Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലവകുശ അഥവാ ചീറ്റിപ്പോയ ന്യൂജൻ ദാസൻ-വിജയൻ കളി! കോമഡിയെന്ന പേരിൽ ശുദ്ധഅസംബന്ധങ്ങൾ; ട്വിസ്റ്റിനുള്ളിൽ പെട്ട് തലകറങ്ങി പ്രേക്ഷകർ; പ്രിയപ്പെട്ട നീരജ് മാധവ് ഇങ്ങനെ തിരക്കഥയെഴുതി കൊല്ലാക്കൊല ചെയ്യല്ലേ!

ലവകുശ അഥവാ ചീറ്റിപ്പോയ ന്യൂജൻ ദാസൻ-വിജയൻ കളി! കോമഡിയെന്ന പേരിൽ ശുദ്ധഅസംബന്ധങ്ങൾ; ട്വിസ്റ്റിനുള്ളിൽ പെട്ട് തലകറങ്ങി പ്രേക്ഷകർ; പ്രിയപ്പെട്ട നീരജ് മാധവ് ഇങ്ങനെ തിരക്കഥയെഴുതി കൊല്ലാക്കൊല ചെയ്യല്ലേ!

എം മാധവദാസ്

ലയാള സിനിമയിലെ ഇപ്പോഴത്തെ ട്രെൻഡ് ആണെന്നുതോനുന്നു, അറിയാത്ത പണിക്കുപോയി നാറുകയെന്നത്.നന്നായി അഭിനയിക്കുന്ന നടനായിരക്കും കഴുതരാഗത്തിൽ യുഗ്മഗാനം പാടി വെറുപ്പിക്കുക. ഒന്നാന്തരമായി സംവിധാനം ചെയ്യാനറിയുന്നവൻ ആ പണിയിൽ മുഴുവൻ ശ്രദ്ധകൊടുക്കാതെ ചായം തേച്ച് നടിക്കാൻ ഇറങ്ങും, നല്ല നടൻ തിരിച്ച് സംവിധാനിക്കാനും.അവനവ്തന്നെ പുർണ ആത്മവിശ്വാസമില്ലാത്ത ഇത്തരം തസ്തികമാറ്റ വളിപ്പുകളുടെ ഒടുവിലത്തെ ഉദാഹരമാണ്, യുവനിരയിലെ ശ്രദ്ധേയനായ നടൻ നീരജ്മാധവ് കഥയും തിരക്കഥയും ഒരുക്കിയ ലവകുശ എന്ന അഞ്ചുപൈസക്ക് കൊള്ളില്ലാത്ത പടം.

നീരജ് നിങ്ങൾ നല്ലൊരു നടനാണ്. പിന്നെന്തിനാണ് അറിയാത്ത പണിയായ 'തിരക്കഥിക്കാൻ' പോയത്. മൊബൈൽ ക്യാമറയിൽ പടം എടുത്ത് യൂട്യൂബിൽ അപ്പ്‌ലോഡ് ചെയ്യുന്ന സ്‌കൂൾകുട്ടികൾപോലും നിങ്ങളുടെ ഈ പൊട്ട സ്‌ക്രിപ്റ്റിനേക്കാർ നല്ലത് ഉണ്ടാക്കും. ഒന്ന് ആലോചിച്ചുനോക്കൂ, നീരജ്മാധവ് എന്ന നടന്റെ ഒറ്റപേരിലല്ലേ ഈ കഥ ചലച്ചിത്രമായത്.വാലുംതലയുമില്ലാത്ത, ശുദ്ധഅസംബന്ധങ്ങൾ കോമഡിയെന്നപേരിൽ എഴുന്നള്ളിക്കുന്ന ഇത്തരം ചലച്ചിത്രങ്ങൾ, ഒരു പുതുമുഖമാണ് വന്ന് പറഞ്ഞിരുന്നതെങ്കിൽ നിങ്ങളൊക്കെ അയാളെ പരിഹസിച്ച് കൊല്ലില്ലായിരുന്നോ? അതുകൊണ്ടുതന്നെ ലവകുശയെന്ന സാംസ്കാരിക ദുരന്തമായ ചലച്ചിത്രത്തിന്റെ ഒന്നാം പ്രതിയും നമ്മുടെ നീരജ് മാധവ് തന്നെ.

ഇനി സംവിധായകനും അത്ര മോശക്കാരനല്ല. നീ.കോ. ഞാ. ച എന്ന വ്യത്യസ്തമായ ന്യജൻ പടമെടുത്ത ഗിരീഷ് മനോയാണ്. ഇവിടെ മനോക്കും മനോധൈ്യര്യം നഷ്ടമാകുന്നു. ദുർബലമായ സ്‌ക്രിപ്റ്റിനെ മറികടക്കാനുള്ള കോപ്പൊന്നും സംവിധായകന്റെയും കൈയിലില്ല. നീരജിനൊപ്പം നമ്മുടെ ബിജു മേനോനും അജു വർഗീസും ചേരുമ്പോൾ കോമഡിയുടെ അമിട്ടാണെന്ന് കരുതി കയറിപ്പോയതാണേ. ഈ പടത്തിൽ പെട്ടുപോയതുകൊണ്ട് മിനിമം ഗ്യാരണ്ടിയുള്ള ബിജുവിനും അജുവിനുംകൂടി ചീത്തപ്പേരായി. ആദ്യപകുതി എങ്ങനെയെങ്കിലും കണ്ടിരിക്കാം. ചിലയിടത്തൊക്കെ കോമഡി വർക്കൗട്ടായിട്ടുണ്ട്. പക്ഷേ രണ്ടാംപകുതി അസഹനീയം. ഇക്കിളിയിട്ടാൽപ്പോലും ചിരവരാത്ത അവസ്ഥ!

ചീറ്റിപ്പോയ ന്യൂജൻ ദാസൻ- വിജയൻ കളി
ഒറ്റവാക്കിൽ ഈ ചിത്രത്തെ ഇങ്ങനെയേ വിശേഷിപ്പിക്കാൻ കഴിയൂ. ഈ കഥക്കായി യാതൊരു ഗൃഹപാഠവും നീരജ്മാധവ് ചെയ്തതായി തോനുന്നില്ല. പകരം,പഴയ പ്രിയദർശൻ, സത്യൻഅന്തിക്കാട്, സിദ്ധീഖ്-ലാൽ പടങ്ങളെ പുതിയ ഫോർമാറ്റിൽ കൊണ്ടുവരാൻ ഒരു ശ്രമം നടത്തി. ( ആശ്വാസമുണ്ട്, എന്തായാലും കൊറിയൻ പടം കോപ്പിയടിച്ചില്ലല്ലോ) ന്യൂജൻ കാലത്തെ ദാസനും വിജയനുമാകാൻ ,പരസ്പരം ബോസ് എന്ന് വിളിച്ച് സംബോധനചെയ്യുന്ന രണ്ട് കഥാപാത്രങ്ങളായി അജുവർഗീസും നീരജും ചേർന്ന് ശ്രമിക്കുന്നു. പക്ഷേ അത് എങ്ങുമത്തെുന്നില്ല.

ചെന്നൈ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് ലവകുശ കഥ പറഞ്ഞുതുടങ്ങുന്നത്. പഴയ മോഹൻലാൽ ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്നതാണ് തുടക്കം. ഓൺലൈൻ മുവീ പ്രൊമോഷനുകളുമായി ജീവിക്കുന്ന അജു വർഗീസിന്റെ കഥാപാത്രവും മേക്കപ്മാനായ നീരജ് മാധവിന്റെ കഥാപാത്രവും ഒരു മദ്യശാലയിൽവെച്ച് കണ്ടുമുട്ടുകയും വളരെ പെട്ടെന്ന്‌സുഹൃത്തുക്കളായി മാറുകയും ചെയ്യുന്നു. അവർ ഒന്നിച്ച്‌നിന്ന് മെച്ചപ്പെട്ട ജോലിക്കായി നമ്മുടെ ദാസനെയും വിജയനെയും പോലെ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന, സമൂഹത്തിൽ യാതൊരു നിലയും വിലയുമില്ലാത്തവരാണ് ഇരുവരും. രണ്ടുപേരും ഒന്നാന്തരം മണ്ടന്മാരുമാണ്. ഇതാണ് നീരജ്മാധവിന്റെ കഥയിലെ ഏറ്റവും വലിയ പാത്രവൈകല്യവും. ഇതേ മണ്ടന്മാരും വ്യക്തിത്വവില്ലാത്തവരുമായ കഥാപാത്രങ്ങളാണ് ചിലപ്പോൾ അതിബുദ്ധിമാന്മാരെപ്പോലെ പെരുമാറുന്നത്. കൈ്‌ളമാക്‌സിലും മറ്റും വലിയ കൊള്ള സംഘത്തെയും ഇവർ വലയിലാക്കുന്നുണ്ട്.( നോക്കുക അവിടെയുമുണ്ട് ദാസൻ-വിജയന്മാരുമായി സാമ്യം)

തുടക്കത്തിലെ മദ്യശാലയിലെ രംഗങ്ങൾതൊട്ടുതന്നെ ബോറടി ഈ പടത്തിന്റെ കൂടെപ്പിറപ്പാണ്. പക്ഷേ പിന്നങ്ങോട്ട് ഇരുവരും ചേർന്ന് നടത്തുന്ന ഒരു ട്രെയിൻ യാത്ര കഥയുടെ രസച്ചരട് തിരിച്ചുപടിക്കുന്നുണ്ട്. ബിജുമേനോന്റെ എൻട്രിയും, അജുവിന്റെ ചില തമാശകളുമൊക്കെയായി ഒരു കോമഡി ത്രില്ലർ എന്ന രീതിയിൽ വികസിക്കുന്ന ഈ എതാനും ഭാഗങ്ങൾ ചിത്രത്തിന് ജീവനുണ്ടെന്ന് തോന്നിപ്പിച്ചിരുന്നു.ഒരു സ്വർണ്ണകടത്ത് സംഘത്തിനിടയിൽ ഇരുവരും പെട്ടുപോകുന്നതൊക്കെ രസകരമായി എടുക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ പിന്നീടങ്ങോട്ട് ബോറടിയാണ്.രണ്ടാം പകുതിയാവട്ടെ എന്തിനോവേണ്ടി തിളക്കുന്ന സാമ്പാർ എന്ന മട്ടിലും.

ട്വിസ്റ്റോടു ട്വിസിറ്റ്!
സത്യത്തിൽ ഈ ചിത്രത്തിന്റെ പേരായി ട്വിസ്റ്റർ എന്ന് ഇടേണ്ടിയിരുന്നത്. അപ്പടി ട്വിസ്റ്റോട് ട്വിസ്റ്റാണ്.ആദ്യകാണുന്നയാളല്ല കഥപുരോഗമിക്കുമ്പോൾ. റെയിൽവേയിൽ ചായകൊടുക്കുന്നവൻ കള്ളക്കടത്തുകാരനാവും, യാത്രക്കാരി പൊലീസാവും,പൊലീസ് ക്രിമിനലാവും, അഡ്വക്കേറ്റ് കൊള്ളസംഘത്തലവനാവും.....അങ്ങനെ പോകുന്ന ഈ ട്വിസ്‌ററുകളുടെ അയ്യരുകളി. ( പൂച്ചക്കൊരു മൂക്കുത്തിയിൽ ചെറിയാൻ നായർ എന്ന് പപ്പുപറയുന്നപോലുള്ള കഥാപാത്രങ്ങളുടെ വികൃത രൂപങ്ങൾ) അതുകൊണ്ട് ഒരു റിസൾട്ടും ഉണ്ടായിട്ടില്ല.

പലതും പ്രേക്ഷകന്റെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്നു. ചില ഉദാഹരണങ്ങൾ നോക്കുക. സസ്‌പെൻഷനിലായ ഒരു ക്രിമിനൽ പൊലീസ് ഉദ്യോഗസ്ഥനായി അവതരിപ്പിക്കപ്പെടുന്ന ബിജുമേനോൻ, ചിത്രത്തിലുടനീളം പൊലീസിന്റെ വേഷവും ജീപ്പും ഉൾപ്പെടെയുള്ള എല്ലാ ഔദ്യോഗിക സംവിധാനവുമായാണ് കറങ്ങിനടക്കുന്നത്.സഹപ്രവർത്തകനെ വെടിവെച്ച് കൊന്നകേസിൽ ഇയാളെ പൊലീസ് തിരയുകയാണെന്നത് സസ്‌പെൻസ്.ഇനി ഈ കുറ്റം അയാളിൽ വരുന്നതോ, അയാളുടെ സർവീസ് റിവോൾവറിലെ വെടിയുണ്ടയാണ് മൃതദേഹത്തിൽനിന്ന് കിട്ടിയത് എന്ന ഒറ്റക്കാരണത്താലും! ഇത്രക്ക് മന്ദബുദ്ധികളാണോ നമ്മുടെ പൊലീസ് സേന! അത്യാവശ്യം ബാറ്റൻബോസിനെയെങ്കിലും വായിച്ചുട്ടുവേണ്ടെ ബോസുമാരെ ഈ പണിക്കിറങ്ങാൻ.

ആൾമാറാട്ടങ്ങളുടെ നീണ്ട നിരയാണ് ചിത്രത്തിൽ. ഒക്കെ ഒന്നിനൊന്ന് അംസംബന്ധങ്ങൾ. സ്ഥലത്തെ അറിയപ്പെടുന്ന, സുന്ദരിയായ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥയാണ് ( ചിത്രത്തൽ ദീപ്തി സതി) അതേ നഗരത്തിലെതന്നെ ഏവിയേഷൻ അക്കാദമിയിൽ ചേരുന്നത്.അതും ഒരു സ്വർണവേട്ടക്കായി. അക്കാദമിയിൽ പ്രഛന്നവേഷത്തിൽ കയറുന്ന അജുവും നീരജും ഒപ്പിക്കുന്ന ക്രോപ്രായങ്ങളെയൊക്കെ ഹാസ്യംതന്നെയാണോ ഈ നാട്ടിൽ വിളിക്കുക.ഇവരുടെ കൗണ്ടർ ഡയലോഗുകളൊക്കെ തീർത്തും ദുർബലവും ക്ഷമപരീക്ഷിക്കുന്നതുമാണ്.

കൂട്ട ആൾമാറാട്ടങ്ങൾക്കൊടുവിൽ പതിവുള്ള ഗോഡൗൺ കൈ്‌ളമാക്‌സിന് പകരം ( വില്ലന്മാരെ മൊത്തം ഒരു ഗോഡൗണിലിട്ട് പൂട്ടിയിട്ട് പൊലീസിനെ അറിയിക്കുക, അല്ലെങ്കിൽ ഗോഡൗണിന് തീയിട്ടോ വെടിവെച്ചോ ചാമ്പലാക്കുക തുടങ്ങിയ കലാപരിപാടികൾ) വില്ലന്മാരെ മൊത്തം ഒരു വീട്ടിനുള്ളിലാക്കുന്ന നീരജ് മാധവിന്റെ ബുദ്ധിയെ അഭിനന്ദിക്കാതെവയ്യ. എന്തൊരു വ്യത്യസ്തത! കൂടുതൽ പറയുന്നില്ല. ഈ തലയൊന്നും വെയില് കൊള്ളിക്കരുത് മോനേ. ഈനിയും എത്രയെത്ര മഹത്തായ സൃഷ്ടികൾ ജനിക്കേണ്ട മസ്തിഷ്‌ക്കമാണിത്!

ആ ഇനി എന്താണ് ഈ ലവുകുശ എന്ന പേരിന്റെ രഹസ്യമെന്നും പറഞ്ഞേക്കാം. ശിക്കാരിശംഭു മോഡലിൽ ഒരു കള്ളക്കടത്ത് ഓപ്പറേഷനിടയിൽ പെട്ടുപോയ ഈ മണ്ട ശിരോമണികൾ , തങ്ങൾക്ക് പറ്റിയ തൊഴിൽ പൊലീസാണെന്ന് തെറ്റിദ്ധരിച്ച് തുടങ്ങാൻ ഉദ്ദേശിച്ച പ്രൈവറ്റ് ഡിറ്റക്റ്റീവ് ഏജൻസിയുടെ പേരാണിത്.

ആശ്വാസമായത് നിർമ്മൽ പാലാഴി
ഇങ്ങനെയൊക്കെയാണെങ്കിലും ഏതാനും സീനുകളിൽമാത്രം പ്രത്യക്ഷപ്പെടുന്ന ഒരു നടൻ ചിരിപ്പിക്കുന്നതിനും ലവകുശ സാക്ഷിയായി. അതാണ് മിമിക്രിയിലുടെ പ്രേക്ഷകർക്ക് സുപരിചിതനായ നിർമ്മൽ പാലാഴി. ഒരു സംശയരോഗിയായ ഭർത്താവിന്റെ ഏതാനും ടൈപ്പ് സീനുകൾ, ജഗതിശ്രീകുമാറിനൊക്കെ കഴിയുന്ന ശരീരഭാഷയിലൂടെയും, ഒഴുക്കൻ കോഴിക്കോടൻ സ്‌ളാങ്ങിലൂടെയും നിർമ്മൽ എത്ര വ്യത്യസത്തമാക്കുന്നുവെന്ന് നോക്കുക. കുറിച്ചുവെച്ചോളൂ, ഭാവിയുള്ള നടനാണ് ഇയാൾ.

ജോയി കാപ്പൻ ഏന്ന ക്രൈം ബ്രാഞ്ച് ഓഫീസറുടെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ബിജു മേനോന്റെ ദുരൂഹതകൾ നിറഞ്ഞ കഥാപാത്രം ആ സൃഷ്ടിയുടെ വൈകല്യംകൊണ്ട് നന്നായിട്ടില്ല. ദീപ്തി സതിയുടെ നായികാകഥാപാത്രവും പേരിനുമാത്രമാണ്. അജുവിനും നീരജിനും ഉണ്ടായ ചീത്തപ്പേര് പറയേണ്ടല്ലോ.

ഗോപി സുന്ദർ ഈണം നൽകിയ പാട്ടുകളും, പശ്ചാത്തല സംഗീതവുമൊക്കെ ശരാശരിയിലൊതുങ്ങി. നേരത്തെ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ 'എന്റെ കയ്യിൽ ഒന്നൂല്ല' ഏന്ന ആൽബം ഗാനം ചിത്രത്തിലൂടെ വീണ്ടുമത്തെുന്നുണ്ട്. അതാകട്ടെ ചിത്രത്തിലെ സീനുകളോട് നൂറുശതമാനവും നീതി പുലർത്തുന്നുണ്ട്.

വാൽക്കഷ്ണം:
ടീസറിന്റെയും ട്രെയിലറിന്റെയും മനോഹാരിതകണ്ട് ചിത്രത്തിന് ടിക്കറ്റെടുത്താൽ പെടുമെന്ന് ഈ പടവും തെളിയിക്കുന്നു.വിന്റേജ് പൊലീസ് കാറിൽ വരുന്ന നായകന്മാരും പശ്ചാത്തലത്തിൽ കേട്ട ജനാർദ്ദനന്റെ ശബ്ദവുമെല്ലാം വ്യത്യസ്തമായ ഒരു കോമഡി എന്റർടൈനർ തന്നെ ആയിരിക്കും ഇതെന്ന സൂചന നൽകിയിരുന്നു.പക്ഷേ അതൊരു പറ്റിപ്പായിപ്പോയെന്ന് കാശുപോയപ്പോഴേ അറിഞ്ഞുള്ളൂ.

ഒറ്റ സംശയംമാത്രമേ ഇപ്പോഴും ബാക്കിയുള്ളൂ. ഇത്ര ദുർബലവും അലങ്കോലവുമായ കഥകൾക്കൊക്കെ എങ്ങനെയാണ് പ്രൊഡ്യൂസർമാരെ കിട്ടുന്നത്?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP