Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇത് അളിഞ്ഞുപോയ ആക്ഷേപ ഹാസ്യം! തറ വളിപ്പും ബോറടിയുമായി ഉട്ടോപ്യയിലെ രാജാവ്; പന്തംകണ്ട പെരുച്ചാഴിയെപ്പോലെ മമ്മൂട്ടി; പ്രിയപ്പെട്ട കമൽ, ന്യൂജൻ സിനിമക്കാരെ വിമർശിക്കാൻ താങ്കൾക്ക് എന്ത് ധാർമ്മികതയാണുള്ളത്?

ഇത് അളിഞ്ഞുപോയ ആക്ഷേപ ഹാസ്യം! തറ വളിപ്പും ബോറടിയുമായി ഉട്ടോപ്യയിലെ രാജാവ്; പന്തംകണ്ട പെരുച്ചാഴിയെപ്പോലെ മമ്മൂട്ടി; പ്രിയപ്പെട്ട കമൽ, ന്യൂജൻ സിനിമക്കാരെ വിമർശിക്കാൻ താങ്കൾക്ക് എന്ത് ധാർമ്മികതയാണുള്ളത്?

എം മാധവദാസ്

ചില കാരണവന്മാർ അങ്ങനെയാണ്. ആയകാലത്ത് ആള് എല്ലാ തരികിടയുമുള്ള ഒന്നാന്തരം പുപ്പുലിയായിരിക്കും. പക്ഷേ ഇപ്പോൾ അടുത്തൂൺ പറ്റി വീട്ടിലിരിക്കുമ്പോൾ യുവതലമുറയെ ഉപദേശിക്കയാണ് ഹോബി. ധാർമ്മികതയെയും സാമൂഹിക പ്രതിബന്ധതയെയും സാംസ്കാരിക അപചയത്തെക്കുറിച്ച കാരണവരുടെ ഗീർവാണം കേട്ടാൽ തോന്നുക, യൗവനകാലത്ത് അദ്ദേഹം തികഞ്ഞ ഗാന്ധിയനായിരുന്നെന്നാണ്. ഈ ജനുസ്സിലുള്ള ഒരു കെട്ട കാരണവരായി മാറുകയാണോ, മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ കമൽ എന്ന കടുത്ത ആശങ്കയാണ് അദ്ദേഹത്ത പുതിയ ചിത്രമായ 'ഉട്ടോപ്പിയയിലെ രാജാവ്' എന്ന അസഹനീയമായ കത്തി ഉയർത്തിയത്. സ്ത്രീവിരുദ്ധതയും, അരാഷ്ട്രീയതയും, താരപ്പൊലിമയും, വ്യക്തിവാദവും കുത്തിനിറച്ച ഹാസ്യമെന്നപേരിൽ തറവളിപ്പുകൾ നിറഞ്ഞാടുന്ന, ഒരു സീൻപോലും മനസ്സിൽതട്ടുന്ന രീതിയിൽ ചിത്രീകരിക്കാൻ കഴിയാത്ത വിലക്ഷണ സിനിമയാണിത്.

പഞ്ച് ഡയലോഗുകളുടെ കാലമാണെല്ലോ ഇത്. അതിനാൽ കമലിനോടും രണ്ടുവാക്ക് പറഞ്ഞോട്ടെ. സാർ, 'പ്രേമം' സിനിമയെ വിമർശിച്ച് താങ്കൾ പറഞ്ഞ കലാകാരന്റെ സാമൂഹികപ്രതിബന്ധതയും മറ്റും ഇപ്പോൾ എവിടെപ്പോയി. 'പ്രേമം' ഉണ്ടാക്കുന്ന സാംസ്കാരിക മാലിന്യത്തിന്റെ പത്തിരട്ടി ഓരോ സീനിലും വിസർജ്ജിച്ചുകൊണ്ടിരിക്കുന്ന പടപ്പായിപ്പോയി താങ്കൾ എടുത്തുവച്ചത്.  ('പ്രേമം' സിനിമയോടെ പല വിയോജിപ്പുകളും ഉള്ളയാളാണ് ഈ ലേഖകൻ) താങ്കളിലെ പ്രതിഭ കുത്തനെ ഇടിയുന്നതിന്റെ സൂചനകളായിരുന്ന 'നടൻ' എന്ന ഒന്നിനും കൊള്ളാത്ത ചിത്രം തെളിയിച്ചത്. ഉട്ടോപ്യ കണ്ടതോടെ താങ്കൾക്ക് വിശ്രമം വേണമെന്നും ശക്തമായി തോനുന്നു. ഈ കടുത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലെങ്കിലും മറ്റുള്ളവരുടെ സിനിമകളെ നോക്കി സാംസ്കാരിക പൊലീസിന്റെ റോളിൽ സംസാരിക്കുന്നത് നിർത്തി ,സ്വന്തം സൃഷ്ടികളിൽ താങ്കൾ കൂടുതൽ ശ്രദ്ധിക്കുമെന്ന് കരുതട്ടെ.

അളിഞ്ഞുപോയ ആക്ഷേപഹാസ്യം

ഷ്യാനെറ്റിൽ എല്ലാദിവസവും നാം കാണുന്ന മുൻഷിയെന്ന കാർട്ടൂൺ പരമ്പര പ്രത്യേകിച്ചൊരു തിരക്കഥയൊന്നുമില്ലാതെ രണ്ടരമണിക്കുറോളം സിനിമയാക്കിയാൽ എങ്ങനെയിരിക്കും. കുറെ കഥാപാത്രങ്ങൾ വന്നുപോവുന്നു. ഉപമയും ഉൽപ്രേക്ഷയുമായി കുറെ പഴഞ്ചൊല്ലുകൾ അടിച്ചുവിട്ട് സാമൂഹിക വിമർശനമെന്നപേരിൽ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. കൃത്യമായ ഒരു ഫോക്കസില്ലാതെ സമകാലീന പ്രശ്‌നങ്ങൾ അവിയലാക്കിയാൽ അത് ആക്ഷേപ ഹാസ്യമാവുമെന്നാണ് കമലും, തിരക്കഥാകൃത്ത് പി.എസ് റഫീക്കും കരുതിയതെന്ന് തോന്നുന്നു. എന്നാൽ ആധുനിക ട്രെന്റ് അനുസരിച്ച് വ്യത്യസ്തത കൊണ്ടുവരാനുള്ള ചില ശ്രമങ്ങൾ ചിത്രത്തിലുണ്ട്. പ്രതിമകൾ സംസാരിക്കുന്നു, ഒരു കാക്ക സലിംകുമാറിന്റെ ശബ്ദത്തിൽ ജീവിതം പറയുന്നു തുടങ്ങിയവ. പക്ഷേ  ഈ വ്യത്യസ്തകളൊക്കെ ദുർബലമായ പ്രമേയത്തെ ചുറ്റിപ്പറ്റിയുള്ള പൊറാട്ട് നാടകത്തിൽ തട്ടി അപ്രത്യക്ഷമാവുന്നു.

ക്രോക്കാങ്കര എന്ന സാങ്കൽപ്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. (നേരത്തെ, റഫീക്ക് തിരക്കഥയെഴുതിയ 'ആമേനിൽ' കുമരംകരിയെന്ന സാങ്കൽപ്പിക ഗ്രാമത്തെ മനോഹരമായി ചിത്രീകരിച്ചിരുന്നു) പതിവുപോലെ ക്രോക്കാങ്കര പഞ്ചായത്തിന്റെ എല്ലാമെല്ലാമാണ് സി.പി സ്വതന്ത്രൻ എന്ന മമ്മൂട്ടിയുടെ നായകൻ.സ്വാതന്ത്ര്യസമര സേനാനിയും സ്ഥലത്തെ പ്രധാന ദിവ്യനുമായിരുന്ന തന്റെ പിതാവിന്റെ (ജോയ്മാത്യു) പ്രതിമ പഞ്ചായത്ത് ഓഫീസിനുമുന്നിൽ സ്ഥാപിച്ച് കിട്ടണം, നാട്ടിൽ അൽപ്പം നല്ല പേരുണ്ടാക്കണം, അമ്മാവനുമായുള്ള (സുനിൽ സുഖദ) കേസ് ജയിച്ച് സ്വത്തുവകകൾ സ്വന്തമാക്കണം എന്നിങ്ങനെയുള്ളവയാണ് സി.പിയുടെ ജീവിത ലക്ഷ്യങ്ങൾ.  പ്രത്യേകിച്ച് യാതൊരു ജോലിക്കും പോകാതെ പിതാവ് സമ്പാദിച്ചുതന്ന സ്വത്തിൽ അഭിരമിച്ച് കഴിയുന്ന, പത്താംക്‌ളാസ്‌പോലും പാസാവാത്ത, അവിവാഹിതനായ യുവ കോമളനാണ് അയാൾ.

ഇപ്പറഞ്ഞ ലക്ഷ്യങ്ങൾക്കൊക്കെയായി സി.പി നടത്തുന്ന പോരാട്ടങ്ങളാണ് ഇതിന്റെ കഥ. പക്ഷേ പ്രതിമ സ്ഥാപിച്ചുകിട്ടാനായി തിരുവനന്തപുരത്ത് പോയി സെക്രട്ടറിയേറ്റിനുമുന്നിൽ നിരാഹാരം കിടന്നത് അയാളുടെ ജീവിത വീക്ഷണങ്ങളെ മാറ്റിമറിക്കുന്നു. കഥാന്ത്യം എന്തു സംഭവിക്കാൻ. ഇപ്പറഞ്ഞ എല്ലാ ലക്ഷ്യങ്ങളും സി.പി നേടുന്നു എന്ന് മാത്രമല്ല, ബോണസായി അയാൾ തന്റെ വൺവെ ട്രാഫിക്ക് പ്രണയത്തെയും (ജുവൽ മേരി) നേടാനാവുന്നു.ഒരിക്കൽ എസ്.എസ്.എൽ.സി പാസായിട്ടാവം കല്യാണമെന്ന് പറഞ്ഞ് തന്നെ ആട്ടിവിട്ട അതേ നായികയെ. അങ്ങനെ താരകേന്ദ്രീകൃതമായ ഒരു സാധാരണ സിനിമയുടെ എല്ലാ ഫോർമാറ്റിനകത്തും നിന്നുകൊണ്ട് കമലിന് ഒരു വ്യത്യസ്തമായ ചിത്രം സൃഷ്ടിക്കണം. കക്ഷത്തിലുള്ളത് പോവുകയും ചെയ്യരുത്, ഉത്തരത്തിലുള്ളത് എടുക്കയും വേണം എന്നുവന്നാൽ തിരക്കഥാകൃത്ത് റഫീക്ക് മാത്രമല്ല, ചാരുനേരുനമ്പിയായി എഴുതാനറിയുന്ന ജോൺപോൾപോലും പകച്ചുപോവും.ആ കൺഫ്യൂഷൻ സിനിമയിൽ ഉടനീളം കാണാനുണ്ട്.

ഹാസ്യമെന്നപേരിൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളാണ് അസഹനീയം. ഒരു സാമ്പിൾ ഇതാ. സി.പിക്ക് നാട്ടിൽ പേരുണ്ടാക്കി കൊടുക്കാനായി അയാളുടെ സുഹൃത്ത് കണ്ടത്തെിയ വഴി ഒരുത്തനെ വാടകയ്ക്ക് എടുക്കുക എന്നതാണ്. കളഞ്ഞുപോയ 25000രൂപ കിട്ടിയ സി.പി അത് തിരിച്ചുനൽകി മാതൃക കാട്ടിയെന്ന വാർത്ത പത്രത്തിൽ വരുത്തിക്കണം. പൊലീസ് സ്റ്റേഷനിൽവച്ച് സി.പി അയാൾക്ക് തുക നൽകും. പുറത്തിറങ്ങിയാൽ അയാളത് രണ്ടായിരം രൂപയെടുത്ത് ബാക്കി തിരകെ നൽകണം! സ്‌കൂൾ കുട്ടികളുടെ കോമഡി സ്‌കിറ്റുപോലും ഇതിനേക്കാൾ എത്ര ഭേദമാണ്. ഇതൊക്കെ എത് നൂറ്റാണ്ടിലെ തമാശകളാണ്. അതുപോലെ സി.പി മരിച്ചുപോയി എന്നൊരു വ്യാജ വാർത്ത കേട്ടതോടെ, സ്വത്തുകേസുള്ള അയാളുടെ അമ്മാവൻ, അവൻ ചത്തുവെന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് സി.പിയുടെ തറവാടിന്റെ ഉമ്മറത്ത് ചാരുകസേരയിട്ട് ഇനിയല്ലാം എന്റെതാണെന്ന് ലാത്തിയടിക്കയാണ്. ഈ സമയത്താണ് ജീവനോടെ സി.പി വരുന്നത്. എന്തൊരു കോമഡി. ഇത്തരം രംഗങ്ങളൊക്കെ കുറെ വെട്ടിക്കളഞ്ഞ് സമയം കുറച്ചിരുന്നെങ്കിൽ പ്രേക്ഷകർക്ക് അൽപ്പം ആശാസ്വമായേനേ. അല്ലവെട്ടാൻ കഴിയില്ല. ഒരുപാടുണ്ടല്ലോ,  ഇത്തരം അസംബന്ധങ്ങൾ.

ഇത് 'പ്രേമ'ത്തേക്കാൾ വലിയ കാളകൂടം

തിനേക്കാളൊക്കെ അപകടകരം ഈ സിനിമയുയർത്തുന്ന രാഷ്ട്രീയ ചോദ്യങ്ങളാണ്. സമകാലീന കേരള രാഷ്ട്രീയത്തെ ഒരു പഞ്ചായത്തിലേക്ക് കൂടുമാറ്റി, നിയമസഭയിലെ അടിയും, ലഡു തീറ്റയും, 'ശിവൻകുട്ടിയെ മേശപ്പുറത്ത് വച്ചതുമെല്ലാം' ചിത്രീകരിച്ച് തുടക്കത്തിൽ നൽകിയ പ്രതീക്ഷകൾ പീന്നീട് തരിപ്പണമാവുന്നു. വികല വികസനത്തെയും അഴിമതി രാഷ്ട്രീയത്തെയും വിമർശിക്കുന്ന 'പഞ്ചവടിപ്പാലം'പോലുള്ള സിനിമകൾ അക്കാരണം കൊണ്ടുതന്നെ മികച്ച രാഷ്ട്രീയ ചിത്രങ്ങൾ ആവുകയാണ്.

എന്നാൽ ജനകീയ സമരങ്ങളെ അടച്ച് പരിഹസിക്കയും, എല്ലാ പാർട്ടികളും സംഘടനകളും ഒരുപോലെ തട്ടിപ്പുകാരണെന്നും, നമ്മുടെ കാര്യം നമ്മൾ നോക്കണമെന്നുമുള്ള തീർത്തും മ്‌ളേഛമായ വ്യക്തിവാദമാണ് ഈ സിനിമ പ്രോൽസാഹിപ്പിക്കുന്നത്. പ്രിയപ്പെട്ട കമൽ, അരാഷ്ട്രീയതക്ക് സിന്ദാബാദ് മുഴക്കിക്കൊണ്ട് താങ്കൾക്ക് എങ്ങനെയാണ് സാമൂഹിക പ്രതിബന്ധതയുള്ള ചിത്രങ്ങൾ എടുക്കാൻ കഴിയുക.

സെക്രട്ടറിയേറ്റിനുമുന്നിൽ പെൻഷനുവേണ്ടി എത്രയോ വർഷമായി സമരം ചെയ്യുന്ന ജനാർദ്ദനൻ അവതരിപ്പിച്ച ഒരു കഥാപാത്രമുണ്ട്. സി.പിക്ക് സമരപ്പന്തൽ കെട്ടാൽ അൽപ്പം സ്ഥലത്തിനായി അയാൾ പണം വാങ്ങുന്നു. സമരങ്ങളെല്ലാം സ്‌പോർസേഡ് പരിപാടികളാണെന്നാണ് ഈ പടം പറയുന്നത്. തൊട്ടടുത്ത് സമരം ചെയ്യുന്ന കെ.പി.എസ്.സി ലളിതയുടെ കഥാപാത്രമാവട്ടെ പൊലീസുകാരന്റെ അടുത്തുനിന്നുപോലും ഭീഷണിപ്പെടുത്തി കാശുവാങ്ങുന്നുണ്ട്. പ്രിയപ്പെട്ട കമൽ, പാവങ്ങളുടെ അന്തസ്സിനെയും ആത്മാഭിമാനത്തെയും ഇങ്ങനെ വിലകുറച്ച് കാണരുത്. സെക്രട്ടറിയേറ്റിനുമുന്നിൽ ഒരു സമരപ്പന്തൽ കെട്ടാൻപോലും തറവാടക വാങ്ങുന്ന രീതിയിൽ മലയാളി സമൂഹം അധപ്പതിച്ചെന്ന് തോന്നുവാൻ യേശുദാസിനെപ്പോലെ അമേരിക്കയിൽ ഒന്നുമല്ലല്ലോ താങ്കളൂടെ താമസം.

മണൽമാഫിയക്ക് എതിരെ പൊരുതി മാറിമാറി നിരാഹാരം കിടന്ന ജസീറയെപ്പോലുള്ള ഒരു കഥാപാത്രവുമുണ്ട് ഈ പടത്തിൽ. എം.ഐ.ടി മൂസ ഫെയിം സുരഭി ചെയ്ത കഥാപാത്രം. ( ജസീറ, കമലിന്റെ വീട്ടുപടിക്കൽ സത്യാഗ്രഹമിരിക്കും എന്ന് ഭയന്നാവണം,  മണലിന് എതിരായല്ല കാണാതായ ഭർത്താവിനെ അന്വേഷിച്ചാണ് ഇവിടെ സമരം. അപ്പോൾ ജസീറ ഇടഞ്ഞാലും സാങ്കൽപ്പിക കഥാപാത്രമാണെന്ന് പറഞ്ഞ് തടിയെടുക്കാമല്ലോ).

ജനിച്ച് ഒരാഴ്ച കഴിയാത്ത കുഞ്ഞിന് മുഖ്യമന്ത്രിവരാതെ മുലകൊടുക്കില്ലെന്ന് പറഞ്ഞ് സമരമിരക്കുന്ന സുരഭിയെ ഒരൊറ്റ ചാട്ടംകൊണ്ട് നമ്മുടെ സി.പി അല്ല  മമ്മൂട്ടിയെന്ന താരം അടക്കുന്നു. ഒപ്പം പെണ്ണായിപ്പോയതുകൊണ്ട് വെറുതെ വിടുന്നു എന്ന ഗീർവാണവും. അല്ല ഈ കഥാപാത്രത്തിന്റെതുമാത്രമല്ല, മറ്റുള്ളവരുടെയൊക്കെ പ്രശ്‌നങ്ങൾ ഒറ്റയടിക്ക് പരിഹരിക്കുന്നത് നമ്മുടെ സി.പിയാണ്. എസ്.എസ്.എൽ.സി പാസാവാത്ത, യാതൊരു ജോലിക്കുംപോയി മുൻപരിചയമില്ലാത്ത സി.പി കൈ്‌ളമാക്‌സിലങ്ങോട്ട് തന്റെ 'ആണത്തം' കാണിക്കയാണ്. എത്ര വ്യത്യസ്തമായ സിനിമയെടുക്കാൻ ശ്രമിച്ചാലും കൈ്‌ളമാക്‌സിൽ നടനെ താരം വിഴുങ്ങും.ജനകീയ സമരങ്ങളെയും ജനാധിപത്യ പ്രസ്ഥാനങ്ങളെയും അപകീർത്തിപ്പെടുത്തിക്കൊണ്ടുള്ള തീർത്തും വ്യക്തികേന്ദ്രമായ ഇത്തരം താരാരാധനകളാണ് മിസ്റ്റർ കമൽ ശരിക്കും ഫാസിസത്തിന് വളംവെക്കുന്നത്.

അധ്വാനത്തിന്റെ മഹത്വം ഒരിക്കലും ഉൾക്കൊള്ളാൻ കഴിയാതെ പാരമ്പര്യസ്വത്തിൽ അള്ളിപ്പിടച്ചു കഴിയുന്ന അർധ ഫ്യൂഡൽ മനസ്സുള്ള വ്യക്തിയായാണ് സിനിമയിൽ ഉടനീളം സി.പിയെ ചിത്രീകരിച്ചിരിക്കുന്നത്. കടുത്ത സ്ത്രീവിരുദ്ധതയും ചിത്രത്തിലുണ്ട്. തന്നെ നിരാകരിച്ച പ്രണയിനിയോട് അയാൾ പറയുന്നത് 'നീ ഇന്റർവെല്ലില്ലാതെ പെറുമെന്നാണ്'. സ്വതന്ത്രന്റെ പെണ്ണുകാണൽ സമയത്ത് നായകി, താൻ ആക്ടിവിസ്റ്റാണെന്നും രാത്രി വൈകിയത്തെുന്ന ആളാണെന്നും, നിരവധി ആൺസുഹൃത്തുക്കളടക്കം ഉണ്ടെന്നും വ്യക്തമാക്കുന്നു. അപ്പോൾ സി.പിയുടെ സുഹൃത്തുക്കളുടെ മറുപടി ' രാത്രി വൈകി വരുമെന്ന് പറയുമ്പോൾ തന്നെ പുറത്ത് ആൺസുഹൃത്തുക്കൾ ഉണ്ടാകുമെന്നറിയാം' എന്നാണ് .

സി.പിയുടെ വീട്ടിലാവട്ടെ അയാളെ സദാ വശീകരിക്കാനെന്നോണം, താഴ്‌ത്തിയറക്കി വെട്ടിയ ബ്‌ളൗസുമിട്ട് വയറൊക്കെ കാണിച്ച് പിറകെ നടക്കുന്ന ഒരു കറുത്ത വേലക്കാരിയുമുണ്ട്. ആ വേലക്കാരിയുടെ പീഡനത്തിൽനിന്ന് നായകനെ രക്ഷിക്കുക സംവിധായകന്റെ കൂടി ബാധ്യതയാവുന്നു. അതുപോലെതന്നെ ഭർത്താവ് കിഴവനായിപ്പോയതിനാൽ വീട്ടിൽവരുന്ന എല്ലാവരോടും കാമക്കണ്ണോടെ ഇളിച്ചുകാണിക്കുന്ന ഒരു ഭാര്യയേയും ഈ സിനിമ ചിത്രീകരിക്കുന്നുണ്ട്. കമൽ സാർ, കോളജ് വിദ്യാർത്ഥികൾക്ക് മാത്രമുള്ളതാണോ സദാചാരം.വിദ്യാർത്ഥി ടീച്ചറെ പ്രണയിക്കുന്നത് ചിത്രീകരിക്കുന്നതിനോടെ താങ്കൾക്ക് എതിർപ്പുള്ളൂ അല്ലേ. വീട്ടുവേലക്കാരികളെയും വീട്ടമ്മമാരെയും മോശമായി ചിത്രീകരിക്കാൻ താങ്കൾക്ക് ലൈസൻസുണ്ട്. എന്തുചെയ്യാം, താങ്കളൊരു മുതിർന്ന സംവിധായകൻ ആയിപ്പോയില്ലേ.

പന്തം കണ്ട പെരുച്ചാഴിയെപ്പോലെ മമ്മൂട്ടി

സാധാരണ സിനിമ എത്ര മോശമായാലും മമ്മൂട്ടിയെ കണ്ടിരുന്നാൽ അത്ര ബോറടിയുണ്ടാവില്ലായിരുന്നു. എന്നാൽ ഇത് മമ്മുക്കയുടെ കൈയിലും നിന്നിട്ടില്ല. മമ്മൂട്ടിയെ കുറ്റം പറയാനാവില്ല, ഈ പൊറാട്ട് പരീക്ഷണത്തിൽ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ അദ്ദേഹവും അമ്പരന്നു നിൽക്കയാണ്. 'മുന്നറിയിപ്പിനും', 'വർഷത്തിനും' ശേഷം ഈ മഹാനടന്റെ അഭിനയശേഷി ചൂഷണംചെയ്യാൻ കഴിയുന്ന ഒരു ചിത്രവും ഉണ്ടായിട്ടില്ല. അടുത്തിറങ്ങിയ 'അഛാദിൻ' എന്ന പടപ്പിലും ഇതേ അവസ്ഥയായിരുന്നു.

മമ്മൂട്ടിയെ മാത്രം കുറ്റപ്പെടത്തേണ്ട. സിനിമ മോശമാവുമ്പോൾ മൊത്തം ചീയും. ഈ പടത്തിൽ അഭിനയിച്ച ഒരാളും നന്നായി എന്ന് പൂർണമായും പറയാനാവില്ല. സാധാരണ ശങ്കരാടിചേട്ടനെപ്പോലെ ഏത് റോളിലും ഷൈൻചെയ്യുന്ന സുനിൽ സുഖദപോലും ഇതിൽ ബോറായിപ്പോയി.

ഇനി നായകനൊപ്പം യാതൊരു വ്യക്തിത്വവുമില്ലാതെ അയാളുടെ എർത്തുകളായി കുറെ സഹകഥാപാത്രങ്ങൾ വേണമല്ലോ. തീക്കോയി (ജയപ്രകാശ് കുളൂർ),  പിണ്ടാണി ( ശ്രീകുമാർ) പൂർണചന്ദ്രൻ തുടങ്ങിയ വിചിത്രമായ പേരുകളാണ് ഇവർക്കൊക്കെ നൽകിയത്. കെ.ജി ജോർജിന്റെ പഞ്ചവടിപ്പാലമെന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷേപഹാസ്യ സിനിമയലെ ദുശ്ശാസ്സനക്കുറുപ്പ്, മണ്ഡോദരിയമ്മ തുടങ്ങിയ പേരുകളെ അനുകരിക്കാനുള്ള ശ്രമം ഇവിടെ പരോക്ഷമായി കാണാം.പക്ഷേ ഈ പുതുമ പേരിൽ തീരുന്നു. നായകനെ കുഴിയിൽകൊണ്ട് ചാടിക്കുക, എന്നിട്ട് അയാളുടെ അടിമേടിക്കുന്ന തുടങ്ങിയ താരകേന്ദ്രീകൃത സിനിമകളൂടെ ശിങ്കിടി പണികൾ തന്നെയാണ് പിണ്ടാണിക്കൊക്കെ ചെയ്യാനുള്ളത്. (ഇവിടെയും 'പ്രേമത്തെ' ഓർത്തുനോക്കുക. ആധുനികകാലത്തെ സൗഹൃദങ്ങളിൽ ജന്മികുടിയാൻ ബന്ധത്തിന്റെ ഫ്യൂഡൽ മനസ്സില്ല. നിവൻപോളിയുടെ ജോർജിന് എല്ലാ പ്രശ്‌നങ്ങളും പങ്കുവെക്കാനുള്ള കൂട്ടുകാർ തന്നെയാണ് ഇവർ.)

ജയപ്രകാശ് കുളൂരിനെപ്പോലെ നാടകരംഗത്തെ അതികായർ സിനിമയിൽ ഒന്ന് മുഖം കാണിക്കാനായി ഇങ്ങനെ തരം താഴരുത്. ( ഈ പടത്തിന്റെ പ്രോമോഷനുമായി ബന്ധപ്പെട്ട ഒരു ടി.വി ഷോയിൽ കുളൂരിനെ 'കുളിർമാഷ്' എന്നാണ് നമ്മുടെ റിമിടോമി വിളിച്ചത്. കാട്ടുകോഴിക്കെന്ത് സംക്രാന്തി. കുളൂർ ആരാണെന്ന് പാവം റിമിക്ക് എങ്ങനെ അറിയാം!) ശശി കലിംഗയും ജോയ്മാത്യവും മാത്രമാണ് തമ്മിൽ ഭേദം.മികച്ച നടിയായ സുരഭി ഇപ്പോഴും എം.ഐ.ടി മൂസയിലെ പാത്തുവിന്റെ ഹാങ്ങോവറിലാണ്. ടൈപ്പ് ആവാതിരക്കുകയെന്നതാണ് ഈ നടി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ഇനി മീഡിയ പൊക്കിവിട്ട നായിക ജുവൽ മേരിയുടെ അഭിനയവും ശരാശരിയാണെന്ന് മാത്രമല്ല, മിക്കയിടത്തും പുതുമുഖത്തിന്റെ സംഭ്രമം ശരിക്ക് കാണുന്നുമുണ്ട്.മമ്മൂട്ടി ഒരു നടിയെയും ശിപാർശ ചെയ്യില്‌ളെന്നും 'പത്തേമാരിയിലെ' ജുവലിന്റെ അഭിനയം കണ്ട് മെഗാതാരംതന്നെ ഈ പടത്തിലേക്കും നിർദ്ദേശിക്കയായിരുന്നു എന്നൊക്കെ കേട്ടപ്പോൾ ജുവൽ എന്തോ തകർത്തുകളും എന്ന പ്രതീതിയാണ് ഉണ്ടായത്.പക്ഷേ എത് നടിക്കും ചെയ്യാവുന്ന കഥാപാത്രത്തെ അങ്ങനെതന്നെ പകർത്തുകയാണ് ഈ യുവതിയും ചെയ്തത്. അതിന് ഇത്രമാത്രം മീഡിയാ മാനിപ്പുലേഷൻ വേണമോ?

ഔസേപ്പച്ചന്റെ സംഗീതംമാത്രമാണ് ഈ പടത്തിലെ പ്രധാന പോസറ്റീവ് വശം.ലാവെട്ടം താണെ എന്ന പാട്ടിൽ ചിത്രീകരണത്തിൽ സംവിധായകൻ കമലും കൈയടി നേടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP