Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'മിലി' പാതി വിടർന്ന പുഷ്പം; ഒപ്പം ഉപദേശംകൊണ്ടുള്ള ഭീകരാക്രമണവും! അമല പോളിന് കൈയടി; നിരാശപ്പെടുത്തി രാജേഷ് പിള്ള

'മിലി' പാതി വിടർന്ന പുഷ്പം; ഒപ്പം ഉപദേശംകൊണ്ടുള്ള ഭീകരാക്രമണവും! അമല പോളിന് കൈയടി; നിരാശപ്പെടുത്തി രാജേഷ് പിള്ള

എം മാധവദാസ്

രു മികച്ച സിനിമയെടുത്ത ഏതൊരു സംവിധായകന്റെയും ബാധ്യതയാണ് തൊട്ടടുത്ത ചിത്രം. ആദ്യസിനിമ ഉയർത്തിയ പ്രതീക്ഷകൾ അപ്പോഴാണ് വലിയൊരു മഞ്ഞുമലയായി സംവിധായകനെന്ന കപ്പിത്താനുമുന്നിൽ ഉയർന്ന് നിൽക്കുക. തൊട്ടുമുന്നത്തെ സിനിമ ഒരു ചരിത്ര സംഭവമായാലോ? 2011ൽ ഇറങ്ങിയ രാജേഷ് പിള്ളയുടെ 'ട്രാഫിക്ക്' ഓർമ്മയില്ലേ? നോൺ ലീനിയർ ആഖ്യാനംകൊണ്ടും പ്രമേയ വൈവിധ്യംകൊണ്ടും ചരിത്രമായ അത്, മലയാള സിനിമയുടെ നാളിതുവരെയുള്ള ഗതാഗതംതന്നെ മാറ്റിക്കളഞ്ഞു. ഇന്നത്തെ ന്യൂ ജനറേഷൻ തരംഗത്തിന് തുടക്കംകുറിച്ചത് 'ട്രാഫിക്കോടെ'യാണ്.

പ്രേക്ഷകരുടെ അമിതപ്രതീക്ഷകളുടെ ഭാരം കാരണമായിരിക്കണം, കഴിഞ്ഞ നാലുവർഷമായി രാജേഷ് നല്ല പ്രമേയത്തിനായുള്ള കാത്തിരിപ്പിലായിരുന്നെന്ന് കേട്ടു. പക്ഷേ ഒടുവിൽ അദ്ദേഹത്തിന്റെ പുതിയ ചിത്രം 'മിലി' കണ്ടപ്പോൾ മൂക്കത്ത് വിരൽവച്ചുപോയി. 'ട്രാഫിക്കിന്റെ' പത്തിലൊന്ന് നിലവാരത്തിലേക്ക് ഇത് എത്തിയില്ല. പ്രമേഹരോഗികൾക്ക് ഉണ്ണിക്കാമ്പുപ്പേരി നൽകുന്നപോലെ മധുരവും, പുളിയും, ചവർപ്പുമില്ലാത്ത ഒരു സാധനം. ബോറടിയില്ലാതെ കണ്ടിരിക്കാമെന്നുമാത്രം. അവസാനരംഗങ്ങളിലെ ഉപദേശംകൊണ്ടുള്ള ഭീകരാക്രമണം താങ്ങാവുന്നതിലും അപ്പുറമാണ്. ട്രാഫിക്കിന്റെ സംവിധായകൻ തന്നെയാണോ ഇതെടുത്തതെന്ന് പല ഘട്ടത്തിലും നാം സംശയിച്ചുപോകും.

എന്താണ് മിലിയുടെ പ്രശ്‌നം?

കഥയായിരുന്നു 'ട്രാഫിക്കിന്റെ' ഏറ്റവും വലിയ പ്ലസ് എങ്കിൽ അത് ദുർബലമായതാണ് മിലിയിൽ വില്ലനായത്. ആൺകാഴ്ചകളെ ആഘോഷിക്കാറുള്ള മലയാളത്തിൽ പെണ്ണനുഭവങ്ങളും കാഴ്ചപ്പാടുകളും സത്യസന്ധമായി ചിത്രീകരിച്ച സിനിമകൾ കുറവാണ്. (മഞ്ഞുപോലൊരു പെൺകുട്ടി, എന്ന് സ്വന്തം ജാനകിക്കുട്ടിക്ക്, നോട്ടുബുക്ക് തുടങ്ങിയ സിനിമകൾ ഒറ്റപ്പെട്ട അപവാദങ്ങൾമാത്രം.). ആ നിലയ്ക്കുനോക്കുമ്പോൾ അപകർഷതാബോധവും അത്മവിശ്വാസക്കുറവുമുള്ള മിലി എന്ന പെൺകുട്ടിയുടെ കഥയ്ക്ക് പുതുമയുണ്ടായിരുന്നു. എന്നാൽ ഈ കഥയെ വിശ്വസനീയമാംവിധം വളർത്താനും വികസിപ്പിക്കാനും എഴുത്തുകാരൻ മഹേഷ്‌നാരായണന് കഴിഞ്ഞില്ല. മാത്രമല്ല, അവസാനം പുരുഷന്റെ സഹായത്തോടെയോ, അല്ലെങ്കിൽ ആ തണലിലോ ആണ് സ്ത്രീശാക്തീകരണം പൂർത്തിയാവുകയെന്ന ദുസ്സൂചനയും ചിത്രം നൽകുന്നുണ്ട്.

മിലിക്ക് (സിനിമയിൽ അമല പോൾ) എന്തെങ്കിലും പ്രശ്‌നമുണ്ടോ, എന്ന് ചോദിക്കാത്തവരില്ല. ആരോടും കൂട്ടില്ല. അധികം ആരോടും സംസാരിക്കാറില്ല. റൂമേറ്റ്‌സിനോടും, ജോലിസ്ഥലത്തുമൊന്നും അവൾ പൊരുത്തപ്പെട്ടുപോവുന്നില്ല. പക്ഷേ എല്ലാ ശരാശരി പെൺകുട്ടികളെയുംപോലെ അഭിനന്ദനത്തിനും സ്‌നേഹത്തിനുമായി കൊതിക്കുന്ന ഒരു മനസ്സുണ്ട് അവൾക്കും. അത് ആരും കാണുന്നില്ല. ഈ ഒരു വ്യത്യസ്തതയുമായി പ്രതീക്ഷയുയർത്തിക്കൊണ്ട് പുരോഗമിക്കുന്ന ആദ്യപകുതിക്കുശേഷം ബോറടിയുടെയും ഉപദേശങ്ങളുടെയും രണ്ടാംപകുതിയിലേക്കാണ് സിനിമ കൂപ്പുകുത്തുന്നത്. 

നിവിൻപോളിയുടെ കഥാപാത്രത്തെ കാണുമ്പോൾ തന്നെ നമുക്കറിയാം ഇയാളുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളുമാണ് മിലിയുടെ ജീവിതത്തെ മാറ്റിമറിക്കയെന്ന്. അതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പരാജയവും. അപ്രതീക്ഷിതമായി ഒന്നുമില്ല. സിനിമ തുടങ്ങുമ്പോൾതന്നെ നമുക്കറിയാം കഥാവസാനം അവൾ സ്മാർട്ടായി ജീവിതവിജയം നേടി എല്ലാവരെക്കൊണ്ടും കൈയടിപ്പിക്കുമെന്ന്. അതുതന്നെ സംഭവിക്കുന്നു. പക്ഷേ നിവിന് അമലയുമായി ഒരു പ്രേമത്തിന്റെ സൈഡ്ട്രാക്കും പാട്ടും ഇടാത്തതിന് (അങ്ങനെയുള്ള സൂചനകൾ ചിത്രത്തിൽ ഉണ്ടെങ്കിലും) പ്രേക്ഷകർ രാജേഷ് പിള്ളയോട് നന്ദിയുള്ളവരാണ്.

പിന്തിരിപ്പൻ ആശയലോകത്തെ ലിംഗനീതി

മാത്രമല്ല ചില പിന്തിരിപ്പൻ ധാരണകളെ സിനിമ മൂടുതാങ്ങുന്നുണ്ട്. മോഡേൺ വസ്ത്രങ്ങൾ അണിഞ്ഞ് നടക്കുന്നതും, അൽപ്പവസ്ത്രധാരിണിയായി ഡാൻസ്ബാറിലും മറ്റും പോകുന്നതാണോ സ്മാർട്ടാവുന്നതിന്റെ ലക്ഷണം? പുരുഷന്റെ സഹായവും ഉപദേശവുമില്ലാതെ വളരാൻ കഴിയാത്തവിധം മനസ്സ് മരവിച്ചുപോയവരാണോ കേരളത്തിലെ സ്ത്രീ സമൂഹം? മാത്രമല്ല, ഗ്രാമത്തിൽനിന്ന് നഗരത്തിലേക്ക് പറിച്ചു നടുകയും ഒറ്റക്ക് ജോലിചെയ്യാൻ പ്രേരിപ്പിക്കയുമാണ് വ്യക്തിത്വവൈകല്യം പരിഹരിക്കാനുള്ള 'ചികിൽസയെന്ന' വൈദ്യശാസ്ത്രപരമായും സാമൂഹികപരമായും അപക്വമായ ധാരണയാണ് ഈ സിനിമ പൊതുസമൂഹത്തിലേക്ക് ഇട്ടുകൊടുക്കുന്നത്. 'ദൃശ്യം' കുറ്റകൃത്യങ്ങളെക്കുറിച്ചും കുറ്റാന്വേഷണത്തെക്കുറിച്ചും സൃഷ്ടിച്ച തെറ്റിദ്ധാരണകൾക്ക് തുല്യമായിപ്പോയി, പ്രതിഭാധനനായ രാജേഷ് പിള്ളയുടെ ഈ പടപ്പ്. ആധുനിക കാലത്ത് ചെറിയൊരു ബിഹേവിയർ തെറാപ്പിയിലൂടെയും കൗൺസിലംഗിലുടെയും നിസ്സാരമായി പരിഹരിക്കാവുന്ന ഈ പ്രശ്‌നങ്ങൾ പക്ഷേ കഥമുന്നോട്ടുകൊണ്ടുപോവാൻ സംവിധാനയകനും തിരക്കഥാകൃത്തിനും വലിച്ചു നീട്ടിയെ പറ്റൂ.

അവസാനം മിലിയെ എല്ലാവരും അഭിനന്ദിക്കുന്ന ആനക്കാര്യത്തിലേക്കുവരാം. ഒരു ചെറിയ ഡേകെയർ സെന്റർ തുടങ്ങുകയും അതിന്റെ ധനശേഖരണാർഥം കൊച്ചുകുട്ടികളുടെ ഒരു മ്യൂസിക്ക്‌ഷോ നടത്തുകയും ചെയ്യുന്നതാണ് ഇത്രയും വലിയ സംഭവമായി ചിത്രീകരിക്കപ്പെടുന്നത്. ഇതിനാണ് മലാല യൂസുഫ് സായിയെയൊക്കെപോല എല്ലാവരും മിലിയെ അഭിനന്ദിക്കുന്നത്. കേരളത്തിലെ അംഗനവാടി കലോൽസവങ്ങളിലെ കുട്ടികളുടെ കലാപരിപാടികൾ ഒരുതവണ കണ്ടവർപോലും ഇതിൽ എന്താണ് ഇത്ര അഭിനന്ദിക്കാനെന്ന് ശങ്കിച്ചുപോവും. മിലിക്കുണ്ടായ മാറ്റം പ്രകടമാക്കാൻ കുറച്ചുകൂടി വിശ്വസിനീയവും ശക്തവുമായ പ്രമേയം തിരഞ്ഞെടുക്കണമായിരുന്നു.

ആദ്യപകുതിയിൽ രാജേഷ്പിള്ള ഒരുക്കിയ ചിലഷോട്ടുകളും സൂചനകളും ഓർത്താൽ ഒരു പെൺകുട്ടിയുടെ മാനസികവും ശാരീരികവുമായ വളർച്ചയിലൂടെയുള്ള സഞ്ചാരമാണ് സിനിമയെന്ന് തോന്നിപ്പോവുമായിരുന്നു. പെൺലൈംഗികത ചിത്രീകരിക്കുന്നതിൽ മലയാള സിനിമയ്ക്ക് ഇന്നും പേടിയാണെന്ന് തോന്നുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ ഒരു കൂട്ടുകാരൻ മിലിക്ക് ഉമ്മകൊടുക്കുന്നതും, പിന്നീട് അവൻ തന്നെ മറ്റൊരുത്തിയെ ചുംബിക്കുന്നത് കാണുമ്പോൾ മിലിയുടെ മനസ്സുതകരുന്നതുമാണ് ഒരു ലൈംഗികാനുഭവമായി സിനിമ പറയുന്നത്. ആൺകൂട്ടിനായി കെട്ടിഒരുങ്ങി സദാ ഫ്‌ളർട്ടിങ്ങുകളുടെ ലോകത്ത് ജീവിക്കുന്ന ടൈപ്പ് ന്യൂജൻ കൂട്ടുകാരികൾ, ആധുനിക ജനാധിപത്യത്തിന്റെയും ലിംഗ നീതിയുടെയും പക്ഷത്തുനിന്ന് നോക്കുമ്പോൾ പുരുഷന്റെ കാഴ്ചയെ തൃപ്തിപ്പെടുത്താൻ സൃഷ്ടിച്ചതാണ്.( സ്ത്രീപക്ഷ സിനിമകൾ എന്നുപറഞ്ഞ് ഇവിടെയിറങ്ങുന്ന ഒട്ടുമിക്ക ചിത്രങ്ങും പുരുഷന്റെ കണ്ണിലുടെ സ്ത്രീയെകണ്ട് ഫലത്തിൽ സ്ത്രീവിരുദ്ധമാവുന്നു. നമ്മുടെ മഞ്ജുവാരിയർ മടങ്ങിവന്ന 'ഹൗ ഓൾഡ് ആർ യൂ' തന്നെ ഒന്നാന്തരം ഉദാഹരണം).

നഗരംഗ്രാമം എന്ന ദ്വന്ദത്തെ സൃഷ്ടിച്ചതുപോലെതന്നെ ഫ്‌ളാറ്റിൽ ജീവിക്കുന്നവരെയും ഹോസ്റ്റൽവാസികളെയുമൊക്കെ ചില ശ്രീനിവാസൻ സിനിമകളെപ്പോലെ സ്റ്റീരിയോ ടൈപ്പ് ചെയ്യുന്നുണ്ട് 'മിലി'യും. ഒരു ഡേ കെയറിലെ കുട്ടികളുടെ ശബ്ദംപോലും അസഹനീയമാവും വിധം കേരളത്തിലെ ഫ്‌ളാറ്റിൽ ജീവിക്കുന്നവരിൽ മാറിയെന്നത് ഈ സിനിമ പറയുന്നത് അൽപ്പം കടന്നുപോയി. പൊങ്ങച്ചക്കാരും മനുഷ്യത്വമില്ലാത്തവരും കൂടിയാണ് ഈ ഫ്‌ളാറ്റുവാസികൾ. (ശ്രീനിവാസൻ സിനിമകളിൽ ഹൗസിങ്ങ് കോളനികളെയൊക്കെയാണ് ഈ രീതിയിൽ ചിത്രീകരിക്കാറ്). അറുപിന്തിരിപ്പനായ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ ക്രിയാത്മകമായി വിമർശിക്കുന്നു എന്നതുമാത്രമാണ് ഈ സിനിമ ഉയർത്തുന്ന പോസറ്റീവായ ആശയ പ്രപഞ്ചം. രാജ്യം നഷ്ടപ്പെട്ട രാജാവും, കളിപ്പാട്ടം നഷ്ടപ്പെട്ടകുട്ടിക്കുമുള്ളത് ഒരേ ദുഃഖമാണെന്ന ക്ലൈമാകസിലെ ഒറ്റ ഡയലോഗുകൊണ്ട് സിനിമയുടെ മൂല്യം ഉയരുന്നുമുണ്ട്.

മികവുകാട്ടി അമലയും സായികുമാറും

ഇത്തരം പ്രശ്‌ന നൈരന്തര്യങ്ങൾക്കിടയിൽ സിനിമയെ കണ്ടിരിക്കാൻ കൊള്ളാവുന്നതാക്കുന്നത് താരങ്ങളുടെ മികച്ച പ്രകടനമാണ്. അമലാപോളിന്റെ കരിയറിലെ എറ്റവും മികച്ച പ്രകടനമാണിത്. ഒരു പ്യൂപ്പയിൽനിന്ന് പൂമ്പാറ്റ ഉണ്ടായിവരുന്നതുപോലെ അതിമനോഹരമായാണ് അമല, മിലിയുടെ ജീവചരിത്രം അഭിനയിച്ചു ഫലിപ്പിച്ചത്. ദീർഘനാളത്തെ ഇടവേളക്കുശേഷം സായികുമാറിന് കിട്ടിയ മികച്ചവേഷമാണ് മിലിയിലെ അച്ഛൻ. വെറും ടൈപ്പ് വേഷമായിപ്പോവാൻ എല്ലാ സാധ്യതയും ഉണ്ടായിട്ടും, അതിലോലമായ ഭാവാഭിനയംകൊണ്ടും കൃത്യമായ സൗണ്ട് മോഡുലേഷൻ കൊണ്ടും സായികുമാർ ആ കഥാപാത്രത്തെ ഉയർത്തുന്നത് പുതുതലമുറ കണ്ടുപഠിക്കേണ്ടതാണ്. അതിഥിതാരത്തിന്റെ വിപുലീകരണംപോലെ തോന്നുന്ന ഈ വേഷത്തിൽ നിവിൻപോളിക്ക് കാര്യമായൊന്നും ചെയ്യാനില്ലെങ്കിലും ഉള്ളത് അദ്ദേഹം വൃത്തിയാക്കി. ഗോപീസുന്ദറിന്റെ പശ്ചാത്തല സംഗീതം നന്നായെങ്കിലും ഗാനങ്ങളിൽ ഒന്നുമാത്രമേ പ്രേക്ഷകരുടെ മനസ്സിൽ തങ്ങുന്നുള്ളൂ.

അവസാനമായി പറയമ്പോൾ രാജേഷ്പിള്ളയുടെ ഗ്രാഫ് താഴോട്ടാണെന്ന വിഷമത്തോടെ മാത്രമാണ് മിലി കണ്ട് തീയറ്റർ വിടുമ്പോൾ മനസ്സിലുണ്ടായിരുന്നത്. ഒപ്പം നല്ല കഥകിട്ടിയില്ലെങ്കിൽ നാലല്ല നാൽപ്പതുവർഷം കഴിഞ്ഞാലും സിനിമയെടുക്കാൻ പോവരുതെന്ന മുന്നറിയിപ്പും.

വാൽക്കഷ്ണം: കൗമാരക്കാരും യൗവനക്കാരും കേൾക്കാൻ ഏറ്റവും ഇഷ്ടപ്പെടാത്തതെന്താണെന്ന് ചോദിച്ചാൽ നിഷ്പ്രയാസം പറയാൻ കഴിയും. ഉപദേശം! കേരളത്തിലെ യുവാക്കളിൽ ഒരു വിഭാഗം ഈ രീതിയിൽ വഷളന്മാരായിപ്പോയത് ഉപദേശങ്ങളുടെ പ്രളയം മൂലമാണെന്ന് ഒരിക്കൽ എഴുത്തുകാരൻ എം.മുകുന്ദൻ ചൂണ്ടിക്കാട്ടിയിരുന്നു. 'മിലിയുടെ' അവസാന രംഗങ്ങളൊക്കെ കണ്ടാൽ ഈ അഭിപ്രായം ശരിവച്ചുപോവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP