Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒടുവിൽ നമ്മുടെ പ്രേതങ്ങളും ന്യൂജെനായി! ഇത് കണ്ടിരിക്കാവുന്ന ഹൊറർ കോമഡി; വ്യത്യസ്തമായ പ്രമേയവും മികച്ച നർമ്മ മുഹൂർത്തങ്ങളുമൊരുക്കി രഞ്ജിത്ത് ശങ്കർ; രൂപവും ഭാവവും ഉടച്ചുവാർത്ത് കേരള കമൽഹാസൻ ജയസൂര്യ

ഒടുവിൽ നമ്മുടെ പ്രേതങ്ങളും ന്യൂജെനായി! ഇത് കണ്ടിരിക്കാവുന്ന ഹൊറർ കോമഡി; വ്യത്യസ്തമായ പ്രമേയവും മികച്ച നർമ്മ മുഹൂർത്തങ്ങളുമൊരുക്കി രഞ്ജിത്ത് ശങ്കർ; രൂപവും ഭാവവും ഉടച്ചുവാർത്ത് കേരള കമൽഹാസൻ ജയസൂര്യ

എം മാധവദാസ്

'പാസഞ്ചർ' എന്ന അതി ഗംഭീരമായ പടമെടുത്ത് മലയാളത്തിൽ ന്യൂജനറേഷൻ തരംഗം ഉദ്ഘാടനം ചെയ്ത സംവിധായകനാണ് രഞ്ജിത്ത് ശങ്കർ. അതിനുശേഷമാണ് രാജേഷ് പിള്ളയുടെ 'ട്രാഫിക്ക്' വരുന്നത്. സത്യത്തിൽ പാസഞ്ചർ ഇല്ലായിരുന്നെങ്കിൽ ട്രാഫിക്ക് വിജയിക്കുമായിരുന്നില്ല. നമ്മുടെ പരുവപ്പെട്ടുകിടക്കുന്ന കാഴ്ചാബോധത്തെ പൊടുന്നനെ മാറ്റിയെടുത്തത് ആ സിനിമയായിരുന്നു.

പക്ഷേ മലയാളത്തിലെ നവതരംഗ സിനിമയുടെ തലതൊട്ടപ്പൻ താനാണെന്ന് എവിടെയും രഞ്ജിത്ത് ശങ്കർ അവകാശപ്പെടാറില്ല. അദ്ദേഹത്തിന്റെ പിന്നീടുവന്ന ചിത്രങ്ങളായ അർജുനൻ സാക്ഷി, മോളി ആന്റി റോക്ക്‌സ്, പുണ്യാളൻ അഗർബത്തീസ്, വർഷം, സുസു സുധി വാത്മീകം എന്നിവക്ക് ആദ്യചിത്രത്തിന്റെ നിലവാരം ഉണ്ടായതുമില്ല. പാസഞ്ചറിന്റെ ഏഴയലത്ത് എത്താൻ കഴിഞ്ഞിട്ടില്‌ളെങ്കിലും, ബോറടിയില്ലാതെ കണ്ടിരിക്കാവുന്ന വ്യത്യസ്തമായ ഒരു പ്രമേയത്തിലൂടെയാണ് ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കറിന്റെ പുതിയ ചിത്രമായ 'പ്രേതം' സഞ്ചരിക്കുന്നത്.

ഒടുവിൽ നമ്മുടെ പ്രേതങ്ങളും ന്യൂജനറേഷനായെന്ന് പറയാം.ആണിയടിയും ആവാഹനവും അട്ടഹാസങ്ങളുമൊക്കെയായി വിനയൻ മോഡലിലുള്ള ഹൊറർ പടങ്ങൾ കണ്ടുശീലിച്ചവരാണ് നാം.പക്ഷേ കാലത്തിന്റെ മാറ്റം ഉൾക്കൊണ്ടെന്നോണം ഈ പടത്തിൽ മൊബൈലിലും ലാപ്‌ടോപ്പിലുമൊക്കെൂടിയാണ് പ്രേതം സംവദിക്കുന്നത്! ഞെട്ടിപ്പിക്കുന്ന ഹൊറർ മൂവികൾ വിദേശരാജ്യങ്ങളിലൊക്കെ ഉണ്ടാവാറുണ്ടെങ്കിലും നമ്മൾ ഇപ്പോഴും കള്ളിയങ്കാട്ട് നീലി സീരിയൽ മോഡൽ യക്ഷി സിനിമകളിലാണ് ജീവിക്കുന്നത്.ഒരു ലക്ഷണമൊത്ത ഹൊറർമൂവി നമ്മുടെ നാട്ടിൽ ഉണ്ടായിട്ടില്ല. (ഒരു സൈക്കോത്രില്ലർ എന്ന രീതിയിൽ മണിച്ചിത്രത്താഴിനെ മറക്കുന്നില്ല.)

പക്ഷേ ഭീതിയും ഹാസ്യവും കൂട്ടിച്ചേർത്ത ഹൊറർ കോമഡി സ്‌റ്റൈലിലാണ് രഞ്ജിത്ത് ശങ്കർ കഥയും തിരക്കഥയുമെഴുതി ഈ ചിത്രമൊരുക്കിയിരക്കുന്നത്.അതാണ് ഈ പടത്തിന്റെ രസക്കൂട്ടും.പിന്നെ മണിച്ചിത്രത്താഴ്‌തൊട്ട് സേതുരാമയ്യർ സിബിഐ വരെയുള്ള പല ചിത്രങ്ങളിലെ രംഗങ്ങളും സ്പൂഫായി ഈ ചിത്രം ഭംഗിയായി ഉപയോഗിച്ചിട്ടുണ്ട്.അതുകൊണ്ടുതന്നെ കണ്ടുമടുത്ത സീനുകൾപോലും ക്‌ളീഷേയായി തോനുന്നില്ല.രഞ്ജിത്ത് ശങ്കറിന്റെ ആ ടെക്ക്‌നിക്കിന് കൊടുക്കണം പാസ്മാർക്ക്.പ്രേക്ഷകർക്കും ആ ചേരുവ ഇഷ്ടപ്പെട്ടുവെന്നാണ് ആദ്യ സൂചനകൾ വ്യക്തമാക്കുന്നത്.

സൗഹൃദങ്ങളുടെ ആഘോഷക്കാലത്ത്

പ്രിയദർശന്റെയും, സിദ്ദീഖ്- ലാലിന്റെയും ആദ്യകാല ചിത്രങ്ങളിലെപ്പോലെ സുഹൃത്തുക്കളിലെ പാരവെപ്പും മൽസരവും സ്‌നേഹവും പ്രശ്‌നങ്ങളുമൊക്കെ ചിത്രീകരിച്ച് നീങ്ങുന്ന ആദ്യ പകുതിയാണ് ചിത്രത്തിലെ നർമ്മരംഗങ്ങളുടെ മർമ്മം.മൂന്നു കോളജ് സുഹൃത്തുക്കൾ ( സിനിമയിൽ അജുവർഗീസ്,ഷറഫുദ്ദീൻ,ഗോവിന്ദ് പത്മസൂര്യ) ചേർന്ന് തുടങ്ങിയ ഒരു കടലോര റിസോർട്ടിലാണ് ചിത്രം പുരോഗമിക്കുന്നത്. ഇവിടെതന്നെ നടത്തുന്ന ഗോവിന്ദ് പത്മസൂര്യയുടെ ഡാൻസ് ക്‌ളാസിലത്തെുന്ന സുഹാനിസയെന്ന (പേളി മാണി) പെൺകുട്ടിയെ വളക്കാനുള്ള മൂവരുടെയും ശ്രമങ്ങൾ മികച്ച ഹാസ്യരംഗങ്ങളായി അവതരിപ്പിക്കാൻ സംവിധായകനായി. ഒപ്പം റിസോർട്ടിലെ വേലക്കാരനായി ധർമ്മജനും ചേരുന്നതോടെ കോമഡി കൊഴുക്കുകയായി. സംശയരോഗിയായ ധർമ്മജന്റെ യേശുവെന്ന കഥാപാത്രത്തിന്റെ ചില ചോദ്യങ്ങളും മത വിമർശനവുമൊക്കെ കുറിക്ക് കൊള്ളുന്നവയാണ്.നമ്മൾ പണ്ട് കണ്ടതാണെന്ന് തോന്നാതിരിക്കാൻ, പോപ്പുലർ മലയാള സിനിമയിലെ ഡയലോഗുകളൊക്കെയിട്ട് ഇവിടെ ആവർത്തന വിരസത ചിത്രം മറികടക്കുന്നു. ചിലയിടത്തെക്കെ സ്‌കിറ്റ്‌കോമഡി അൽപ്പം ഓവറാവുന്നുണ്ടെങ്കിലും ഒരിക്കലും അസഹനീയമാവുന്നില്ല.ലൈംഗിക ചുവയും ദ്വയാർഥമുള്ള പ്രയോഗങ്ങും നിരവധിയാണെങ്കെിലും അവയും ഒരു ചളി നിലവാരത്തിൽ എത്താതിരിക്കാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്.

അങ്ങനെ അവർ തിമർത്ത് ഉല്ലസിച്ച് ജീവിക്കുന്നതിനിടയിലാണ് റിസോർട്ടിൽ പ്രേതബാധയുടെ ലക്ഷണങ്ങൾ കാണുന്നത്.തൊട്ടടുത്ത പള്ളിയിലെ അച്ചനും( ഹരീഷ്‌പേരാടി) അവരെ സഹായിക്കാനവുന്നില്ല.അപ്പോഴാണ് മെന്റലിസ്റ്റായ ജയസൂര്യയുടെ മൊട്ടത്തലയൻ കഥാപാത്രം ജോൺ ഡോൺബോസ്‌ക്കോ രംഗത്ത് എത്തുന്നത്.(സാധാരണ കടമറ്റത്ത് കത്തനാരെയോ അതിലും കൊടിയ മന്ത്രവാദികളെയോ ആണ് സാധാരണ മലയാളപടങ്ങളിൽ ഇത്തരം വേഷങ്ങളിൽ കാണാറ്.)ഇതോടെ ചിത്രത്തിന്റെ രൂപം മാറുകയാണ്. മൈൻഡ് റീഡറാണ് ജോൺ.അതായത് മറ്റുള്ളവരുടെ മനസ്സിലുള്ളത് അയാൾ കണ്ടുപിടിക്കും.ആത്മാക്കളുമായി ചങ്ങാത്തത്തിലാവുന്ന കഴിവുള്ള അയാൾ ഈ റിസോർട്ടിലെ കുരുക്കഴിക്കാൻ പുറപ്പെടുകയാണ്.
എന്നാൽ ചിത്രത്തിന്റെ ആദ്യപകുതിയിൽ കിട്ടിയ നർമ്മവും ഭയവും ചേർത്ത സങ്കര സുഖം, രണ്ടാംപകുതിയിൽ കിട്ടുന്നില്ല. ഒരു സൈക്കോ ഡ്രാമയെന്ന രീതിയിൽ ചിത്രം കടന്നപോവുമ്പോൾ അല്ലറ ചില്ലറ കല്ലുകടിയും യുക്തി രാഹിത്യവും പലേടത്തും പ്രകടമാണ്.പക്ഷേ അവിടെയാക്കെ ബോറടിയിലേക്ക് പ്രേക്ഷകരെ വീഴ്‌ത്താതെ ചിത്രത്തെ ലൈവായി പിടിച്ചുനിർത്തുന്നത് 'പ്രേമത്തിലെ' ഗിരിരാജൻ കോഴി ഫെയിം ഷറഫുദ്ദീന്റെ ചില കൗണ്ടറുകളാണ്.

പലപ്പോഴും മധ്യവർഗ്ഗത്തിന് മാത്രം പ്രിയപ്പെട്ട ആശയങ്ങളിൽ ചാലിച്ചതാണ് രഞ്ജിത്ത് ശങ്കറിന്റെ സിനിമകൾ.പ്രത്യക്ഷത്തിൽ സ്ത്രീവിരുദ്ധവും സമൂഹത്തിന്റെ സ്റ്റാറ്റസ്‌ക്കോ നിലനിർത്തുന്നതിനുമായുള്ള ആശയങ്ങൾ ഇവിടെയും പലയിടത്തും കടന്നുവരുന്നുണ്ട്.മാനമാണ് സ്ത്രീക്ക് ഏറ്റവും വലുതെന്നും അത് നഷ്ടപ്പെട്ടാൽ ജീവനൊടുക്കുന്നതാണ് നല്ലതെന്നുമള്ള കാഴ്ചപ്പാട് ഒരുകാര്യം മാത്രം.എന്നാൽ മധ്യവർഗത്തിന്റെ നന്മ-തിന്മ ദ്വന്ദങ്ങളിൽ കെട്ടിയിടാതെ പുതിയ തലമുറയിലെ മാറുന്ന ലൈംഗിക വീക്ഷണങ്ങൾവരെ ചിലയിടത്ത് സംവിധായൻ കൊണ്ടുവരുന്നുമുണ്ട്.

കൈയടി നേടി കേരള കമൽഹാസനും കൂട്ടരും

രുകാലത്ത് മലയാള സിനിമയിലെ സ്ഥിരം കള്ളനായിരുന്നു ഹരിശ്രീ അശോകൻ എന്നുപറഞ്ഞതപോലെ, ഇപ്പോൾ നമ്മുടെ സിനിമകളിലെ സ്ഥിരം വേലക്കാരനാണ് നടൻ ധർമ്മജൻ ബോൾഗാട്ടി.പക്ഷേ ഇത്തരം കെട്ടുകാഴ്ചകളിൽ തളച്ചിടപ്പെടേണ്ടവനല്ല താനെന്ന് ഈ പടത്തിലെ ധർമ്മജന്റെ പ്രകടനം തെളിയിക്കുന്നു.അൽപ്പംപോലും ഗോഷ്ടി കാണിക്കാതെ ശുദ്ധമായ ശരീരഭാഷകൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കാൻ കഴിയുന്ന ഈ നടന്റെ കൂടുതൽ നല്ല വേഷങ്ങൾക്കായി മലയാള സിനിമ കാത്തിരിക്കയാണ്.അതുപോലെതന്നെയാണ് ഷറഫുദ്ദീനും.സൗബിൻ ഷാഹിനെപ്പോലെ ഡയലോഗ് ഡെലിവറിയിൽ അപാരമായ റിഥമാണ് ഈ നടനും.വെറുതെ എന്തെങ്കിലും പറഞ്ഞാലും ചിരിവരും.ചളിക്കോമഡിയുടെ ഉസ്താദായ അജുവർഗീസ് , മുൻകാലങ്ങളിൽനിന്നുള്ള പാഠം ഉൾക്കൊണ്ടാവണം ഈ പടത്തിൽ അൽപ്പം നിയന്ത്രിച്ചിട്ടുണ്ട്.എന്നാൽ ചിലയിടത്തൊക്കെ അജുവിനെ കയറൂരിവിടുന്നുണ്ട് സംവിധായകൻ.ഗോവിന്ദ് പത്മസൂര്യയും ഹരീഷ് പേരാടിയും തങ്ങളുടെ റോളുകൾ മോശമാക്കിയിട്ടില്ല.

പക്ഷേ പടത്തിന്റെ ഹൈലൈറ്റ് ജയസൂര്യയുടെ പ്രകടനമാണ്.വ്യത്യസ്തമായ ഗെറ്റപ്പിലുള്ള വേഷങ്ങൾ ചെയ്യാനുള്ള കൊതികൊണ്ട് കേരള കമൽഹാസൻ എന്ന് പേരുവീണ ഈ താരം പക്ഷേ തന്റെ രൂപമാറ്റം വെറും ഫാൻസി ഡ്രസ്സല്‌ളെന്ന് തെളിയിക്കുന്നു.നോട്ടത്തിലും ചിരിയിലുമെല്ലാം സ്വന്തമായൊരു സ്റ്റെൽ കൊണ്ടുവന്ന് മെന്റലിസ്റ്റ് ജോൺ ഡോൺബോസ്‌ക്കോക്ക് ഒരു ശക്തമായ വ്യക്തിത്വം നൽകാൻ ജയന് കഴിഞ്ഞിട്ടുണ്ട്.ജയസൂര്യയുടെ കഥാപാത്രം അൽപ്പം പാളിയെങ്കിൽ സിനിമ മൊത്തം പൊട്ടിപ്പോവുമായിന്നു. പ്രത്യേകിച്ചും കൈ്‌ളമാക്‌സ അടക്കമുള്ള പലരംഗങ്ങളിലും കണ്ണുകൊണ്ടാണ് ഈ പടത്തിൽ അഭിനയിക്കേണ്ടത്.അത്ഭുദകരമായ ആവേഗത്തോടെ നടൻ അത് ചെയ്യുന്നുമുണ്ട്.പേളി മാണി ഈ പടത്തിൽ സെക്കൻഡ് ഹീറോയിനാണ്.ആദ്യ നായികയായി വരുന്നത് സാക്ഷൽപ്രേതമാണ്. പേളിക്ക് ഈ പടത്തിൽ കാര്യമായി ഒന്നും ചെയ്യാനില്‌ളെങ്കിലും ഉള്ളത് 'തേങ്ങാക്കുല മാങ്ങാത്തൊലി' ആക്കിയിട്ടില്‌ളെന്നത് ആശ്വാസമാണ്.

ഒരു പ്രേത സിനിമയുടെ സൗണ്ട് ഇഫക്ട് ഗിമ്മിക്കുകൾ ഒന്നുമില്ലാതെ, എന്നാൽ ഭയം തോന്നിക്കേണ്ടിടത്ത് അങ്ങനെവരുന്ന രീതിയിൽ പശ്ചാത്തല സംഗീതമൊരുക്കിയ ആനന്ദ് മധുസൂധനനും ഈ പടത്തിൽ അഭിനന്ദനം അർഹിക്കുന്നു. ഭൂരിഭാഗം സീനുകളും ഒരു റിസോർട്ടിലും കടലോരത്തും ചുറ്റിത്തിരിയുന്ന ഈ പടത്തിൽ ഇൻഡോർ സ്വഭാവം ഒട്ടുംതോന്നാത്ത നിലയിലാണ് ജിത്തുദാമോദറിന്റെ കാമറ.

പക്ഷേ ഈ ആശയംവച്ചുതന്നെ തിരക്കഥയിൽ രഞ്ജിത്ത് ശങ്കർ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ചിത്രത്തിന്റെ മൊത്തം റിസൾട്ട് എത്രയോ മെച്ചപ്പെടുമായിരുന്നു.രണ്ടാം പകുതിയിൽ പലയിടത്തും ഒരു നമുക്ക് പ്രവചിക്കാവുന്ന രീതിയിൽ ഇതൊരു സാധാപടമായും പോവുന്നു.എന്നിരുന്നാലും വിനോദംമാത്രം ലക്ഷ്യമിട്ടുവരുന്നവർക്ക്,കാശ്മുതലാവുന്ന ഒറ്റത്തവണ കണ്ടിരിക്കാവുന്ന ചിത്രമാണ് പ്രേതമെന്ന് നിസ്സംശയം പറയാം.

വാൽക്കഷ്ണം: നമ്മുടെ കുട്ടികൾക്കിടയിലൊക്കെ ഓജോബോർഡ് എന്ന കപടശാസ്ത്രത്തിന് വലിയ പ്രചാരം നൽകിയത് മമ്മൂട്ടിയുടെ 'അപരിചിതൻ' എന്ന സിനിമയായിരുന്നു.അതുപോലൊരു ചതി മെന്റലിസത്തിന്റെപേരിൽ ഈ പടവും ഒരു ചതി ഒളിപ്പിച്ചിട്ടുണ്ട്. മെന്റലിസം, മൈൻഡ് റീഡിങ്ങ് എന്നിവയൊക്കെ വലിയൊരു ശാസ്ത്രമെന്ന രീതിയിലാണ് ചിത്രം അവതരിപ്പിച്ചിട്ടുള്ളത്. സത്യത്തിൽ മാജിക്കിനോടൊപ്പം ചേർത്ത് പിടക്കാവുന്ന വിനോദാപാധികൾ മാത്രമാണ് വിദേശ രാജ്യങ്ങളിൽ ഇവ.പിന്നെ ചിലർ മെന്റലിസ്റ്റുകളൊക്കെയായി നടക്കുന്നുണ്ടെങ്കിലും ആധുനിക ശാസ്ത്രം ഇതിനെ അംഗീകരിച്ചിട്ടില്ല. പാരാസൈക്കോളജി പോലുള്ള ഒരു കപടശാസ്ത്രം മാത്രമാണ് മെന്റലിസവും. പക്ഷേ ഈ പടം വിജയിക്കുന്നതോടെ മെന്റലിസം പഠിക്കാനായി നമ്മുടെ കൂടുതൽ ചെറുപ്പക്കാർ എത്തുമെന്ന് ചുരുക്കം. അല്‌ളെങ്കിലും സായിപ്പിനെ വികൃതമായി അനുകരിക്കയാണെല്ലോ നമ്മുടെ രീതി!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP