്രത്തിന് വേണ്ടിയും ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിന് വേണ്ടിയും ജയസൂര്യ എടുത്ത അശ്രാന്ത പരിശ്രമവും അർപ്പണ ബോധവുമാണ് ജൂറി എടുത്തു കാട്ടിയത്. ജയസൂര്യയെ പറ്റി ജൂറി പറഞ്ഞതിങ്ങനെ : 'അർപ്പണബോധവും അവിശ്രാന്ത യത്നവും സമ്മേളിക്കുന്ന അഭിനയ ചാരുത.

വളരെ വ്യത്യസ്തമായ രണ്ട് റോളുകളിൽ സ്വാഭാവികാഭിനയം കാഴ്ച വെച്ചിരിക്കുന്നു. പ്രശസ്തനായ ഒരു ഫുട്ബോൾ കളിക്കാരനെയും ഒരു ട്രാൻസ്ജെൻഡറിനെയും തികച്ചും വ്യത്യസ്തമായി ശരീര ഭാഷയിൽ പകർത്തുന്ന അത്ഭുതാവഹമായ അഭിനയ പാടവം'. മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം നേടിയ ജോജുവിനെ പറ്റി ജൂറി പറഞ്ഞതും ശ്രദ്ധേയമാണ് : 'പരുക്കനും മനുഷ്യത്വഹീനനുമെന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന ഒരു പൊലീസ് ഓഫീസറുടെ യഥാർഥ സ്വത്വം എന്താണെന്ന് വെളിപ്പെടുത്തുന്ന ജോസഫിലെ കഥാപാത്രവും, സംരക്ഷക വേഷം ചമഞ്ഞ് ഇരയെ കീഴ്‌പ്പെടുത്തുന്ന ചോലയിലെ പുരുഷനും ജോജുവിനെ ഈ പുരസ്‌കാരത്തിന് അർഹനാക്കുന്നു'.

മികച്ച നടനും സ്വഭാവ നടനും 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരമാണ് ലഭിക്കുക. മികച്ച നടിക്ക് ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവുമാണ് നൽകുന്നത്. ജോജു ജോർജും ഫഹദ് ഫാസിലും അവസാന ഘട്ടം വരെ പട്ടികയിലുണ്ടായിരുന്നിട്ടും ജനങ്ങളുടെ പ്രതീക്ഷ മുഴുവനും ജോജുവിലായിരുന്നു. ജോസഫ് എന്ന സിനിമയാണ് ജോജുവിനെ പുരസ്‌കാരത്തിലെത്തിച്ചത്. കാര്ഡബൺ എന്ന സിനിമയാണ് ഫഹദിലേക്ക് പുരസ്‌കാര സാധ്യത വീശിയത്. എന്നാൽ ഇത് അവസാന ഘട്ടത്തിൽ മാറിപ്പോവുകയായിരുന്നു.

മധുപാൽ സംവിധാനം ചെയ്ത 'ഒരു കുപ്രസിദ്ധ പയ്യൻ', സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത 'ചോല' എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് നിമിഷ സജയൻ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് 49ാം സംസ്ഥാന ചലച്ചിത്ര അവാർഡിൽ പുത്തൻ താരതിളക്കങ്ങൾ ചരിത്രം കുറിച്ചത്. 'പ്രതിപാദ്യത്തിലും പ്രതിപാദനത്തിലും ധ്രുവാന്തരം പുലർത്തുന്ന രണ്ട് ചിത്രങ്ങളിലെ വ്യത്യസ്ത കഥാപാത്രങ്ങളെ സമർത്ഥമായി അവതരിപ്പിച്ചതിന്, ഇരയാക്കപ്പെടുന്ന പെൺകുട്ടിയായും തുടക്കക്കാരിയുടെ പതർച്ചകളുള്ള അഭിഭാഷകയായുമുള്ള വേറിട്ട ഭാവപകർച്ചകൾ നിമിഷയെ പുരസ്‌കാരത്തിന് അർഹയാക്കുന്നു'വെന്നാണ് നിമിഷയുടെ പ്രകടനത്തെ പറ്റി ജൂറി അഭിപ്രായപ്പെട്ടത്.

ജൂറി പറഞ്ഞ ശ്രദ്ധേയമായ വാക്കുകളിങ്ങനെ

കുട്ടികളുടെ 4 ചിത്രങ്ങൾ ഉൾപ്പടെ 104 ചിത്രങ്ങളാണ് അവാർഡ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് എത്തിയത്. അതിൽ 57 ചിത്രങ്ങൾ പുതുമുഖങ്ങളുേടത്. മൂന്ന് സ്ത്രീ സംവിധായകരുടെ ചിത്രങ്ങൾ ഇതിൽപെടുന്നു. ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് മൂന്ന് കമ്മറ്റികളുടെ മേൽനോട്ടത്തിലാണ് നടത്തിയത്. മൂന്ന് കമ്മിറ്റികളും തിരഞ്ഞെടുത്ത 30 സിനിമകൾ എല്ലാ ജൂറി അംഗങ്ങളും ഒന്നിച്ചിരുന്ന് കാണുകയും അന്തിമ വിധി നിർണയത്തിൽ എത്തുകയും ചെയ്തു.

കുട്ടികളുടെ ചിത്രങ്ങൾ എന്ന പേരിൽ കമ്മിറ്റി മുമ്പാകെ എത്തിയ ചിത്രങ്ങൾ പലതും കുട്ടികളെ അഭിസംബോധന ചെയ്യുന്നവയായിരുന്നില്ല. മികച്ച അവലംബിത തിരക്കഥ എന്ന വിഭാഗത്തിൽ അർഹതയുള്ള എൻട്രികൾ ഉണ്ടായിരുന്നില്ല. ബഹുഭൂരിപക്ഷം ചിത്രങ്ങളും സിനിമ എന്ന മാധ്യമത്തിന്റെ സർഗാത്മകമായ സാധ്യതകളെ ഉപയോഗപ്പെടുത്താതെ അലസമായ സമീപനം പുലർത്തുന്നവയായിരുന്നു.

സാങ്കേതിക മികവ് പുലർത്തിയ ചിത്രങ്ങൾ ഉള്ളടക്കത്തിന്റെയും പ്രമേയ പരിചരണത്തിന്റെയും കാര്യത്തിൽ ഗുണനിലവാരം പുലർത്തിയില്ല. കഥാവികസനത്തെ തടയുന്ന രീതിയിൽ പാട്ടുകൾ ഔചിത്യമില്ലാതെ തിരുകിക്കയറ്റുന്ന പ്രവണത പ്രകടമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP