Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാണിജ്യ വിജയം പക്ഷേ കലാപരമായി പരാജയം; ഇതൊരു ടിപ്പിക്കൽ സത്യൻ അന്തിക്കാട് സിനിമ; മഞ്ജുവിന് കൈയടി; ശരാശരിയിൽ ഒതുങ്ങി ലാലേട്ടൻ

വാണിജ്യ വിജയം പക്ഷേ കലാപരമായി പരാജയം; ഇതൊരു ടിപ്പിക്കൽ സത്യൻ അന്തിക്കാട് സിനിമ; മഞ്ജുവിന് കൈയടി; ശരാശരിയിൽ ഒതുങ്ങി ലാലേട്ടൻ

എം മാധവദാസ്

ത്യം പറഞ്ഞാൽ മലയാള സിനിമയുടെ സുവർണകാലമാണിത്. വന്നുവന്നു ബോറടിയില്ലാതെ കണ്ടിരിക്കാൻ കഴിയുന്ന ഒരു ചിത്രം ഇറങ്ങിയാൽ മതി ജനം അത് വിജയിപ്പിച്ചോളും. (പ്രേക്ഷകർ ഇങ്ങനെയൊക്കെ സഹകരിച്ചിട്ടും ഈ വർഷം ഒരു ഹിറ്റുപോലും ഉണ്ടായില്ല എന്ന് മാത്രമല്ല, മുപ്പതോളം സിനിമകൾ പൊളിഞ്ഞ് പാളീസാവുകയും ചെയ്തു. അത്രയ്ക്ക് നിലവാരത്തകർച്ച മലയാള ചലച്ചിത്രലോകത്ത് വന്നുകഴിഞ്ഞെന്ന് ചുരുക്കം) ചിത്രം അല്പമെന്ന് നന്നായാൽ മതി പ്രേക്ഷകർ തീയറ്ററിലേക്ക് കൂട്ടത്തോടെ ഇരച്ചുകയറുകയാണ്. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്, നമ്മുടെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാട്, മോഹൻലാലിനെയും മഞ്ജുവാരിയരെയും മുഖ്യകഥാപാത്രങ്ങളാക്കിയെടുത്ത 'എന്നും എപ്പോഴും'.

അവധിക്കാലത്തെ കുടുംബപ്രേക്ഷകരെ മുന്നിൽ കണ്ടെന്നോണം, ടിപ്പിക്കൽ സത്യൻ ഫോർമാറ്റിലെടുത്ത സിനിമയാണിത്. ഒറ്റവാക്കിൽ പറഞ്ഞാൽ കണ്ടിരിക്കാവുന്ന, വിനോദത്തിനായിമാത്രം കാശുമുടക്കുന്ന പ്രേക്ഷകനോട് നീതിപുലർത്താൻ ശ്രമിക്കുന്ന പടമാണിത്. വാണിജ്യപരമായി നോക്കുമ്പോൾ ചിത്രം വിജയിച്ചുവെന്ന് ഉറപ്പിക്കാം.

മോഹൻലാലിന്റെയും മഞ്ജുവിന്റെയും താരപദവിയും, വൈഡ് റിലീസിങ്ങും, അവധിക്കാല തിരക്കും, ഉയർന്ന സാറ്റലൈറ്റ് തുകയും കൂട്ടുമ്പോൾ, നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ കീശ കനക്കുമെന്ന് സംശയമില്ല. തീർച്ചയായും അത് ആശ്വാസകരവുമാണ്. പടങ്ങളുടെ കൂട്ടപ്പൊട്ടലിൽ മൾട്ടിപ്‌ളക്‌സുകളിൽവരെ ഷോ വെട്ടിക്കുറക്കുന്ന ഇക്കാലത്ത്, ചലച്ചിത്ര വ്യവസായത്തിന് കരുത്തുപകരാൻ ഇത്തരം വിജയങ്ങൾ വേണം. പക്ഷേ കലാപരമായി നോക്കുമ്പോഴോ. സത്യൻ അന്തിക്കാട് എന്ന മലയാളികളുടെ പ്രിയ സംവിധായകനോടുള്ള എല്ലാ ബഹുമാനവും മാറ്റിവച്ച് പറയട്ടെ തികച്ചും പരാജയമാണ് ഈ ചിത്രം!

കാതലില്ലാത്ത കഥയെ മറയ്ക്കാൻ താരങ്ങളുടെ കരിസ്മ

രിക്കലും മാറ്റം ആഗ്രഹിക്കയോ, സ്വയം നവീകരിക്കപ്പെടുകയോ ചെയ്യാത്ത സംവിധായകനാണ് നമ്മുടെ അന്തിക്കാട്ടെ സത്യേട്ടൻ. വള്ളമൂന്നുകാരനും, കള്ളുചത്തെുകാരനും, നാടകസമിതിയുമൊക്കെയുള്ള ഒരു നാട്ടിൻപുറത്തിന്റെ കഥയാണ് സാധാരണ അദ്ദേഹം പറയാറ്. ഇത്തവണ ഗ്രാമം വിട്ടു നഗരം മാറ്റിപ്പിടിച്ചു എന്നൊരു പ്രത്യേകതയുണ്ട്. ബാക്കിയുള്ള ഫാമിലി ഡ്രാമയും സെന്റിമെൻസുമൊക്കെ അങ്ങനെ തന്നെ.ലൈറ്റ് കോമഡി ട്രാക്കിൽ, കാര്യമായി ബോറടിയൊന്നും ഇല്ലാതെ, അവസാനത്തെ എതാനും ചില സീനുകൾ ഒഴിച്ചാൽ ലാഗ് വരാതെ ചിത്രത്തെകൊണ്ടുപേകാനും, കുടുംബപ്രേക്ഷകർക്കിടയിൽ ഒരു ഫീൽഗുഡ് മൂഡ് ഉണ്ടാക്കിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. അതുകൊണ്ടുതന്നെ നൂറ്റൊന്നുതവണ ആവർത്തിക്കപ്പെട്ട, ആറിത്തണുത്ത പഴങ്കഞ്ഞിപോലുള്ള കഥയാണ് നടൻ കൂടിയായ രവീന്ദ്രൻ ഈ സിനിമക്കായി, എന്തോവലിയ സംഭവമെന്ന് വ്യാപകമായി പബ്ലിക്ക് റിലേഷൻ വർക്ക് നടത്തിയശേഷം പടച്ചുവിട്ടത്. ഈ ശരാശരി കഥയിൽനിന്ന് തിരക്കഥയും സംഭാഷണവും ഉണ്ടാക്കിയ രഞ്ജൻ പ്രമോദിനും കാര്യമായൊന്നും ചെയ്യാൻ പറ്റിയിട്ടില്ല. (എന്നാലും സന്തോഷം, പ്രതിഭാധനായ രഞ്ജൻ തിരച്ചുവന്നല്ലോ?). പക്ഷേ ഇവിടെയാണ് സത്യൻ അന്തിക്കാടിന്റെ കൈയടക്കം സമ്മതിക്കേണ്ടത്. ലൈറ്റ് കോമഡി ട്രാക്കിൽ, കാര്യമായി ബോറടിയൊന്നും ഇല്ലാതെ, അവസാനത്തെ എതാനും ചില സീനുകൾ ഒഴിച്ചാൽ ലാഗ് വരാതെ ചിത്രത്തെകൊണ്ടുപേകാനും, കുടുംബപ്രേക്ഷകർക്കിടയിൽ ഒരു ഫീൽഗുഡ് മൂഡ് ഉണ്ടാക്കിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

ഇനി ഈ ചിത്രത്തിന്റെ വൺലൈനിലേക്ക് കടക്കാം. കേരളത്തിലെ പ്രമുഖ വനിതാ മാസികയായ 'വനിതാരത്‌നത്തിന്റെ' സീനിയർ റിപ്പോർട്ടറാണ്, ജോലിയിൽ അലസനും സദാതെറ്റുവരുത്തുന്നവനും, എന്നാൽ പ്രതിഭാശാലിയും, (നായകൻ സൂപ്പർസ്റ്റാറാകുമ്പോൾ അങ്ങനെയല്ലാതെ വരില്ലല്ലോ). സർവോപരി ക്രോണിക്ക് ബാച്ചിലറുമായ വിനീത് എൻ. പിള്ള (മോഹൻലാൽ). ആ പേര് കൂട്ടിവായിച്ച് ചിലർ വിനീതൻ പിള്ളേയെന്ന് വിളിക്കുന്നത് അയാൾക്ക് ഇഷ്ടമല്ല. നഗരത്തിലെ ഒരു തിരക്കുപിടച്ച അഡ്വക്കേറ്റാണ് വിവാഹമോചിതയും മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയുടെ അമ്മയുമായ, അല്പം ആക്റ്റീവിസ്റ്റ് സ്വഭാവമുള്ള ദീപ. നഗരത്തിലെ റോഡ് തകർന്നതിനെതിരെ ദീപ നടത്തിയ ഒരു പ്രതിഷേധം, പത്രത്തിൽ വന്ന് ഹിറ്റായതോടെ പെട്ടന്ന് അവർക്ക് ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് കൈവരുന്നു. അതുകൊണ്ടുതന്നെ ദീപയുമായി ഒരു അഭിമുഖം നടത്തി കവർ സ്റ്റോറിയാക്കാൻ 'വനിതാരത്‌നം' എഡിറ്റർ പിള്ളയെ ചുമതലപ്പെടുത്തുന്നു.

എന്നാൽ ഇത്തരം ഷോകളിലൊന്നും വിശ്വാസവും താൽപ്പര്യവുമില്ലാത്ത ദീപ അഭിമുഖത്തിന് വഴങ്ങുന്നില്ല. അതോടെ അവൾ, പിള്ളക്ക് ഒരു പ്രശ്‌നമാവുന്നു. ദീപയെ എങ്ങനെയെങ്കിലും 'വീഴ്‌ത്തി', തന്റെകാര്യം നടത്തുന്നതിനായുള്ള പിള്ളയുടെ ശ്രമവും അതുണ്ടാക്കുന്ന പൊല്ലാപ്പുകളുമാണ് പിന്നീടുള്ള സിനിമ. അവസാനം എന്താകുമെന്ന് എൽ.കെ.ജി കുട്ടികൾക്കുപോലും പ്രവചിക്കാനാവും!

ഇത്രയും കെട്ടുറപ്പില്ലാത്ത ഒരു കഥയുടെ മുകളിലാണ് കോടികൾ ഇൻവെസ്റ്റ് ചെയത് സിനിമയെടുക്കുന്നതെന്ന് ഓർക്കണം. പക്ഷേ ലാലും മഞ്ജുവും വർഷങ്ങൾക്കുശേഷം ഒന്നിക്കുന്ന കരിസ്മയിലും, ഇന്നസെന്റ് അടക്കമുള്ള താരങ്ങളുടെ സാന്നിധ്യവും മൂലം പെട്ടെന്ന് ഈ സ്റ്റെപ്പില്ലായ്മ പ്രേക്ഷകൻ മറന്നുപോവും.മാത്രമല്ല, മോഹൻലാലിന്റെയും സത്യൻ അന്തിക്കാടിന്റെയും മുൻകാല മികച്ച ചിത്രങ്ങളുടെ ഗൃഹാതുരത്വവും ഇതിൽ നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട്. ഖൂർഖയുമായുള്ള മോഹൻലാലിന്റെ മുറിഹിന്ദി, 'ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റിനെ' ഓർമ്മിപ്പിക്കുന്നു.'അയാൾ കഥയെഴുതുകയാണ്' എന്ന ചിത്രത്തിൽ ലാൽ പറഞ്ഞ് ഹിറ്റാക്കിയ 'നമുക്ക് ചോയിച്ച്‌ചോയിച്ച് പോവാം' എന്ന വെള്ളമടി ഡയലോഗും ഇവിടെയും കാണാം. ഈ നൊസ്റ്റാൾജിയ അപ്പോൾ നമുക്ക് ഇഷ്ടപ്പെടുമെങ്കിലും തീയറ്റർ വിട്ട് പുറത്തിറങ്ങിയാൽ സങ്കടവും തോന്നും. ഇത്രയും നല്ല സിനിമയെടുത്ത ടീമാണെല്ലോ, ഈ രീതിയിൽ താഴോട്ട് പോവുന്നത് എന്നോർക്കുമ്പോൾ.

മുമ്പൊക്കെ സത്യൻ അന്തിക്കാടിന്റെ സിനിമയിൽ ഓർത്തുചിരിക്കാനുള്ള രംഗങ്ങൾ മാത്രമല്ല, ഹൃദയത്തിൽ തട്ടുന്ന നൊമ്പരങ്ങളും ഉണ്ടായിരുന്നു. പക്ഷേ ഈ സിനിമയിൽ പൊട്ടിച്ചിരിക്കാവുന്ന ഒരു രംഗമോ, ഈറനണിയിക്കുന്ന ഒരു ഭാഗമോ ഒരുക്കാൻ സംവിധായകന് ആയിട്ടില്ല. കൊണ്ടും കൊടുത്തും നീങ്ങിയ ലാൽശ്രീനിവാസൻ കോമഡികളായിരുന്നല്ലോ, സത്യേട്ടന്റെ മാസ്റ്റർ പീസ്. എന്നാൽ ഇവിടെ നോക്കുക. മോഹൻലാലിന്റെ കോമഡി കൗണ്ടർപാർട്ട് ന്യൂജൻ നടൻ ജേക്കബ് ഗ്രിഗറിയാണ്. പക്ഷേ ഗ്രിഗറിക്ക് സിനിമയിൽ യാതൊരു വ്യക്തിത്വവുമില്ല. ലാലിന്റെ കഥാപാത്രത്തിന് തോന്നുമ്പോൾ ചീത്ത പറയാനും ഇടക്കിടെ കുതിര കയറാനുമുള്ള ഒരു ഏറാന്മൂളി.രണ്ടുപേരും കട്ടയ്ക്ക്കട്ട നിൽക്കുമ്പോഴല്ലേ, കോമഡിയായാലും ആക്ഷനായാലും അത് നന്നാവുക.

ഹരമായി മഞ്ജു; ആവറേജിൽ ഒതുങ്ങി ലാൽ

തിരിച്ചുവരൽ ചിത്രമായ'ഹൗ ഓൾഡ് ആർ യൂ'വിലേതുപോലെ ഈ പടത്തിലും മഞ്ജു തകർക്കുന്നുണ്ട്. രണ്ടാംപകുതിയിൽ പലയിടത്തും സിനിമയെ രസച്ചരടുമുറിയാതെ കൊണ്ടുപോവുന്നത് ഈ അനുഗൃഹീത നടിയാണ്.വക്കീലായും, നർത്തകിയായും, അമ്മയായുമൊക്കെയുള്ള മഞ്ജുവിന്റെ വേഷപ്പകർച്ചകളാണ് ചിത്രത്തെ ഹൃദ്യമാക്കുന്നതും. എന്നാൽ മോഹൻലാലിൽ ഇപ്പോഴും 'ലാലിസത്തിന്റെ' ഹാങ്ങോവർ നിലനിൽക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. സാധാരണ ഇത്തരം വേഷങ്ങളിൽ തിമർക്കാറുള്ള അദ്ദേഹം അൽപം ക്ഷീണിതനായാണ് കാണുന്നത്. ഫിറ്റ്‌നസിൽ ഈയിടെയായി ലാൽ തീരെ ശ്രദ്ധിക്കുന്നില്ലെന്ന് തോനുന്നു. പല സീനുകളിലും ലാലിന്റെ അമിത വണ്ണവും, പ്രായവും കൃത്യമായി മനസ്സിലാവുന്നുണ്ട്. ശരീരം മൂലധനമായ ഒരു വിപണിയിൽ അതുതന്നെയാണ് ഒരു നടന്റെ സ്വത്തെന്ന് ലാലിനോട് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമൊന്നുമില്ലല്ലോ?

മോഹൻലാൽ-മഞ്ജു, മുൻകാല കോമ്പിനേഷൻ മനസ്സിലിട്ടാണ് സിനിമ കാണുന്നതെങ്കിൽ നിങ്ങൾ ശരിക്കും 'ശശി'യാവും. രണ്ടുപേർക്കും പ്രതിഭയും, യൗവനവും കത്തിനിൽക്കുന്ന കാലത്തുള്ള ആറാൻതമ്പുരാനിലെ കൗണ്ടർ ഡയലോഗുകളുടെ ഏഴയലത്ത് ഈ ചിത്രം മൊത്തം എത്തില്ല! പ്രിയദർശന്റെ'ആമയും മുയലിലുമൊക്കെ', പ്രേക്ഷകർക്കുനേരെ കോമഡികൊണ്ട് ഭീകരാക്രമണം നടത്തിയ ഇന്നസെന്റ് എംപി ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഇനിയൊരു അങ്കത്തിനുകൂടി ബാല്യമുണ്ടെന്ന് അദ്ദേഹം തെളിയിക്കുന്നു. വിദ്യാസാഗറിന്റെ സംഗീതവും ശരാശരി മാത്രം.

വാൽക്കഷ്ണം: സത്യൻ അന്തിക്കാടിനുള്ള ഒരു താക്കീതുകൂടി ഈ ചിത്രത്തിൽ അടങ്ങിയിട്ടുണ്ട്. എൺപതുകളിൽ സംവിധാനം തുടങ്ങിയവരിൽ മലയാളത്തിൽ ഇന്ന് പിടിച്ചുനിൽക്കുന്നത് ജോഷി, സത്യൻ അന്തിക്കാട് തുടങ്ങിയ എതാനും പേരാണ്. കാലംമാറുന്നതറിയാതെ പഴയ ഫോർമുലയിൽ കടിച്ചുതൂങ്ങിയതാണ് ഇതിൽ ഭൂരിഭാഗംപേരെയും ഔട്ടാക്കിച്ചത്. ഇനിയെങ്കിലും കളംമാറ്റി, സാഹചര്യത്തിനുസരിച്ച് മാറിയില്ലെങ്കിൽ സത്യനും വംശനാശ ഭീഷണിനേരിടുന്ന സംവിധായകരുടെ ലിസ്റ്റിൽ എത്താൻ സാധ്യതയുണ്ട്. അങ്ങനെയുണ്ടാവരുതേ എന്നാണ് നല്ല സിനിമയെ സ്‌നേഹിക്കുന്നവരുടെയും പ്രാർത്ഥനയെങ്കിലും!

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP