Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താരങ്ങൾക്കും, കഥാപാത്രങ്ങൾക്കുമപ്പുറം സിനിമയ്ക്കും പ്രമേയത്തിനും മുൻഗണന നൽകി കമല; ഇതുവരെയും കാണാത്ത ഭാവമാറ്റത്തിലെത്തിയ അജുവർഗീസിനെ കണ്ട് ഞെട്ടി പ്രേക്ഷകർ; സിനിമയിൽ ആവശ്യത്തിന് മാത്രം ഗാനം മതിയെന്ന ആശയം കമലയിലും നിലനിർത്തി രഞ്ജിത്ത് ശങ്കർ; ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന സിനിമ അവതരണത്തിൽ മികച്ച് നിൽക്കുമ്പോൾ കഥയുടെ പ്രമേയറ്റത്തിൽ പുതുമ നിലനിർത്താൻ കഴിഞ്ഞില്ല; കമല ഒരു ശരാശരി സിനിമ

താരങ്ങൾക്കും, കഥാപാത്രങ്ങൾക്കുമപ്പുറം സിനിമയ്ക്കും പ്രമേയത്തിനും മുൻഗണന നൽകി കമല; ഇതുവരെയും കാണാത്ത ഭാവമാറ്റത്തിലെത്തിയ അജുവർഗീസിനെ കണ്ട് ഞെട്ടി പ്രേക്ഷകർ; സിനിമയിൽ ആവശ്യത്തിന് മാത്രം ഗാനം മതിയെന്ന ആശയം കമലയിലും നിലനിർത്തി രഞ്ജിത്ത് ശങ്കർ; ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന സിനിമ അവതരണത്തിൽ മികച്ച് നിൽക്കുമ്പോൾ കഥയുടെ പ്രമേയറ്റത്തിൽ പുതുമ നിലനിർത്താൻ കഴിഞ്ഞില്ല; കമല ഒരു ശരാശരി സിനിമ

സുവർണ്ണ പി എസ്

താരങ്ങൾക്കും കഥാപാത്രങ്ങൾക്കുമപ്പുറം സിനിമയ്ക്കും പ്രമേയത്തിനും മുൻഗണന നൽകിയെത്തിയ സിനിമയാണ് കമല. അജു വർഗീസ് ആദ്യമായി ഒരു സീരിയസ് കഥാപാത്രമായി ലീഡ് റോളിൽ എത്തിയ സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി, സംവിധാനം ചെയ്ത സിനിമ ഒരു ത്രില്ലർഡ്രാമ വിഭാഗത്തിൽ പെടുന്നു. ചിത്രം നിർമ്മിച്ചിരിക്കുന്നത് ഡ്രീംസ് ആൻ ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ തന്നെയാണ്. അജു വർഗീസിന് പ്രാധാന്യമുള്ള ചിത്രമാണെങ്കിൽ പോലും ഏറെ കുറെ ഫീമെയിൽ ഓറിയെന്റഡ് ആയ സിനിമയാണ് കമല. ഫീമെയിൽ ലീഡ് റോളിൽ എത്തുന്നത് തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത നടിയും പഞ്ചാബി മോഡലുമായ റൂഹാനി ശർമയാണ്.

റൂഹാനി, അജു എന്നിവർ അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ മുന്നോട്ട് പോവുന്ന സിനിമ പ്രേക്ഷകർക്ക് കണ്ടിരിക്കാം എന്ന് പറയാം. ത്രില്ലർ വിഭാഗത്തിൽ പെടുന്ന സിനിമയിൽ പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന എലമെന്റുകൾ ധാരാളം നൽകിയിട്ടുണ്ടെങ്കിലും കാമ്പില്ലാത്ത കഥ അതിനെല്ലാം തിരിച്ചടിയാവുന്നുമുണ്ട്. അതുകൊണ്ട് തന്നെ സിനിമയുടെ ചിലയിടങ്ങളിൽ ചില പ്രശ്‌നങ്ങൾ പ്രേക്ഷകന് തോന്നിയേക്കാം. എന്നാൽ തിരക്കഥയുടെ പോരായ്മയെ മറികടക്കാൻ അജു വർഗീസിന്റെയും റൂഹാനിയുടെയും അഭിനയ മികവ് കൊണ്ട് സാധിച്ചുവെന്ന് എടുത്ത് പറയാം. ഇവർക്ക് പുറമേ ബിജു സോപാനം, സുനിൽ സുഖദ, പത്രപ്രവർത്തകയും വാർത്താ അവതാരകയുമായ ശ്രീജ ശ്യാം, തമിഴ് താരം രാജേന്ദ്രൻ, അനൂപ് മേനോൻ എന്ന് തുടങ്ങിയ ചുരുക്കം ചില താരങ്ങളും സിനിമയിൽ അണിനിരക്കുന്നുണ്ട്.

നാം ഇതുവരെ കണ്ട അജുവിനെ ഈ സിനിമയിൽ കാണാനില്ല

പൊതുവേ കോമഡി കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകനെ ചിരിപ്പിച്ച് പോവാറുള്ള അജുവിന്റെ ഇതുവരെയും കാണാത്ത തരത്തിലുള്ള കഥാപാത്രമാണ് കമലയിലെ സഫറിന്റേത്. നായകനായി ഇതിന് മുമ്പും താരം എത്തിയിട്ടുണ്ടെങ്കിലും നായക കഥാപാത്രമായി തന്നെ ഒരു സീരിയസ് വേഷം കൈകാര്യം ചെയ്യുന്നത് ഇത് ആദ്യമാവും. എന്തായാലും അജുവിനെ കൊണ്ട് സീരിയസ് വേഷങ്ങളും മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് ചിത്രം കാണുന്നവർ മനസിൽ ഉറപ്പിക്കും. സിനിമയിൽ നമ്മുടെ അജു എവിടെ എന്ന് പ്രേക്ഷകർ ചോദിച്ചുപോകുന്ന രീതിയിലുള്ള അഭിനയമാണ് ഈ നടൻ കാഴ്ച വയ്ക്കുന്നത്. ഈ നടനെ സംബന്ധിച്ച് താരത്തിന്റെ കരിയറിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമാണ് കമലയിലെ സഫർ. സാമാന്യത്തിൽ കവിഞ്ഞ ബുദ്ധിയുള്ള സഫർ എന്ന കഥാപാത്രത്തെ കയ്യടക്കത്തോടെ കൈകാര്യം ചെയ്തിട്ടുണ്ട്.

നായകന്റെ ഒപ്പം നിൽക്കുന്ന അല്ലെങ്കിൽ നായകനെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന ഒരുപാട് നിഗൂഡതകൾ ഒളിഞ്ഞിരിക്കുന്ന കമലയായി എത്തിയ റൂഹാനി ശർമയും തന്റെ വേഷം നന്നായി തന്നെ ഒതുക്കത്തോടെ കൈകാര്യം ചെയ്തു. ചില രംഗങ്ങളിൽ അസാമാന്യമായ പ്രകടനമാണ് താരം കാഴ്‌ച്ചവെയ്ക്കുന്നത്. പ്രണയത്തിന് സിനിമയിൽ എവിടെയും സ്ഥാനമില്ലെങ്കിൽ പോലും സിനിമയിൽ എവിടെയൊക്കെയോ അജുവിന്റെയും റൂഹാനിയുടെയും മുഖഭാവങ്ങളിലൂടെ പ്രേക്ഷകരിൽ പ്രണയം എന്ന ഫീൽ വന്ന് പോവുന്നുണ്ട്. സംവിധായകൻ അങ്ങനെയൊന്ന് ഉദ്ദേശിച്ചിരിക്കാൻ സാധ്യതയില്ലെങ്കിൽ കൂടി ഇരുവരും തമ്മിൽ ഒരു പ്രണയ സീനെങ്കിലും ഉണ്ടാകുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരിക്കാം, അല്ലെങ്കിൽ ആഗ്രഹിച്ചിരിക്കാം.

കമല എന്ന സിനിമയിൽ എടുത്ത് പറയേണ്ട ഒരു ഘടകം സിനിമയിലെ അഭിനേതാക്കളുടെ പെർഫോമെൻസിനെ കുറിച്ച് തന്നെയാണ്. എല്ലാവരും വളരെ ഭംഗിയായി തന്നെ അവരവരുടെ വേഷങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട്. അജുവിന്റെ സഫർ എന്ന കഥാപാത്രത്തിന്റെ ഒപ്പം തന്നെ ഒരു ത്രൂ ഔട്ട് ക്യാരക്ടറായി എത്തിയ ബിജു സോപാനവും നന്നായി തന്നെ പെർഫോം ചെയ്തു. ഇവർക്കെല്ലാം പുറമേ അനൂപ് മേനോനും തമിഴ് നടൻ മൊട്ട രാജേന്ദ്രനും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. മറ്റ് ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ വരെ വളരെ റിയലിസ്റ്റിക്കായി അഭിനയിച്ചിട്ടുണ്ട്. എന്നാൽ താരങ്ങളുടെ അഭിനയം നന്നായതുകൊണ്ട് മാത്രം ഒരു സിനിമ വിജയിക്കണമെന്ന് ഇല്ലല്ലോ.

അതേസമയം പരിമിതമായ താരങ്ങളെയും ആവർത്തിച്ച് വരുന്ന ലൊക്കേഷനുകളെയും വെച്ച് സിനിമയുടെ തുടക്കം മുതൽ അവസാനം വരെ ബോറടിപ്പിക്കാതെ കൊണ്ടുപോവാൻ സംവിധായകനെ കൊണ്ട് സാധിച്ചിട്ടുണ്ട് എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. കാരണം പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങൾ ചുരുക്കം ചിലർ മാത്രമേ സിനിമയിൽ ഉള്ളൂ. കൂടാതെ കേരള തമിഴ്‌നാട് ബോർഡറായ അറുകാണിയിൽ പുഴയോട് അടുത്തു കിടക്കുന്ന കാടിനോട് ചേർന്ന ഒരു പ്രദേശത്താണ് 'കമല' എന്ന ചിത്രത്തിന്റെ കഥ നടക്കുന്നത്. അതിനാൽ തന്നെ സിനിമയുടെ ഭൂരിഭാഗവും ആ കാടിനുള്ളിൽ തന്നെയാണ്. അങ്ങനെ വരുമ്പോൾ ആവർത്തനവിരസത വരാൻ സാധ്യതയേറെയാണ്. എന്നാൽ അത്തരം ബോറടിപ്പിക്കൽ പ്രേക്ഷകന് അനുഭവപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. സാധാരണ ത്രില്ലർ സിനിമകളിൽ നിന്ന് വ്യത്യസ്തമായി പതിഞ്ഞ രീതിയിൽ കഥ പറയുന്ന സിനിമ ഒരു പരീക്ഷണ സ്വഭാവമുള്ള ചിത്രമാണെന്ന് പറയാം.

കാടിനുള്ളിൽ ചിത്രീകരിച്ച പ്രതികാര കഥ

ഒരു കാടിനുള്ളിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമ പ്രതികാര കഥയാണ് പറയുന്നത്. സഫർ എന്ന റിയൽ എസ്റ്റേറ്റ് ബ്രോക്കർ ഭൂമിയിടപാടുമായി കാടിനുള്ളിൽ എത്തുകയും അവിടെ വെച്ച് തന്റെ സൈബർ സുഹൃത്തായ കമലയെക്കാണുന്നതും, പിന്നീട് അവിടെ നിന്നും ഉണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് കഥയുടെ ഉള്ളടക്കം. അതുപോലെ തന്നെ പ്രേക്ഷകന് പിടിതരാതെ സിനിമയുടെ അവസാനം വരെ കൊണ്ടെത്തിക്കുന്ന കമല എന്ന കഥാപാത്രം ആരാണ്, എന്താണ് അവളുടെ ലക്ഷ്യം, അവൾ യഥാർത്ഥ കമലയാണോ എന്ന ചോദ്യങ്ങൾ സഫറിന് ഉണ്ടാവുന്നത് പോലെ പ്രേക്ഷകനിലും ഉണ്ടാക്കാൻ സാധിച്ചു എന്നതിലപ്പുറം മറ്റൊരു ത്രില്ലിങ്ങ് എലമെന്റും ത്രില്ലർ വിഭാഗത്തിൽ പെടുന്ന സിനിമയായ കമലയിൽ ഇല്ല.

കാടിന്റെ ഭംഗിയും വന്യതയും മികച്ച രീതിയിൽ ഒപ്പിയെടുക്കാൻ ക്യാമറാമാനെകൊണ്ട് സാധിച്ചിട്ടുണ്ട്. എഡിറ്റിങ്ങും മികച്ച് നിൽക്കുന്നു. രഹസ്യങ്ങളുടെ ചുരുളഴിച്ചെടുക്കുന്ന കഥയെ വളരെ മനോഹരമായി അവതരിപ്പിക്കാൻ ആദിൽ എൻ അഷ്റഫിന്റെ എഡിറ്റിങ്ങിലൂടെ സാധിച്ചിട്ടുണ്ട്. ഒരു സിനിമയെ നന്നാക്കുന്നതിനും മോശമാക്കുന്നതിനും പ്രധാന പങ്ക് വഹിക്കുന്നത് എഡിറ്റിങ്ങ് ആണല്ലോ. കമലയെ സംബന്ധിച്ചിടത്തോളം എഡിറ്റിങ്ങ് വശം പെർഫെക്ടാണ്. അതായത് സിനിമയുടെ സാങ്കേതിക വശങ്ങളെ കുറിച്ച് കുറ്റമൊന്നും പറയാനില്ല. ഇനി പറയേണ്ടത് സിനിമയിലെ ഗാനങ്ങളെക്കുറിച്ചാണ്. എന്താ മുല്ലേ എന്ന് തുടങ്ങുന്ന ഗാനം വളരെയേറെ വ്യത്യസ്തത പുലർത്തുന്നുണ്ട്. സാധാരണ സിനിമാ ഗാനങ്ങളിൽ നിന്ന് മാറി നിൽക്കുന്നു. സാധാരണ സംസാരിക്കുന്ന രീതിയിലുള്ള ഭാഷയിലാണ് പാട്ടിന്റെ വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഏറെ അർത്ഥതലങ്ങളുള്ള ഗാനം കമല എന്ന സിനിമയിൽ എടുത്ത് പറയേണ്ട ഒന്നാണ്. കൂടാതെ സിനിമയുടെ കഥാഗതിക്ക് അനുസരിച്ച് നൽകിയിരിക്കുന്ന പശ്ചാത്തല സംഗീതം ഒരു ത്രില്ലർ സിനിമയെന്ന മൂഡ് പ്രേക്ഷകനിൽ ഉണ്ടാക്കുന്നുണ്ട്. അതേസമയം നായികയെ കാണിക്കുന്ന സീനുകളിൽ കൂടുതലായും ഉപയോഗിച്ചിരിക്കുന്ന ബിജിഎം ചിത്രത്തിന്റെ ഐഡന്റിറ്റി ബിജിഎം ആയിതന്നെ മാറി...

അടിപൊളി പടമെന്നും വളരെ മോശം പടമെന്നും സിനിമയെ കുറിച്ച് പറയാൻ കഴിയില്ല. രണ്ടിനും ഇടയിൽ നിൽക്കുന്നു സിനിമ. രണ്ട് മണിക്കൂർ നാല് മിനിട്ടുള്ള സിനിമ കണ്ടിരിക്കാം. അല്ലാതെ ത്രില്ലടിച്ച് കാണാനുള്ള ഒന്നും തന്നെ സിനിമയിൽ ഇല്ല. ചിലപ്പോഴൊക്കെ ചിത്രം ലാഗ് ആയി പോവുന്നുമുണ്ട്. പ്രേക്ഷകർക്ക് ചിന്തിച്ചെടുക്കാവുന്ന രീതിയിലാണ് സിനിമയുടെ കഥ. എന്നാൽ ആ കഥ ഒരു വ്യത്യസ്തമായ രീതിയിൽ പറഞ്ഞ് പോവാൻ സംവിധായകൻ നന്നായി തന്നെ കഷ്ടപ്പെട്ടിട്ടുണ്ട്. കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു സിനിമ എന്ന് കണ്ടിറങ്ങിയവർ പറഞ്ഞേക്കാം. കാരണം കുറച്ചുകൂടി കാമ്പുള്ള കഥയായിരുന്നുവെങ്കിൽ സിനിമ കൂറച്ചുകൂടി മികച്ച് നിൽക്കുമായിരുന്നു. കാരണം സിനിമയിലെ കാസ്റ്റിങ്ങ്, ലൊക്കേഷൻ, ക്യാമറ, ഛായാഗ്രഹണം ഇവയെല്ലാം വളരെ മികച്ച് നിൽക്കുന്നതാണ്.

സഫർ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിൽ ഒന്നര ദിവസം സംഭവിക്കുന്ന കാര്യങ്ങളിലൂടെയാണ് സിനിമ പോവുന്നതെങ്കിലും. ഇതിനിടയിൽ ആദിവാസി ജനത നേരിടുന്ന പ്രശ്നങ്ങളും ചൂഷണങ്ങളും സിനിമ മുന്നോട്ട് വെയ്ക്കുന്നുണ്ട്. രഞ്ജിത്ത് ശങ്കർ ഇതുവരെ ചെയ്ത സിനിമകളിൽ നിന്ന് തീർത്തും വ്യത്യസ്തമായ സിനിമ തന്നെയാണ് കമല. താരങ്ങൾക്കും, കഥാപാത്രങ്ങൾക്കുമെല്ലാം അപ്പുറം ഇവിടെ സിനിമയ്ക്കും കഥയ്ക്കുമാണ് പ്രാധാന്യം നൽകിയിരിക്കുന്നത് എന്നതാണ് ഈ സിനിമയെ മറ്റ് സിനിമകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. എന്നാൽ ഏറെ നിഗൂഢതകൾ ഒളിപ്പിച്ചു വെച്ച് പുറത്തെത്തിയ സിനിമയുടെ ട്രെയിലറും പോസ്റ്ററുകളും നൽകിയ കൗതുകം സിനിമ തിയേറ്ററിൽ എത്തിയപ്പോൾ പ്രേക്ഷകന് കിട്ടിയില്ല. ഒരുപക്ഷേ ട്രെയിലറും പോസ്റ്ററുമെല്ലാം കണ്ട് പ്രേക്ഷകർ ചിന്തിച്ചുവെച്ചിരുന്ന രീതിയിലായിരിക്കില്ല സിനിമ മുന്നേറിയത്. ഇതിനു മുമ്പും പല സിനിമകളിലും പറഞ്ഞുപോയ പ്രതികാര കാരണങ്ങൾ തന്നെ കമലയും മുന്നോട്ട് വെച്ചത് പ്രേക്ഷകരിൽ നിരാശയുണ്ടാക്കി. ട്രെയിലർ കണ്ട് സ്വാഭാവികമായും മനസ്സിൽ ഉയർന്ന ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുന്നതിനായി തീയേറ്ററിൽ എത്തിയവർ നിരാശരായി മടങ്ങേണ്ടി വന്നിരിക്കാം.

എന്തായാലും അജുവിന്റെ ഇതുവരെയും കാണാത്ത ഒരു കഥാപാത്രമാണ് കമലയിലേത്. അതുകൊണ്ട് വ്യത്യസ്ഥ റോളിൽ എത്തുന്ന അജുവിനെ കാണാൻ ആഗ്രഹിക്കുന്നവർക്കും. കമല എന്ന പേരിൽ തോന്നുന്ന കൗതുകം കൊണ്ട് സിനിമ കാണാൻ പോവുന്നവർക്കും സിനിമ ധൈര്യമായി തിയേറ്ററിൽ പോയി കാണാം. അല്ലാതെ ഒരു പക്കാ ത്രില്ലർ മൂവി എന്ന ചിന്തയിൽ സിനിമ കാണാൻ പോവുന്നവരെ ചിത്രം നിരാശപ്പെടുത്തിയേക്കാം. അജുവിനെയും അജുവിന്റെ കമലയെയും കാണാൻ തീയേറ്ററിൽ പോവുന്നവർക്ക് രണ്ട് മണിക്കൂർ കണ്ട് പോകാവുന്ന സിനിമ മാത്രമാണ് കമല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP