Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രചനാ കൗതുകത്തിൽ ഒതുങ്ങുന്ന വിസ്മയം; നാലു കഥകളിൽ മൂന്നും ബോറടിപ്പിക്കുന്നു; ലാൽ ഉൾപ്പെട്ട കഥ 'ദൃശ്യം'മോഡൽ ത്രില്ലർ; മോഹൻലാൽ മൈനസ് വിസ്മയം വലിയ പൂജ്യം!

രചനാ കൗതുകത്തിൽ ഒതുങ്ങുന്ന വിസ്മയം; നാലു കഥകളിൽ മൂന്നും ബോറടിപ്പിക്കുന്നു; ലാൽ ഉൾപ്പെട്ട കഥ 'ദൃശ്യം'മോഡൽ ത്രില്ലർ; മോഹൻലാൽ മൈനസ് വിസ്മയം വലിയ പൂജ്യം!

എം മാധവദാസ്

നോൺലീനിയർ മൾട്ടിസ്റ്റോറി കഥകളൊക്കെ ന്യൂജൻ പിള്ളേര് തിരിച്ചും മറിച്ചുമിട്ട് അലക്കിയ നാടാണിത്.പക്ഷേ നാല് വ്യത്യസ്തമെന്ന് തോന്നുന്ന കഥകൾ എടുത്ത് അതിനെ കൃത്യമായി സംഗമിപ്പിച്ച 'വിസ്മയം' കണ്ടപ്പോൾ അതിന്റെ രചനാ ടെക്‌നിക്കിനെ അഭിനന്ദിച്ചുപോയി. നമ്മുടെ മോഹൻലാൽ ഈ കഥകേട്ട് വീണുപോയതിൽ അത്ഭുദമില്ല. ( ഒരു ഈച്ചയുടെ പ്രതികാരത്തിന്റെ കഥ പറഞ്ഞ് നേരത്തെ നമ്മെ തെലുങ്ക് സിനിമാ ഇൻഡസ്ട്രി ഞെട്ടിച്ചിട്ടുണ്ട്. മലയാളത്തിലെ സംവിധായകരാരോടെങ്കിലും ഇത്തരമൊരു വൺലൈൻ പറഞ്ഞിരുന്നെിൽ ആട്ടിയോടിക്കില്ലായിരുന്നോ)പക്ഷേ കഥയുടെ കൗതുകത്തിൽ തീരുന്നുവെന്നതുതന്നെയാണ് മൂന്നുഭാഷകളിൽ റിലീസായ വിസ്മയത്തിന്റെ പരിമിതിയും.

ദേശീയ പുരസ്‌ക്കാര ജേതാവ് ചന്ദ്രശേഖർ യേലേട്ടി രചിച്ച് സംവിധാനം ചെയ്ത മനമാന്ത എന്ന തെലുങ്കുചിത്രത്തിന്റെ മലയാളമാണ് 'വിസ്മയം'.അടിസ്ഥാനപരമായി ഒരു ഡബ്ബിങ് ചിത്രത്തിന്റെ എല്ലാ പരിമിതികളും ഇതിനുണ്ട്.( നമ്മുടെ മിമിക്രിക്കാർ പരിഹസിക്കുന്നപോലെ 'മമ്മി റിട്ടേൺസിന്', അമ്മച്ചി തിരുമ്പിവന്താച്ച് എന്ന് തർജ്ജമചെയ്ത് തമിഴ് ചാനലുകളിൽ വരുന്ന ചില ഇംഗ്‌ളീഷ് ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്ന ഈ പടത്തിന്റെ ഡബ്‌ളിങ്ങ്. ചില കഥാപാത്രങ്ങൾ 'ശ്വാസകോശം സ്‌പോഞ്ച്‌പോലെയാണ്' മോഡലിൽ അച്ചടിഭാഷയിൽ ബാസിട്ടാണ് സംസാരിക്കുന്നത്!)മാത്രമല്ല ചിത്രത്തിന് ആധാരമായ നാലുകഥകളിൽ മൂന്നും ബോറടിയാണ് സമ്മാനിക്കുന്നതെന്ന് പറയാതെ വയ്യ. മോഹൻലാൽ നായകനായി വരുന്ന കഥാഖണ്ഡം മാത്രമാണ് പ്രതീക്ഷകൾക്ക് വക നൽകുന്നത്.മൈനസ് മോഹൻലാൽ ഈ പടം ഒരു ബിഗ് സീറോയാൺസൂപ്പർസ്റ്റാറിന്റെ നിറക്കൂട്ടുകൾ ഒന്നുമില്ലാതെ ഒരു സാധാരണക്കാരനായി ലാൽ ചിത്രത്തിൽ വെട്ടിത്തിളങ്ങുന്നുണ്ട്.സത്യത്തിൽ ഈ ഒറ്റകഥയെടുത്ത് വികസിപ്പിച്ചിരുന്നെങ്കിൽ 'ദൃശ്യം' മോഡൽ ഒന്നാന്തരം ഒരു ത്രില്ലർ എടുക്കാനുള്ള വകുപ്പുകൾ ഉണ്ടായിരുന്നു.

നാലിൽ മൂന്നും ബോറടികൾ

നാലുസാധാരണക്കാരുടെ ജീവിതങ്ങളിലൂടെയാണ് ചിത്രം കടന്നുപോവുന്നത്. ഒരു സൂപ്പർമാർക്കറ്റിലെ അസിസ്റ്റന്റ് മാനേജരാണ് മോഹൻലാലിന്റെ സായിറാം.പ്രാരാബ്ദ്ധക്കാരനായ അയാൾ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുകയാണ്.ആ സ്ഥാപനത്തിന്റെ ഏറ്റവും അടിത്തട്ടിൽ പണിയെടുത്താണ് സായിറാം ഉയർന്നുവന്നത്.ഇപ്പോൾ അയാളുടെ സ്ഥാപനത്തിൽ ഒരു ജനറൽ മനേജറുടെ തസ്തിക ഒഴിവ് വന്നിരിക്കയാണ്. എം.ബി.എക്കാരനായ സഹപ്രവർത്തകൻ വിശ്വനാഥനെ തള്ളിമാറ്റി എങ്ങനെയെിലും മാനേജർ പോസ്റ്റിൽ എത്തണമെന്ന് സായി കഠിനമായി ആഗ്രഹിച്ചുപോവുന്നു.അതിനായി അയാൾ എടുക്കുന്ന ഒരു ദുർബുദ്ധി വലിയ കുഴപ്പത്തിലേക്കാണ് കൊണ്ടത്തെിക്കുന്നത്.

ഗൗതമി അവതരിപ്പിക്കുന്ന ഗായത്രി എന്ന വീട്ടമ്മക്കും ശരാശരി സ്വപ്നങ്ങളെയുള്ളൂ.സുഹൃത്തിനൊപ്പം( ഉർവശി)ഡിസ്‌ക്കൗണ്ടിൽ സാധനങ്ങൾ വാങ്ങാനുള്ള അവരുടെ ശ്രമങ്ങളൊക്കെ ഫലത്തിൽ നഷ്ടത്തിലാണ് കലാശിക്കുന്നത്.പണത്തിന്റെ കുറവ് സൃഷ്ടിക്കുന്ന മുൻവിധിമൂലം ഒരു ജൂവലറിയിൽവച്ച് ചെയ്യാത്ത കുറ്റത്തിന് അവൾ സംശയിക്കപ്പെടുന്നുപോലുമുണ്ട്.ഗായത്രിയുടെ ജീവിതത്തിലേക്ക് വലിയൊരു ഓഫറുമായി അവളുടെ കോളജ് പ്രൊഫസർ( ജോയ്മാത്യു) കടന്നുവരുന്നതോടെ ആ കഥ മാറിമറയുകയാണ്.

അഭിറാം എന്ന മിടുക്കനായ കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയെ ചുറ്റിപ്പറ്റിയാണ് മറ്റൊരു കഥ. പഠനത്തിലും പാഠ്യേതര പ്രവർത്തങ്ങളിലും ഒരുപോലെ തിളങ്ങുന്ന ഇയാൾ തെലുങ്ക് സിനിമകളിൽ പതിവായി കാണുന്ന മരിയാദാപുരുഷോത്തമൻ യുവാവാണ്.ഒഴിവു സമയങ്ങൾ മറ്റ് കുട്ടികൾക്ക് ട്യൂഷനിലൂടെ അറിവ് പകർന്നൊക്കെ ചെലവിടുന്ന അഭി ഒരു പ്രേമത്തിൽ പെടുന്നതോടെ കാര്യങ്ങൾ ആകെ മാറുന്നു.

മഹിതയെന്ന സ്‌കൂൾ വിദ്യാർത്ഥിനി, നല്ല സാമൂഹിക ബോധമുള്ള ദീനാനുകമ്പയുള്ള കുട്ടിയാണ്.തെരുവിൽ ജീവിക്കുന്ന ഒരു കൊച്ചുകുട്ടിയുമായി അവൾ ചങ്ങാത്തത്തിലാവുന്നു. ആ കുട്ടിക്ക് തന്റെ സ്‌കൂളിൽ പ്രവേശനം വാങ്ങിക്കൊടുക്കുന്നതിലും മഹിത വിജയിക്കുന്നുണ്ട്. ഒരു സുപ്രഭാതത്തിൽ ആ കുട്ടിയെ കാണാതായ വാർത്ത മഹിതയെ നടുക്കുന്നു.

ഈ നാലുകഥകളും പുരോഗമിക്കുന്ന ആദ്യപകുതി പക്ഷേ പലയിടത്തും അരോചകമായും യുക്തീഹീനവുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.കോളജുകുട്ടികളുടെ കോപ്രായങ്ങളും പ്രണയവുമൊക്കെ അസ്സൽ തെലുങ്ക് മസാല തന്നെ.അമൂൽ ബേബിയേപ്പോലുള്ള നായകൻ, ബാത്ത്ടബ്ബിലെന്നപോലെയുള്ള വസ്ത്രം ധരിച്ചുനടക്കുന്ന നായിക,കൊഞ്ചിക്കുഴയലും അതിന്റെ മോശം ഡബ്ബിംഗും കൂടിയാവുമ്പോൾ ഭേഷായി.ഗായത്രിയും പ്രൊഫസറുമൊത്തുള്ള രംഗങ്ങളും,മഹിതയുടെ സ്‌കൂൾ സീനുകളുമൊക്കെയാവുമ്പോൾ അരാണ് വലിയ ബോറൻ എന്ന് കണ്ടാത്താനുള്ള മൽസരമാണ് ആദ്യപകുതിയിൽ നടക്കുന്നതെന്ന് പ്രേക്ഷകന് തോന്നിപ്പോവും!

മഹിതയെന്ന സ്‌കൂൾകുട്ടി രാത്രി ഒറ്റക്ക് പുറത്തിറങ്ങി നടക്കുന്നതും, ചേരിയിലെ ആളുകളെക്കൂട്ടി ആഭ്യന്തരമന്ത്രിയുടെ മകനെകാണാൻ ഡാൻസ് പാർട്ടിയിലേക്ക് പോകുന്നതുമൊക്കെ തലയിൽ ആൾത്താമസമുള്ളവർക്ക് ഉൾക്കൊള്ളാനാവില്ല.അഭിറാം ലാപ്‌ടോപ്പ് ഉപയോഗിച്ച് മോഷ്ടിച്ച മൊബൈൽ ട്രേസ് ചെയ്യുന്ന രംഗങ്ങളും അതുപോലെ അവിശ്വസനീയമാണ്.

ഒടുവിൽ ഈ നാലുകഥകളുടെ സമ്മേളനത്തിൽ വിസ്മയിപ്പിക്കുന്നുണ്ട് സംവിധായകൻ.പക്ഷേ ചിത്രം പകുതി പിന്നിടുമ്പോഴേക്കും ശ്രദ്ധിച്ചാൽ ചിലർക്കൊക്കെ കഥയെങ്ങോട്ടുപോവുമെന്ന് പിടികിട്ടുകയും ചെയ്യും.

പക്ഷേ സംവിധായകൻ ചന്ദ്രശേഖർ യേലേട്ടി കൈയടിനേടുന്നത് പലപ്പോഴും, തെലുങ്ക് വാണിജ്യസിനിമിൽ അത്ര പതിവല്ലാത്ത സൂക്ഷ്മായ ചില രാഷ്ട്രീയ നിരീക്ഷണങ്ങൾകൊണ്ടാണ്. സ്വഛഭാരത് എന്ന പേരിട്ടിട്ടും ഒന്നുമാവാത്ത നമ്മുടെ പരിസര ശുചീകരണം തൊട്ട് അനാഥരോടും ചേരിവാസികളോടുമുള്ള പൊതുസമൂഹത്തിന്റെ നിലപാടുവരെ ഈ ചിത്രത്തിൽ കടുന്നുവരുന്നുണ്ട്.കുട്ടിയെ കാണാതായതിന്് പരാതി പറയുന്ന ചേരിനിവാസികളായ രക്ഷിതാക്കളോട് പൊലീസ് പറയുന്നത് ആ പുറമ്പോക്കുപോലും ഒഴിഞ്ഞുപോവാനാണ്.സായിറാം ഗാന്ധിജിയെക്കുറിച്ച് പറയുന്ന ഒരു രാഷ്ട്രീയ നിരീക്ഷണവും ശ്രദ്ധേയമാണ്.'ബ്രിട്ടീഷുകാർ കഴുത്തിൽ തോക്ക് ചൂണ്ടിയപ്പോഴും ഗാന്ധിജി സ്വന്തം ആശയത്തിൽനിന്ന് അണുവിട മാറിയില്ല. പക്ഷേ നമ്മഴോ. ഒരു ചെറിയ തലവേദന വന്നാൽപോലും കുറുക്കുവഴികൾ അന്വേഷിക്കുന്നു'.

മികച്ചു നിന്നത് മലയാള താരങ്ങൾ തന്നെ

പ്രിയദർശനനൊക്കെ പലതവണ പറഞ്ഞിട്ടുണ്ട്. മലയാളത്തിലെ പല ഹിറ്റ് സിനിമകളും ഹിന്ദിയിലേക്കടക്കം എടുക്കുമ്പോൾ അവിടെയൊന്നും അതിനുപറ്റിയ, ഇത്രയും റേഞ്ചുള്ള നടന്മാരെ കിട്ടാറില്‌ളെന്ന്.വിസ്മയം തെളിയിക്കുന്നതും അതുതന്നെയാണ്.ഒരൊറ്റ അന്യഭാഷാ നടനം നമ്മുടെ താരങ്ങളുടെ നിലവാരത്തിലേക്ക് ഉയരാനായിട്ടില്ല. മോഹൻലാൽ തന്റെ സ്വസിദ്ധമായ നടന മിഴിവ് ഇവിടെയും ആവർത്തിച്ചു.'ദൃശ്യ'മടക്കമുള്ള ഫാമിലി ഡ്രാമകൾ കണ്ട മലയാളികൾക്ക് അത് പുതുമയല്‌ളെങ്കിലും.പ്രശസ്ത സംവിധായകൻ രാജമൗലിയെപ്പോലുള്ളവർ ഈ ചിത്രത്തിലെ അഭിനയത്തിന്റെ പേരിൽ മോഹൻലാലിനെ പുകഴ്‌ത്തിയത് നോക്കുക.

പി.ബാലചന്ദറും ജോയ്മാത്യവും അടങ്ങുന്ന മലയാളി ടീമും പറയിപ്പിച്ചിട്ടില്ല. അതുപോലെ തമിഴ് നടൻ നാസറും.ചിത്രത്തിൽ കുറച്ചേ ഉള്ളുവെങ്കിലും എത്ര രസകരമായാണ് നമ്മുടെ ഉർവശി ആ കഥാപാത്രത്തെ ചെയ്തതെന്ന് നോക്കുക. ഒന്നാംപകുതിയിലെ ബോറടി അൽപ്പമെങ്കിലും കുറയുന്നത് ഉർവശി പ്രത്യക്ഷപ്പെടുന്ന രംഗങ്ങളിലാണ്.സാക്ഷാൽ കമൽഹാസൻ ഒരിക്കൽ ഉർവശിയെക്കുറിച്ച് പറഞ്ഞിരുന്നു.'കൂടെ അഭിനയിക്കുമ്പോൾ എനിക്ക് പേടിയുള്ള ഒരേ ഒരു നടിയാണ് ഉർവശി.കാരണം അവൾ എപ്പോഴാണ് നമ്മെ അഭിനയത്തിൽ പിന്തള്ളുന്നതെന്ന് അറിയില്ല'.ഇത്രയും ടാലന്റുള്ള ഈ നടിയൊക്കെ സിനിമയിൽനിന്ന് മാറിനിൽക്കുന്നതും കഷ്ടമാണ്.എത്രയോകാലമായി ഈ മികച്ച നടിയെ വെള്ളിത്തിരയിൽ കണ്ടിട്ട്.(പാവങ്ങളുടെ ദാമ്പത്യകലഹങ്ങൾ ഉപ്പും മസാലയുമിട്ട് വേവിച്ചെടുക്കുന്ന കൈരളി ടീവിയിലെ ഒരു വൃത്തികെട്ട പ്രോഗ്രാമിന്റെ ആങ്കറായാണ് ഇപ്പോൾ ഈ നടിയെ കാണാറ്!)പക്ഷേ നടി ഗൗതമി ഇവിടെ തീർത്തും നിരാശപ്പെടുത്തി.അഭിനയംകൊണ്ടും സൗന്ദര്യംകൊണ്ടുമൊക്കെ തന്റെ പ്രതാപകാലത്തിന്റെ നിഴൽ മാത്രമാണ് അവരിപ്പോൾ.നാടകത്തിലെപോലെ ഓവറാണ് ഇതിലെ ഗൗതമിയുടെ വികാരതീവ്ര രംഗങ്ങളൊക്കെ.

നാലുകഥകളിൽ ഒന്നിന്റെ നായകനായ വിശ്വാന്ത് എന്ന തെലുങ്ക് യുവ നടനൊക്കെ വെറിപ്പിച്ച് കൈയിൽ തരുകയാണ്.( ഇതുവച്ചുനോക്കുമ്പോൾ നമ്മുടെ ആസിഫലിപോലും അമിതാബച്ചനാണ്) ഡബ്ബിഗിലെ പ്രശ്‌നങ്ങളും ഇവിടെ പ്രകടമാണ്.പക്ഷേ മൊത്തം തെലുങ്കുതാരങ്ങളിലും ഓവർആക്ഷൻ പ്രകടമാണ്.നമ്മുടെ ന്യൂജൻ സിനിമകളിലെ അണ്ടർപ്‌ളേയൊന്നും ഇവിടെ എത്തിയിട്ടില്‌ളെന്ന് തോനുന്നു . പക്ഷേ ഒരു തെലുങ്ക് ബാലനടിയുടെ പ്രകടനം എടുത്തുപറയുക തന്നെവേണം. മഹിതയെന്ന കുട്ടിയെ അവതരിപ്പിച്ച റെയ്‌നാ റാവോ ഭാവിയുടെ വാഗ്ദാനം തന്നെയാണ്.ചിത്രത്തിന്റെ ക്യാമറയിലെ മിടുക്ക് സംഗീതത്തിലും പശ്ലാത്തലത്തിലും എത്തിയിട്ടില്ല.

വാൽക്കഷ്ണം: സത്യത്തിൽ ചിലർ പറയുന്നപോലെ മൂന്നു ഭാഷകളിൽ നിർമ്മിച്ചതല്ല ഈ ചിത്രം.തെലുങ്കിൽ തയ്യാറാക്കി ചില സീനുകൾമാത്രംമാറ്റി,മലയാളത്തിലേക്കും തമിഴിലേക്കും മൊഴിമാറ്റിയതാണ്. ഒരു സങ്കര സിനിമയുടെ ചേർച്ചക്കുറവ് പലയിടത്തും പ്രകടവുമാണ്. ചിലയിടത്ത് യുക്തിക്ക് വലിയ പ്രാധാന്യംകൊടുക്കുമ്പോൾ ചിലയിടത്ത് തല പണയംവച്ചിരിക്കയാണ്.ലാലടക്കമുള്ള മലയാളതാരങ്ങൾ നിയന്ത്രിതാഭിനിയത്തിൽ ശ്രദ്ധിക്കുമ്പോൾ, തെലുങ്കുനടന്മാരിൽ പലരും ഓവറാണ്.തെലുങ്ക് പ്രേക്ഷകർക്ക് അൽപ്പം കൂട്ടിയിടണം എന്ന് കരുതി ചില മസാലകളുമുണ്ട്. പക്ഷേ അതും മലയാളവും ചേരുമ്പോൾ ബർണാഡ് ഷാ ഫലിതംപോലെ, കുതിരയും കഴുതയും ഇണചേർന്ന് കോവർ കഴുത ഉണ്ടായെന്ന് പറഞ്ഞപോലെയായി ചില സീനുകൾ.ഇതിലും ഭേദം തെലുങ്ക് സബ്‌ടൈറ്റിൽ ചെയ്ത് കാണിക്കയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP