Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മനസ്സ് നിറക്കുന്ന മേരിക്കുട്ടി! കോസ്റ്റ്യൂമിൽ പാളിയെങ്കിലും ജയസൂര്യയുടേത് കിടിലൻ പ്രകടനം; ആഖ്യാനത്തിലെ ചടുലതയില്ലായ്മയും പോരായ്മ; പക്ഷേ ഇത് മലയാളത്തിന്റെ ആദ്യ ട്രാൻസ്‌ജെൻഡർപക്ഷ ചിത്രം; ദിലീപിന്റെ ചാന്തുപൊട്ട് വഴി നൽകിയ അപമാനങ്ങൾക്ക് മലയാള സിനിമയുടെ പ്രായശ്ചിത്തം

മനസ്സ് നിറക്കുന്ന മേരിക്കുട്ടി! കോസ്റ്റ്യൂമിൽ പാളിയെങ്കിലും ജയസൂര്യയുടേത് കിടിലൻ പ്രകടനം; ആഖ്യാനത്തിലെ ചടുലതയില്ലായ്മയും പോരായ്മ; പക്ഷേ ഇത് മലയാളത്തിന്റെ ആദ്യ ട്രാൻസ്‌ജെൻഡർപക്ഷ ചിത്രം; ദിലീപിന്റെ ചാന്തുപൊട്ട് വഴി നൽകിയ അപമാനങ്ങൾക്ക് മലയാള സിനിമയുടെ പ്രായശ്ചിത്തം

എം മാധവദാസ്

പൂർണമായും നായക കേന്ദ്രീകൃതമായ ഒരു വ്യവസായത്തിൽ സ്ത്രീപക്ഷ സിനിമകൾ ഉണ്ടാവുക എന്നതുതന്നെ ഒരു വിപ്‌ളവമാണ്.എന്നാൽ ആണും പെണ്ണുമല്ലാത്തവർ എന്ന് സമൂഹം പരിഹസിക്കുന്ന മൂന്നാംലിംഗക്കാരായി വേഷമിടാൻ, അവരുടെ പക്ഷത്തുനിന്ന് സിനിമയെടുക്കാൻ ഒരു മുഖ്യധാര നടനും സംവിധായകനും തയ്യാറാവുക എന്നത് ശരിക്കും ഇരട്ട വിപ്‌ളവമാണ്.പ്രശസ്ത സംവിധായകൻ രഞ്ജിത്ത് ശങ്കർ, ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കിയെടുത്ത 'ഞാൻ മേരിക്കുട്ടി' സത്യത്തിൽ മലയാള സിനിമയുടെ ഒരു പ്രായശ്ചിത്തമാണ്.

കാരണം നടൻ ദീലീപിന്റെ 'ചാന്തുപൊട്ട്' അടക്കമുള്ള ചിത്രങ്ങളും അസംഖ്യം കോമഡി സ്‌കിറ്റുകളും മറ്റുമായി മലയാള ചലച്ചിത്രലോകവും, ദൃശ്യ-ശ്രാവ്യ മാധ്യമലോകവും, ഒരു തെറ്റും ചെയ്യാത്ത ഈ ട്രാൻസ്‌ജെൻഡർ സമൂഹത്തെ നിരന്തരമായി അപമാനിച്ചിരുന്നു.പിടിച്ചുപറിക്കാരും ലൈംഗികതൊഴിലാളികളും മാത്രമാണ് ഇവർ എന്ന പൊതുധാരണയിൽനിന്നുള്ള കുതിറച്ചാട്ടമാണ് ഈ ചിത്രം.അതിനുകാണിച്ച ധൈര്യത്തിന് ചിത്രത്തിന്റെ നിർമ്മാതാക്കൾ കൂടിയായ ജയസൂര്യയും രഞ്ജിത്ത് ശങ്കറും വലിയൊരു സല്യൂട്ട് അർഹിക്കുന്നു. ചിത്രത്തിന്റെ ഹൈലെറ്റ് ജയസൂര്യയുടെ മേക്കോവറും തകർപ്പൻ പ്രകടനവും തന്നെയാണ്.പലയിടത്തും പ്രേക്ഷകന്റെ കണ്ണുനിറക്കാൻ മേരിക്കുട്ടിക്ക് ആവുന്നുണ്ട്.പക്ഷേ ആഖ്യാനത്തിലെ ചുടലത ഇല്ലായ്മയും പ്രമേയ വൈവിധ്യത്തിലേക്ക് പോകാൻ കഴിയാത്തതും ചിത്രത്തിന് തിരിച്ചടിയാവുന്നുമുണ്ട്.

ട്രാൻസ്‌ജെൻഡർ വിഷയം പ്രമേയമാക്കിയുള്ള നിരവധി ചിത്രങ്ങൾ ഇന്ന് ലോകത്ത് ഇറങ്ങിയിട്ടുണ്ട്.ഐ.എഫ്.എഫ്.കെയിലടക്കം നാം അത് പലയിടത്തും കണ്ടു.അത്തരം ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പ്രകടമാണ് മേരിക്കുട്ടിയുടെ പ്രതിഭാ ദാരിദ്രമെന്ന് പറയാതെ വയ്യ.ഏതൊരു ട്രാൻസ്‌ജെൻഡറിന്റെയും പ്രധാന പ്രശ്‌നമായ ലൈംഗിക ജീവിതം എന്ന ഭാഗത്തേക്ക് ചിത്രത്തിന്റെ എഴുത്തുകാരൻ കൂടിയായ സംവിധായകൻ രഞ്ജിത്ത് ശങ്കർ തിരിഞ്ഞുനോക്കിയിട്ടില്ല.ലൈംഗിക വികാരങ്ങൾ ഇല്ലാതെ മരംപോലെ മേരിക്കുട്ടിയെ ചിത്രീകരിച്ചതും ചിത്രത്തിന്റെ ബലഹീനത പ്രകടമാക്കുന്നു.ഒരു നല്ല പ്‌ളോട്ടിലേക്ക് വിഷയ വൈവിധ്യത്തെ കൊണ്ടുവരാൻ രഞ്ജിത്തിന് ആയിട്ടില്ല.ഈ കഥ ശ്യാംപുഷ്‌ക്കരെനെപ്പോലുള്ള ന്യൂജൻ എഴുത്തുകാരനെ എൽപ്പിച്ച് കൂടുതൽ വർക്കുചെയ്തിനുശേഷമാണ് എടുത്തതെങ്കിൽ, മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാകുമായിരുന്നു.

പക്ഷേ എന്തൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും പുതിയ ആശയത്തിൻെപേരിൽ പാസ്മാർക്ക് കൊടുക്കാവുന്ന ചിത്രമാണിത്.മേരിക്കുട്ടിയുടെ ഹർഷസംഘർഷങ്ങൾ പലയിടത്തും നമ്മുടെ ഉള്ളിൽ തട്ടും.

മലയാളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർപക്ഷ സിനിമ

മസിതിഷ്‌ക്കത്തിന്റെ 'കളികൾ'കൊണ്ടുമാത്രം ജീവിതം നരകതുല്യമായിപ്പോയവരാണ് ട്രാൻസ്‌ജെൻഡറുകൾ.അവർ അങ്ങനെയായതിൽ അവർക്ക് യാതൊരു പങ്കുമില്ല. പരുഷശരീരത്തിനുള്ളിൽ സ്ത്രീയായും സ്ത്രീ ശരീരത്തിനുള്ളിൽ പുരുഷനായും ജീവിക്കാൻ വിധിക്കപ്പെട്ട ഇക്കൂട്ടരെ സമൂഹം അതിനിന്ദ്യമായാണ് കാണുന്നത്.ഇടുക്കി ജില്ലയിലെ എം.സി.എ ബിരുദധാരിയായ മാത്തുക്കുട്ടിയും( ജയസൂര്യ) അത്തരം ഒരാളാണ്.തന്റെ ഉള്ളം സ്ത്രീയുടേതാണെന്ന് അറിയുന്നതോടെ ഏതൊരു ട്രാൻസ്‌ജെൻഡറിനെയുംപോലെ മാത്തുക്കുട്ടിയും വീട് വിട്ടിറങ്ങി മേരിക്കുട്ടിയാവുന്നു.ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയശേഷം നാട്ടിൽ തിരിച്ചത്തെി, തന്റെ സുഹൃത്തിനോടൊപ്പം താമസിക്കുന്ന മേരിക്കുട്ടിയുടെ പ്രധാന ലക്ഷ്യം തന്റെ വ്യക്തിത്വം സ്ഥാപിച്ച് കിട്ടുക എന്നതാണ്.

ട്രാൻസ്‌ജെൻഡറുകളോട് ഏറ്റവും മോശമായി പെരുമാറുന്ന ഒരു വിഭാഗം ഇന്നും നമ്മുടെ പൊലീസ് തന്നെയാണ്.അതുകൊണ്ടുതന്നെ പി.എസ്.സിയുടെ എസ്‌ഐ ടെസ്റ്റ് എഴുതി കേരളാ പൊലീസിലെ ഒരു സബ് ഇൻസ്‌പെക്ടർ ആയിക്കൊണ്ട് തന്റെ അസ്തിത്വം ഉയർത്തിപ്പിടിക്കാനാണ് അവൾ ശ്രമിക്കുന്നത്.അതിനായുള്ള മേരിക്കുട്ടിയുടെ പോരാട്ടങ്ങളും പൊതുസമൂഹത്തിന്റെ തടയിടലുമാണ് ചിത്രത്തിന്റെ പ്രമേയം.ഇന്ത്യയിലെ ആദ്യ ട്രാൻസ്‌ജെൻഡർ പൊലീസ് ഓഫീസറായ തമിഴ്‌നാട് സേനയിലെ പ്രതികാ യശ്വനിയുടെ കഥ രഞ്ജിത്ത് ശങ്കറിനും കൂട്ടർക്കും പ്രചോദനമായിരിക്കണം.

ഇപ്പോഴും കേരളീയ പൊതുസമൂഹവും,ഈ സോകോൾഡ് സദാചാര പൊലീസുകാരും, ശരിക്കുള്ള പൊലീസുകാരും, ഇത്തരക്കാരെ എങ്ങനെ നോക്കിക്കാണുന്നുവെന്നതിന്റെ നിരവധി രംഗങ്ങൾ ചിത്രത്തിലുണ്ട്.പൊലീസ് സ്റ്റേഷനിലൊക്കെ മേരിക്കുട്ടി അപമാനിക്കപ്പെടുന്ന രംഗങ്ങൾ നിങ്ങളെ നൊമ്പരപ്പെടുത്തും.അതുപോലെ മേരിക്കുട്ടിയുടെ അതിജീവനവും നന്നായി എടുത്തിട്ടുണ്ട് സംവിധായകൻ.പ്രത്യേക പരിഗണയല്ല തുല്യതയാണ് തങ്ങൾക്ക്വേണ്ടതെന്ന കൃത്യമായ രാഷ്ട്രീയ ആശയപരിസരവും ഉയർത്താൻ ചിത്രത്തിന് കഴിയുന്നുണ്ട്.നിങ്ങക്ക് മുകളിലും താഴെയുമല്ല ഞാൻ, നിങ്ങൾക്ക് ഒപ്പമാണ് എന്നതാണ് മേരിക്കുട്ടി നൽകുന്ന സന്ദേശം.

ചിലയിടത്തൊക്കെ ഗംഭീരമായ ഷോട്ടുകൾ നിർമ്മിക്കാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്.മേരിക്കുട്ടി മാത്തുക്കുട്ടിയുടെ ചിത്രം കത്തിക്കുന്നത്, മേരിക്കുട്ടിയും പിതാവും പൊലീസ് സ്റ്റേഷനിൽ വെച്ച് കാണുമ്പോഴുള്ള നിഴലിന്റെ വിന്യാസം,പുരുഷനെന്നും സ്ത്രീയെന്നും എഴുതിയവയിൽ കയറാതെ ഭിന്നശേഷിക്കാരുടെ ടോയ്‌ലറ്റിൽ മേരിക്കുട്ടി കയറുന്നത് എന്നീ രംഗങ്ങളിലൊക്കെ തെളിഞ്ഞുകാണുന്നുണ്ട് സംവിധായകന്റെ കൈയൊപ്പ്.

കോസ്റ്റ്യൂമിലും കഥാവളർച്ചയിലും പാളി

പക്ഷേ ഈ പടത്തിനായി ഏറെ കൊട്ടിഘോഷിക്കപ്പെട്ട കോസ്റ്റ്യൂം പ്രസന്റേഷൻ നന്നായിട്ടില്ല എന്നതാണ് ഈ ലേഖകന്റെ പക്ഷം.ഉറങ്ങുമ്പോഴും കക്കുസിൽപോവുമ്പോഴും സദാ സാരിയുടുത്ത രീതിയിലാണ് മേരിക്കുട്ടി! അതാകട്ടെ ബ്‌ളൗസിന്റെ പിൻഭാഗം വല്ലാതെ താഴ്‌ത്തിയടിച്ച് മൈതാനംപോലെ പുറം കാണുന്ന രീതിയിൽ 'മായാമോഹിനിയിലെ' ദിലീപിന്റെ അരോചക സ്ത്രീവേഷംപോലെ പലപ്പോഴും തോനുന്നു.( ജയസൂര്യയുടെ ഭാര്യയുടെ കോസ്റ്റ്യൂം ഡിസൈനിങ്ങ് ആനയാണ് ചേനയാണ് എന്നൊക്കെ സംവിധായകനും കൂട്ടരും തള്ളുന്നതു കണ്ടു.അതിന്റെ ഫലമൊന്നും ചിത്രത്തിൽ കണ്ടിട്ടില്ല) എന്നാൽ ട്രാക്ക് ആൻഡ് സ്യൂട്ടിലേക്ക് മാറുമ്പോഴൊക്കെ വസ്ത്രം മേരിക്കുട്ടിക്ക് ചേരുന്നുണ്ട്.സാരിയടക്കമുള്ള മോശം കോസ്റ്റ്യൂമിൽനിന്നിട്ടുപോലും തന്റെ അഭിനയസിദ്ധികൊണ്ട് കഥാപാത്രത്തെ രക്ഷിച്ചെടുക്കയാണ് സത്യത്തിൽ ജയസൂര്യ ചെയ്തിരിക്കുന്നത്.

അതുപോലെ തന്നെ കഥപറഞ്ഞുപോവുന്നതിന്റെ വേഗത പലപ്പോഴും ചോരുന്നത് രണ്ടാം പകുതിയിലൊക്കെ കൃത്യമായി അറിയുന്നുണ്ട്.മേരിക്കുട്ടിയെ ലൈംഗിക പരമായ ഷണ്ഡീകരിച്ചുകൊണ്ട് ആരോടും പ്രണയമില്ലാത്ത ഒരു വ്യക്തിയാക്കി, ഒരു ട്രാൻസ്‌ജെൻഡറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്‌നത്തെ തമസ്‌ക്കരിക്കുന്നുമുണ്ട് സംവിധായകൻ.കുട്ടിക്കാലം തൊട്ടേ അനുഭവിച്ച ലൈംഗിക പീഡനങ്ങളുടെ നൂറുനൂറു കഥകൾ പറയാനുള്ളവരാണ് ഓരോ ട്രാൻസ് ജെൻഡറുകളും.പക്ഷേ സംവിധായകൻ അവിടെയൊക്കെ മ്യൂട്ട് അടിക്കുന്നു.

ലൈംഗികതയിൽ തൊട്ടാൽ കുടുംബപ്രേക്ഷകർ കയറില്‌ളെന്ന സദാചാരഭീതി മലയാള സിനിമയിൽ എക്കാലത്തുമുണ്ട്. പത്മരാജന്റെ 'ദേശാടനക്കിളി കരയാറില്ല' എന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ ലെസ്‌ബിയൻ പ്രണയ ചിത്രമാണെന്ന് പിന്നീടാണ് പഠനങ്ങൾ വരുന്നത്.പപ്പേട്ടനുപോലും അക്കാലത്ത് അത് സമ്മതിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.നമ്മുടെ ബ്‌ളെസ്സിയുടെ വിഖ്യാതമായ 'തന്മാത്ര' സിനിമയുടെ അനുഭവം നോക്കുക.മോഹൻലാലും മീരാവാസുദേവുമായുള്ള കിടപ്പറ രംഗങ്ങൾ പിന്നീട് വെട്ടിമാറ്റേണ്ടിവന്നും.ലൈംഗിക വേളയിൽപോലും മറവിരോഗം ഒരു മനുഷ്യനിലേക്ക് കടന്നുവരുന്ന അതിഗംഭീരമായ ഷോട്ട് പോയത് ഇന്നും ബ്‌ളെസ്സിയുടെ നൊമ്പരമാണ്.അതായത് പ്രശ്‌നം രഞ്ജിത്ത് ശങ്കറിന്റെത് മാത്രമല്‌ളെന്ന് ചുരുക്കം.

വിസ്മയാഭിനയുവമായി ജയസൂര്യ

ഇപ്പോൾ മലയാളത്തിൽ ജയസൂര്യയുടെ സമയമാണെന്ന് തോനുന്നു.ബോക്‌സോഫീസ് തകർത്ത ഷാജിപാപ്പനും, നടന മികവുകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയ ക്യാപ്റ്റനും ശേഷം ഇപ്പോൾ മേരിക്കുട്ടിയും.

കോസ്റ്റ്യൂമിന്റെ ചില അപാകതകൾക്കിടയിലും ജയസൂര്യയുടേത് അഡാർ പ്രകടനം തന്നെയാണ്്.മേരിക്കുട്ടിയുടെ പുഞ്ചിരിയും ചുണ്ടുകോട്ടിയുള്ള വിങ്ങിക്കരിച്ചിലുമൊക്കെ തീയേറ്റർ വിട്ടിട്ടും മനസ്സിലുണ്ട്. ദിലീപിന്റെ ചാന്തുപൊട്ടിലെ വേഷവും, മേരിക്കുട്ടിയുമായി താരതമ്യംചെയ്താൽ അറിയാം ജയസൂര്യഎന്ന നടന്റെ ക്‌ളാസ്.മേക്കപ്പുകൊണ്ടല്ല ശരീരഭാഷകൊണ്ടാണ് ജയസൂര്യ തിളങ്ങുന്നത്.( നേരത്തെ രഞ്ജിത്ത് ശങ്കറിന്റെ 'സൂസൂ സുധ വാത്മീകം' എന്ന ചിത്രത്തിലെ ജയസൂര്യയുട വിക്കുള്ള കഥാപാത്രം അവസാന നിമിഷംവരെ മികച്ച നടനുള്ള സംസ്ഥാന അവാർഡിന് പൊരുതിയിരുന്നു) ഒരു കണക്കിന് ജയസൂര്യയുടെയും ഒരു പ്രായശ്ചിത്തമാണിത്.ചലച്ചിത്ര അവാർഡ്രാവുകളുടെ സ്‌കിറ്റിലും മറ്റും ട്രാൻസ്ജൻഡറുകളെ മോശമായി തമാശിക്കുന്നതിൽ നമ്പർ വൺ ആയിരുന്നു ഈ നടനും.

അതുപോലെ തകർത്ത വേഷമാണ് സ്ഥലം എസ്‌ഐ കുഞ്ഞിപ്പാലുവായി വരുന്ന ജോജു ജോർജിന്റെത്.ജോജുവിന്റെ നോട്ടവും ഗെറ്റപ്പും ടൈംമോഡുലേഷനുമൊക്കെ അഭിനയ വിദ്യാർത്ഥികൾ ആവർത്തിച്ചിട്ട് കണ്ട് പഠിക്കേണ്ടതാണ്.ടൈപ്പായി പോകതിരുന്നാൽ തിലകന്റെയൊക്കെ റേഞ്ചിലേക്ക് ഉയരാവുന്ന ഫയർ തന്നിലുണ്ടെന്ന് ജോജു ഒരിക്കൽകൂടി തെളിയിക്കുന്നു. ജുവൽമേരിയും,സുരാജ് വെഞ്ഞാറമൂടും,അജുവർഗീസും അടക്കമുള്ള ചെറുതും വലുതുമായ കഥാപാത്രങ്ങളിൽ ഇന്നസെന്റിന്റെ പള്ളീലച്ചനൊഴിച്ച് ആരും മോശമായിട്ടില്ല.ഈ നാടക ഡയലോഗും ടൈപ്പ് വേഷവും ചെയ്ത്‌ചെയ്ത് ഇന്നച്ചന് ബോറടിക്കുന്നുണ്ടാവില്ലേ! ചെവിക്ക് സമാധാനം തരുന്ന ഗാനങ്ങളാണ് ഈ പടത്തിലേത്.സംഗീതസംവിധായകൻ ആനന്ദ് മധുസൂദനൻ പ്രേക്ഷരെ ദ്രോഹിച്ചിട്ടില്ല.

വാൽക്കഷ്ണം: ഇരുമുന്നണികളെയും തോൽപ്പിച്ച് എംഎ‍ൽഎയായ നമ്മുടെ പി.സി ജോർജൊക്കെ നിർബന്ധമായും കാണേണ്ട ചിത്രമാണിത്.ലോകം എങ്ങനെയൊക്കെ മാറിയിട്ടും അദ്ദേഹത്തെപോലുള്ളവർ ട്രാൻസ്‌ജെൻഡറുകൾ എന്നാൽ വെറും വേഷം കെട്ടാണെന്നാണ് ധരിച്ചു വെച്ചിരിക്കുന്നത്.ഈയിടെ നിയമസഭാ മന്ദിരത്തിൽവെച്ച് പരിചയം പുതുക്കിയ ഒരു ട്രാൻസ്‌ജെൻഡർ ആക്റ്റീവിസ്റ്റിനെ ' ഇങ്ങനെയൊക്കെ വേഷം കെട്ടി നടക്കാതെ,മരിയാദക്ക് ജീവിച്ചൂടെയന്ന്' പറഞ് പി.സി ആക്ഷേപിച്ചതായി അവർ പരാതിപ്പെട്ടിരുന്നു.ഇത്തരം കുഷ്ഠം പടിച്ച മനസ്സുള്ളവർക്ക് ആ മാലിന്യം മാറായി നിർബന്ധമായും നിർദ്ദേശിക്കാവുന്ന രോഗശാന്തി ശുശ്രൂഷകൂടിയാണ് ഈ പടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP