തിലകന്റെയും പി ജെ ആന്റണിയുടെയും നാടകക്കളരിയിലെ അറിയപ്പെടുന്ന നടി; നാടക രംഗത്തെ പ്രതിഭയുടെ തിളക്കം സിനിമയിലേക്കും സീരിയലിലേക്കുമെത്തി; കടലോര മേഖലയിലെയും മലയോള മേഖലയിലെയും വേഷങ്ങൾ തന്മയത്ത്വത്തോടെ അവതരിപ്പിച്ചു കൈയടി നേടി; സഹനടിക്കുള്ള പുരസ്‌ക്കാരം ലഭിച്ചത് പൗളി വത്സൻ അറിഞ്ഞത് പുത്തൻവേലിക്കരയിൽ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ
March 08, 2018 | 06:19 PM IST | Permalink

മറുനാടൻ ഡെസ്‌ക്ക്
കൊച്ചി: മികച്ച സഹനടിക്കുള്ള പുരസ്‌ക്കാരം പ്രഖ്യാപിച്ചപ്പോൾ പൗളി വത്സൻ എന്ന പേര് മലയാളികളെ സംബന്ധിച്ചിടത്തോളം അത്രയ്ക്ക് പരിചിതമില്ലായിരുന്നു. എന്നാൽ, നാടക രംഗത്തു നിന്നും സിനിമയിൽ എത്തിയ ഈ നടിയെ അവർ ചെയ്ത ചെറിയ വേഷങ്ങൾ കൊണ്ട് പ്രേക്ഷകർ ഓർത്തുവെക്കും. നാടക രംഗത്തു നിന്നും സിനിമയിലേക്കെത്തിയ പൗളി വത്സൻ വൈപ്പിൻ സ്വദേശിനിയാണ്. നാടക രംഗത്തു നിന്നും സിനിമയിൽ എത്തിയ അവർ പി ജെ ആന്റണിയു െനാടകങ്ങളിലെ അറിയപ്പെടുന്ന നടിയായിരുന്നു.
അക്കാലത്തെ പ്രഗത്ഭ നാടകനടിയായി പേരെടുത്തിരുന്നു പൗളിവത്സൻ. നാടക വേദിയിൽ പൗളി പ്രശസ്ത നടിയായ വേളയിൽ മമ്മൂട്ടി ജൂനിയർ ആർട്ടിസ്റ്റായി രംഗത്തുണ്ടായിരുന്നു. തിലകൻ, പി ജെ ആന്റണി എന്നിവരുടെ നാടകക്കളരിയിലാണ് പൗളി വത്സൻ കൂടുതലും അഭിനയിച്ചു വന്നിരുന്നത്. നാടക രംഗം ക്ഷയിച്ചത്തോടെ പൗളി ചേടത്തിയെ തേടി സിനിമയും സീരിയലും എത്തി.
കെ ബി സജീവൻ നാട്ടികയുടെ അരക്കള്ളൻ എന്ന നാടകത്തിലുൾപ്പെടെ ഒട്ടനവധി നാടകങ്ങളിലും, നിരവധി സീരിയലുകളിലും, മുപ്പതോളം സിനിമകളിലും ശ്രെദ്ധേയമായ വേഷങ്ങൾ ചെയ്ത പൗളി വത്സനെ തേടി നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്. ഇ.മ.യൗ, ഒറ്റവെളിച്ചം എന്നീ സിനിമകളിലെ അഭിനയത്തിനാണ് പോളിക്ക് മികച്ച സഹനടിക്കുള്ള പുരസ്‌ക്കാരം ലഭിച്ചത്. ക്രിസ്ത്യൻ ചേടത്തി വേഷങ്ങൾ ശരിക്കും വഴങ്ങുന്ന നടിയാണ് പോളി. മികച്ച അഭിനയമാണ് ഇവർ കാഴ്‌ച്ച വെച്ചതെന്നു പറഞ്ഞു കൊണ്ടാണ് ജൂറി പുരസ്‌ക്കാരം നൽകിയത്.
പുത്തൻവേലിക്കരയിൽ പുതിയ സിനിമയുടെ ചിത്രീകരണ ലൊക്കേഷനിൽ നിൽക്കുമ്പോളാണു പോളിയെ തേടി അവാർഡ് വിവരം എത്തുന്നത്. ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ച അവാർഡാണ്. അഭിനയിച്ചപ്പോൾ നല്ല പടമാണെന്ന തോന്നിയിരുന്നു. നല്ല ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. കൂടുതൽ നല്ല ചിത്രങ്ങൾ ചെയ്യുന്നതിനുള്ള പ്രചോദനമായി പുരസ്‌കാരത്തെ കാണുന്നു എന്നുമാണ് പോളി പ്രതികരിച്ചത്.
70-ാം വയസിലാണ് പോളിയെ തേടി സംസ്ഥാന സർക്കാരിന്റെ മികച്ച സഹനടിക്കുള്ള പുരസ്‌കാരം ലഭിക്കുന്നത്. പോളി അഭിനയിച്ച ഈ മ യൗ എന്ന ചിത്രം തിയറ്ററുകളിലെത്തിയിട്ടില്ല.പടം പ്രിവ്യു കണ്ടവരെല്ലാം നല്ല അഭിപ്രായം പറഞ്ഞുവെന്നു പോളി പറയുന്നു. ഗപ്പി, ലീല, മംഗ്ലീഷ് തുടങ്ങിയ ചിത്രങ്ങളിലും പോളി അഭിനയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചതിൽ ഇതീവ സന്തോഷത്തിലാണവർ.