Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സൂര്യയുടെയും ലാലേട്ടന്റേയും വില കളയിക്കാനായിട്ടൊരു കാപ്പാൻ! ഇത് കേട്ടറിവ് പോലുമില്ലാത്ത ഉട്ടോപ്യൻ തിരക്കഥയിലൊരുക്കിയ ഓലപ്പടക്കം; ആദ്യപകുതിയിലെ ലാലേട്ടന്റെ പ്രസൻസും സൂര്യയുടെ മിലിട്ടറി വേഷവും ആശ്വാസം; ലോജിക്കില്ലായ്മ സിനിമയുടെ രസം കൊല്ലിയാകുമ്പോൾ ഒപ്പം മാരക കത്തിയുമായി രണ്ടാംപകുതിയും; നടനവിസ്മയവും നടിപ്പിൻ മന്നനും ഒരുപടി മുന്നിൽ നിൽക്കുമ്പോൾ കഥയെഴുതിയവനെ കണ്ടം വഴി ഓടിക്കണം; പ്രേക്ഷകനെ ആപ്പിലാക്കുന്ന 'കാപ്പാൻ'

സൂര്യയുടെയും ലാലേട്ടന്റേയും വില കളയിക്കാനായിട്ടൊരു കാപ്പാൻ! ഇത് കേട്ടറിവ് പോലുമില്ലാത്ത ഉട്ടോപ്യൻ തിരക്കഥയിലൊരുക്കിയ ഓലപ്പടക്കം; ആദ്യപകുതിയിലെ ലാലേട്ടന്റെ പ്രസൻസും സൂര്യയുടെ മിലിട്ടറി വേഷവും ആശ്വാസം; ലോജിക്കില്ലായ്മ സിനിമയുടെ രസം കൊല്ലിയാകുമ്പോൾ ഒപ്പം മാരക കത്തിയുമായി രണ്ടാംപകുതിയും; നടനവിസ്മയവും നടിപ്പിൻ മന്നനും ഒരുപടി മുന്നിൽ നിൽക്കുമ്പോൾ കഥയെഴുതിയവനെ കണ്ടം വഴി ഓടിക്കണം; പ്രേക്ഷകനെ ആപ്പിലാക്കുന്ന 'കാപ്പാൻ'

എം എസ് ശംഭു

 തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രഹകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ കെ.വി.ആനന്ദിന്റെ സംവിധാനത്തിൽ സൂര്യ, മോഹൻലാൽ. ആര്യ എന്നിവർ പ്രധാനവേഷത്തിലെത്തിയ 'കാപ്പാൻ' എന്ന തമിഴ്പടം തനി 'കത്തി'യുടെ ഭീകരതയാൽ ശരാശരി പ്രേക്ഷകന്റെ തലച്ചോറിനെ മരവിപ്പിക്കുമെന്നതിൽ യാതൊരു തർക്കവുമില്ല. ആക്ഷനും പ്രണയരംഗങ്ങളും വെടിയും പുകയും മാറ്റി നിർത്തിയാൽ ഈ സിനിമ ഒരു അവിയൽ പരുവമാണ്. കെ.വി ആനന്ദ് രചനയും സംവിധാനവും ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥയിൽ പങ്കാളിയായി പാട്ടുകോട്ടൈ പ്രഭാകറും എത്തുന്നുണ്ട്. പ്രധാനമന്ത്രി ചന്ദ്രകാന്ത് വർമയായി മലയാളത്തിന്റെ നടന വിസ്മയം മോഹൻലാൽ എത്തുമ്പോൾ, അംഗരക്ഷകനായ എസ്‌പി.ജി സ്‌പെഷ്യൽ കമാന്റോ 'കതിരൻ' എന്ന റോളിലാണ് സൂര്യ ചിത്രത്തിലെത്തുന്നത്. കെട്ടിലും മട്ടിലും അടിമുടി കമാന്റോ വേഷം പകർന്നാടിയ സൂര്യ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്്.

പ്രധാനമന്ത്രിയെ ക്ലാസാക്കിയ ലാലേട്ടൻ ഇഫ്ക്ട്

രാഷ്ട്രീയത്തോടൊപ്പം അൽപം പൊലീസ് കഥ പറഞ്ഞുപോകുമ്പോൾ തന്നെ അൽപം പട്ടാള ഇഫ്ക്ടും ചിത്രത്തിന്റെ ആദ്യ പകുതിയിൽ നിന്ന് ലഭിക്കും. അഭിനയത്തിന് ഭാഷ പ്രശ്‌നമില്ല എന്ന ലാലേട്ടന്റെ പതിവ് പോളിസി കാപ്പാനിലും തെറ്റിച്ചിട്ടില്ല. പ്രധാനമന്ത്രിയുടേയും അംഗരക്ഷകനായി എത്തുന്ന കമാന്റോയുടേയും കഥ അതി വൈകാരികമായി പറഞ്ഞുപോകുമ്പോൾ തന്നെ അൽപം പ്രണയവും പാട്ടുരംഗങ്ങളുമൊക്കെ പ്രേക്ഷകന് വിരസത തോന്നാത്ത രീതിയിൽ ചിത്രത്തിലേക്ക് കുത്തിക്കയറ്റിയിട്ടുണ്ട്. മിലിറ്ററി ഇന്റലിജൻസ് സെപ്ഷ്യൽ ഓഫീസറായ കതിരനെ കാണിച്ച് കൊണ്ട് ചിത്രത്തിന്റെ തുടക്കം. പിന്നീട് ക്യാമറ ഇടയ്ക്ക് പ്രധാനമന്ത്രിയിലേക്ക്. രാജ്യസുരക്ഷയ്ക്കും അപ്പുറത്തേക്ക് രാജ്യത്തിന്റെ അകത്തും പുറത്തുമുള്ള ശത്രുക്കളെ ഓരേ സമയം പ്രമേയത്തിലുടെ ചർച്ചയാക്കുമ്പോൾ ഇന്ത്യയിലെ പല രാഷ്ട്രീയ പ്രതിസന്ധികളും കോർപറേറ്റ് ഇടപെടലും ചിത്രം പറയുന്നു.

ആദ്യപകുതിയിൽ മോഹൻലാലും സൂര്യയും ഒത്തുചേർന്ന കോമ്പിനേഷൻ രംഗങ്ങളെല്ലാം തന്നെ വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്. തിരക്കഥയിലെ വഴക്കമില്ലായ്മയും കത്തികൾ നിറച്ച പ്രമേയവും ഈ ചിത്രത്തിന് കല്ലുകടി നൽകുമ്പോൾ ദേശീയ രാഷ്ട്രീയത്തിൽ പിടിമുറുക്കുന്ന പലകോർപറേറ്റ് ഭീമന്മാരിലേക്കും വിരൽചൂണ്ടിക്കൊണ്ടാണ് കഥ അവതരിപ്പിക്കുന്നത്. ഉദാഹരണത്തിനായി തമിഴ്‌നാട്ടിലെ സ്റ്റെർലൈറ്റ് ഇരുമ്പുരുക്ക് ഫാക്ടറി സമരത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ജനകീയ സമരവും ഇതേ തുടർന്നുള്ള വെടിവെയ്‌പ്പുമെല്ലാം ഈ ചിത്രത്തിൽ മറ്റൊരു രീതിയിൽ കടന്നുവരുന്നു. രാജ്യം ഭയക്കുന്ന അന്താരാഷ്ട്ര ഭീകരവാദികളെ കാണിച്ചു തരുമ്പോൾ തന്നെ ആഭ്യന്തരതലത്തിലുള്ള രാജ്യത്തിന്റെ ശത്രുക്കളേയു ഒറ്റുകാരേയുമൊക്കെ കാട്ടിത്തരുന്ന രീതിയിൽ കഥ പറയുന്നുണ്ട്.

യുക്തിയെ കൊല്ലുന്ന കത്തികളുമായി കെ വി ആനന്ദ്

ഒന്നാം പകുതിയിൽ ഗംഭീരമായ പ്രകടനമാണ് അഭിനേതാക്കൾ കാഴ്ചവച്ചിരിക്കുന്നത്.പ്രധാനമന്ത്രി ചന്ദ്രകാന്ത് വർമയായിട്ടാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. ഒന്നാം പകുതിയിൽ മോഹൻലാൽ നിറഞ്ഞുനിൽക്കുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നതിൽ യാതൊരു സംശയവുമില്ല. സത്യം പറഞ്ഞാൽ ലാലേട്ടനും സൂര്യും അതവതരിപ്പിച്ച കഥാപാത്ര സൃഷ്ടിയിലെ മികവ് മാത്രമാണ് ഈ ചിത്രത്തിന്റെ വിജയം. വളരെ മികച്ചരീതിയിൽ മുന്നോട്ട് കൊണ്ടുപോകാവുന്ന കഥയെ രണ്ടാം പകുതിയോടെ കുളമാക്കിയതാണ് ശരാശരി പ്രേക്ഷകന് നീരസം തോന്നിക്കുന്നത്.

ചിത്രത്തിൽ പ്രധാനമന്ത്രിയായി മോഹൻലാൽ വരുന്ന രംഗങ്ങളിൽ എവിടെയെങ്കിലും നമ്മൂടെ രാജ്യതലസ്ഥാനത്തിന്റെ ഒരു ചിത്രമോ പാർലമെന്റ് മന്ദിരമോ ഒന്നും തന്നെ കാണിക്കുന്നില്ല. ചുരുങ്ങിയ ബജറ്റിൽ നിർമ്മിച്ച, രാഷ്ട്രീയം ഏഴയലത്ത് പോലും കടന്നു ചെല്ലാത്ത എത്രയോ മലയാളം സിനിമകളിൽ രാജ്യതലസ്ഥാനത്തിന്റെ വിഷ്വൽ എത്രഗംഭീരമായി തിരുകു കയറ്റിയിട്ടുണ്ട്. ഉദാഹരണമായി 'ന്യൂഡൽഹി', 'കാശ്മീരം' പോലെയുള്ള സിനിമകൾ എടുക്കുക. തലസ്ഥാനത്തെ കാണിക്കുന്നതോടൊപ്പം അവിടുത്തെ പൊലീസ് കടന്നെത്തുന്നു. സംഭാഷണങ്ങളിൽ ഹിന്ദി ആവോളം കടന്നെത്തുമെങ്കിലും സബ് ടൈറ്റിലിൽ ഇതിന്റെ അർത്ഥം പ്രേക്ഷകന് നൽകുന്നു. പഴയ ജോഷി സിനിമകളൊക്കെ കണ്ടിറങ്ങിയ പ്രേക്ഷകന് ഇതെന്തൊരു കഥയെന്നൊക്കെ തോന്നിയേക്കാം!

തമിഴ് ചിത്രം ആയതിനാൽ തന്നെ കൂടുതലും ഭാഷാ പ്രയോഗങ്ങൾ തമിഴിലാണ്. എന്നിരുന്നാലും പരമ്പരാഗത കാശ്മീരി വസ്ത്രമണിഞ്ഞ കുട്ടികളൊക്കെ തമിഴ്ഭാഷയിൽ കീർത്തനം ചൊല്ലുന്ന രംഗമൊക്കെ കത്തിയായി തോന്നാം. ലാലേട്ടൻ തന്നെ അഭിനയിച്ച കീർത്തിചക്രയിലൊക്കെ ഇത്തരം രംഗങ്ങൾ എത്ര റിയലിസ്റ്റിക്കായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിലെ രസകരമായ മറ്റൊരു രംഗമാണ് പ്രധാനമന്ത്രി പദത്തിലേറിയ ആര്യ അവതരിപ്പിച്ച ആദിത്യ വർമ കുടിച്ച് ലെക്ക് കെട്ട് പൊതുനിരത്തിലെ ബാറിൽ നൃത്തം ചെയ്യുന്നു. റോഡിലൂടെ മദ്യപിച്ച് മദോന്മത്തനായി കാറോടിക്കുന്നു. ഇവിടെ വച്ച് മറ്റൊരു സംഘട്ടനം. കൂട്ടത്തിലുള്ള ഒരു കമാന്റോ കൊല്ലപ്പെടുമ്പോൾ യുവാവായ പ്രധാനമന്ത്രി കാണിച്ച കുരുത്തകേടിന് ഡിഫൻസ് പ്രിൻസിപ്പൽ ഡയറക്ടറായ സൂര്യയുടെ കതിരവൻ പ്രധാനമന്ത്രിയെ കുത്തിന് പിടിക്കുന്നു. ഒന്നാലോചിച്ച് നോക്കുക. ഈ രാജ്യത്ത് ഇത്തരത്തിലുള്ള ഒരുരംഗം ഒന്നു സങ്കൽപിക്കാൻ കഴിയുമോ. ഇത്തരത്തിൽ കത്തികളുടെ ഘോഷയാത്ര തന്നെ രണ്ടാം പകുതി മുഴുവനായിട്ടിയിട്ടുണ്ട്.

യൂണിഫോമിട്ടാൽ സൂര്യ മാസാണ്

ലോജിക്കില്ലാത്ത കഥാവഴിയാണെങ്കിലും ചിത്രത്തിലെ സൂര്യയുടെ പ്രകടനം ആരാധകർക്ക് ഇഷ്ടപ്പെടും. 'വാരണം ആയിരത്തിലൂടെ' സൂര്യയുടെ മിലിട്ടറി ഓഫീസർ വേഷം ഏവർക്കും ഇഷ്ടപ്പെട്ടിട്ടുള്ളതാണ്. എങ്കിലും കഥമാറ്റി കഥാപാത്രത്തിനെ അതിസൂഷ്മമായി നിരീക്ഷിച്ചാൽ ഏറ്റെടുത്ത ജോലി സൂര്യ കൃത്യമായി നിർവഹിച്ചിട്ടുണ്ട്. എല്ലാ ഗുണങ്ങളും അടങ്ങിയ ഒരു കമാന്റോയെ പോലെ തന്നെയാണ് സൂര്യ ചിത്രത്തിൽ കതിരവൻ എന്ന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ഒന്നാം പകുതിയിൽ സൂര്യയും മോഹൻലാലും കഥയെ കൊണ്ടുപോകുമ്പോൾ രണ്ടാം പകുതിയോടെ കഥയുടെ മട്ടൊക്കെ മാറുന്നതായി കാണാം. കംപ്ലീറ്റ് ഫാന്മേഡ് ചിത്രം എന്നൊക്കെ പറയാമെങ്കിലും തെറ്റില്ല. ഒരു അമാനുഷികനെ പോലെ പറന്നു നടന്ന് വെടിവെയ്ക്കുന്ന സൂര്യയെയൊക്കെ ചിത്ത്രതിൽ കണ്ടേക്കാം.അദിത്യ വർമയായി എത്തിയ ആര്യയുടെ പ്രകടനവും ചിത്രത്തിൽ മികച്ച് നിൽക്കുമ്പോൾ പി.എം സക്രട്ടറിയായി അഞ്ജലി എന്ന റോളിൽ സയേഷ എത്തുന്നു. സ്‌ക്രീൻ പ്രസൻസിൽ സയേഷ ഗംഭീരമായിട്ടുണ്ട്. ഒപ്പം തന്നെ ജോസഫ് എന്ന എസ്‌പിജി ഡയറക്ടർ റോളിൽ സമുദ്രക്കനിയും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.

സാങ്കേതികമായ എല്ലാ സാധ്യതകേളിയും ഉപയോഗപ്പെടുത്തിയാണ് കാപ്പാൻ അരങ്ങിലെത്തിയത്. ഛായാഗ്രഹകൻ കൂടിയായ കെ.വി ആനന്ദ് സംവിധാനത്തിൽ വിജയിച്ചപ്പോൾ കഥയിൽ അൽപം ലോജിക്കില്ലായ്മ തോന്നി.

പ്രിയാ ജോസഫായി എത്തിയ ഷംന കാസിം വില്ലൻവേഷത്തിലെത്തിയ ബോബൻ റാണി, ചിരാഗ് ജാനി എന്നിവരുടെ പ്രകടനവും അതിഗംഭീരം തന്നെയായിരുന്നു. എം.എസ് പ്രഭുവിന്റെ ഛായാഗ്രഹകണത്തിന് കൈയടി നൽകേണ്ട പാട്ട് സീനുകൾ അടക്കം ഫൈറ്റ് രംഗങ്ങൾ വരെയാണ്. ഹാരീസ് ജയരാജിന്റെ സംഗീതം ആന്റണിയുടെ എഡിറ്റിങ് എന്നിവ പ്രശംസ അർഹിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP