Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202426Sunday

ദേശീയ ദുരന്തമായി പ്രഖ്യാപിക്കേണ്ടത് ഇത്തരം സിനിമകളെ; ഇത് ഒന്നാന്തരം കുട്ടനാടൻ ബോറ്; ഗർഭവും അവിഹിതവുമൊക്കെയായി 'ചന്ദനമഴ' നിലവാരത്തിൽ ഒരു അരോചക ചിത്രം; കാലം തെറ്റിയിറങ്ങിയ ഈ പടം നവതരംഗത്തിനെതിരായ പ്രതിവിപ്ലവം; പ്രിയപ്പെട്ട മമ്മൂക്ക ഇത്തരം ചവറുകഥകൾ കമ്മിറ്റ് ചെയ്യാതെ അൽപ്പം സെലക്ടീവാകൂ...

ദേശീയ ദുരന്തമായി പ്രഖ്യാപിക്കേണ്ടത് ഇത്തരം സിനിമകളെ; ഇത് ഒന്നാന്തരം കുട്ടനാടൻ ബോറ്; ഗർഭവും അവിഹിതവുമൊക്കെയായി 'ചന്ദനമഴ' നിലവാരത്തിൽ ഒരു അരോചക ചിത്രം; കാലം തെറ്റിയിറങ്ങിയ ഈ പടം നവതരംഗത്തിനെതിരായ പ്രതിവിപ്ലവം; പ്രിയപ്പെട്ട മമ്മൂക്ക ഇത്തരം ചവറുകഥകൾ കമ്മിറ്റ് ചെയ്യാതെ അൽപ്പം സെലക്ടീവാകൂ...

എം മാധവദാസ്

ന്റമ്മോ! പ്രളയത്തിനശേഷം വീണ്ടുമൊരു ദുരന്തം.പ്രളയക്കെുടതിയിൽ തകർന്നുകിടക്കുന്ന കുട്ടനാട്ടുകാർ ഈ സിനിമ കാണാതിരിക്കട്ടെ. നിരവധി ഹിറ്റ് സിനിമകൾക്ക് തിരക്കഥയൊരുക്കിയ സച്ചി-സേതു ജോടിയിലെ സേതു ആദ്യമായി സംവിധാനം ചെയ്ത 'ഒരു കുട്ടനാടൻ ബ്ലോഗ്' കണ്ടാൽ ചിലപ്പോൾ സർവതും നഷ്ടപ്പെട്ട് നിൽക്കുന്ന കുട്ടനാട്ടുകാർ തീർത്തും വിഷാദരോഗികളായി പോയേക്കാം.

സീരിയലിനെ അമ്പരപ്പിക്കുന്ന, കേട്ടു തേഞ്ഞ അറുപഴഞ്ചൻ പൊട്ടക്കഥ, കോമഡിയെന്ന പേരിലുള്ള ചില കോപ്രായങ്ങൾ, എന്തിനോവേണ്ടിയെന്നോണമുള്ള ചില ഗാനങ്ങൾ, അതിനിടയിൽ മമ്മൂട്ടിയുടെ ഫാൻസി ഡ്രസ്സും.ആരാധകരെ ത്രസിപ്പിക്കാനായി മമ്മൂട്ടി പുത്തൻ മുണ്ടും, ഷർട്ടും, ജീൻസുമൊക്കെ മാറിമാറി പരീക്ഷിച്ചും, ആഡംബര ബൈക്കോടിച്ചുമൊക്കെ പ്രഛന്നവേഷം കളിക്കുന്നുണ്ട്. ഒരു ഷോട്ടുപോലും വൃത്തിക്ക് എടുക്കാൻ സംവിധായകന് ആയിട്ടില്ല. നൂറ്റൊന്ന് ആവർത്തിച്ച ഒരു നാട്ടിൻപുറത്തിന്റെ കഥ, അവിഹിതവും ഗർഭവുമൊക്കെയായി ഈ കാലത്തും അവതരിപ്പിച്ചിരുക്കുന്നു. സേതുവിന് ഇതിലും നല്ലത് പരസ്പരത്തിനോ ചന്ദനമഴക്കോ തിരക്കഥ തയാറാക്കുകയായിരുന്നു.അവിടെയൊക്കെയാണ് 'ഈ ഗർഭത്തിന് ഉത്തരവാദി ആര്' എന്ന അന്വേഷണം ഇപ്പോഴും നടക്കുന്നത്. ദയനീയമാണ്, മലയാള സിനിമയുടെ പ്രമുഖ തിരക്കഥാകൃത്തുക്കൾക്കുപോലും മസ്തിഷ്‌ക്കമരണം സംഭവിച്ചരിക്കുന്നു.

പക്ഷേ ഈ പടം ഇതുപോലെ കോഞ്ഞാട്ടയായിപ്പോയതിന് ഒന്നാം പ്രതി സാക്ഷാൽ മമ്മൂട്ടിയാണ്. ഒരു സൂപ്പർ സ്റ്റാർ ചിത്രത്തിൽ കഥക്കും സംവിധായകനുമൊക്കെ എന്ത് പ്രസക്തി. പ്രിയപ്പെട്ട മമ്മൂക്ക...അങ്ങ് ഒരു അസാധ്യ നടൻ തന്നെയാണ്. മലയാളികളെടെ അഭിമാനമാണ്.നാലുപതിറ്റാണ്ട് നീണ്ട താങ്കളുടെ സിനിമാ ജീവിതത്തിന്റ അനുഭവംവെച്ച് ഇതുപോലൊരു പൊട്ടക്കഥക്ക് ഡേറ്റ് കൊടുക്കുന്നതിനുപകരം, പുതിയ ജനുവിനായ ഒരു കഥയുമായി വരാൻ പറഞ്ഞിരുന്നെങ്കിൽ, ഒരു നിർമ്മാതാവിനെകൂടി പഞ്ഞിക്കിടേണ്ട ഗതികേട് ഉണ്ടാവില്ലായിരുന്നു. ഈ68ാം വയസ്സിലെ ഇങ്ങനെ ചവറുപടങ്ങൾ കമ്മിറ്റ് ചെയ്യാതെ അങ്ങ് അൽപ്പം സെലക്ടററീവാണ് ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു.ഈവർഷം തന്നെയിറങ്ങിയ സ്ട്രീറ്റ്ലൈറ്റ്, പരോൾ എന്നീ മമ്മൂട്ടി ചിത്രങ്ങൾക്കും സമാനമായ അവസ്ഥ ആയിരുന്നു.യാതൊരു ഗൃഹപാഠവും ചെയ്യാതെ ഒരു നല്ല ഡയലോഗുപോലും എടുക്കാനില്ലാതെ, പഴയ ചില സിനിമകളിലെ കോപ്പിപേസ്്റ്റ് രംഗങ്ങളുമായി ഇറങ്ങിയാൽ പ്രേക്ഷകർ താങ്കളെയും കൈയോഴിയും. നിത്യഹരിത നായകനായി രാജാവിന്റെ തലയെടുപ്പോടെ അങ്ങ് മലയാളസിനിമയിൽനിന്ന് വിരമിക്കണം എന്ന് ആഗ്രഹിക്കുന്ന, അങ്ങയുടെ ലക്ഷക്കണക്കിന് ആരാധകരിൽ ഒരാളാണ് ഈ ലേഖകനും.

ചീറ്റിപ്പോയ ഒരു ഗർഭക്കഥ

'ഒരു കുട്ടനാടൻ ബ്ലോഗ്' എന്നതിന് പകരം ഒരു കുട്ടനാടൻ ഗർഭം എന്നപേരായിരുന്നു ഈ പടത്തിന് കൂടുതൽ ചേരുക.മൊത്തത്തിൽ കാലം തെറ്റിയിറങ്ങിയ ചിത്രമാണിത്. കൂട്ടനാടിന്റെ വള്ളവും വലയും കായലുമൊക്കെയായുള്ള ഗൃഹാതുരത്വം ചൂഷണം ചെയ്യുന്ന ഈ പടം, ഇറങ്ങിയപ്പോഴേക്കും പ്രളയത്തിൽ മുങ്ങി കുട്ടനാട് തന്നെ ഭാഗികമായി ഇല്ലാതായി.അതുപോലെ 80കളിലെ അവസാനത്തിലുണ്ടായ ചില ചിത്രങ്ങളുടെ പ്രമേയമാണ് ഈ പടത്തിന് ഉള്ളത്. ഒരാൾ ഉണ്ടാക്കിയ അവിഹത ഗർഭം മറ്റൊരാളുടെ തലക്ക് വരുന്നതൊക്കെയായുള്ള ശ്രമമൊക്കെ പഴയ 'പപ്പു മാള ജഗതി' എന്ന ചിത്രത്തെയൊക്കെ ഓർമ്മിപ്പിക്കുന്നു.

പതിവുപോലെ നന്മയും അൽപ്പം പരദൂഷണവും കുശുമ്പും കുന്നായ്മയുമൊക്കെയായുള്ള ഒരു കുട്ടനാടൻ ഗ്രാമം. ശ്രീകൃഷ്ണപുരം.(ചതിക്കാത്ത ചന്തു എന്ന സിനിമയിൽ ഇതുപോലൊരു ഗ്രാമത്തിന്റെ കഥ പറയുമ്പോൾ ജയസൂര്യ ഇടുന്ന ഒരു മ്യൂസിക്കാണ് ഓർമ്മവരുന്നത്. ഡുംഡുഡുംഡുഡു...)ഒരു കുട്ടനാടൻ ബ്ലോഗ് എന്ന പ്രശസ്മായ ബ്ലോഗിലൂടെയാണ് പുറം നാട്ടുകാർ ഈ നാടിനെ അറിയുന്നത്.പതിവുപോലെ നമ്മുടെ നായകൻ ഹരി പ്രവാസം ജീവിതം അവസാനിപ്പിച്ച് വരികയാണ്.ഹരി പ്രദേശത്തെ ഫ്രീക്കന്മാരായ യുവാക്കളുടെ ഹീറോയാണ്.എന്തിനും എതിനു ഹരിവേണം.ഉൽസവം നടത്താൻ, ഇവരുടെ പ്രേമം വിജയിപ്പിക്കാൻ., പള്ളിപ്പെരുന്നാളിന് അടിയുണ്ടാക്കാൻ..അങ്ങനെപോവുന്ന പുള്ളിയുടെ ഹീറോയിസം. ഇതൊക്കെ എത്ര കേട്ടതാണെന്ന് ഓർക്കണം. എന്നിട്ടും മലയാള സിനിമക്ക് മാത്രം ഒന്നും മടുക്കുന്നില്ല.

അൽപ്പസ്വൽപ്പം വില്ലത്തരങ്ങൾ ഉണ്ടെങ്കിലും നായകൻ സൂപ്പർസ്റ്റാറായിപ്പോയതിനാൽ നന്മമരമാവാതെ വയ്യല്ലോ.തളർന്നുകിടക്കുന്ന തന്റെ അദ്ധ്യാപകന്റെ കുടുംബത്തെ സംരക്ഷിക്കുക, നാട്ടുകാർക്കും കൂട്ടകാർക്കും വേണ്ടി കൈമെയ് മറന്ന് പ്രവർത്തിക്കുക തുടങ്ങിയ പതിവ് ജനഗണമന സാധനങ്ങൾ. ഇങ്ങെനെയാക്കെയാണെങ്കിലും ആളൊരു വേദനിക്കുന്ന കോടീശ്വരൻ കൂടിയാണ്. 8 വർഷംമുമ്പ് ഭാര്യ മരിച്ച അയാൾക്ക് പ്രായമായ ഒരു അഛൻനല്ലാതെ മറ്റ രക്തബന്ധങ്ങളൊന്നുമില്ല. സ്നേഹത്തിനുവേണ്ടി ദാഹിക്കുന്ന ഒരു ഹൃദയമാണ്് അദ്ദേഹത്തിന്റെതെന്ന് കണ്ടാലറിയാം.അപ്പോഴിതാ 9ാം ക്ലാസിലെ ലൗവ് ലെറ്റർ പ്രേമത്തിന്റെ നാരങ്ങാമുട്ടായി നൊസ്റ്റാൾജിയയും പേറി ലക്ഷ്മീറായി വരുന്നു.അവളും ഡിവോഴ്സി.ആ പ്രേമം ഒരു ട്രാക്കിൽ മന്ദമാരുതനായി, ജോയ്സിയുടെ റബ്ബർതോട്ടത്തിലെ പൈങ്കിളി കഥപോലെ നീങ്ങുമ്പോഴാണ്, ഇടിത്തീയായി ഗർഭക്കേസ് എത്തുന്നത്.ഹരി സംരക്ഷിക്കുന്ന അദ്ധ്യാപകന്റെ മകൾ ഗർഭിണിയാവുന്നു.ആത്മഹത്യക്ക് ശ്രമിക്കുന്ന അവൾ പറയുന്ന പേര് ഹരിയുടേതാണ്.അവിടെയാണ് ഇന്റവെൽ പഞ്ച് വരുന്നത്.ആ ഗർഭം ആരുടേത്? വി ഡി രാജപ്പന്റെ കഥാപ്രസംഗത്തിന്റെ സിമ്പലടി ഓർമ്മയിൽവരും.

പിന്നെ കൂടുതൽ പറയണല്ലോ.അവസാനം എല്ലാ പ്രശ്നങ്ങും സോൾവായി മനുഷ്യ നന്മയെക്കുറിച്ച് മമ്മൂട്ടി ഉപന്യസിക്കുമെന്ന് ഉറപ്പാണ്.എത് അവിദഗ്ധനായ കാക്കാലനും എന്തിന് കാണിപ്പയ്യൂരിനും വരെ പ്രവചിക്കാവുന്ന രീതയിലാണ് ചിത്രത്തിന്റെ ക്ലൈമാക്സ്. ഇതിനിടയിൽ ചിത്രം അൽപ്പം ഉഷാറാവുന്നത് ഷംന കാസിമിന്റെ പൊലീസ് വേഷത്തിലാണ്.മധുമോഹന്റെ സീരിയലിൽ എന്നപോലെ ഷംനയെകൊണ്ടുകൂടി മമ്മൂട്ടിയെ പ്രേമിപ്പിക്കാത്തതിന്, രചനകൂടി നിർവഹിച്ച സംവിധായകനോട് പെരുത്ത് നന്ദിയുണ്ട്.

നവതരംഗത്തിന് എതിരായ പ്രതി വിപ്ലവം

ഏത് കാലത്തും ഹാസ്യരംഗങ്ങളിൽ മിനിമം നിലവാരം പുലർത്തുന്നവരായിരുന്നു മലയാള സിനിമാക്കാർ. ഇവിടെ നായകന്റെ തുപ്പൽകോളാമ്പി ചുമക്കാനും അയാൾ വിഡ്ഡിത്തം പറയുമ്പോൾ ചിരിക്കാനുമൊക്കെയായി, ഒറ്റനോട്ടത്തിൽ മന്ദബുദ്ധികളെന്ന് തോന്നിക്കുന്ന ഒരു സഹൃദ് സംഘത്തെ കാണാം. തൊണ്ണുറുകളിലെ നായക വീരശൂര സിനിമകളുടെ വാർപ്പ്് മാതൃക. നമ്മുടെ ന്യൂജൻ സിനിമക്കാർ കൊള്ളിവെച്ച ഈ മണ്ടൻ ഉൽസാഹക്കമ്മറ്റിയെ തിരിച്ചുകൊണ്ടുവുന്ന സേതുവിനോട് ,തലച്ചോർ അധികം വെയിലുകൊള്ളിക്കരുതെന്ന് ഒരു അപേക്ഷയുണ്ട്. ഇനി ഈ പടത്തിലെ കിടലൻ തമാശകൾ നോക്കുക. തനി കോമളി വേഷത്തിലുള്ള ഗ്രിഗറി ഒരു ഹോട്ടലിൽപോയി 'കസബ'വേണമെന്ന് മമ്മൂട്ടിയോട് പറയുന്നു.നായകൻ തിരുത്തുന്നു.കസബയല്ല കബ്സ. എന്തൊരു താമാശ. കക്കൂസ് എന്നായിരുന്നെങ്കിൽ കുറച്ചകൂടി നന്നായേനേ. ഈ ജാതി ചളികളാണ് മൊത്തം. സീനു സോഹൻലാലൊക്കെ സൂപ്പർലേറ്റീവിൽ ചളിയടിച്ച് വെറുപ്പിക്കലിന്റെ ഭയാനക വേർഷൻ ചമക്കയാണ്.

പ്രേമം പറയാൻ കഴിയാത്ത മണ്ടൻകൂട്ടത്തിലെ ഒരംഗത്തെയും കൊണ്ട് നേരെ വീട്ടിലേക്ക് കയറിച്ചെന്ന് സഹോദരനെ വിളിച്ച് ഇവൾക്ക് ഇവനെ ഇഷ്ടമാണ് എന്ന് പറയുന്ന തമാശയൊക്കെ കണ്ടാൽ നാം ചിരിക്കണോ കരയണോ എന്ന നിലയിലായിപ്പോവും.മണ്ടൻ സംഘത്തിലെ മറ്റൊരാളെ, സ്്നേഹിച്ച പെണ്ണിനെ വിവാഹം കഴിപ്പിക്കാനായി കാമുകിയുടെ മുറിയിലേക്ക് കയറ്റി വിടുന്ന രംഗമൊക്കെ കാണുമ്പോൾ ദയനീയം എന്ന് പറഞ്ഞുപോവും.

കഥയുടെ പ്രധാന ശാഖ ഒരുഭാഗത്ത് പുരോഗമിക്കുമ്പോൾ, ഇടക്കിടെ തലക്കെട്ട് അന്യർഥമാക്കാനാണെ രീതിയിൽ കുട്ടനാടൻ ബ്ലോഗിന്റെ കാര്യവും പറയുന്നുണ്ട്. സണ്ണിവെയിനിന്റെയും അനന്യയുടെയും കഥാപാത്രങ്ങൾ ഇതിനായി ഗൾഫിൽ നൊസ്റ്റാൾജിക്കുകയാണ്. ഈ രണ്ടു കഥാപാത്രങ്ങളെ പൂർണ്ണമായും വെട്ടിക്കളഞ്ഞാലും ചിത്രത്തിന് ഒരു ചുക്കും സംഭവിക്കില്ലായിരുന്നു.

ഒട്ടും ലോജിക്കലല്ല ഈ ചിത്രത്തിലെ മൊത്തം കഥാപാത്രങ്ങളും.ഒരു ഗ്രഹത്തെ വലയം ചെയ്യുന്ന ചില ക്ഷുദ്രഗ്രഹങ്ങൾ എന്നതൊഴിച്ചാൽ സപ്പോർട്ടിങ്ങ് കഥാപാത്രങ്ങൾക്ക് യാതൊരു പങ്കുമില്ല. വ്യക്തിത്വവുമില്ല. നായകൻ തല്ലിയാലും തുപ്പിയായും അവർ ഒരു ഇളിഭ്യച്ചിരി
ചിരിച്ച, പട്ടേലറുടെ തൊമ്മിയെപ്പോലെ നിൽക്കും. മലയാളത്തിലുണ്ടായ നവതരംഗം പൊളിച്ചത് ഈ ധാരണകളെയായിരുന്നു.ഫലത്തിൽ ന്യൂജൻ സിനിമാ വിപ്ലവത്തിന് എതിരെ നിൽക്കുന്ന ചിത്രമാണിത്. ശരിക്കും പ്രതി വിപ്ലവം. ഈ പടത്തെ ഒരു സാംസ്കാരിക അശ്ളീലമാക്കുന്നതും ഇതേ കാര്യമാണ്.

ടൈപ്പ് വേഷങ്ങളിൽ ഡോക്ടറേറ്റ് എടുത്ത് ലാലു അലക്സും നെടുമുടിയും

ടൈപ്പ് വേഷങ്ങൾ ചെയ്യുന്നവർക്കുായി ഒരു ദേശീയ അവാർഡ് ഉണ്ടായിരുന്നെങ്കിൽ അത് കിട്ടാൻ അർഹതയുള്ള രണ്ട് നടന്മാരുണ്ട്.ലാലു അലക്സും, നെടുമുടിവേണുവും. 'പേഴ്സണലായിട്ട് പറയുക' എന്ന ടൈപ്പിലുള്ള പഞ്ചായത്ത് പ്രസിഡന്റിനെ ലാലു അലക്സും, 'വയ്യ മടുത്തു' എന്ന തന്റെ ബ്രാൻഡ് മാർക്ക് ഡയലോഗിനെ ഓർമ്മിപ്പിക്കുന്ന കഥാപാത്രവുമായി നെടുമുടിവേണുവും ചിത്രത്തിലുണ്ട്. ഇവരുടെ പഴയ ചിത്രങ്ങൾ കോപ്പിപേസ്റ്റ് ചെയ്തപോലൊയാണ് തോനുന്നത്. അവിടെയും ഒന്നാം പ്രതി തനി ടൈപ്പായ കഥാപാത്രങ്ങളെ സൃഷ്ടിച്ച സംവിധായകൻ തന്നെയാണെന്ന് മറന്നുപോവരുത്.

മമ്മൂട്ടിക്ക് യാതൊരു വെല്ലുവിളിയുമല്ല ഈ വേഷം. ഇതുപോലത്തെ ചിത്രങ്ങൾ രണ്ടു ഡസനെങ്കിലും അദ്ദേഹം ചെയ്തിട്ടുണ്ടാവണം.പക്ഷേ ഈ പ്രായത്തിലും അദ്ദേഹം നിലനിർത്തുന്ന ചുറുചുറുക്കും യുവത്വവും ശരിക്കും അമ്പരപ്പിക്കുന്നതാണ്. മമ്മൂട്ടികൂടി ഇല്ലായിരുന്നെങ്കിൽ ഈ ചിത്രത്തെ ശരിക്കും ദേശീയ ദുരന്തമായിപോയേനെ. അനുസിത്താര, ഷംന കാസിം, ലക്ഷീമീറായ് എന്നീ മൂന്ന് സ്ത്രീ കഥാപാത്രങ്ങളിൽ ഷംനയുടെ പൊലീസ് വേഷം മാത്രമാണ് വ്യത്യസ്തമായിട്ടുള്ളത്.അഞ്ചുപാട്ടുകളുള്ള ചിത്രത്തിൽ രണ്ടെണ്ണം ശുദ്ധ വേസ്റ്റാണ്. ഈ സമയത്ത് പ്രേക്ഷന് ബാത്തുറൂമിൽപോവാൻ ഉപയോഗിക്കാം.

വാൽക്കഷ്ണം: ഈ സിനിമ പൊളിയുമെന്നതിൻെ സൂചനകൾ കൃത്യമായി മമ്മൂട്ടി ഫാൻസിന് കിട്ടിയിരുന്നോ.സാധാരണ ആർപ്പുംവിളിയും, ചെണ്ടകേളവും, ആനയും അമ്പാരിയുമൊക്കെയായി തുള്ളുന്ന ഒറ്റയാളെയും ആദ്യ ദിനം തന്നെ കാണാനില്ലായിരുന്നു.തിരുവനന്തപുരം കൈരളി തീയേറ്ററിൽ ആദ്യഷോ കാണുമ്പോൾ പകുതിയിലേറെ സീറ്റുകൾ കാലി! മമ്മൂട്ടി എന്ന സൂപ്പർ സ്റ്റാർ എന്ത് കോപ്രായം കാട്ടിയാലും കാണാൻ മിനമം ഓഡിയൻസിനെ കിട്ടും എന്ന ധാരണയും തകരുന്നുത് നല്ലതാണ്. അന്ധമായ ആരാധനാ ഭ്രാന്തന്മാരാവതെ ബുദ്ധിയുും വിവേകവുമുള്ള ഓഡിയൻസായി നമ്മുടെ ഫാൻസുകാരും മാറുന്നുണ്ടോ. അങ്ങനെയാണെങ്കിൽ അതൊരു ശുഭ ലക്ഷണം തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP