Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലാൽ നൊസ്റ്റാൾജിയയിലേറി 'മോഹൻലാൽ'! അമിത പ്രതീക്ഷയില്ലെങ്കിൽ ഇത് കണ്ടിരിക്കാവുന്ന ചിത്രം; ഫാൻസുകാരെ ആദർശവത്ക്കരിക്കുന്നത് വിപണി സാധ്യതകൾ കണ്ടുകൊണ്ടുതന്നെയെന്ന് വ്യക്തം; വ്യത്യസ്തമായ വേഷത്തിൽ കസറി മഞ്ജുവാര്യർ

ലാൽ നൊസ്റ്റാൾജിയയിലേറി 'മോഹൻലാൽ'! അമിത പ്രതീക്ഷയില്ലെങ്കിൽ ഇത് കണ്ടിരിക്കാവുന്ന ചിത്രം; ഫാൻസുകാരെ ആദർശവത്ക്കരിക്കുന്നത് വിപണി സാധ്യതകൾ കണ്ടുകൊണ്ടുതന്നെയെന്ന് വ്യക്തം; വ്യത്യസ്തമായ വേഷത്തിൽ കസറി മഞ്ജുവാര്യർ

കെ വി നിരഞ്ജൻ

സംഘട്ടനത്തിൽ തോൽക്കുന്ന നായകന് സ്‌ക്രീനിലേക്ക് കത്തിയെറിഞ്ഞു കൊടുത്ത ആരാധകന്റെ കഥ തമിഴകത്തിൽനിന്ന് നാം കേട്ടിട്ടുണ്ട്. രജനീകാന്തിനും ഖുഷ്ബുവിനും അമ്പലം പണിതതും ഇതേ തമിഴ് ആരാധകരാണ്. ഇതെല്ലാം കേട്ട് ഇവർക്കെന്താ ഭ്രാന്താണോ എന്നായിരുന്നു മലയാളികളുടെ ചോദ്യം. എന്നാലിപ്പോൾ തമിഴ് സിനിമ പതിയെ മാറിത്തുടങ്ങിയപ്പോൾ ഈ ആരാധാനാ ഭ്രാന്തല്‌ളൊം നെഞ്ചോട് ചേർക്കുകയാണ് നമ്മൾ മലയാളികൾ. നായകന്റെ കട്ടൗട്ടുകളിൽ പാലഭിഷേകം നടത്തിയും പ്രിയ താരത്തിന്റെ പുതിയ സിനിമയുടെ റിലീസ് ദിവസം ശിങ്കാരിമേളമൊരുക്കിയുമെല്ലാം ആ ആരാധന അതിരുകടക്കുന്നു. (സൂപ്പർ താരങ്ങളെല്ലാം ഈ അന്ധമായ ആരാധനയെ ആസ്വദിക്കുന്നുവെങ്കിലും ഫഹദ് ഫാസിലിനെപ്പോലുള്ള യുവനിരയിലെ അപൂർവ്വം നടന്മാർ ഇത്തരം കോപ്രായങ്ങൾ പ്രോത്സാഹിപ്പിക്കാറില്ല എന്നത് മാത്രമാണ് ആശ്വാസം.)

ഒരു നടനോടോ നടിയോടെ പ്രേക്ഷകർക്ക് സ്വാഭാവികമായും ആരാധന തോന്നും. അവർ അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെയാണ് ആ ആരാധന വളർന്നുവരുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടന്മാരിലൊരാളാണ് മോഹൻലാൽ. തിരശ്ശീലയ്ക്ക് പുറത്ത് മാത്രമല്ല അടുത്തകാലത്തായി ഇറങ്ങിയ പല സിനിമകളും പരിശോധിച്ചാലറിയാം അതിൽ പലതിലും ലാൽ ഇല്ലങ്കെിലും പാട്ടായോ ഡയലോഗായോ അദ്ദേഹത്തിന്റെ സാന്നിധ്യം അതിലുണ്ട്. ഇത്തരം രംഗങ്ങൾ പലപ്പോഴും തിയേറ്ററിൽ വലിയ കയ്യടികളും ഉയർത്തുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് സാജിദ് യഹിയ എന്ന സംവിധായകൻ 'മോഹൻലാൽ' എന്ന പേരിൽ തന്നെ ഒരു സിനിമയുമായി രംഗത്തത്തെുന്നത്.

ആദ്യ ചിത്രമായ ഇടിയുടെ പരാജയത്തിന് ശേഷം, ലാലില്ലങ്കെിലും അദ്ദേഹം നിറഞ്ഞു നിൽക്കുന്ന ഒരു ചിത്രമൊരുക്കിക്കോണ്ട് ഒരു വിജയം തന്നെയാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. അത് ഏതാണ്ട് വിജയിച്ച മട്ടാണ്. വലിയ പ്രതീക്ഷയില്ലാതെപോയാൽ കണ്ടിരിക്കാവുന്ന ചിത്രമാണിത്.രണ്ടാം പകുതിയിൽ കോമഡിയെന്നപേരിൽ കാട്ടിക്കൂട്ടിയ ചില കോപ്പിരാട്ടികൾ മാറ്റിയിരുന്നെങ്കിൽ കുറേക്കൂടി മികച്ച പടമാവുമായിരുന്നു ഇത്.അതുപോലെതന്നെ ഫാൻസുകാരെ ആദശവത്ക്കരിക്കാനല്ലാതെ വിമർശനാത്മകമായി വിലയിരുത്താനും ചിത്രം തയറാവുന്നില്ല. നിങ്ങളൊരു ലാൽ ആരാധകനാണെങ്കിൽ ഷോ നിങ്ങൾക്ക് ആഘോഷമാക്കാം. അല്ലങ്കെിൽ തരക്കേടില്ലാത്തൊരു കുടുംബ സിനിമ കണ്ട തൃപ്തി നിങ്ങൾക്ക് ഈ മോഹൻലാൽ സമ്മാനിക്കും.

ഒരു ലാൽ ആരാധികയുടെ ജീവിത കഥ

നടന്മാർ മാത്രം താരപദവി കയ്യക്കിവെച്ചിരിക്കുന്ന മലയാള സിനിമയിൽ സൂപ്പർ സ്റ്റാർ പദവി പേരിലെങ്കിലും നേടിയ നടിയാണ് മഞ്ജുവാര്യർ. അതുകൊണ്ട് തന്നെയാവണം മോഹൻലാലെന്ന പേരിലൊരു സിനിമയെടുക്കുമ്പോൾ നായികയായി മഞ്ജുവാര്യർ തന്നെ വേണമെന്ന് സാജിദ് യഹിയ തീരുമാനിച്ചത്.

മീനുക്കുട്ടി എന്ന് വിളിപ്പേരുള്ള മീനാക്ഷി (മഞ്ജുവാര്യർ)യുടെയും ഭർത്താവ് സേതുമാധവന്റെയും (ഇന്ദ്രജിത്ത്) കഥയാണ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ തുടങ്ങി പുലിമുരുകനിലത്തെുന്ന ലാൽ സിനിമകളിലൂടെയാണ് ഈ ദമ്പതികളുടെ കഥ സംവിധായകൻ പറയുന്നത്. കടുത്ത മോഹൻലാൽ ആരാധികയാണ് മീനാക്ഷി. ഏയ് ഓട്ടോ ഇറങ്ങിയപ്പോഴാണ് സേതുമാധവനോട് തന്നെ ഇനി മീനുക്കുട്ടി എന്ന് വിളിച്ചാൽ മതിയെന്ന് അവൾ പറയുന്നത്. അവളുടെ മനസ്സിൽ കിരീടത്തിലെ സേതുമാധവനാണ് ഭർത്താവ്. എന്നാൽ ഭർത്താവോ മിഥുനത്തിലെ സേതുമാധവന്റെ അവസ്ഥയിലും.

വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന ഇവരിലൂടെ ഭാര്യ-ഭർത്തൃബന്ധത്തിലെ രസകരമായ മുഹൂർത്തങ്ങൾ ഒരുക്കാൻ അണിയറ പ്രവർത്തകർക്ക് സാധിക്കുന്നുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ചെയ്ത ദിവസമാണ് മീനാക്ഷിയുടെ ജനനം. സ്‌കൂളിൽ ഒന്നു മുതൽ പൂജ്യം വരെ എന്ന സിനിമ പ്രദർശിപ്പിച്ചതോടെയാണ് മീനാക്ഷി മോഹൻലാലിന്റെ കട്ട ആരാധികയായി മാറുന്നത്. എന്തിലും ഏതിലും അവൾ മോഹൻലാലിനെ ദർശിക്കുന്നതോടെ സേതുമാധവന് തന്റെ പ്രണയം പറയാൻ പോലും ലാലിന്റെ ഡയലോഗുകളെ കൂട്ടുപിടിക്കേണ്ടിയും വരുന്നുണ്ട്.

ആദ്യമൊക്കെ ഒരു തമാശയായി കണ്ടിരുന്ന സേതുമാധവൻ ഭാര്യയുടെ അന്ധമായ ആരാധന അതിരുകടക്കുന്നതോടെ പ്രശ്‌നത്തിൽ അകപ്പെടുന്നു. ഈ പ്രശ്‌നങ്ങളും അതിൽ നിന്ന് അദ്ദേഹം എങ്ങിനെ കരകയറുന്നു എന്നതുമാണ് ഈ കൊച്ചു ചിത്രത്തിന്റെ പ്രമേയം. ഹണിമൂൺ ട്രിപ്പിന് പോകാമെന്ന് പറയുന്ന സേതുമാധവനെ വരിക്കാശ്ശേരി മനയിലേക്ക് മീനാക്ഷി കൂട്ടിക്കോണ്ടുപോകുന്നതുൾപ്പെടെയുള്ള നിരവധി രസകരമായ മുഹൂർത്തങ്ങൾ ചിത്രത്തിന്റെ ആദ്യപകുതിയിലുണ്ട്.

ജീവിതം മടുത്ത് ആത്മഹത്യക്കായി റെയിൽവേ സ്റ്റേഷനിലത്തെുന്ന സേതുമാധവനും സൗബിൻ ഷാഹിറിന്റെ കഥാപാത്രവുമായി നടക്കുന്ന സംഭാഷണങ്ങളിലൂടെയും സേതുമാധവന്റെ ഓർമ്മകളിലൂടെയുമാണ് കഥ അനാവരണം ചെയ്യന്നത്.

മര്യാദാ രാമന്മാരായ ഫാൻസുകാർ

ഫാൻസ് അസോസിയേഷനുകൾ വലിയൊരു പ്രസ്ഥാനമാവുകയും മോഹൻലാൽ ഒരു താരമായി വളരുകയും ചെയ്ത കേരളത്തിൽ മീനാക്ഷിയെപ്പോലുള്ള ആരാധികമാർ സ്വാഭാവികമായും ഉണ്ടാകും. കേരളത്തിലെ നിരവധി സ്ത്രീകൾക്ക് ലാലിനോടുള്ള വൈകാരികമായ അടുപ്പവും വ്യക്തമാണ്. എന്നാൽ ഫാൻസ് അസോസിയേഷൻകാർക്കോപ്പം തിയേറ്ററിൽ ആർപ്പ് വിളിക്കുകയും വർണ്ണക്കടലാസുകൾ വാരിയെറിയുകയും ചെയ്യന്ന മീനാക്ഷി എന്ന യുവതി കേരളത്തിൽ ഉണ്ടാവുമോ എന്ന് പ്രേക്ഷകർക്ക് സംശയം തോന്നാം. ഇത്തരമൊരു അവസ്ഥയിൽ പ്രേക്ഷകരെ ബോധ്യപ്പെടുത്താനായി വിശ്വസനീയമായ ചില രംഗങ്ങൾകൂടി അണിയറ പ്രവർത്തകർ ചിത്രത്തിൽ ചേർത്തിട്ടുണ്ട്. ജീവിതത്തിൽ ഉണ്ടായ ഒറ്റപ്പെടലും ജീവിതത്തിൽ സംഭവിച്ച അരക്ഷിതാവസ്ഥയ്ക്ക് മേൽ ആശ്വാസമായി ലാൽ കഥാപാത്രങ്ങൾ വരുന്നതുമെല്ലാം പ്രേക്ഷകർക്ക് ബോധ്യമാവുന്ന രീതിയിൽ ചിത്രീകരിക്കാൻ ശ്രമിച്ചു എന്നതാണ് സിനിമയുടെ വിജയം.

ലാൽ ഫാൻസിനെക്കൂടി ലക്ഷ്യമിട്ടുള്ള ചിത്രമാണിത്. അതുകൊണ്ട് തന്നെ ഫാൻസ് അസോസിയേഷന് വിഷമമുണ്ടാക്കുന്ന ഒന്നും ചിത്രത്തിൽ വരാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഫാൻസ് അസോസിയേഷനുകളുടെ നല്ല ഗുണങ്ങളെല്ലാം ചേർക്കുമ്പോഴും വിമർശന ശരങ്ങൾ തൊടുക്കാതിരിക്കാനുള്ള ജാഗ്രത ചിത്രത്തിൽ കാണാം. എന്നാൽ അന്ധമായ ആരാധന തലങ്ങും വിലങ്ങും കുത്തിനിറയ്ക്കുന്നത് പലപ്പോഴും ചിത്രത്തിന്റെ ഗൗരവം നഷ്ടപ്പെടുത്തുന്നുണ്ട്. പ്രധാനകഥാപാത്രമായ മീനാക്ഷി മോഹൻലാലിനെ ചുറ്റിക്കറങ്ങുന്നവളാണ്. എന്നാൽ മീനാക്ഷിയില്ലാത്ത രംഗങ്ങളിൽ പോലും ലാലിന്റെ സാന്നിധ്യം പ്രേക്ഷകനെ അനുഭവിപ്പിക്കാനുള്ള ശ്രമങ്ങളാണ് സംവിധായകനും തിരക്കഥാകൃത്തും നടത്തുന്നത്. ഗുരുതരാവസ്ഥയിൽ കിടക്കുന്ന രോഗിക്ക് രക്തം നൽകാനത്തെുന്ന ഫാൻസുകാർ ലാലേട്ടനാണ് തങ്ങളുടെ ഗ്രൂപ്പെന്നെല്ലാം പറയുന്നത് ബോറായി എന്നു തന്നെ പറയേണ്ടിവരും.

മോഹൻലാലിൽ ഫാൻസെല്ലാം മര്യാദരാമന്മാരാണ്. അവർ സേവന തൽപ്പരരും സഹജീവി സ്‌നേഹം ഉള്ളിൽ നിറച്ചവരുമാണ്. അനീതികൾക്കെതിരെ പോരാടുന്ന അവർ പാവങ്ങളുടെ രക്ഷകരുമാകുന്നു. എന്നാൽ ഇത്രയ്ക്ക് മഹത്വവത്ക്കരിക്കാവുന്നവരും, വിമർശനങ്ങൾ ഇല്ലാത്തവരുമാണോ ഫാൻസെന്ന ആൾക്കൂട്ടമെന്ന ചോദ്യം തീർച്ചയായും ഉയർന്നുവരും. ലാലിനെ അപമാനിച്ചു എന്നും പറഞ്ഞ് ഒരു നടിയോട് ആക്രോശിച്ചവരാണ് ഈ ഫാൻസുകാർ. സമൂഹ മാധ്യമങ്ങളിൽ അവർ പലപ്പോഴും അലറിത്തുള്ളിയതിന് എല്ലാവരും സാക്ഷികളാണ്. നേരിയ ലാൽ വിമർശനം പോലും ഉൾക്കോള്ളാൻ കഴിയാത്ത ആൾക്കൂട്ടമായി ലാൽ ഫാൻസ് മാറിപ്പോയതിന് നിരവധി ഉദാഹരങ്ങൾ അടുത്ത കാലത്ത് തന്നെ ചൂണ്ടിക്കാണിക്കാൻ കഴിയും.

നടിയെ ആക്രമിച്ച നടനെ അറസ്റ്റ് ചെയ്തപ്പോഴും ഇത്തരം ഫാൻസ് സംഘം സമൂഹ മാധ്യമങ്ങളിൽ അഴിഞ്ഞാടുകയായിരുന്നു. മറ്റ് നടന്മാരുടെ ചിത്രങ്ങൾ കൂവിത്തോൽപ്പിക്കാൻ ഇറങ്ങിത്തിരിച്ച ഫാൻസുകാരുടെ കഥകളും ഏറെ കേട്ടിട്ടുണ്ട്. എന്നാൽ ഈ മുഖമപ്പാടെ മറച്ചുവെച്ച് അവരെ മഹത്വവത്ക്കരിക്കാൻ തന്നെയാണ് താരത്തിന്റെ പേരിലുള്ള ഈ ചിത്രത്തിന്റെ ശ്രമവും. അതിരുകടന്ന ആരാധനയുടെയും ഫാൻസ് എന്ന ആൾക്കൂട്ടം ഒരു മതംപോലെ മാറുന്നതിന്റെയും മനഃശാസ്ത്രപരമായ അന്വേഷണമൊന്നും നടത്തുന്ന ചിത്രമല്ല മോഹൻലാൽ. നടന്റെ താരപ്രഭ പരമാവധി മുതലെടുത്ത് കോമഡിയും കുടുംബബന്ധങ്ങളുമെല്ലാം ചേർത്ത് ഒരു തട്ടുപൊളിപ്പൻ ചിത്രമൊരുക്കാൻ തന്നെയാണ് ശ്രമം. അക്കാര്യത്തിൽ സിനിമ ഏറെക്കുറേ വിജയം കണ്ടുവെന്ന് തന്നെ പറയാം.

മികവോടെ മഞ്ജു

കോമഡി താരങ്ങളുടെ സഹായമില്ലാതെ, കോമഡിക്കായുള്ള ശ്രമങ്ങൾ ഇല്ലാതെ തന്നെ ആദ്യ പകുതിയിൽ നല്ല ചിരി പ്രേക്ഷകന് സമ്മാനിക്കാൻ ചിത്രത്തിന് കഴിയുന്നു. മീനാക്ഷിയുടെ ബാല്യവും യൗവ്വനവുമെല്ലാം അതിമനോഹരമായാണ് ചിത്രത്തിൽ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. എന്നാൽ ആദ്യപകുതിയിലെ ഒഴുക്ക് രണ്ടാം പകുതിയിൽ കാത്തുസൂക്ഷിക്കാൻ ചിത്രത്തിന് കഴിയുന്നില്ല. കോമഡിക്കായുള്ള ശ്രമങ്ങളാണ് രണ്ടാം പകുതിയിൽ. സലിം കുമാറിന്റെ ഗുണ്ടയെയും അജുവർഗ്ഗീസിന്റെ തട്ടിപ്പുകാരനെയും ബിജുക്കുട്ടന്റെ ഫാൻസ് അസോസിയേഷൻ നേതാവിനെയും സുനിൽ സുഖതയുടെ റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റിനെയും ഹരീഷ് കണാരന്റെ റോഡ് കോൺട്രാക്ടർ ജി പിയെയുമെല്ലാം കൊണ്ടുവന്ന് കോമഡിക്കായുള്ള പരിശ്രമങ്ങളാണ് ഇവിടെ. എന്നാൽ ഇതെല്ലാം ഏശാതെ പോകുന്നതാണ് രണ്ടാം പകുതിയെ പലപ്പോഴും വിരസമാക്കുന്നത്. വലിഞ്ഞു മുറുകി പോകുന്ന രണ്ടാം പകുതിയുടെ അവസാനമത്തെുമ്പോൾ സംവിധായകൻ താളം തിരിച്ചു പിടിക്കുകയും തരക്കേടില്ലാത്ത രീതിയിൽ സിനിമ അവസാനിപ്പിക്കുകയും ചെയ്യന്നുണ്ട്. അതുകൊണ്ട് തന്നെ വലിയ നിരാശയില്ലാതെ പ്രേക്ഷകരെ തിയേറ്ററിൽ നിന്ന് മടക്കിഅയയ്ക്കാൻ മോഹൻലാലിന് സാധിക്കുന്നു.

ലാൽ ആരാധന തലയ്ക്ക് പിടിച്ച മീനാക്ഷിയെ മഞ്ജുവാര്യർ മികവോടെ അവതരിപ്പിച്ചു. അടുത്തകാലത്തായി മഞ്ജുവിന് നഷ്ടമായ ഊർജ്ജവും നർമ്മവുമെല്ലാം മീനാക്ഷി തിരിച്ചുപിടിക്കുന്നുണ്ട്. സേതുമാധവനായി ഇന്ദ്രജിത്തും മികച്ചു നിന്നു. സൗബിന്റെ വിചിത്രമായ കഥാപാത്രം പിടിതരുന്നില്ലങ്കെിലും ചിലപ്പോഴെങ്കിലും ചിരിപ്പിക്കുന്നുണ്ട്. വെള്ളാനകളുടെ നാട്ടിലെ സി പിയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ഹരീഷ് പെരുമണ്ണയുടെ കഥാപാത്രമെങ്കിലും എല്ലാ സിനിമയിലും ഇത്തിരിയെങ്കിലും ചിരി സമ്മാനിക്കുന്ന ഹരീഷിന് ഇവിടെ അതൊന്നും സാധിക്കുന്നില്ല.

വാൽക്കഷ്ണം: ലാലിനെക്കുറിച്ചുള്ള പാട്ട് ഒഴിച്ചു നിർത്തിയാൽ മറ്റു പാട്ടുകളെല്ലാം പലപ്പോഴും അനവസരത്തിലാണ് കടന്നുവരുന്നത്. ഇതും പ്രേക്ഷകനെ ബോറടിപ്പിക്കുന്നുണ്ട്. ഗാനങ്ങളുടെ വരികൾതൊട്ട് ചിത്രീകരണത്തിൽ വരെ അടുത്തകാലത്തുള്ള മിക്ക പടങ്ങളിലും ഈ അശ്രദ്ധ പ്രകടമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP