Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അരുൺ വൈദ്യനാഥിന് നെല്ലിക്കാത്തളം വച്ച് ചികിത്സിക്കണം; ആകാരത്തിന് ചേരാത്ത ഭാവങ്ങളുമായി വീണ്ടും ലാലേട്ടൻ; പെരുച്ചാഴി അഥവാ കൂതറ' നമസ്‌കരിച്ച് പോകുന്ന അറുബോറൻ പടം

അരുൺ വൈദ്യനാഥിന് നെല്ലിക്കാത്തളം വച്ച് ചികിത്സിക്കണം; ആകാരത്തിന് ചേരാത്ത ഭാവങ്ങളുമായി വീണ്ടും ലാലേട്ടൻ; പെരുച്ചാഴി അഥവാ കൂതറ' നമസ്‌കരിച്ച് പോകുന്ന അറുബോറൻ പടം

എം മാധവദാസ്

'തുഗ്‌ളക്ക് മോഡൽ രാഷ്ട്രീയ ആക്ഷേപഹാസ്യമാണ് ഈ സിനിമ. തമിഴിൽ ചോ രാമസ്വാമിയുടെ വലിയ ആരാധകനായ ഞാൻ അദ്ദേഹത്തിന്റെ ചില കഥാപാത്രങ്ങൾ മനസ്സിലിട്ടാണ് ഈ ചിത്രം ഒരുക്കിയത്' ഓണക്കാലത്ത് ആർപ്പുംവിളിയുമായി 'ലാലോൽസവമായി' എത്തിയ 'പെരുച്ചാഴിയുടെ' സംവിധായകൻ അരുൺ വൈദ്യനാഥന്റെ വാക്കുകളാണിത്. സിനിമകണ്ട് കണ്ണുതള്ളിയിറങ്ങിയപ്പോൾ ഓർത്തത് അരുൺ വൈദ്യനാഥനെയും നല്‌ളൊരു വൈദ്യരെ കാണിക്കണമെന്നാണ്. നെല്ലിക്കാത്തളം വച്ചുള്ള ചികിൽസ ഇത്തരം സിനിമാക്കാർക്ക് സുഖം ചെയ്യം. മഴക്കാലത്ത് ഇങ്ങയൊണെങ്കിൽ ചൂടുകൂടുന്ന കുംഭം മീനം മാസങ്ങളിൽ വൈദ്യനാഥനുണ്ടാക്കുന്ന സിനിമയുടെ അവസ്ഥയെന്തായിരക്കും. 'കൂതറ' നമസ്‌ക്കരിച്ചുപോവുന്ന അറുബോറൻ പടമാണ് 'പെരുച്ചാഴി'. കാശുകൊടുത്ത് കയറുന്ന പ്രേക്ഷകരെ മണ്ടന്മ്മാരാക്കുന്ന തറ നമ്പറുകൾ. ലോജിക്ക് എന്നത് ഈ സിനിമയുടെ എഴയലത്തുകൂടി പോയിട്ടില്ല.ബാബുരാജിന്റെയും രമേഷ് പിഷാരടിയുടെയും ഒന്നുരണ്ട് വെർബൽ കോമഡികൾ ഒഴിച്ചാൽ ഓർമ്മിക്കത്തക്ക ഒരു ഡയലോഗുപോലുമില്ല. ചോ രാമസ്വാമിയുടെ ആക്ഷേപഹാസ്യം പോയിട്ട് ബോബനും മോളിയും മനസ്സിരുത്തി വായിച്ചവർപോലും ഈ രീതിയിൽ തറക്കോമഡിയെടുക്കില്ല. നമ്മുടെ പ്രിയപ്പെട്ട മോഹൻലാലാകട്ടെ മുൻകാല ചിത്രങ്ങളൂടെ നിഴൽമാത്രമായിപ്പോയി ഈ പടപ്പിൽ. ഇതിലുംനല്ലത് പ്രേക്ഷകർക്ക് അല്പം എലിവിഷം വാങ്ങിക്കൊടുക്കയായിരുന്നു.

പെരുച്ചാഴിയെപ്പോലെ എവിടെയും തുരന്നുകയറുന്ന ഒരു രാഷ്ട്രീയക്കാരൻ. തന്ത്രങ്ങളും കുതന്ത്രങ്ങളും പാരവെപ്പുമൊക്കെയായി അഖിലലോക തൊട്ടിത്തരങ്ങളുടെ ഒരു സർവകലാശാലയാണ് ജഗന്നാഥൻ. ( ആറാം തമ്പുരാനിലെ ജഗന്നാഥനെ ഓർത്തുപോവുന്നു. മലയാളിക്ക് പ്രിയപ്പെട്ട പഴയ മോഹൻലാൽ പടങ്ങളുടെ ഗൃഹാതുരത്വം പരമാവധി ചൂഷണംചെയ്യൻ ഈ സിനിമയിലുടനീളം ശ്രമമുണ്ട്) അയാൾ അമേരിക്കയിലേക്ക് തിരിക്കയാണ്. പുതിയ ദൗത്യവുമായി. അമേരിക്കൻ ഗവർണർ തെരഞ്ഞെടുപ്പിൽ അഭിപ്രായ സർവേകളിൽ പിറകിൽനിൽക്കുന്ന സ്ഥാനാർഥിയെ ജയിപ്പിക്കാനാവശ്യമായ പദ്ധതി തയാറാക്കണം. അതിനായി സ്ഥാനാർഥിയുടെ പ്രചാരണ ചുമതല വഹിക്കുന്ന മലയാളിയുടെ (വിജയ്ബാബു) ക്ഷണമനുസരിച്ചാണ് ജഗനത്തെുന്നത്. മൂന്നുമാസത്തെ ജോലി, മുപ്പതുകോടി രൂപ പ്രതിഫലം. കഥയുടെ വൺലൈൻ കേട്ടാൽ രസമുണ്ട്. ത്രില്ലടിപ്പിച്ചുകൊണ്ടുതന്നെയാണ് തുടക്കവും. പക്ഷേ പിന്നീടങ്ങോട്ട് കഥയെ വിശ്വസനീയമായി വികസിപ്പിക്കാൻ, സംവിധായകന് കഴിഞ്ഞില്ല. ഈ വൺലൈൻ നല്‌ളൊരു തിരക്കഥാകൃത്തിനുകൊടുക്കുകയും തനി തറഹാസ്യം വെട്ടിമാറ്റുകയോ ചെയ്തിരുന്നെങ്കിൽ ശരാശരി നിലവാരത്തിലേക്ക് ഈ സിനിമ മാറുമായിരുന്നു.

'കീപ്പ് യുവർ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആൻഡ് ലോജിക്ക് എവേ' എന്ന് എഴുതിക്കാണിച്ച് അങ്ങേയറ്റം അപമാനകരവും അപലപനീയവുമായാണ് ഈ സിനിമ തുടങ്ങുന്നത്.മോഹൻലാൽ ഫാൻസിനുവേണ്ടിയുള്ള ചിത്രമാണിതെന്നുമാണ് 'പെരുച്ചാഴിയുടെ' അണിയറ പ്രവർത്തകർ പ്രചരിപ്പിക്കുന്നത്. ലോജിക്കില്ലാതെ ലോകത്തിൽ എവിടെയെങ്കിലും കോമഡിയുണ്ടായിട്ടുണ്ടോ സർ. കോമഡിയിൽ മാത്രമല്ല, മനുഷ്യന്റെ ഓരോ പ്രവർത്തനങ്ങളിലും ലോജിക്ക് ഉണ്ടാവുമല്‌ളോ. നാട്ടിൻ പുറത്തുകാർ പറയുന്നതുപോലെ എല്ലാറ്റിനും ഒരു നേരവും കാലവും ഇല്‌ളേ. അപ്പൻ ഐ.സി.യുവിൽ കിടക്കുമ്പോൾ ആരെങ്കിലും കോമഡി പറഞ്ഞ് ചിരിക്കുമോ. അങ്ങനത്തവർക്ക് വേറെ പേരാണ് നാട്ടുകാർ ഇട്ടിരിക്കുന്നത്. 'നാടോടിക്കാറ്റ്' അടക്കമുള്ള മോഹൻലാലിന്റെ ജനപ്രിയ ചിത്രങ്ങളിലെല്ലാം എത്രയുക്തിസഹമായാണ് ഹാസ്യം ചേർത്തിട്ടുള്ളത്.

പ്രിയദർശന്റെ ചില വിജയ സിനിമകളിലൊക്കെ മൊത്തത്തിൽ കഥക്ക് യുക്തിഭദ്രതയില്‌ളെങ്കിലും അങ്ങനെ തോന്നാത്തവിധം പ്രേക്ഷകനെ പിടിച്ചിരുത്താൻ അദ്ദേഹത്തിന് കഴിയും. 'പൂച്ചക്കൊരു മൂക്കുത്തി', 'ബോയിങ് ബോയിഗ്', 'കിലുക്കും' എന്നിങ്ങനെ ഉദാഹരണങ്ങൾ നിരവധി. അവിടെയാണ് ഒരു സംവിധായകന്റെ വിജയവും. (ദിലീപിന്റെ സിഐഡി മൂസ ഇതിനു നല്ല ഉദാഹരണാണ്. പണ്ട് ചെടികളെയും മൃഗങ്ങളെയും സംസാരിപ്പിക്കയും മനുഷ്യനെപ്പോലെ ബുദ്ധിയുള്ള ജീവികളായി ചിത്രീകരിക്കുകയും ചെയ്തത് ശാസ്ത്ര വിരുദ്ധമാണെന്ന് ആരോപിച്ച്, ലോകപ്രശസ്ത കൃതിയായ 'ആലീസ് ഇൻ വണ്ടർ ലാൻഡ്' ചൈനയിലെ ഒരു പ്രവിശ്യയിൽ നിരോധിച്ചിരുന്നു! ഗുണപാഠം യുക്തിചിന്തയും ശാസ്ത്രബോധവും മൗലികവാദമായാൽ അതും പ്രശ്‌നമാണ്) എന്നാൽ അസംബന്ധങ്ങൾ അങ്ങനെതന്നെ പ്രേക്ഷകനും തോനുന്നു എന്നതാണ് 'പെരുച്ചാഴിയുടെ' പരാജയം. ഈ സിനിമയിലെ മണ്ടത്തരങ്ങൾ നോക്കുക.ഒരു ബോളിൽ എട്ടുറൺസ് വേണ്ടപ്പോൾ പന്ത് ചാണകത്തിലേക്കടിച്ച് ഓടി റൺസെടുത്ത് കുട്ടികളോട് ജയിക്കുന്ന നായകൻ, തോണ്ടുകയും തല്ലുകയുംചെയ്ത് കറുത്തവർഗക്കാരെയും വെളുത്തവരെയും തമ്മിലടിപ്പിക്കുന്നത്, എതിരാളികളുടെ കൈയിൽനിന്ന് സീഡി മോഷ്ടിക്കാനായി സൂപ്പർമാന്റെ വേഷമിട്ട് കൊലകൊമ്പന്മ്മാരായ അമേരിക്കൻ സെക്യൂരിറ്റിയെ വെട്ടിക്കുന്നത് തൊട്ട് കൈ്‌ളമാക്‌സിൽ വോട്ടിങ്ങ് യന്ത്രത്തിന്റെ ഡ്യൂപ്‌ളിക്കേറ്റിറക്കുന്നതുവരെ കണ്ടപ്പോൾ തലപെരുത്തുപോയി.

അമ്മോ.. അമേരിക്കയെന്നാൽ വെള്ളരിക്കാപ്പട്ടണമാണോ. ( ജൂനിയർ ബുഷ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കാലത്ത് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ദിവസങ്ങൾ നീണ്ട അനിശ്ചിത്വം ഉണ്ടായത് ഓർക്കുന്നു. പക്ഷേ അപ്പോഴും വോട്ടിംങ്ങ് മെഷീൻ മാറ്റിയെന്ന ആരോപണം കേട്ടിരുന്നില്ല) മോഹൻലാൽ ശ്രീനിവാസൻ ടീമിന്റെ അമേരിക്കൻ പടമായ 'അക്കരെയക്കരെയക്കരെ' കണ്ടവർക്ക് ബോധ്യമാവും 'പെരുച്ചാഴി'യുടെ നിലവാരത്തകർച്ച.തമിഴിൽമോശമില്ലാത്ത രണ്ടു സിനിമകളും ഒന്നാന്തരം ഷോർട്ട് ഫിലിമുകളും എടുത്ത അരുൺവൈദ്യനാഥിന്റെ കന്നി മലയാള സംരംഭമാണിതെന്നത്‌കൊണ്ടുമാത്രം ക്ഷമിക്കാൻ പ്രേക്ഷകർക്ക് കഴിയില്ല. 'പെരുച്ചാഴി' തമിഴിലും ഇറക്കുന്നത് നന്നായി; അവിടുത്തെ വിജയ്, സൂര്യ സിനിമകൾക്കൊക്കെ ലോജിക്ക് ഒരു പ്രശ്‌നമല്ലല്‌ളോ.

ഇന്ത്യൻ കണ്ണുകളിലൂടെയാണ് തിരക്കഥാകൃത്തുകൂടിയായ സംവിധായകൻ അമേരിക്കയെ വിലയിരുത്തിയിരിക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഗവർണർ സ്ഥാനാർഥിയുടെ കാമകേളികൾ അടങ്ങുന്ന സീഡി പുറത്താവുന്നത്. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികതയിൽ യാതൊരു തെറ്റുംകാണാത്ത ഒരു രാജ്യത്ത്, മഞ്ഞപത്രങ്ങളും നീല ചാനലുകളും അല്ലാതെ മുഖ്യധാരയിലെ എത് ചാനലാണ് ഇത് സംപ്രേഷണം ചെയ്യക. ബിൽ ക്‌ളിന്റൺ മോണിക്കാ ലെവിൻസ്‌ക്കി വിവാദകാലത്തും ക്‌ളിന്റൺ കളവുപറഞ്ഞു എന്നതായിരുന്നു അമേരിക്കൻ ജനതക്കുണ്ടായിരുന്നു പ്രശ്‌നം. സത്യം തുറന്ന് സമ്മതിച്ചതോടെ ക്‌ളിന്റന്റെ ജനപ്രീതി സർവേകളിൽ ഉയരുകയും ചെയ്തു.

മുല്ലപ്പെരിയാർ പ്രശ്‌നത്തിൽനിന്ന് തടിയൂരാനായി ജഗൻ കേരളമന്ത്രിയെ ഉപദേശിക്കുന്നത് അന്യസംസ്ഥാനങ്ങളിൽനിന്ന് എത്തുന്നുന്ന ശബരിമല തീർത്ഥാടകർക്ക് ഇരുമുടിക്കെട്ടിന് നികുതി ഏർപ്പാടാക്കാനാൺ അപ്പോൾ മാദ്ധ്യമ ശ്രദ്ധമാറുമ്പോൾ മന്ത്രിക്ക് മുല്ലപ്പെരിയാറിൽനിന്ന് തടിയൂരാമെന്നാണ് ജഗന്റെ നിഗമനം. സ്ത്രീകൾക്ക് സീരിയിൽപോലെ ഇടക്കിടെയുണ്ടാകുന്ന ബ്രേക്കിങ്ങ് ന്യൂസുകളിൽ കേരളീയപുരുഷൻ അഡിക്റ്റാണെന്ന നിരീക്ഷണവും ജഗന്റെ ഭാഗത്തുണ്ട്. ഇതേപോലുള്ള തരികിട പരിപാടികളാണ് അയാൾ അമേരിക്കയിലുടുനീളം ഇറക്കുന്നത്. അതിലും ഭയങ്കരമാണ് ജഗന്നാഥനെ ലോക പ്രശസ്തമായ 'ടൈം' മാഗസിൻ കവർ സ്റ്റോറിയാക്കിയെന്നത്. മഹാത്മാഗാന്ധിക്കുശേഷം ടൈം എത്ര ഇന്ത്യക്കാരുടെ കവർ ഫോട്ടേ പ്രസദ്ധീകരിച്ചുവെന്ന് ഗൂഗിളിൽ ഒന്ന് പരതി നോക്കിയിരുന്നെങ്കിൽ ഈ ജാതി അബദ്ധങ്ങൾ ഒഴിവാക്കാമായിരുന്നു. ( നമ്മുടെ കേരളശബ്ദവും ഇന്ത്യാ ടൂഡെയും പോലാണോ ടൈം മാഗസിൻ!) അതുപോലെ 'അമേരിക്കൻ തെരഞ്ഞെടുപ്പിലും മലയാളിസാന്നിധ്യം' എന്നത് നാട്ടിൽ ഒരു കൗതുക വാർത്തയാവും എന്നല്ലാതെ, പത്രങ്ങളിൽ മത്തങ്ങയാവാനും നാടുനീളെ ഫ്‌ളക്‌സ്വെക്കാനും കഴിയുന്നത്ര വലിയ സംഭവമാകുമോ. പക്ഷേ ഫാൻസിനവേണ്ടിയുള്ള പടമാവുമ്പോൾ എന്തുമാവാമത്രേ.

ഇനി മോഹൻലാൽ ഫാൻസെന്താ തലച്ചോറു പണയംവച്ചവരാണോ. എന്ത് കോപ്പിരാട്ടികണ്ടാലും കൈയടിക്കുകയും ആർത്തുചിരിക്കയും ചെയ്യന്നവർ ആരാധകരല്ല, അടിമകളും ചിത്തരോഗികളുമാണ്. മാത്രമല്ല,ഫാൻസുകാരെക്കൊണ്ട് മാത്രം സിനിമ വിജയിപ്പിക്കാൻ രജനീകാന്തിനല്ലാതെ ഇന്ത്യയിൽ ആർക്കും സാധിക്കില്ല. 'ദൃശ്യ'ത്തിന് മുമ്പിറങ്ങിയ മോഹൻലാലിന്റെ നിരവധി ചിത്രങ്ങൾ ഫാൻസുകാർക്ക്വേണ്ടിയെടുത്തിട്ടും പൊട്ടിപ്പൊളിഞ്ഞത് എന്തുകൊണ്ടാണ്. പക്ഷേ 'സൂപ്പർസ്റ്റാർ സരോജ്കുമാർ' പറഞ്ഞപോലെ 'ഞാനൊരു മെഗസ്സ്റ്റാറായതുകൊണ്ട് 15 പടങ്ങൾപൊളിഞ്ഞാലും 16ാമത്തേത് വിജയിച്ചാൽ പിടിച്ചു നിൽക്കാം'.

ഇനി മോഹൻലാലിന്റെ പ്രകടനം നോക്കുക. ശരാശരിയെന്നല്ലാതെ മുമ്പ് നമ്മെ വിസ്മയിപ്പിച്ച ആ ലാൽ മാജിക്ക് കാണാനില്ല. സംഘട്ടനരംഗങ്ങളിലെ ചടുലത, പാട്ടുസീനുകളിലെ കൊതിപ്പിക്കുന്ന യൗവനം എന്നിവ ലാലിൽനിന്ന ് പതുക്കെ ഇല്ലാതാവുകയാണോ.കവിൾ ചീർത്തും വയറുന്തിയും വാർധക്യം പിടമുറുക്കുന്ന ലക്ഷണങ്ങൾ, ജീവിച്ചിരിക്കുന്നവരിൽ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ അറിയപ്പെടുന്ന മലയാളിയും ( കഴിഞ്ഞവർഷത്തെ സി.എൻ.എൻ ഐ.ബി.എൻ സർവേ) ലോകോത്തര നടനുമായ മോഹൻലാലിൽ പ്രകടമാണ്. ( ഇതിലെ ചില പ്രണയ രംഗങ്ങളൊക്കെ 'കാസനോവയെന്ന' പെരും കത്തിയെ ഓർമ്മിപ്പിക്കുന്നു) ശരാശരി മലയാളിക്ക് ഓണക്കാലത്ത് ഒഴിച്ചുകൂടാൻ പറ്റാത്ത 'മോഹൻലാൽ നൊസ്റ്റാൾജിയ' പരമാവധി മുതലെടുക്കാന്നോണം, പേരെഴുതിക്കാട്ടുന്നതുതൊട്ട് ലാലിന്റെ വിജയചിത്രങ്ങൾ ഈ സിനിമയിൽ കടന്നുവരുന്നുണ്ട്. 'മോനോ ദിനേശാ' എന്ന് വരിയുള്ള ഒരു പാട്ടും. ആകെയുള്ളരു ഗുണപരമായ വശം ക്രോണിക്ക് ബാച്ചിലറായ നയകൻ അമേരിക്കയിൽ കോൾഗേളായ, ഒരുകുട്ടിയുടെ അമ്മയായ അമേരിക്കൻ പൗരയെ ( സിനിമയിൽ രാഗിണി.വിജയുടെ തലൈവാ ഫെയിം) വിവാഹം കഴിച്ചതാണ്. സാധാരണ എത്ര കിളവാനായും നായകന് അനാഘ്രാത കുസുമങ്ങളെതന്നെ വിവാഹംകഴിക്കാൻ വേണമായിരുന്നു. അക്കാര്യത്തിലൊക്കെ വളരെ യാഥാസ്ഥികരായിരുന്നു മോഹൻലാലിന്റെ ആരാധകർ. ഒരു പക്ഷേ യു.എസ് പൗരയായതുകൊണ്ട് അല്പം ഇളവുകിട്ടിയതാവണം.നേരത്തെ ഇറങ്ങിയ 'മംഗ്‌ളീഷിൽ' മമ്മൂട്ടിയുടെ നായിക ഒരു മദാമ്മയായിരുന്നു. ശീതയുദ്ധാനന്തരം ഹോളിവുഡ്ഡ് സിനിമകൾ ശത്രുവായി അന്യഗൃഹജീവികളെ ചിത്രീകരിച്ചപോലെ, വളർന്നുപന്തലിച്ച മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾക്ക് ഇനി അന്യരാജ്യനായികമാരാണോ കൂട്ടിനുണ്ടാവുക!

നായകനെ ഇടക്കിടക്ക് പുകഴ്‌ത്താനും അയാളുടെ തുപ്പൽകോളാമ്പി ചുമക്കാനുമായി ഒന്നു രണ്ടു മണ്ടന്മ്മാർ ഇത്തരം ചിത്രങ്ങളിൽ കൂട്ടുകാരെന്നപേരിൽ ഒപ്പം കൂടുന്നത് സ്വഭാവികമാണ്. ഇത്തവണ അതിന് നറുക്കുവീണത് ബാബുരാജിനും അജുവർഗീസിനുമാണ്. അജുവിന് പ്രത്രേ്യകിച്ച് ഒന്നും ചെയ്യാനില്‌ളെങ്കിലും ബാബുരാജിന്റെ ഡയലോഗുകൾ ഇടക്കൊക്കെ തീയേറ്ററിൽ ചിരിയുണർത്തുന്നുണ്ട്. എന്നാൽ അശ്‌ളീലവും ദ്വയാർഥപ്രയോഗവും നിറഞ്ഞ വളിപ്പുകളും ഇവർ ഇടക്കിടെ വായിലൂടെ വിസർജ്ജിക്കുന്നുണ്ട്. ബോയിങ് ബോയിങ് തൊട്ട് ക്‌ളിക്കായ ലാൽ മുകേഷ് കോമ്പിനേഷനും ഇത്തവണ വർക്കൗട്ടായില്ല. മുകേഷിന്റെ സഹായിയായി എത്തുന്ന രമേഷ് പിഷാരടി, ഉള്ള സീനുകൾ മികച്ചതാക്കി. നായികന്റെ ബ്രഹ്മാണ്ഡപ്രകടനത്തിൽ നായികക്കോ മറ്റു സ്ത്രീകഥാപാത്രങ്ങൾക്കോ കാര്യമായൊരു റോളുമില്ല. പക്ഷേ മലയാള നടന്മ്മാരേക്കാൾ നന്നായത് ഗവർണർ സ്ഥാനാർഥിയായി വേഷമിട്ട സായിപ്പാണെന്ന് മറക്കാനാവില്ല.

പക്ഷേ ഈ സിനിമയെ സംബന്ധിച്ച് ഏറ്റവും വലിയ സങ്കടം ഇതൊന്നുമല്ല. 'മങ്കിപെൻ' പോലെ അത്യപൂർവമായ ദൃശ്യാനുഭവം സമ്മാനിച്ച വിജയ്ബാബുസാന്ദ്രാതോമസ് ടീമാണ് ഇതിന്റെ നിർമ്മാതാക്കളെന്നതാണ്. ന്യൂ ജനറേഷൻ സിനിമകളിലെ പതിവു രസക്കുട്ടായ ചന്തഡയലോഗുകളൊന്നുമില്ലാതെ അച്ഛനും മകനും മുത്തഛനുമൊക്കെയുള്ള (പുതിയകാല സിനിമകളിൽ ഇവരൊക്കെ അധികപ്പറ്റാണ്) 'മങ്കിപെൻ' മലയാളത്തിലെ ലക്ഷണമൊത്ത നവതരംഗ സിനിമയായരുന്നു. ആ ടീം വീണ്ടും ഒന്നിച്ചപ്പോൾ , മികച്ച ചിത്രമുണ്ടാകുമെന്ന മിനിമം ഗ്യാരണ്ടി ഉരുൾപൊട്ടിപ്പോയി. പക്ഷേ അമേരിക്കയിലടക്കം റിലീസ് ചെയ്തുകൊണ്ടും വ്യത്യസ്തമായ പ്രചാരണ തന്ത്രങ്ങൾ ഒരുക്കിയും ഈ ടീം 'പെരുച്ചാഴിയെ' നന്നായി പ്രമോട്ട് ചെയ്തു കഴിഞ്ഞു. (ആദ്യദിനങ്ങളിൽനിന്നുതന്നെ 3.5കോടിയുടെ ഗ്രോസ് കലക്ഷൻ നേടി 'പെരുച്ചാഴി' റെക്കോർഡിട്ടുകഴിഞ്ഞു) ഈ ബുദ്ധിയും ആസൂത്രണമികവുമൊക്കെ അവർ വരും ദിനങ്ങളിൽ നല്ല സിനിമയുണ്ടാക്കുന്നതിലേക്കും മാറ്റിവെക്കുമെന്ന് പ്രത്യാശിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP